അരിച്ചെള്ള്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അരിച്ചെള്ള്‌
Rice weevil
Sitophilus.oryzae.7438.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Coleoptera
കുടുംബം: Curculionidae
ജനുസ്സ്: Sitophilus
വർഗ്ഗം: S. oryzae
ശാസ്ത്രീയ നാമം
Sitophilus oryzae
(Linnaeus, 1763[1]

കോളിയോപ്റ്റെറ (Coleoptera) പ്രാണിഗോത്രത്തിൽ കുർക്യുലിയോണിഡേ (Curculeonidae) കുടുംബത്തിലെ ഒരംഗം. ശാസ്ത്ര നാമം സൈറ്റോഫിലസ് ഒറൈസ (Sitophilus oryza). അരിച്ചെള്ള് ലോകത്തെവിടെയും കാണപ്പെടുന്നു. അരി, ധാന്യങ്ങൾ‍, ഉണക്കിയ പയറുവർഗങ്ങൾ എന്നീ ഭക്ഷണപദാർഥങ്ങൾ ഇവ തിന്നു നശിപ്പിക്കാൻ ഇതിനു അസാമാന്യമായ കഴിവുണ്ട്.

ശരീര ഘടന[തിരുത്തുക]

3-4 മീല്ലി മീറ്റർ. നീളവും തിളങ്ങുന്ന തവിട്ടുനിറവുമുള്ള ചെറിയ വണ്ടാണ് അരിച്ചെള്ള്. ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് ഇത് സുലഭമായി കണ്ടുവരുന്നത്. ഇന്ത്യയാണിതിന്റെ ജന്മദേശമെന്നു കരുതപ്പെടുന്നു. ചരക്കുകപ്പലുകൾ മുഖേനയാവണം ലോകത്തിന്റെ നാനാഭാഗങ്ങളിലും ഇവ എത്തിച്ചേർന്നത്.

ആഹാരം[തിരുത്തുക]

മനുഷ്യന് ഏറ്റവുമധികം നഷ്ടമുണ്ടാക്കുന്ന പ്രാണികളിൽ ഒന്നാണിത്. നെല്ലറകളിലും കളപ്പുരകളിലും മറ്റും സൂക്ഷിച്ചിട്ടുള്ള ധാന്യങ്ങൾ മുഴുവനായും നശിപ്പിക്കാൻ ഇവയ്ക്കു കഴിയും; ചീത്തയാകുന്ന ധാന്യങ്ങൾ കുതിർന്നിട്ട് പലപ്പോഴും മുളയ്ക്കുകയും ചെയ്യും. ധാന്യങ്ങളുടെ പരിപ്പുകൾ ഇവ തിന്നു തീർക്കുന്നു. ധാന്യമാവോ മുഴുവൻ ധാന്യങ്ങളോ പ്രായമെത്തിയ വണ്ടുകൾ തിന്നുതീർക്കുമ്പോൾ അവയുടെ ലാർവകൾ ധാന്യങ്ങൾക്കുള്ളിൽ ജീവിക്കുകയാണ് ചെയ്യുന്നത്. ധാന്യമാവ് കട്ടപിടിച്ചാൽ മാത്രമേ ലാർവകൾക്ക് ഇതിനുള്ളിൽ കഴിയാൻ സാധിക്കൂ.

പ്രത്യുൽ‌പാദനം[തിരുത്തുക]

പെൺവണ്ടുകൾ ധാന്യത്തിന്റെ പരിപ്പിനുള്ളിൽ കരണ്ടുണ്ടാക്കുന്ന ചെറിയ കുഴികളിൽ ഓരോരോ മുട്ടകളിടുന്നു. മുട്ടകൾ വെളുത്തതും വലുപ്പം കുറഞ്ഞതുമാണ്. മുട്ടയിട്ടശേഷം പശപോലെയുള്ള ഒരു സ്രവത്താൽ കുഴികൾ മൂടിവയ്ക്കും. ഏതാനും ദിവസങ്ങൾക്കുള്ളിൽ മുട്ടവിരിഞ്ഞു വെളുത്തുതടിച്ച കാലില്ലാത്ത പുഴുക്കൾ / ലാർവകൾ പുറത്തുവരും. ധാന്യം ഭക്ഷിച്ചുവളരുന്ന ഇവ വളരെ വേഗം പ്യൂപ്പയും വണ്ടുമായി മാറുന്നു. അനുകൂല പരിതഃസ്ഥിതികളിൽ 4-7 ആഴ്ചയാണ് ഇതിന്റെ ജീവിതചക്ര ദൈർഘ്യം. 2-3 ആഴ്ചവരെ ഈ വണ്ടുകൾക്ക് ആഹാരമില്ലാതെ ജീവിക്കാൻ സാധിക്കും. സാധാരണ 7-8 മാസമാണ് ഇതിന്റെ ആയുഷ്കാലം. എന്നാൽ രണ്ടു വർഷത്തിലേറെ ജീവിക്കുന്നവയും ഉണ്ട്. പൂർണവികസിതമായ ചിറകുകളുള്ള അരിച്ചെള്ള് ഉഷ്ണകാലത്തു മിക്കപ്പോഴും പറന്നുകൊണ്ടിരിക്കും.

അവലംബം[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അരിച്ചെള്ള്‌ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"http://ml.wikipedia.org/w/index.php?title=അരിച്ചെള്ള്‌&oldid=1864004" എന്ന താളിൽനിന്നു ശേഖരിച്ചത്