സുധീന്ദ്ര തീർത്ഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുധീന്ദ്ര തീർത്ഥ
ജനനംസദാശിവ ഷേണായി
(1926-03-31)31 മാർച്ച് 1926
എറണാകുളം, കേരളം, ഇന്ത്യ
മരണം17 ജനുവരി 2016(2016-01-17) (പ്രായം 89)
ഹരിദ്വാർ
ദേശീയതഇന്ത്യൻ
Sect associatedകാശി മഠം
Order20 മത്തെ മഠാധിപതി
ഗുരുസുകൃതീന്ദ്ര തീർത്ഥ
പ്രധാന ശിഷ്യ(ർ)സംയമീന്ദ്ര തീർത്ഥ

ഗൗഡസാരസ്വത ബ്രാഹ്മണസമൂഹത്തിന്റെ ആത്മീയ ഗുരുവും കാശിമഠാധിപതിയുമായിരുന്നു സ്വാമി സുധീന്ദ്ര തീർത്ഥ.[1] കാശിമഠത്തിലെ ഗുരുപരമ്പരയിലെ ഇരുപതാമത്തെ പീഠാധിപതിയായിരുന്നു.

ജീവിതരേഖ[തിരുത്തുക]

എറണാകുളം നഗരത്തിൽ ടി.ഡി. ക്ഷേത്രത്തിനു സമീപം കപ്പശേരി വീട്ടിൽ രാമദാസ ഷേണായിയുടെയും ദ്രൗപതിയുടെയും നാലാമത്തെ മകനായി 1926 മാർച്ച്‌ 31-നാണ് ജനനം.[2] 2016 ജനുവരി 17-ന് ഹരിദ്വാറിൽ വെച്ച് അന്തരിച്ചു. സദാശിവ ഷേണായി എന്നായിരുന്നു പൂർവാശ്രമത്തിലെ പേര്. 11 വയസു തികഞ്ഞപ്പോൾ ഉപനയനം നടത്തി. എറണാകുളം മഹാരാജാസ് കോളേജിൽ പ്രീ യൂണിവേഴ്‌സിറ്റി പഠനം പൂർത്തിയാക്കിയ സദാശിവ ഷേണായി ശ്രീമദ് സുകൃതീന്ദ്ര തീർത്ഥ സ്വാമികളുടെ പ്രഭാഷണങ്ങളിൽ ആകൃഷ്ടനായാണ് ആധ്യാത്മിക രംഗത്തേക്കു വരുന്നത്.

സന്യാസ ജീവിതം[തിരുത്തുക]

1944 മെയ് 24 ന് സുകൃതീന്ദ്ര തീർത്ഥ സ്വാമികളിൽ നിന്നും മംഗളൂരുവിലെ മുൽക്കി ശ്രീ വെങ്കടരമണ ക്ഷേത്രത്തിൽ നിന്നും ദീക്ഷ സ്വീകരിച്ച സുധീന്ദ്രതീർത്ഥ പിന്നീട് ഗുരുവിന്റെ പ്രഥമശിഷ്യനായി മാറി. ഗുരുനിർദ്ദേശപ്രകാരം കാർക്കളയിലെ ഭുവനേന്ദ്ര സംസ്കൃത കോളജിൽ ചേർന്നു തത്ത്വശാസ്ത്രപഠനം. ഭഗവദ്ഗീത, ബ്രഹ്മസൂത്രം, ഉപനിഷത്തുക്കൾ, മാധ്വാചാര്യരുടെ ദ്വൈതസിദ്ധാന്തം എന്നിവ ഹൃദിസ്ഥമാക്കി. 1949 ജൂലായ് 10 ന് ഗുരുസ്വാമികളായ സുകൃതീന്ദ്ര തീർത്ഥസ്വാമിയുടെ വിയോഗത്തെത്തുടർന്ന് മഠത്തിന്റെ ചുമതലകൾ ഏറ്റെടുക്കുകയായിരുന്നു. 1955 ൽ ഗുരുപീഠത്തിന്റെ അത്യുന്നത ശ്രേണിയിലെത്തി വൈഷ്ണവ പരമ്പരയുടെ ധർമഗുരുവായി സുധീന്ദ്രതീർത്ഥ സ്വാമികൾ അവരോധിക്കപ്പെട്ടു.

വേദങ്ങൾ, പുരാണങ്ങൾ, ധർമ്മശാസ്ത്രം എന്നിവയിൽ പാണ്ഡിത്യം നേടിയിട്ടുള്ള സുധീന്ദ്രതീർത്ഥ സ്വാമികൾ സംസ്‌കൃതത്തിനു പുറമേ ഇംഗ്ലീഷ്,ഹിന്ദി ഭാഷകളും സ്വായത്തമാക്കിയിരുന്നു.

  • 1956 ൽ ഉടുപ്പിയിൽ ശ്രീകാശി മഠ് വെൽഫെയർ ഫണ്ട് രൂപീകരിച്ചു.
  • 1960 ഭാഗ്മണ്ഡല ശ്രീ കാശിമഠം സ്ഥാപിച്ചു.
  • 1965 ൽ ബസ്രൂരിൽ ശ്രീ ഭുവനേന്ദ്ര ബാലകാശ്രമം പണികഴിപ്പിച്ചു.
  • 1968 സൂരത്കൽ ശ്രീ കാശിമഠവും ശ്രീവെങ്കട രമണക്ഷേത്രവും സ്ഥാപിച്ചു.
  • 1969 കോഴിക്കോട് ശ്രീ വിഠോബ രുക്മായ് പ്രതിഷ്ഠാകർമം.
  • 1971 ആലപ്പുഴ ശ്രീ വെങ്കടാചലപതി ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠ നിർവ്വഹിച്ചു.
  • 1971 കൊച്ചിയിൽ കൊങ്കണി ഭാഷാ പ്രചാരസഭാമന്ദിരത്തിനു തറക്കല്ലിട്ടു.
  • 1971 കൊച്ചിയിൽ സുധീന്ദ്ര മെഡിക്കൽ മിഷൻ സ്ഥാപിച്ചു.
  • 1971 മുംബൈ കുർലയിൽ ശ്രീ ബാലാജി ക്ഷേത്രപ്രതിഷ്ഠയും നടത്തി.
  • 1972 ഗോവയിലെ പോണ്ടിയിൽ ശ്രീകാശിമഠ് സ്ഥാപിച്ചു.
  • 1973 ൽ ഏകീകൃതദേവസ്വം നിയമത്തിന്റെ പരിധിയിൽ നിന്നും ഗൗഡസാരസ്വത ക്ഷേത്രങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും കേരള ഗൗഡസാരസ്വത ദേവസ്വം ബോർഡിനു രൂപം നൽകുകയും ചെയ്തു.
  • 1981 ൽ കേരള ഗൗഡസ്വാരസ്വത ബ്രാഹ്മണ മഹാസഭക്കു രൂപം നൽകി.
  • 1988 ഹരിദ്വാറിൽ ശ്രീ വ്യാസാശ്രമവും വ്യാസമന്ദിരവും സ്ഥാപിച്ചു.
  • 1989 ൽ ശിഷ്യനായ രാഘവേന്ദ്ര തീർത്ഥ ആചാര്യനും സമുദായത്തിനുമെതിരെയായതോടെ തൽസ്ഥാനത്തുനിന്നും നീക്കി. 2002 ൽ സംയമീന്ദ്ര തീർത്ഥയെ ശിഷ്യനായി തിരഞ്ഞെടുത്തു.
  • 2015 പ്രയാഗിൽ കാശിമഠം സ്ഥാപിച്ചു.

സ്ത്രോസ്ത്രങ്ങൾ[തിരുത്തുക]

ഗുരുപരമ്പരാസ്തവനം, ശ്രീ ബാദരായണ സുപ്രഭാതം, ശ്രീ ബാദരായണ സ്തുതി, ശ്രീബാദരായണ മംഗലശാസനം, ശ്രീബാദരായണ പ്രപത്തി എന്നീ അഞ്ചു സ്‌ത്രോത്രങ്ങൾ രചിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-01-18. Retrieved 2016-01-17.
  2. http://m.dailyhunt.in/news/india/malayalam/marunadan-malayali-epaper-marunada/kashi-madadhipathi-sudheendhra-theerththa-svamikal-antharichu-arangozhinyath-malayaliyayi-janich-sanyasi-parambarayile-paramonnatha-padhaviyil-ethiya-aathmeeyacharyan-arivinde-surya-thejasin-engum-aadharavinde-perumazha-newsid-48559553
"https://ml.wikipedia.org/w/index.php?title=സുധീന്ദ്ര_തീർത്ഥ&oldid=3809209" എന്ന താളിൽനിന്ന് ശേഖരിച്ചത്