ഒരിജന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരിജന്‍, ക്രിസ്ത്യന്‍ സഭാപിതാവും തത്വചിന്തകനും
ഒരിജന്‍, ക്രിസ്ത്യന്‍ സഭാപിതാവും തത്വചിന്തകനും

ക്രി.പി. 185 മുതല്‍ 254 വരെ ജീവിച്ചിരുന്ന പ്രഖ്യാത ക്രൈസ്തവ ചിന്തകനും ദൈവശാസ്ത്രജ്ഞനുമായിരുന്നു ഒരിജന്‍. സഭാപിതാക്കന്മാര്‍ക്കിടയില്‍ ക്രിസ്തുമതത്തെ ധൈഷണികമായി കാണാനും വിശദീകരിക്കാനും ആദ്യമായി ശ്രമിച്ചത് ഒരിജനാണ്. ക്രൈസ്തവ സഭകള്‍ ഇന്ന് അംഗീകരിക്കുന്ന വിശ്വാസത്തിന്റെ മൗലിക പ്രമാണങ്ങള്‍ക്ക് അന്തിമ രൂപം കിട്ടുന്നതിന് ഏറെ മുന്‍പ് രചിക്കപ്പെട്ട അദ്ദേഹത്തിന്റെ രചനകളിലെ പല നിലപാടുകളും വ്യവസ്ഥാപിത സഭകള്‍ക്ക് പിന്നീട് സ്വീകാര്യമല്ലാതായി.

ഉള്ളടക്കം

[തിരുത്തുക] പേരിനുപിന്നില്‍

ഒരിജെനേസ് എന്ന പെര്‌ (Ὠριγενης), ക്ലാസിക്കല്‍ ഗ്രീക്കിലെ ഒരു പേരിന്റെ രൂപഭേദങ്ങളിലൊന്നാണ്[1]. അതിന്റെ അര്‍ഥത്തെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട്. പേരിന്റെ ആദ്യപാദമായ ഒരി/ഒറി ( Ὡρος ഔറോസ്) എന്നത് ഗ്രീക്ക് ദൈവമായ ഹോറുസിനെയും (ὄρος ഓറോസ്,പര്‍‌വ്വതം എന്ന അര്‍ത്ഥത്തില്‍), രണ്ടാമത്തെ ഭാഗമായ ജെനോസ് (γένος)എന്നത് തരം, വര്‍ഗം, ജനിപ്പിക്കപ്പെട്ടത്, എന്നീ അര്ഥങ്ങളേയും സൂചിപ്പിക്കുന്നുവെന്ന അനുമാനത്തില്‍, ഒരിജിനേസ് എന്ന പേരിന്‌ ഹോറുസിന്റെ മകന്‍ എന്നോ ഗിരിപുത്രന്‍ എന്നോ മലപൊലെയുള്ളവന്‍ എന്നൊ അര്‍ഥം അകാം എന്നു വാദമുണ്ട്.[1]

[തിരുത്തുക] ജീവചരിത്രം

പുത്രന്റെ പ്രതിഭയും സ്വഭാവ മഹിമയും നേരത്തേ തിരിച്ചറിഞ്ഞ ഒരിജന്റെ പിതാവ് ലിയോനൈഡ്സ്, മകന് നല്ല വിദ്യാഭ്യാസം നല്‍കി. പ്രമുഖ നിയോപ്ലേറ്റോണിസ്റ്റ് ചിന്തകനായിരുന്ന പ്ലോട്ടിനസും ഒരിജനും സമകാലീനരും, അമ്മോനിയസ് സാക്കാസ് എന്ന നിയോപ്ലേറ്റോണിസ്റ്റ് ഗുരുവിന്റെ ശിഷ്യന്മാരും ആയിരുന്നു.[2] റോമന്‍ ചക്രവര്‍ത്തി സെപ്തിമിയസ് സെവേരസിന്റെ കാലത്തു നടന്ന ക്രിസ്തുമത പീഡനത്തില്‍ ലിയോനൈഡ്സ് കൊല്ലപ്പെട്ടപ്പോള്‍, അമ്മയേയും ആറ് ഇളയ സഹോദരങ്ങളേയും സംരക്ഷിക്കുന്ന ഭാരം 17 വയസ്സു മാത്രമുണ്ടായിരുന്ന ഒരിജന്റേതായി. അങ്ങനെ ചെറുപ്രായത്തിലേ ഒരിജന്‍ അദ്ധ്യാപനം തൊഴിലായി സ്വീകരിച്ചു. ആദ്യം ജന്മസ്ഥലമായ അലക്സാന്‍ഡ്രിയ ആയിരുന്നു പ്രവര്‍ത്തന കേന്ദ്രം. അവിടെ പഠിപ്പിച്ചുകൊണ്ടിരിക്കെ ഒരിക്കല്‍ പലസ്തീനയിലെ കേസറിയാ സന്ദര്‍ശിച്ച ഒരിജനെ അവിടുത്തെ മെത്രാന്‍ പൗരോഹിത്ത്യത്തിലേക്കുയര്‍ത്തി. അലക്സാണ്‍ഡ്രിയയിലെ സ്വന്തം മെത്രാന്റെ അനുമതി കൂടതെ പൗരോഹിത്യം സ്വീകരിച്ചു എന്ന ആരോപണത്തിന്റെ പേരില്‍ അലക്സാണ്ഡ്രിയ വിടേണ്ടി വന്ന ഒരിജന്റെ ശിഷ്ടജീവിതം കേസറിയായില്‍ ആയിരുന്നു.

[തിരുത്തുക] സംഭാവനകള്‍

[തിരുത്തുക] മൗലിക ചിന്തകന്‍

ഗ്രീക്ക് ഭാഷയിലുള്ള അദ്ദേഹത്തിന്റെ രചനകളില്‍ പ്ലേറ്റോയുടെ ദര്‍ശനത്തിന്റെ സ്വാധീനം പ്രകടമാണ്. ഒരിജന്റെ ചിന്തയുടെ ആഴവും പരപ്പും മൗലികതയും ആരിലും അത്ഭുതമുളവാക്കും. ആത്മാവുകളെല്ലാം ആദിമുതലേ ഉണ്ടായിരുന്നുവെന്നും, ദൈവസംയോഗത്തില്‍ നന്മയിലും സന്തുഷ്ടിയിലും കഴിഞ്ഞ അവയില്‍ ക്രിസ്തുവിന്റേതൊഴിച്ചുള്ള ആത്മാവുകള്‍ക്കു സ്വതന്ത്ര മനസ്സിന്റെ ദുരുപയോഗത്തില്‍ വീഴ്ചപറ്റിയതാണന്നും ഒരിജന്‍ കരുതി. ഈ വാദമനുസരിച്ച് വീഴ്ചയുടെ ഗുരു-ലഘുത്തങ്ങളില്‍ നിന്നാണ് മാലാഖാമാരും, മനുഷ്യരും ദുഷ്ടാരൂപികളും തമ്മിലുള്ള അന്തരം ഉടലെടുത്തത്. ദൈവകാരുണ്യം എല്ലാ ആത്മാക്കളേയും വീണ്ടും ദൈവവുമായുള്ള രമ്യതയിലെത്തിക്കുമെന്നും ഒരിജന്‍ വിശ്വസിച്ചു. ദയാനിധിയായ ദൈവം ഒടുവില്‍ സാത്താനെപ്പോലും വീഴ്ചയില്‍ നിന്നു കരകയറ്റി രക്ഷിക്കുമത്രെ. നിത്യനരകം എന്ന ആശയം ദൈവത്തിന്റെ സര്‍വശക്തിക്കും അനന്ത കാരുണ്യത്തിനും നിരക്കുന്നതല്ലെന്നാണ് ഒരിജന്‍ വാദിച്ചത്.

[തിരുത്തുക] വേദപുസ്തക വ്യാഖ്യാതാവ്

ഒരിജന്‍ സമര്‍ഥനായ വേദപുസ്തക വ്യാഖ്യാതാവായിരുന്നു. അക്ഷരാര്‍ഥത്തിലുള്ള വ്യാഖ്യാനമല്ല അദ്ദേഹം നടത്തിയത്. ബൈബിള്‍ വാക്യങ്ങളുടെ അര്‍ഥം, അവയുടെ വാക്കുകളെ അതിലംഘിക്കുന്ന സാദൃശ്യങ്ങളില്‍(Types) കണ്ടെത്തുന്ന അദ്ദേഹത്തിന്റെ വ്യാഖ്യാന ശൈലിക്ക് (Scriptural allegorism) പിന്നീട് വളരെ പ്രചാരം കിട്ടി.

[തിരുത്തുക] ഹെക്സാപ്ല

പഴയ നിയമത്തിന്റെ ഹെബ്രായഭാഷയിലും, ഗ്രീക്കിലും ഉള്ള വ്യത്യസ്ത പാഠങ്ങളെ ഒന്നിച്ചു ചേര്‍‍ത്ത് ഒരിജന്‍ പ്രസിദ്ധീകരിച്ച ഹെക്സാപ്ല (Hexapla)എന്ന താരതമ്യ പഠന സഹായി [3] പൗരാണിക കാലത്തെ ഗ്രന്ഥവിമര്‍ശനങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതാണ്.

[തിരുത്തുക] സെല്‍സസിന് മറുപടി

ഒരിജന്റെ രചനാപാടവവും നീതിബോധവും പ്രകടമാകുന്ന മറ്റൊരു കൃതി, ക്രിസ്തുമതത്തെ യുക്തിയുടെ തലത്തില്‍ വിമര്‍ശിച്ച സെല്‍സസ് എന്നയാളുടെ രചനക്ക് മറുപടിയായി ഒരിജന്‍ എഴുതിയ സെല്‍സസിന് മറുപടി (Contra Celsus)എന്ന പുസ്തകമാണ്. ഒരിജന്റെ കൃതികളില്‍ ഏറ്റവും വലുതും ഇതു തന്നെയാണ്. സെല്‍സസിന്റെ വാദമുഖങ്ങള്‍ ദീര്‍ഘമായി ഉദ്ധരിച്ച്, അവക്ക് യുക്തി ഉപയോഗിച്ച് തന്നെ പ്രതിപക്ഷബഹുമാനത്തോടെ മറുപടി പറയുന്ന രീതിയാണ് ഒരിജന്‍ ഈ പുസ്തകത്തില്‍ അവലംബിച്ചിരിക്കുന്നത്. സെല്‍സസിന്റെ കൃതികളെല്ലാം പില്‍ക്കാലത്ത് നശിപ്പിക്കപ്പെട്ടു. ഇന്ന്, ഒരിജന്റെ വിമര്‍ശനത്തിലെ ഉദ്ധണികളാണ്, സെല്‍സസിന്റെ ചിന്തയിലേക്കുള്ള നമ്മുടെ ഏക വഴികാട്ടി. [4].

[തിരുത്തുക] ഒരിജനും പില്‍ക്കാല സഭയും

എല്ലാ മൗലിക ചിന്തകരുടെ കാര്യത്തിലും സംഭവിക്കുന്നതു പോലെ ഒരിജന്റെ ചിന്തകളും നിശിതമായി വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഏറെ എതിര്‍ക്കപ്പെട്ടത് എല്ലാ ആത്മാവുകള്‍ക്കും ഒടുവില്‍ രക്ഷ സംപ്രാപ്തമാകുമെന്നുള്ള ഒരിജന്റെ വിശ്വാസമാണ്. ആത്മാവുകളുടെ നിത്യനാശം എന്ന ആശയത്തിനെതിരെയുള്ള ഒരിജന്റെ വിമര്‍ശനം യുക്തിഭദ്രമായിരുന്നുവെങ്കിലും വിശുദ്ധ അഗസ്റ്റിന്‍ ഒരിജന്റെ എതിര്‍ ചേരിയില്‍ നിലയുറപ്പിച്ചതോടുകൂടി ഒരിജനിസത്തിനു പിന്തുണ ഇല്ലാതായി. 'ഒരിജനിസ്റ്റ്' എന്നതു ഒരു ശകാരപദമായി മാറീ. ക്രി.പി. 545-ല്‍ നടന്ന കോണ്‍സ്റ്റാന്റിനോപ്പിളിലെ സൂനഹദോസ് ഒരിജന്റെ പഠനങ്ങളെ വിലക്കി. 553-ല്‍ നടന്ന അഞ്ചാം എക്ക്യൂമെനിക്കല്‍ കൗണ്‍സില്‍ ആകട്ടെ അദ്ദേഹത്തെ, പേരുകേട്ട 'ശീശ്മ' കളുടെ പ്രണേതാക്കളായ ആരിയൂസ്, നെസ്തോറിയൂസ് എന്നിവരോടൊപ്പം പേരെടുത്തു പറഞ്ഞു ശപിച്ചു.കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി യുടെ സമയം മുതല്‍ റോമന്‍ ഭരണകൂടവുമായി സന്ധിയിലായ സഭാനേതൃത്വം, അത് പുതിയതായി കൈവരിച്ച അധികാരങ്ങളുടെ ഫലപ്രദമായ പ്രയോഗത്തിന് സഹായിക്കുന്ന ഒരായുധമായി നിത്യനരകത്തെ കണ്ടതാണ് ഒരിജന്റെ 'സര്‍വരക്ഷാവാദ' ത്തെ തള്ളിപ്പറയാന്‍ പ്രേരിപ്പിച്ച കാരണങ്ങളിലൊന്ന് എന്നു കരുതുന്നവരുണ്ട്.

[തിരുത്തുക] ജീവചരിത്ര ഗ്രന്ഥങ്ങള്‍

പ്രഖ്യാത സഭാചരിത്രകാരനായ കേസറിയായിലെ യൂസീബിയസിന്റെ സഭാചരിത്രഗ്രന്ഥം ഒരു വാല്യം ഏതാണ്ട് മുഴുവന്‍ തന്നെ ഒരിജനേക്കുറിച്ചാണ്. ഒരിജന്റെ നൂറോളം കത്തുകളും അദ്ദേഹത്തോട് ആരാധന തന്നെ ഉണ്ടായിരുന്ന യൂസെബിയൂസ് ശേഖരിച്ചതായി പറയപ്പെടുന്നു.ഫലകം:തെളവ്

[തിരുത്തുക] നുറുങ്ങുകള്‍

സെപ്തിമിയസ് സെവേരസിന്റെ കാലത്തു നടന്ന ക്രിസ്തുമത പീഡനത്തില്‍ പിതാവിനെ പിന്തുടര്‍ന്ന് ബാലനായ ഒരിജനും രക്തസാക്ഷിത്വം വരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടതാണെന്നും ഒരിജന്റെ മാതാവ്, മകന്റെ വസ്ത്രങ്ങള്‍ ഒളിച്ചുവച്ചതു കൊണ്ടാണ് ഒരിജന്‍ അന്ന് രക്തസാക്ഷിയാകാതെ പോയതെന്നും സഭാചരിത്രകാരനായ യൂസെബിയൂസ് എഴുതിയിട്ടുണ്ട്.


ഒരിജന്റെ വിശ്വാസ തീക്ഷ്ണതയ്ക്കും പ്രതിബദ്ധതക്കും തെളിവായി പറയുന്ന മറ്റൊരു കഥ, മത്തായിയുടെ സുവിശേഷം 19:12-ല്‍ ദൈവരാജ്യത്തിനു വേണ്ടി ഷണ്ഡത്വം സ്വയം വരിക്കുന്നവരേക്കുറിച്ചുള്ള പരാമര്‍ശം അക്ഷരാര്‍ഥത്തിലെടുത്ത്, അദ്ദേഹം സ്വന്തം ലൈംഗികശേഷി നശിപ്പിച്ചു കളഞ്ഞുവെന്നാണ്. എന്നാല്‍ ഇതു വെറും കെട്ടുകഥയാണെന്ന് പറയുന്നവരും ഉണ്ട്. വേദപുസ്തകത്തില്‍ വാച്യാര്‍ഥത്തിനപ്പുറമുള്ള പൊരുള്‍ തേടിപ്പോയ ഒരിജന്‍, സുവിശേഷവാക്യത്തെ ഇത്തരമൊരു പ്രവൃത്തിക്ക് ആധാരമാക്കുമെന്ന് വിശ്വസിക്കുക വിഷമവുമാണ്.

[തിരുത്തുക] ഗ്രന്ഥസൂചി

  1. History of Church - Eusebius of Ceasaria (Book-6)
  2. The Oxford Companion to the Bible


[തിരുത്തുക] ആധാരസൂചിക

  1. ഇംഗ്ലീഷ് വിക്കിപീഡിയയെ അവലംബിച്ച്
  2. Bertrand Russel: A History of Western Philosophy; Chapter, First four centuries of Christianity
  3. http://www.newadvent.org/cathen/07316a.htm
  4. http://www.newadvent.org/fathers/0416.htm
"http://ml.wikipedia.org/wiki/%E0%B4%92%E0%B4%B0%E0%B4%BF%E0%B4%9C%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം