സർവ്വേ ആന്റ് ലാന്റ് റെക്കോർഡ്സ്, കേരളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സർവ്വേ ആന്റ് ലാന്റ് റെക്കോർഡ്സ്, കേരളം
സർവ്വേയും ഭൂരേഖയും വകുപ്പ്
Directorate of Survey and Land Records
സർവ്വേ ആന്റ് ലാന്റ് റെക്കോർഡ്സ്, കേരളം
വകുപ്പ് അവലോകനം
ആസ്ഥാനം സർവ്വേ ഭവൻ, തിരുവനന്തപുരം
ഉത്തരവാദപ്പെട്ട മന്ത്രി കെ. രാജൻ, റവന്യൂ മന്ത്രി
മേധാവി/തലവൻ സീറാം സാംബശിവ റാവു, ഐ.എ.എസ്, ഡയറക്ടർ
മാതൃ വകുപ്പ് ലാൻഡ് റവന്യൂ വകുപ്പ്,
കേരള സർക്കാർ
വെബ്‌സൈറ്റ്
ഔദ്യോഗിക വെബ്സൈറ്റ്

കേരള സംസ്ഥാനത്തിലെ ഏറ്റവും  പുരാതനമായ ഒരു വകുപ്പാണ് സർവ്വെയും ഭൂരേഖയും വകുപ്പ്. സർവെ ഡയറക്ടറാണ് സംസ്ഥാനത്ത് ഭൂരേഖാസംരക്ഷണം ഉൾപ്പെടെയുള്ള സർവെ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന മേലധികാരി. കേരള സംസ്ഥാനം രൂപീകൃതമാകുന്നതിന് വളരെ വർഷങ്ങൾക്ക് മുമ്പ്  അതായത് മലബാർ, മദ്രാസ്, തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളായി നിലനിന്നിരുന്ന കാലത്ത് തന്നെ നികുതി പിരിവിന്റെ ഭാഗമായി സർവ്വെ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. കേട്ടെഴുത്തും, കണ്ടെഴുത്തും പത്തടിക്കോലുകൊണ്ട് അളന്നുള്ള ഖസറ സർവ്വെയും അക്കാലത്തെ പരമ്പരാഗത സർവ്വെ രീതികളായിരുന്നു. 1882 മുതൽ 1902 കാലഘട്ടത്തിൽ ശാസ്ത്രീയമായി നടന്ന സർവെ, സെറ്റിൽമെന്റ് സർവെ എന്നറിയപ്പെടുന്നു.      സെറ്റിൽമെന്റ്  സർവെ റിക്കാർഡുകളാണ് ഇന്നും സർവെ, റവന്യൂ പ്രവർത്തനങ്ങളുടെ അടിസ്ഥാന രേഖയായി കണക്കാക്കുന്നത്. കേരള സംസ്ഥാനത്ത് വ്യക്തികൾക്കോ, സ്ഥാപനങ്ങൾക്കോ ഒറ്റയ്ക്കോ,  കൂട്ടായോ അവകാശം ലഭിച്ചിട്ടുള്ളതും, കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ അധീനതയിലുള്ളതുമായ ഭൂമി അതതിന്റെ അവകാശികൾക്ക് നിലവിലെ നിയമങ്ങൾക്ക് വിധേയമായി നൂതന സാങ്കേതിക വിദ്യകളും സർവ്വെ ഉപകരണങ്ങളും ഉപയോഗിച്ച് കുറ്റമറ്റ രീതിയിൽ ഡിജിറ്റൽ സർവ്വെ ചെയ്ത് അവകാശികളുടെ പേരിൽ ചേർത്ത് ഭൂരേഖകൾ തയ്യാറാക്കുന്ന ജോലിയാണ് നിലവിൽ സർവെയും ഭൂരേഖയും വകുപ്പ് ചെയ്യുന്നത്.

സർവെ/റീസർവെ[തിരുത്തുക]

ഏതൊന്നിനെ സംബന്ധിച്ചും വസ്തുനിഷ്ഠമായ അന്വേഷണം നടത്തി സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കുന്നതിനെ പൊതുവിൽ സർവ്വെ എന്നും, ഇത് ഭൂമിയെ സംബന്ധിച്ചുള്ളതാണെങ്കിൽ ഭൂസർവ്വെ എന്നും അറിയപ്പെടുന്നു. സെറ്റിൽമെന്റ് സർവെ (ഒറിജിനൽ സർവെ) റിക്കാർഡുകളെ ആധാരമാക്കി നിലവിൽ സർവെയും ഭൂരേഖയും വകുപ്പ് നടത്തുന്ന ഭൂമി സംബന്ധമായ സർവെ പ്രവർത്തനങ്ങളെ  റീസർവെ എന്ന് പറയുന്നു. 1961 ൽ കേരളാ സർവ്വെ അതിരടയാള നിയമം  നിലവിൽ വരുകയും  ഇതു പ്രകാരം 1964 ൽ സംസ്ഥാനത്ത് റീസർവ്വെ നടപടികൾ ആരംഭിക്കുകയും ചെയ്തു.


ഡിജിറ്റൽ സർവെ[തിരുത്തുക]

വകുപ്പിൽ നിന്ന് നൽകുന്ന സേവനങ്ങൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ആധുനിക വിവര സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി പൊതുജനങ്ങളിലേയ്ക്ക് നേരിട്ട് എത്തിക്കുന്നതിനായി  ഭൂവിവര വ്യവസ്ഥ (GIS) അടിസ്ഥാനപ്പെടുത്തി നടപ്പിലാക്കുന്ന നൂതന ഭൂസർവെ പ്രവർത്തനങ്ങളാണ് ഡിജിറ്റൽ സർവെ. നിലവിൽ സർവെയും ഭൂരേഖയും വകുപ്പിന്റെ കീഴിലുള്ള എല്ലാവിധ സർവെ പ്രവർത്തനങ്ങൾക്കും ഡിജിറ്റൽ സർവെ രീതിയാണ് അവലംബിച്ച് വരുന്നത്. ഇതു മൂലം വേഗത്തിലും സുതാര്യമായും കൃത്യതയോടുമുള്ള റിക്കാർഡുകൾ ഡിജിറ്റൽ രൂപത്തിൽ ലഭിക്കുന്നതാണ്. ഇതര സർക്കാർ വകുപ്പുകൾക്കും ഇത്തരം ഡിജിറ്റൽ മാപ്പുകൾ വിവിധങ്ങളായ ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.

റീസർവെ ലക്ഷ്യങ്ങൾ[തിരുത്തുക]

കേരളാ സംസ്ഥാന രൂപീകരണത്തിന് വർഷങ്ങൾക്ക് മുമ്പ് തന്നെ തയ്യാറാക്കപ്പെട്ടിരുന്ന സർവ്വെ റിക്കാർഡുകളിൽ ഭൂമിയുടെ ക്രയ വിക്രയങ്ങൾ മൂലം പിന്നീട്  ഭൂമിയിലുണ്ടായ മാറ്റങ്ങൾ സർവെ റിക്കാർഡിൽ ഉൾപ്പെട്ട് വരാത്തതിനാൽ തന്നെ സർവ്വെ     റിക്കാർ‍ഡുകളും ഭൂസ്ഥിതിയും തമ്മിൽ വളരെയേറെ വ്യത്യാസങ്ങൾ ഉണ്ടായതിനാലും പല റിക്കാർഡുകളും കാലഹരണപ്പെട്ടു പോയതിനാലും, റിക്കാർഡുകൾ നിലവിലെ റവന്യൂ ഭരണത്തിന് പര്യാപ്തമല്ലാത്തതിനാലും ഭൂവുടമകൾ തമ്മിലുളള അതിർത്തി, അവകാശ തർക്കങ്ങൾ നീതിയുക്തമായി പരിഹരിക്കുന്നതിന് സംസ്ഥാനത്ത് പുതിയൊരു സർവ്വെ ആവശ്യമായിവന്നു. 1964 മുതൽ ആരംഭിച്ച ടി സർവെ പ്രവർത്തനങ്ങളെ റീസർവെ എന്നറിയപ്പെടുന്നു. സംസ്ഥാനത്തെ മുഴുവൻ വില്ലേജുകളുടെയും നാളതീകരിച്ച (പുതുക്കിയ) സർവെ റിക്കാർഡുകൾ തയ്യാറാക്കുന്നതിനാണ് റീസർവെയിലൂടെ സർവെയും ഭൂരേഖയും വകുപ്പ് ലക്ഷ്യമിടുന്നത്.

റീ-സർവ്വെ പ്രയോജനങ്ങൾ[തിരുത്തുക]

  • സംസ്ഥാനത്തുള്ള ഓരോ കൈവശ ഭൂമിയുടെ സ്ഥാനം, അതിർത്തി നിർണ്ണയം, വിസ്തീർണ്ണം എന്നിവ നിർണ്ണയിക്കുന്നതിന് സാധിക്കുന്നു.
  • സ്വകാര്യ വസ്തുക്കളുടെ അതിർത്തി തിരിച്ച് സ്ഥിരമായ സർവ്വെ അടയാളങ്ങൾ സ്ഥാപിച്ച് അതിനനുസരണമായി സർവ്വെ ചെയ്ത് റിക്കാർഡ്  തയ്യാറാക്കി സൂക്ഷിക്കുന്നതിനാൽ, ഭൂവുടമകളുടെ അതിർത്തി തർക്കങ്ങൾ നീതിയുക്തമായി പരിഹരിക്കുന്നതിന് സാധിക്കുന്നു.
  • വിസ്തീർണ്ണത്തിന് അനുസരണമായി നികുതി ഈടാക്കുന്നതിന് സാധിക്കുന്നു.
  • സർക്കാർ അധീനതയിലുള്ള ഭൂമികൾ പ്രത്യേകമായി തിരിച്ച് സർവ്വെ ചെയ്ത് റിക്കാർഡുകൾ തയ്യാറാക്കുന്നതിനാൽ അനധികൃത കയ്യേറ്റങ്ങളിൽ നിന്നും സർക്കാർ ഭൂമി സംരക്ഷിക്കുന്നതിന് സാധിക്കുന്നു.
  • പട്ടയം നൽകുന്നതുൾപ്പെടെയുളള വിവിധ സർക്കാർ ആനുകൂല്യങ്ങൾ ജനങ്ങൾക്ക് നൽകുന്നതിന് സാധിക്കുന്നു.
  • ഭൂരഹിതരില്ലാത്ത കേരളം പോലുള്ള സർക്കാരിന്റെ വിവിധ പദ്ധതികൾ പ്രകാരം ഭൂരഹിതർക്ക് ഭൂമി നൽകുന്നതിനാവശ്യമായ സ്ഥലം കണ്ടെത്തുന്നതിന് സാധിക്കുന്നു.
  • അഡ്മിനിസ്ട്രേറ്റീവ്  ബൗണ്ടറികൾ ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾക്കുള്ള മാപ്പുകൾ കൃത്യമായി  തയ്യാറാക്കുവാൻ സാധിക്കുന്നു.
  • കൃത്യമായ ഭൂരേഖകളെ അടിസ്ഥാനമാക്കി റവന്യൂ ഭരണം സുഗമമാക്കുന്നു.

റീസർവെ ജനപങ്കാളിത്തം[തിരുത്തുക]

റീസർവെ പ്രവർത്തനങ്ങൾക്ക് ജനപങ്കാളിത്തം വളരെ പ്രധാനപ്പെട്ടതാണ്.  റീസർവെ ചെയ്യുന്ന വില്ലേജുകളിലെ ഭൂവുടമസ്ഥർക്ക് റീസർവെയുടെ പ്രാധാന്യത്തെ സംബന്ധിച്ചും റീസർവ്വെയിലൂടെ തങ്ങളുടെ ഭൂമിയുടെ വിവരങ്ങൾ സർക്കാർ രേഖകളിൽ പുതുക്കി പരിപാലിക്കുകയാണ് എന്ന അവബോധം ഇല്ലാത്തതിനാലും മതിയായ സഹകരണം പലപ്പോഴും റീസർവെ പ്രവർത്തനങ്ങളിൽ ലഭിക്കാറില്ല.

മതിയായ പരസ്യം നൽകിയാണ് ഓരോ വില്ലേജിലേയും റീസർവ്വെ ആരംഭിക്കുന്നത്.   റീസർവെ സമയത്ത് തങ്ങളുടെ ഭൂമി സംബന്ധിച്ച അവകാശരേഖകൾ ഉദ്യോഗസ്ഥർക്ക് കൃത്യമായി പരിശോധനയ്ക്ക് നൽകുവാനോ, സ്ഥലത്തിന്റെ കൈവശാതിർത്തി കൃത്യമായി ചൂണ്ടിക്കാട്ടാനോ, പരസ്പരം അതിർത്തി തർക്കങ്ങൾ രമ്യമായി പരിഹരിച്ച് അതിർത്തി പുന:സ്ഥാപിക്കാനോ ഭൂവുടമകൾ താൽപര്യം കാണിക്കാറില്ല. അതുകൊണ്ടുതന്നെ റീസർവെ റിക്കാർഡിൽ ടി ഭൂവുടമകളുടെ വിവരം ഉൾപ്പെടുത്താൻ സാധിക്കാതെ വരികയും  റീസർവെയ്ക്ക് മുമ്പ് കരമടച്ചിരുന്ന ഭൂവുടമകൾക്ക് റീസർവെയ്ക്ക് ശേഷം കരം അടയ്ക്കാൻ സാധിക്കാതെ വരുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. റീസർവെയിൽ ശരിയായ പേരുവിവരങ്ങൾ ചേർത്ത് റിക്കാർഡുകൾ തയ്യാറാക്കിയില്ലായെങ്കിൽ ഭാവിയിൽ ഭൂമി സംബന്ധമായ എല്ലാ ഇടപാടുകൾക്കും ബുദ്ധിമുട്ടുണ്ടാകും. ആയതിനാൽ ഭൂവുടമകൾ ചുവടെ ചേർക്കും പ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നത്, കുറ്റമറ്റ റിക്കാർഡുകൾ തയ്യാറാക്കുന്നതിന് സഹായകമാകും.

  • ഓരോ ഭൂവുടമകളുടെയും കൈവശ ഭൂമിയുടെ അതിർത്തികൾ വ്യക്തമായി സ്ഥാപിച്ച് റീസർവെ സമയത്ത് സർവെ ഉദ്യോഗസ്ഥനെ ബോധ്യപ്പെടുത്തണം.
  • വസ്തു സംബന്ധമായ  അവകാശ രേഖകൾ (ആധാരം, പട്ടയം, പട്ടയസ്കെച്ച് മുതലായവ) ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ പരിശോധനയ്ക്ക് നൽകണം.
  • സർവെ ഉദ്യോഗസ്ഥർക്ക് വസ്തുവിനെ സംബന്ധിക്കുന്ന ആവശ്യമായ വിവരങ്ങൾ നൽകണം.
  • കൈവശ ഭൂമിയുടെ അതിർത്തിയിൽ സർവെ അടയാളങ്ങൾ സ്ഥാപിക്കുന്നതിന് സഹകരിക്കണം.
  • റീസർവെ പൂർത്തീകരണത്തിന് മുന്നോടിയായി സർവെ റിക്കാർഡുകൾ (കരട്) പരിശോധിച്ച് ശരിയാണെന്ന് ബോധ്യപ്പെടുന്നതിനും അപാകതയുള്ള പക്ഷം അവ പരിഹരിക്കുന്നതിനും നിശ്ചിത സമയപരിധിക്കുള്ളിൽ നൽകുന്ന അവസരങ്ങൾ വസ്തു ഉടമസ്ഥർ പ്രയോജന പ്പെടുത്തേണ്ടതാണ്.


ആധുനിക സർവെ[തിരുത്തുക]

ശാസ്ത്രീയമായ സർവെ രീതികൾ ആരംഭിച്ചത് മുതൽ ചെയിൻ, ക്രോസ്റ്റാഫ്, തിയോഡലൈറ്റ് എന്നീ ഉപകരണങ്ങൾ ഉപയോഗിച്ചാണ് സർവെ ചെയ്ത് സ്കെച്ചുകൾ തയ്യാറാക്കി വന്നിരുന്നത്. ആധുനിക സർവെ ഉപകരണങ്ങളായ ഇലക്ട്രോണിക്സ് ടോട്ടൽ സ്റ്റേഷൻ (ഇ.റ്റി.എസ്), ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (ജി.പി.എസ്) എന്നിവ ഉപയോഗിച്ച് ഏറ്റവും കൃത്യതയോടു കൂടിയും, കാര്യക്ഷമമായും ഭൂമി അളന്ന് തിട്ടപ്പെടുത്തി ഡിജിറ്റൽ സർവെ റിക്കാർഡുകൾ തയ്യാറാക്കുന്നു. ഇത്തരത്തിൽ സർവെ ചെയ്യുന്നതിനാൽ ഡിജിറ്റലായും, സമയബന്ധിതമായും ഒരു വില്ലേജിന്റെ സർവെ പൂർത്തീകരിക്കാൻ സാധിക്കുന്നു. ഇതിനോടനുബന്ധിച്ച് റവന്യൂ ഭരണത്തിനാവശ്യമായ രജിസ്റ്ററുകൾ തയ്യാറാക്കുന്നതിനു വേണ്ടി പ്രത്യേകം സോഫ്റ്റ് വെയറുകൾ ഉപയോഗിക്കുന്നു. ഒരു പ്രദേശം ആധുനിക സർവെ ഉപകരണമായ ഇലക്ട്രോണിക് ടോട്ടൽ സ്റ്റേഷൻ ഉപയോഗിച്ച് ജി.പി.എസ് സ്റ്റേഷന്റെ അക്ഷാംശ രേഖാംശ വാല്യുവിനെ ആസ്പദമാക്കി സർവെ ചെയ്യുന്നതിനാൽ വളരെയധികം കൃത്യതയും, സുതാര്യവുമായ റിക്കാർഡുകൾ ലഭിക്കുന്നു. റിക്കാർഡുകൾ ഡിജിറ്റൈസ് ചെയ്യുന്നതിനായി സംസ്ഥാനത്ത് പാലക്കാട് ഒഴികെയുളള എല്ലാ ജില്ലകളിലും ജില്ലാ ഡിജിറ്റെസേഷൻ സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. ടി സെന്ററുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി തിരുവനന്തപുരത്ത് സെൻട്രൽ  ഡിജിറ്റൈസേഷൻ സെന്ററും സർവെ വകുപ്പിന്റെ  കേരള ലാൻഡ് ഇൻഫർമേഷൻ മിഷൻ എന്ന  മിഷൻ മോഡ് പ്രോജക്ടിന്റെ ഭാഗമായി പ്രവർത്തിച്ചു വരുന്നു.

റീസർവെ റിക്കാർഡുകളിൽ തിരുത്തലുകളും മാറ്റങ്ങളും വരുത്തുന്നതിന് നിലവിലുള്ള സംവിധാനം[തിരുത്തുക]

ഒരു വില്ലേജിലെ റീസർവെ ചെയ്യുന്ന സമയത്ത് തന്നെ ടി വില്ലേജിലെ ഭൂവുടമകൾക്ക് ഭൂമിയെ സംബന്ധിച്ചുള്ള പരാതികളും അതിർത്തി തർക്കങ്ങളും പരിഹരിക്കുന്നതിന് വേണ്ടി ബന്ധപ്പെട്ട സർവെ സൂപ്രണ്ടിന് പരാതി നൽകാവുന്നതാണ്. ഇതിനെ അസ്സൽ ഭുപരാതി (OLC–Original Land Complaints) എന്ന് പറയുന്നു. ഇപ്രകാരം ലഭിക്കുന്ന പരാതികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധിച്ച് നീതിയുക്തമായി തീരുമാനമെടുത്ത് അപേക്ഷകനെ അറിയിക്കുന്നതാണ്.  

ഒരു വില്ലേജിലെ റീസർവെ പൂർത്തിയായതിന് ശേഷം റീസർവെയുടെ പ്രാഥമിക വിജ്ഞാപനമായ സർവെ അതിരടയാള നിയമത്തിലെ സെക്ഷൻ 9(2) പ്രസിദ്ധീകരിച്ച് ഒരു മാസം റീസർവെ റിക്കാർഡുകൾ ബന്ധപ്പെട്ട വില്ലേജിൽ വസ്തു ഉടമസ്ഥർക്ക് പരിശോധനയ്ക്കായി പ്രദർശനത്തിന് വയ്ക്കുന്നു. ടി കാലയളവിൽ വസ്തു ഉടമസ്ഥർക്ക് റീസർവെ ഉദ്യോഗസ്ഥരുടെ സഹായത്താൽ തങ്ങളുടെ വസ്തുവിന്റെ റീസർവെ റിക്കാർഡുകൾ പരിശോധിക്കാവുന്നതും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ബന്ധപ്പെട്ട റീസർവെ അസിസ്റ്റന്റ് ഡയറക്ടർക്ക് നിശ്ചിത ഫാറത്തിൽ പരാതി സമർപ്പിക്കാവുന്നതുമാണ്. ഇതിനെ അപ്പീൽ ഭൂപരാതി (ALC–Appeal Land Complaints) എന്ന് പറയുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇത് പരിശോധിച്ച് നീതിയുക്തമായി തീരുമാനമെടുത്ത് അപേക്ഷകനെ അറിയിക്കുന്നതാണ്. ഇത്തരത്തിൽ വരുന്ന മാറ്റങ്ങൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കുന്ന റീസർവെ റിക്കാർഡുകളാണ് അന്തിമ വിജ്ഞാപനമായ സെക്ഷൻ 13 പ്രസിദ്ധീകരിച്ച് കൊണ്ട് റവന്യു ഭരണത്തിന് വില്ലേജുകളിലേയ്ക്ക് കൈമാറുന്നത്.

റീസർവെ റിക്കാർഡുകൾ റവന്യു ഭരണത്തിന് വില്ലേജുകളിലേയ്ക്ക് കൈമാറിയതിന് ശേഷവും റിക്കാർഡിൽ എന്തെങ്കിലും തിരുത്തലുകളോ മാറ്റങ്ങളോ ആവശ്യമുള്ള പക്ഷം ഭൂവുടമസ്ഥർക്ക് ബന്ധപ്പെട്ട താലൂക്കിലെ ഭൂരേഖ തഹസീൽദാർക്ക് നിശ്ചിത ഫോറത്തിൽ അപേക്ഷ സമർപ്പിച്ച് പരിഹാരം കാണാവുന്നതാണ്.

സർവെ റിക്കാർഡുകൾ ലഭിക്കുന്ന കാര്യാലയങ്ങൾ[തിരുത്തുക]

റീസർവെ പൂർത്തിയാക്കിയ വില്ലേജുകളുടെ റിക്കാർഡുകൾ തിരുവനന്തപുരം സെൻട്രൽ സർവെ ഓഫീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, ബന്ധപ്പെട്ട താലൂക്കാഫീസ്, വില്ലേജാഫീസ് എന്നിവടങ്ങളിൽ നിന്ന് അഞ്ച് രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷ നൽകി നിശ്ചിത ഫീസടച്ച് കൈപ്പറ്റാവുന്നതാണ്. കൂടാതെ ലഭ്യമായ മുൻ സർവെ റിക്കാർഡുകൾ സെൻട്രൽ സർവെ ഓഫീസ് അസിസ്റ്റൻറ് ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും ഇതേ രീതിയിൽ ലഭിക്കുന്നതാണ്.

ഇ-രേഖ സംബന്ധിച്ച വിവരങ്ങൾ (ഓൺലൈൻ സേവനങ്ങൾ )[തിരുത്തുക]

സർവെയും ഭൂരേഖയും വകുപ്പിൽ വർഷങ്ങൾ പഴക്കമുള്ള റിക്കാർഡുകൾ ആധുനിക രീതിയിൽ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പ്രോജക്ടാണ് ഇ-രേഖ പദ്ധതി. ഈ പദ്ധതിയിൽ സർവെ റിക്കാർഡുകൾ പ്രിസർവേഷൻ, സ്കാനിംഗ് എന്നീ രണ്ട് പ്രക്രിയകളിലൂടെ സംരക്ഷിച്ച് വരുന്നു.

പഴയ റിക്കാർഡുകളെ fumigation, stain removal, lamination, re-binding എന്നീ പ്രക്രിയകൾ നടത്തിയാണ് പ്രിസർവേഷൻ ജോലികൾ ചെയ്യുന്നത്. ഇത്തരത്തിൽ പ്രിസർവേഷൻ ചെയ്ത റിക്കാർഡുകൾ പേജ് ക്രമത്തിൽ  സ്കാൻ ചെയ്തു സൂക്ഷിച്ചിട്ടുള്ളതിനാൽ പകർപ്പുകൾ ആവശ്യമുള്ള പക്ഷം സ്കാനിംഗ് ചെയ്തു സൂക്ഷിക്കുന്നവയിൽ നിന്നും പ്രിന്റൗട്ട് ആയോ, സി.ഡിയിലേക്കോ പകർപ്പ് എടുക്കുവാൻ സാധിക്കുന്നതാണ്. ഇപ്രകാരം പകർപ്പ് എടുക്കാൻ സാധിക്കുന്നത് വഴി  റിക്കാർഡുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് ഒഴിവാക്കുന്നതിനും വളരെക്കാലം സംരക്ഷിക്കുന്നതിനും സാധിക്കുന്നു. സ്കാനിംഗ് പൂർത്തിയാക്കിയ റിക്കാർഡുകൾ പ്രത്യേകമായി തയ്യാർ ചെയ്തിട്ടുള്ള മോഡേൺ റിക്കാർഡ് റൂമുകളിലേയ്ക്ക് മാറ്റി സൂക്ഷിക്കുന്നു.

ഡിജിറ്റൈസ് ചെയ്തിട്ടുള്ള സർവെ റിക്കാർഡുകൾ www.erekha.kerala.gov.in എന്ന വെബ് പോർട്ടലിൽ നൽകിയിട്ടുള്ളതും പൊതു ജനങ്ങൾക്ക് ഓൺലൈൻ മുഖേന സൗജന്യമായി കാണുന്നതിനും ആവശ്യമുള്ളവയുടെ പകർപ്പ് നിശ്ചിത തുക അടച്ച്  സ്വന്തമാക്കാവുന്നതാണ്.

വകുപ്പ് നൽകുന്ന സർവ്വെ പരിശീലന പരിപാടികൾ[തിരുത്തുക]

വകുപ്പിനു കീഴിൽ തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ  ചെയിൻ സർവ്വെ സ്കൂളുകളും വകുപ്പിന്റെ നിയന്ത്രണത്തിൽ വിവിധ ജില്ലകളിലായി 14  സ്വകാര്യ സർവെ സ്കൂളുകളും നിലവിലുണ്ട്. പത്താം ക്ലാസ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ടി സ്ഥാപനങ്ങളിൽ നിന്ന്  ചെയിൻ സർവെ പരിശീലനം നേടാവുന്നതാണ്. കൂടാതെ നിശ്ചിത സാങ്കേതിക യോഗ്യതയുളളവർക്ക്  മോഡേൺ സർവ്വെ കോഴ്സുകളിൽ പരിശീലന‌ം നൽകുന്നതിന് തിരുവനന്തപുരത്ത് അമ്പലമുക്കിൽ   Modern Government Research Training Centre for Survey (MGRTCS) എന്ന സ്ഥാപനവും പ്രവർത്തിച്ചു വരുന്നു. വിദ്യാർത്ഥികൾക്ക്  ചെയിൻ സർവെ, മോഡേൺ സർവെ എന്നീ പരിശീലനങ്ങൾക്ക് സർവെയും ഭൂരേഖയും വകുപ്പ് ഡയറക്ടറേറ്റിൽ അപേക്ഷ നൽകേണ്ടതാണ്. വിദ്യാർത്ഥികളെ കൂടാതെ റവന്യൂ വകുപ്പിലെ ജീവനക്കാർക്ക് ചെയിൻ സർവെ, ഹയർ സർവെ സർട്ടിഫിക്കറ്റ് കോഴ്സുകളിലും , ഫോറസ്റ്റ് വകുപ്പിലെ ജീവനക്കാർക്ക് മോഡേൺ സർവ്വെയിലും വകുപ്പിൽ നിന്നും പരിശീലനം നൽകി വരുന്നു. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങളും അപേക്ഷയുടെ മാതൃകയും dslr.kerala.gov.in എന്ന വെബ് പോർട്ടലിൽ ലഭ്യമാണ്.


റീസർവ്വെ സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ :-

  1. റീസർവ്വെ ആരംഭിക്കുന്ന വിവരം ഭൂവുടമസ്ഥൻമാരെ നേരിട്ട് നോട്ടീസ് നൽകി അറിയിക്കാറില്ല. മാധ്യമങ്ങളിലൂടെ ടി വിവരം പരസ്യപ്പെടുത്തുന്നു. ഇത് റീസർവെ ആരംഭിക്കുന്ന വില്ലേജിലെ എല്ലാ ഭൂവുടമകൾക്കും സാധുവായ നോട്ടീസാണ്. ഒരു വില്ലേജ് പൂർണ്ണമായിട്ടാണ് റീസർവെ നടത്തപ്പെടുന്നത്.
  2. റീസർവ്വെ നടത്തുന്ന സമയത്ത് കൃത്യമായ അതിർത്തിയും അവകാശ രേഖകളും (പ്രമാണം, പട്ടയം, ക്രയ സർട്ടിഫിക്കറ്റ്, കരം ഒടുക്ക് രസീത് മുതലായവ) ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കാണിച്ച് കൊടുത്ത് കുറ്റമറ്റരീതിയിൽ റീസർവ്വെ നടത്തുന്നതിന് സഹായിക്കുകയും സഹകരിക്കുകയും ചെയ്യേണ്ടത് ഓരോ ഭൂവുടമസ്ഥന്റെയും ചുമതലയാണ്.
  3. നിയമാനുസൃത അവകാശ രേഖയും നിലവിൽ കരം ഒടുക്കും ഉണ്ടെങ്കിൽപ്പോലും വ്യക്തമായി അതിർത്തി തിരിച്ച് കൈവശത്തിൽ സൂക്ഷിച്ചിട്ടില്ലാത്ത സ്ഥലം റീസർവ്വെയിൽ സബ്ഡിവിഷൻ ചെയ്ത് അവകാശിയുടെ പേരിൽ മാത്രമായി ഉൾപ്പെടുത്താൻ സാധിക്കുകയില്ല.
  4. ആധാരപ്രകാരം ഭൂവുടമയ്ക്ക് അവകാശം ലഭിച്ച സ്ഥലം കൃത്യമായി അതിർത്തി തിരിച്ച് സർവ്വെ ചെയ്യുകയല്ല, മറിച്ച് നിലവിലെ കൈവശാവകാശാതിർത്തിക്കനുസരണമായി അളന്ന് റിക്കാർഡ് തയ്യാറാക്കി വിസ്തീർണ്ണം കണക്കാക്കുകയാണ് റീസർവ്വെയിൽ ചെയ്യുന്നത്.
  5. അവകാശരേഖകൾ പ്രകാരവും  നിലവിലെ കൈവശ പ്രകാരമുള്ള വിസ്തീർണ്ണമാണ് റീസർവ്വെ പ്രകാരമുള്ള റിക്കാർഡിൽ ഉൾപ്പെടുത്തിക്കിട്ടുന്നത്.
  6. അവകാശ രേഖകളുടെ ആധികാരികത ഭൂവുടമകൾ ഉറപ്പാക്കേണ്ടതാണ്.
  7. അവകാശ രേഖകൾ  ഉണ്ടെങ്കിലും കൈവശത്തിലില്ലാത്ത സ്ഥലം അവകാശിയുടെ പേരിലും, കൈവശത്തിലുള്ള സ്ഥലത്തിന് മതിയായ അവകാശ രേഖകൾ ഇല്ലാത്ത സാഹചര്യത്തിൽ കൈവശക്കാരന്റെ പേരിലും റീസർവ്വെയിൽ ഉൾപ്പെടുത്താൻ സാധിക്കുകയില്ല.
  8. റീസർവ്വെ ജോലികൾ നടക്കുന്ന സമയത്തും, ഫീൽഡ് ജോലി പൂർത്തീകരിച്ച് റിക്കാർഡുകൾ പ്രദർശിപ്പിക്കുന്ന സമയത്തും സർവ്വെയിൽ എന്തെങ്കിലും അപാകതകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ പരിശോധിച്ച് പരിഹരിക്കുന്നതിനുള്ള അവസരങ്ങളുണ്ട്. ആയത് പൂർണ്ണമായും ഭൂവുടമകൾ പ്രയോജനപ്പെടുത്തേണ്ടതാണ്.
  9. പുറമ്പോക്ക്, തരിശ് മുതലായ സർക്കാർ ഭൂമികളുമായി അതിർത്തി പങ്കിടുന്ന ഭൂവുടമസ്ഥർ തങ്ങളുടെ കൈവശത്തിൽ സർക്കാർ ഭൂമികൾ ഉൾപ്പെട്ടിട്ടില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. പുറമ്പോക്ക് സ്ഥലം പൊതുമുതലാണ്. അത് കയ്യേറുന്നത് ശിക്ഷാർഹമാണ്.


ഭൂസംബന്ധമായ സംശയങ്ങളും അവയ്ക്കുള്ള പരിഹാര മാർഗ്ഗങ്ങളും[തിരുത്തുക]

  1. കൈവശ വസ്തുവിന്റെ അതിർത്തിയ്ക്ക് അനുസരിച്ചല്ല റീസർവെ  ചെയ്ത് റിക്കാർഡു തയ്യാറാക്കിയത് എന്നതിനാൽ ആധാര പ്രകാരമുളള വിസ്തീർണ്ണത്തിലും സ്കെച്ചിലും വ്യത്യാസം വന്നിരിക്കുന്നു.  ആയതു പരിഹരിക്കുന്നതിന്  എന്താണ് ചെയ്യേണ്ടത് ?

സർവെ അതിരടയാള നിയമത്തിലെ സെക്ഷൻ 13 A  പ്രകാര‌ം ബന്ധപ്പെട്ട റവന്യൂ അധികാരികൾക്ക്  അപേക്ഷ നൽകി സ്കെച്ച്, വിസ്തീർണ്ണം എന്നിവയിലുളള വ്യത്യാസം പരിഹരിക്കാവുന്നതാണ്.


2.     എനിക്ക്  പട്ടയം കിട്ടിയ ഭൂമി ഞാൻ പോക്കുവരവു ചെയ്തു കൈവശം വച്ച് അനുഭവിക്കുന്നു.  റീസർവെ റിക്കാർഡു നിലവിൽ വന്നപ്പോൾ ഇത് സർക്കാർ ഭൂമി എന്നാണ് രേഖകളിൽ കാണുന്നത്.  ടി അപാകത പരിഹരിക്കുന്നതിനുളള എന്താണ് ചെയ്യേണ്ടത് ?

താങ്കൾ പട്ടയം , പട്ടയസ്കെച്ച്, പട്ടയത്തിന്റെ മഹസ്സർ ഒടുക്ക്, കരം ഒടുക്കു രസീതു എന്നിവയുടെ  പകർപ്പ് ഉൾപ്പെടെ ബന്ധപ്പെട്ട താലൂക്ക് ഓഫീസിലെ ഭൂരേഖ തഹസീൽദാർക്ക് അപേക്ഷ സമർപ്പിച്ച് പരിഹരിക്കാവുന്നതാണ്.


3.     കൂട്ടവകാശപ്പെട്ട വസ്തുവിൽപ്പെട്ട അവകാശിയിൽ ഒരാൾ മരണപ്പെട്ടുപോയിട്ടുണ്ടെങ്കിൽ ടി വസ്തുവിൽ നിന്നും എനിക്കു അവകാശപ്പെട്ട വസ്തു പ്രത്യേകം തിരിച്ച് സബ് ഡിവിഷൻ ചെയ്യുന്നതിന് എന്താണ് ചെയ്യേണ്ടത്?

മരണപ്പെട്ട വ്യക്തിയുടെ  അവകാശികളും കൂട്ടവകാശപ്പെട്ട മറ്റ് അവകാശികളും ചേർന്ന്   വസ്തു ഭാഗിച്ച്  അതിർത്തി ഇട്ടതിനു ശേഷം ബന്ധപ്പെട്ട  താലൂക്ക്  ഭൂരേഖ  തഹസീൽദാർക്ക് അപേക്ഷ നൽകിയാൽ സബ് ഡിവിഷൻ  നടപടികൾ താലൂക്ക്  സർവേയർ സ്വീകരിച്ച് വില്ലേജ് റിക്കാർഡുകളിൽ മാറ്റം വരുത്തുന്നതാണ്.


4.     വിൽപത്രപ്രകാരം സിദ്ധിച്ച വസ്തു വകകൾ പോക്കുവരവു ചെയ്യുന്നതിന് എന്തെല്ലാം നടപടി സ്വീകരിക്കണം ?

വിൽപത്രം എഴുതി തന്ന വ്യക്തിയുടെ മരണ സർട്ടിഫിക്കറ്റ്, ഒറിജിനൽ വിൽപത്രം, ലിസ്റ്റ് സർട്ടിഫിക്കറ്റ്  എന്നിവ ഹാജരാക്കി വില്ലേജ്  മുഖാന്തരം പോക്കുവരവ്  ചെയ്യാവുന്നതാണ്.


5.     ആധാരം രജിസ്റ്റർ ചെയ്തതിനുശേഷം പോക്കുവരവു ചെയ്യുന്നതിനു  മുമ്പ് ഞാൻ വിദേശത്ത് പോയതിനാൽ റീസർവെയിൽ ചേർത്തുകിട്ടുന്നതിന് എന്താണ് ചെയ്യേണ്ടത് ?

റീസർവെയ്ക്ക്  മുമ്പ് രജിസ്റ്റർ ചെയ്ത ആധാരം ആണെങ്കിൽ താലൂക്കിലെ ഭൂരേഖ തഹസിൽദാർക്ക്   അപേക്ഷ നൽകി പ്രശ്ന പരിഹാരം കാണാവുന്നതും,  റീസർവെയ്ക്കുശേഷം റീസർവെ നമ്പർ പ്രകാരം എഴുതിയ ആധാരം ആണെങ്കിൽ വില്ലേജ് ഓഫീസ് മുഖാന്തരവും പോക്കുവരവു ചെയ്യാവുന്നതാണ്.


6.     കൈവശത്തിലിരിക്കുന്ന വസ്തുവിന്റെ  സർവെ നമ്പർ ആധാരത്തിലെ സർവെ നമ്പരുമായി വ്യത്യാസം കാണുന്നതിനാൽ പോക്കുവരവ് ചെയ്യാൻ കഴിയുന്നില്ല ഇതിനുള്ള പരിഹാരം എന്താണ് ? 

ആധാരം എഴുതി നൽകിയപ്പോൾ സർവെ നമ്പർ രേഖപ്പെടുത്തിയതിലുള്ള പിശകാണെങ്കിൽ ആധാരം എഴുതി തന്നിട്ടുള്ള വ്യക്തി കക്ഷി ചേർന്ന് സർവെ നമ്പരിൽ വന്നിട്ടുള്ള പിശക് പിഴ തിരുത്ത് ആധാരം എഴുതി പരിഹരിക്കാവുന്നതും, ആയതിന് ശേഷം വില്ലേജ് മുഖാന്തരം പോക്ക് വരവ് ചെയ്യാവുന്നതുമാണ്.


7.      രണ്ടു വ്യക്തികളുടെ പ്രത്യേകം ആധാരപ്രകാരമുള്ള വസ്തുക്കൾ കൂട്ടായി റീസർവെ  ചെയ്തിരിക്കുന്നു.  പ്രത്യേകം കരം ഒടുക്കു ലഭിക്കുന്നതിന് എന്താണ് ചെയ്യേണ്ടത് ?

നിങ്ങൾ പ്രത്യേകം അതിർത്തി ഇട്ടതിനുശേഷം ആധാരത്തിന്റെ പകർപ്പ് സഹിതം താലൂക്ക് ഓഫീസിൽ അപേക്ഷ നൽകി പ്രശ്ന പരിഹാരം തേടാവുന്നതാണ്.


8.     മൈനർ വക വസ്തുക്കൾ പോക്കു വരവ് ചെയ്യുന്നതിനും കൈമാറ്റം ചെയ്യുന്നതിനും എന്താണ് ചെയ്യേണ്ടത് ?

മൈനർ വക വസ്തുക്കൾ മൈനർ മേജറാകുന്ന മുറയ്ക്ക് വയസ്സ് തെളിയിക്കുന്ന രേഖകൾ ഹാജരാക്കി വില്ലേജ് ഓഫീസ് മുഖാന്തരം പോക്കു വരവ് ചെയ്യാവുന്നതാണ്. മൈനർ വക വസ്തുക്കൾ കൈമാറ്റം ചെയ്യുന്നതിന് മൂന്നാം നമ്പർ വസ്തു ആധാരത്തിൽ പട്ടികയായി കാണിച്ചു കൊണ്ട് കൈമാറ്റം നടത്താവുന്നതാണ്.

1.       ഊട്കൂറ് എന്നാൽ എന്താണ്?  ഊട്കൂറ് വസ്തുക്കൾ പോക്കു വരവ് ചെയ്യുന്നതിനും വിൽക്കുന്നതിനും ഉള്ള നടപടിക്രമങ്ങൾ എന്തെല്ലാമാണ്?

ഒന്നിൽ കൂടുതൽ വ്യക്തികൾക്ക് അവകാശപ്പെട്ടതും ‌‌‌ഒറ്റ അടവിലും കൂട്ടായ കൈവശത്തിലുമുള്ള വസ്തുക്കളാണ് ഊട്കൂറ് അവകാശത്തിൽപ്പെടുന്നത്. ടി വസ്തുക്കളിൽ എല്ലാവർക്കും തുല്യ അവകാശം ആയതിനാൽ ടി വസ്തുക്കൾ വിൽക്കുമ്പോൾ എല്ലാവരും ചേർന്ന് അവരുടെ അവകാശം എഴുതി നൽകണം. ഉദാഹരണം 6 പേർക്ക് 12 സെന്റിന് അവകാശം വന്നാൽ മറ്റൊരാൾക്ക് കൈമാറ്റം ചെയ്യുമ്പോൾ ആറുപേരും ചേർന്ന് അവരുടെ ഊട്കൂറ് അവകാശം എഴുതി നൽകണം. കൂട്ടവകാശികളിൽ ഒരാൾ ടി വസ്തു എടുക്കുന്നതെങ്കിൽ ബാക്കി അഞ്ചുപേരും ചേർന്ന് അവരുടെ അവകാശം ഒഴിവുകുറി എഴുതി നൽകിയാൽ മതിയാകും.


2.     എനിക്ക് ലാൻഡ് ട്രിബൂണൽ പട്ടയം കിട്ടിയ വസ്തുവിൽ വീടുവച്ച് വർഷങ്ങളായി താമസിച്ചു വരുന്നതും കരം ഒടുക്കുന്നതുമാണ്.  എന്നാൽ റീസർവെ കഴിഞ്ഞപ്പോൾ എന്റെ വസ്തുവിന് കരം ഒടുക്കുവാൻ കഴിഞ്ഞില്ല.  ഉദ്യോഗസ്ഥരോട് അന്വേഷിച്ചപ്പോൾ പട്ടയം ലഭിച്ച സർവെ നമ്പരിൽ വ്യത്യാസമുള്ളതിനാൽ ആയത് തിരുത്തി ലഭിച്ചെങ്കിൽ മാത്രമേ പേരിൽ ചേർക്കാൻ കഴിയുകയുള്ളൂ എന്ന് അറിയുന്നു.  പട്ടയത്തിനൊപ്പമുള്ള മഹസറിൽ എലുക വിവരിച്ചിരിക്കുന്ന പ്രകാരമുള്ള വസ്തു തന്നെയാണ് ഞാൻ കൈവശം വച്ചിരിക്കുന്നത്.  പേരിൽ ചേർത്ത് കിട്ടാൻ ഞാൻ എന്ത് ചെയ്യണം?

പട്ടയം ലഭിച്ച സർവെ നമ്പരിൽ വന്നിട്ടുള്ള ന്യൂനത പരിഹരിച്ച് കിട്ടുന്നതിന് കേരള ലാൻഡ് റിഫോംസ് റൂൾ 136 (എ) പ്രകാരം പട്ടയം നൽകിയിട്ടുള്ള ലാൻഡ് ട്രിബ്യൂണലിൽ അപേക്ഷ നൽകി ന്യൂനത തിരുത്തി കിട്ടിയതിനു ശേഷം ബന്ധപ്പെട്ട ഭൂരേഖ തഹസിൽദാർക്ക് രേഖാമൂലം അപേക്ഷ നൽകി ബന്ധപ്പെട്ട വസ്തു പേരിൽ ചേർക്കാവുന്നതാണ്.


3.     റീസർവെയ്ക്ക് മുൻപ് കരം ഒടുക്കി വന്ന വസ്തു റീസർവെയ്ക്ക് ശേഷം പുറമ്പോക്കാക്കി   റിക്കാർഡ് തയ്യാറാക്കിയിരിക്കുന്നു. ഇത് മാറ്റം ചെയ്തു കിട്ടുമോ ?

പുറമ്പോക്ക് സ്ഥലങ്ങളുടെ അവകാശം സർക്കാരിൽ നിക്ഷിപ്തമാണ്. സർക്കാർ ഭൂമിക്ക് പട്ടയം കിട്ടിയ രേഖകൾ റീസർവെ സമയത്ത് ഹാജരാക്കാതിരുന്നാൽ റീസർവെ റിക്കാർഡിൽ പുറമ്പോക്ക് എന്ന് മാത്രമേ രേഖപ്പെടുത്തുകയുള്ളൂ. പട്ടയം കിട്ടിയ രേഖകൾ ഉൾപ്പെടെ ബന്ധപ്പെട്ട ഭൂരേഖ തഹസീൽദാർക്ക് അപേക്ഷ നൽകി റിക്കാർഡിൽ മാറ്റം വരുത്താവുന്നതാണ്.


4.     സ്വകാര്യ വഴി റീസർവെയിൽ നാളത് വഴി (പഞ്ചായത്ത്) എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഇത് പേരിൽ ചേർത്ത് തണ്ടപ്പേർ ലഭിക്കുന്നതിന് എന്താണ് ചെയ്യേണ്ടത് ?

അവകാശം തെളിയിക്കുന്നതിനുളള രേഖകൾ സഹിതം ഭൂരേഖ തഹസീൽദാർക്ക് അപേക്ഷ നൽകുക. ടി സ്ഥലം പഞ്ചായത്തിന്റെ ആസ്തി രേഖകളിൽ ഉൾപ്പെട്ടിട്ടില്ലാത്തതും പേരിൽ ചേർത്ത് കൊടുക്കുന്നതിന് ആക്ഷേപമില്ലെന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ രേഖകൾ പരിശോധിച്ച് ബോദ്ധ്യപ്പെട്ട് ഭൂരേഖ തഹസീൽദാർ പ്രശ്നത്തിന് പരിഹാരമുണ്ടാക്കുന്നതാണ്.


5.     അതിർത്തിക്കല്ലുകൾ നഷ്ടപ്പെട്ട് പോയാലോ, എതിർ കക്ഷികൾ എന്റെ പുരയിടം കയ്യേറി മതിൽ കെട്ടാനോ ശ്രമിക്കുകയോ ചെയ്താൽ യഥാർത്ഥ കല്ലിന്റെ സ്ഥാനം നിർണയിച്ച് എന്റെ വസ്തുവിന്റെ അതിർത്തി പുനഃനിർണ്ണയം ചെയ്ത് ലഭിക്കുന്നതിന് എന്താണ് ചെയ്യേണ്ടത് ?

കേരള സർവ്വെ അതിരടയാള നിയമ പ്രകാരം സർവ്വെ അതിർത്തികൾ കാണിച്ചു തരുന്നത് ബന്ധപ്പെട്ട താലൂക്ക് സർവ്വെയറുടെ കടമയാണ്. ആയതിന് പത്താം നമ്പർ ഫാറത്തിൽ ബന്ധപ്പെട്ട ഭൂരേഖ തഹസീൽദാർക്ക് അപേക്ഷ നൽകി ഫീസ് ഒടുക്കുന്ന മുറയ്ക്ക് ബന്ധപ്പെട്ട താലൂക്ക് സർവ്വെയർ  അപേക്ഷകന്റെ അതിർത്തി പങ്കിടുന്ന എല്ലാ ഭൂവുടമകൾക്കും നോട്ടീസ് നൽകി സ്ഥലം അളന്ന് അതിർത്തി നിർണ്ണയിച്ചു നൽകുന്നു. ഈ നടപടിയിൽ എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ മൂന്ന് മാസത്തിനകം ബന്ധപ്പെട്ട ജില്ലാ സർവ്വെ സൂപ്രണ്ടിന് അപ്പീൽ നൽകി പരിഹാരം തേടാവുന്നതാണ്. അതിർത്തി നിർണ്ണയത്തിൽ ജില്ലാ സർവ്വെ സൂപ്രണ്ടിന്റെ തീരുമാനം അന്തിമമായിരിക്കും. തുടർന്ന് ആക്ഷേപം ഉള്ള പക്ഷം സിവിൽ കോടതിയെ സമീപിക്കാവുന്നതാണ്.


ഉപസംഹാരം[തിരുത്തുക]

പ്രതിസന്ധികളെ നേരിട്ടും പ്രതികൂല കാലാവസ്ഥയേയും  ഭൂപ്രകൃതിയേയും അതിജീവിച്ചും നിങ്ങളുടെ അടുത്തേക്ക് എത്തുന്ന സർവ്വെ ഉദ്യോഗസ്ഥർക്ക് ഭൂസംബന്ധമായ മതിയായ വിവരങ്ങളും സഹകരണവും യഥാവിധി നൽകിയാൽ മാത്രമേ നിങ്ങളുടെ ഭൂരേഖകൾ കുറ്റമറ്റതും കൃത്യവുമായി തയ്യാറാക്കുവാൻ സർവെ വകുപ്പിനു സാധിക്കുകയുളളൂ. ഓരോ സർവെ ഉദ്യോഗസ്ഥരും പൊതുജന സേവകരാണ്. നിങ്ങളെ സഹായിക്കുവാൻ നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരോട് പൂർണ്ണമായും സഹകരിക്കുക. ഭൂസർവെ സംബന്ധമായ ആവശ്യങ്ങൾ പരിഹരിക്കപ്പെടുവാൻ ജനങ്ങളുടെ സഹായവും സഹകരണവും അത്യന്താപേക്ഷിതമാണ്. ഇതിനായി മാന്യ ജനങ്ങളുടെ സഹകരണം വിനയപുരസ്സരം അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്[തിരുത്തുക]

  1. സർവ്വേ ഭൂരെഖാ വകുപ്പിന്റെ വെബ്‌ സൈറ്റ്