അപ്‌ഫന്റെ മകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുത്തിരിങ്ങോട്ടു ഭവത്രാതൻ നമ്പൂതിരിപ്പാട് (1901-43) രചിച്ച സാമൂഹികനോവലാണ് (1931)അപ്ഫന്റെ മകൾ എന്ന ഈ കൃതി.[1][2] ചന്തുമേനോന്റെ ഇന്ദുലേഖയ്ക്കും ശാരദയ്ക്കും ശേഷം മലയാളത്തിലെ സാമൂഹികനോവൽ പ്രസ്ഥാനത്തിന് ലഭിച്ച മുഖ്യ സംഭാവനയാണ്. കാല്പനികത്വത്തിന്റെ അതിപ്രസരം ഇതിൽ ഉടനീളം കാണാമെങ്കിലും ജീവിതത്തിന്റെ യഥാർഥമായ ചിത്രീകരണമാണ് ഇതിനെ ശ്രദ്ധാർഹമാക്കുന്നത്. സമീപ ഭാവിയിൽ പ്രായോഗികമാകാൻ പോകുന്ന മിശ്രവിവാഹമെന്ന ആദർശം അപ്ഫന്റെ മകളുടെ സാത്വികാനുരാഗത്തിലും പക്ഷേ, ഇന്നു സ്വജാതീയ വിവാഹം മാത്രമേ കാര്യക്ഷമമായിട്ടുള്ളു എന്ന പ്രായോഗികമൂലതത്ത്വം മധുവിന്റെ (കഥാ നായകന്റെ) ഇട്ടിച്ചിരി സ്വീകരണത്തിലും അടങ്ങിയിട്ടുള്ളതിനാൽ നമ്പൂതിരിമാരുടെ വൈവാഹിക പരിവർത്തനത്തിന്റെ തത്ത്വവും പ്രയോഗവും ഇതിൽ അടങ്ങിയിട്ടുണ്ടെന്നു പറയാം എന്ന് അവതാരികകാരനായ ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാട് പ്രസ്താവിച്ചിരിക്കുന്നു. ഒരു നോവലിന് വേണ്ട പശ്ചാത്തല വിസ്തൃതിയില്ലെന്നൊരു കുറവു വിമർശകൻമാർക്കു പറയാമെന്നിരുന്നാലും സർവാംഗീണമായ മനോഹാരിതയും ലക്ഷണ സംയോഗവും തികഞ്ഞ ഒരു ഉത്കൃഷ്ടകൃതിയാണിത്. ചിന്തോദ്ദീപകമായ രീതിയിലാണ് നമ്പൂതിരിമാരുടെ സാമൂഹികസ്ഥിതി ഇതിൽ പ്രതിഫലിപ്പിച്ചിട്ടുള്ളത്. ഉത്കൃഷ്ടമായ പാത്രസൃഷ്ടിയും വിദഗ്ദ്ധമായ കഥാഘടനയും കാവ്യഭംഗി കളിയാടുന്ന ഗദ്യശൈലിയും ഇതിനു കാലാതിവർത്തിയായ ആസ്വാദ്യത പ്രദാനം ചെയ്യുന്നു. ആഖ്യാനശൈലിയുടെ സവിശേഷതയ്ക്ക് ഉദാഹരണമായി, ഒന്നാം അധ്യായത്തിൽ ഉണ്ണിക്കിടാങ്ങൾ ഇലകളും ഇല്ലിക്കോലുകളുംകൊണ്ടു നടത്തുന്ന ഇല്ലംപണിവർണനയുടെ അവസാനഭാഗം താഴെ ഉദ്ധരിക്കുന്നു:

മധ്യാഹ്നവിശ്രമം കഴിഞ്ഞ് ഇറങ്ങി ലാത്തുവാൻ പുറപ്പെട്ട കുളിർമാരുതൻ, വേല ചെയ്തു വേർപ്പണിഞ്ഞ് തളർന്ന ആ പൂവൽമേനികളെ പുണർന്നു; അവരുടെ നെറ്റിമേൽ ചുംബിച്ചു; അവരുടെ കൈശികങ്ങളിൽ കൈവിരൽകൊണ്ടു തെരുപ്പിടിച്ചു. സന്നിഹിതങ്ങളായ തീരവൃക്ഷങ്ങൾ, പണികഴിഞ്ഞ ആ മണിമണ്ഡപത്തിൽ വിരിക്കുവാൻ നിഴലുകളാകുന്ന നീലക്കംബളങ്ങൾ നീട്ടിക്കൊടുക്കുകയായി. പാലപ്പുള്ളിപ്പുഴയിലെ ഓളങ്ങളാകുന്ന ഓമനക്കിടാങ്ങൾ ആ കുമാരൻമാരുടെ കൂട്ടത്തിൽ കൂടുവാനെന്നപോലെ നുരകളാൽ പൊട്ടിച്ചിരിച്ചുകൊണ്ട് കരയിലേക്ക് പാഞ്ഞുകയറുവാൻ ശ്രമിച്ചുനോക്കുന്നു. പരിണതവയസ്സായ പകലവൻ ഈ കൌമാരവിലാസങ്ങൾ കണ്ടുംകൊണ്ട് പശ്ചിമാകാശത്തിൽ കൌതുകസ്തബ്ധനായി നിന്നുവോ എന്നു തോന്നും.

അവലംബം[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപ്ഫന്റെ മകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അപ്‌ഫന്റെ_മകൾ&oldid=3503549" എന്ന താളിൽനിന്ന് ശേഖരിച്ചത്