സമാന്തരസുവിശേഷങ്ങള്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബൈബിള്‍ പുതിയനിയമത്തിലെ നാലു സുവിശേഷങ്ങളില്‍ ആദ്യത്തെ മൂന്നെണ്ണമായ മത്തായിയുടേയും മര്‍ക്കോസിന്‍റേയും ലൂക്കോസിന്‍റേയും സുവിശേഷങ്ങളെ ഒന്നിച്ചു പരാമര്‍ശിക്കാന്‍ ഉപയോഗിക്കുന്ന പേരാണ് സമാന്തര സുവിശേഷങ്ങള്‍ അല്ലെങ്കില്‍സിനോപ്റ്റിക് സുവിശേഷങ്ങള്‍(Synoptic Gospels) എന്നത്. ഈ വിശേഷണം, ഘടനയിലും, ശൈലിയിലും, ഉള്ളടക്കത്തിലും ഈ മൂന്നു സുവിശേഷങ്ങള്‍ക്കുള്ള സമനാതകളെ സൂചിപ്പിക്കുന്നതിന് പുറമേ, നാലാമത്തേതായ യോഹന്നാന്‍റെ സുവിശേഷത്തില്‍ നിന്ന് അവക്കുള്ള വ്യതിരിക്തതയേയും എടുത്തുപറയുന്നു. ക്രമീകരിച്ച് ചേര്‍ത്തുവച്ചാല്‍, ഒറ്റ നോട്ടത്തില്‍ അല്ലെങ്കില്‍ സിനോപ്സിസില്‍(Synopsis) സമാനതകളും വ്യത്യാസങ്ങളും കണ്ടെത്താന്‍ പറ്റുന്ന തരം ഘടന പങ്കിടുന്നവയായതുകൊണ്ടാണ് അവ ഈ പേരില്‍ അറിയപ്പെടുന്നത്.[1]
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
സുവിശേഷങ്ങളെ പൊതുവേ ഭക്ത്യാദരങ്ങളോടെ മാത്രം സമീപിച്ചിരുന്ന പഴയ നൂറ്റാണ്ടുകളില്‍, അവയെ സാധാരണ ഗ്രന്ഥങ്ങളെയെന്നപോലെ വിശകലനം ചെയ്തുള്ള പഠനം പതിവില്ലായിരുന്നു. എങ്കിലും അക്കാലങ്ങളിലും ഈ കൃതികളുടെ ഉല്പത്തിക്കും അവക്കിടയിലുള്ള സമാനതകള്‍ക്കും വ്യത്യാസങ്ങള്‍ക്കും വിശദീകരണങ്ങള്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. മര്‍ക്കോസ്, അപ്പസ്തോലനായ പത്രോസിന്റെ ശിഷ്യനായിരുന്നു എന്നും അദ്ദേഹത്തിന്റെ സുവിശേഷം പത്രോസിന്റെ പ്രഭാഷണങ്ങളുടെ അടിസ്ഥാനത്തില്‍ എഴുതപ്പെട്ടതണെന്നും രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പാപ്പിയാസ് സാക്‌ഷ്യപ്പെടുത്തിയതായി കേസറിയായിലെ യൂസീബിയസിന്റെ പ്രസിദ്ധമായ സഭാചരിത്രത്തില്‍ പറയുന്നു.[2] മത്തായിയുടെ സുവിശേഷത്തിന്റെ മൂലം, അറമായ ഭാഷയില്‍ ആയിരുന്നെന്നും ഓരോരുത്തര്‍ അവരുടെ കഴിവനുസരിച്ച് അത് പരിഭാഷപ്പെടുത്തിയെന്നുമുള്ള പാപ്പിയാസിന്റെ തന്നെ മറ്റൊരു സാക്‌ഷ്യവും യൂസീബിയസ് രേഖപ്പെടുത്തിയിട്ടുണ്ട്.[3] യേശുവിന്റെ വംശാവലി അടങ്ങിയിട്ടുള്ള മത്തായിയുടേയും ലൂക്കോസിന്റേയും സുവിശേഷങ്ങളാണ് ആദ്യം എഴുതപ്പെട്ടതെന്ന് രണ്ടാം നൂട്ടാണ്ടിനൊടുവില്‍ അലക്സാന്‍ഡ്രിയയിലെ ക്ലെമെന്റ് അഭിപ്രായപ്പെട്ടിരുന്നെങ്കിലും [4] അഞ്ചാം നൂറ്റാണ്ടില്‍ അഗസ്റ്റിന്റെ കാലമായപ്പോള്‍, സമാന്തരസുവിശേഷങ്ങളുടെ, മത്തായി-മര്‍ക്കോസ്-ലൂക്കോസ് എന്ന പരമ്പരാഗതമായ ക്രമീകരണരീതി ഉറച്ചു കഴിഞ്ഞിരുന്നു. ഒരോ സുവിശേഷത്തിനും അതിനു മുന്‍പ് എഴുതപ്പെട്ട സുവിശേഷങ്ങളോട് കടപ്പാടുണ്ടെന്നും, മര്‍ക്കോസിന്റെ സുവിശേഷം മത്തായിയുടേതിന്റെ സംഗ്രഹമാണെന്നും ലൂക്കോസ് മത്തായിയേയും മര്‍ക്കോസിനേയും ആശ്രയിച്ചു എന്നും, മറ്റു മൂന്നു സുവിശേഷങ്ങളേയും ആശ്രയിച്ചാണ് യോഹന്നാന്‍ എഴുതിയതെന്നും അഗസ്റ്റിന്‍ അഭിപ്രായപ്പെട്ടു.[5]
[തിരുത്തുക] സിനോപ്റ്റിക് പ്രശ്നം
പരമ്പരാഗതമായി അവതരിപ്പിക്കപ്പെട്ടിട്ടുള്ള വിശദീകരണങ്ങളുമായി ഒത്തുപോകാത്ത തരം സങ്കീര്‍ണമായ പരസ്പരബന്ധമാണ് സമാന്തര സുവിശേഷങ്ങളുടെ സൂക്ഷ്മമായ വിശകലനം വെളിവാക്കുന്നത്. ഇവയില്‍ ഏറ്റവും ചെറുതായ മര്‍ക്കോസിന്റെ സുവിശേഷത്തില്‍ ആകെയുള്ള 661 വാക്യങ്ങളില്‍ 630-നും സമാന്തരമായ ഭാഗങ്ങള്‍ മറ്റു രണ്ടു സുവിശേഷങ്ങളില്‍ ഒന്നിലെങ്കിലും ഉണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്. മത്തായിയുടെ സുവിശേഷം മര്‍ക്കോസിന്റെ 600-ലേറെ വാക്യങ്ങള്‍ക്ക് സമാനമായ ഭാഗങ്ങളും, ലൂക്കോസിന്‍റെ സുവിശേഷം മര്‍ക്കോസിന്റെ 350 വാക്യങ്ങള്‍ക്കെങ്കിലും സമാനമായ ഭാഗങ്ങളും ഉള്‍ക്കൊള്ളുന്നു. മര്‍ക്കോസിന്റെ സുവിശേഷത്തിന്റെ ഉള്ളടക്കം ഏതാണ്ട് പൂര്‍ണമായിത്തന്നെ മത്തായിയും, മൂന്നില്‍ രണ്ട് ലൂക്കോസും ആവര്‍ത്തിച്ചിട്ടുണ്ട്.[6] അതേസമയം മര്‍ക്കോസിന്‍റെ സുവിശേഷത്തിലില്ലാത്ത 200-ഓളം വാക്യങ്ങള്‍ മത്തായിയുടേയും ലൂക്കോസിന്‍റേയും സുവിശേഷങ്ങള്‍ക്ക് പൊതുവായുണ്ട്. [7]ഇതിനും പുറമേ മര്‍ക്കോസിന്‍റേയും ലൂക്കോസിന്റേയും സുവിശേഷങ്ങളിലില്ലാത്ത ചില ഭാഗങ്ങള്‍ മത്തായിയുടെ സുവിശേഷത്തിലും, മര്‍ക്കോസിന്റേയും മത്തായിയുടേയും സുവിശേഷങ്ങളില്‍ ഇല്ലാത്ത ചില ഭാഗങ്ങള്‍ ലൂക്കോസിന്റെ സുവിശേഷത്തിലും കാണപ്പെടുന്നു. സങ്കീര്‍ണമായ ഈ പരസ്പരബന്ധത്തിന്റെ പിന്നിലുള്ള സാഹിത്യബന്ധം (Literary connection) എന്തെന്ന ചോദ്യം സിനോപ്റ്റിക് പ്രശ്നം എന്ന പേരില്‍ അറിയപ്പെടുന്നു.
ഈ ഗ്രന്ഥങ്ങളുടെ വിചിത്രമായ കൂട്ടായ്മക്ക് പല വിശദീകരണങ്ങളും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. സമാന്തരസുവിശേഷങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ സങ്കീര്‍ണതകളുടെ ആഴത്തിലുള്ള അന്വേഷണം പതിനെട്ടാം നൂറ്റാണ്ടില്‍ ജര്‍മ്മനിയില്‍ തുടങ്ങിയതിന് ശേഷമാണ് ഈ വിശദീകരണങ്ങളിലേറെയും അവതരിക്കപ്പെട്ടത്.
[തിരുത്തുക] വിശദീകരണങ്ങള്‍
[തിരുത്തുക] വാമൊഴി
ക്രിസ്തുവിന്റെ കാലത്തിനുശേഷം, അറമായ ഭാഷയില്‍ പ്രചരിച്ച്, ആവര്‍ത്തനം കൊണ്ട് ഉറച്ചരൂപം കൈവന്ന പൊതുവായ ഒരു വാമൊഴി പാരമ്പര്യത്തെ (Oral tradition) ആശ്രയിച്ചതാണ് ഈ സുവിശേഷങ്ങള്‍ എഴുതപ്പെട്ടതെന്നും അതാണ് അവയുടെ സമാനതക്ക് കാരണമെന്നും വാദിക്കപ്പെട്ടിട്ടുണ്ട്. വിവിധസ്ഥലങ്ങളിലെ പ്രബോധകന്മാര്‍ ഈ പൊതു പാരമ്പര്യത്തെ അവരുടെ സാഹചര്യങ്ങള്‍ക്ക് ചേരുംപടി ചിട്ടപ്പെടുത്തി അവതരിപ്പിച്ചതാണ് ഈ സുവിശേഷങ്ങള്‍ തമ്മിലുള്ള വ്യത്യാസത്തിന് കാരണമായതെന്നും ഈ വാദം വിശദീകരിക്കുന്നു.
വാമൊഴി പാരമ്പര്യത്തെ അടിസ്ഥാനമാക്കിയുള്ള വാദം ഈ മൂന്നു സുവിശേഷങ്ങള്‍ക്ക് ഘടനയിലും, ഉള്ളടക്കത്തിലും, ശൈലിയിലും ഉള്ള അസാമാന്യമായ സമാനത വിശദീകരിക്കാന്‍ മതിയാവുകയില്ല എന്ന് മറുവാദമുണ്ട്. അതിന് പുറമേ, അത്തരം പാരമ്പര്യം അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനകേന്ദ്രമായിരുന്ന ജറുസലേമിനെ കേന്ദ്രമാക്കിയാണ് രൂപപ്പെട്ടിരിക്കുക എന്നിരിക്കെ, യോഹന്നാന്റെ സുവിശേഷത്തില്‍നിന്ന് ഭിന്നമായി, സമാന്തരസുവിശേഷങ്ങള്‍ ക്രിസ്തുവിന്റെ ജറുസലേമിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ കുറച്ച് പ്രാധാന്യം മാത്രം കല്പിക്കുന്നതെന്ത് എന്നതിന് ഉത്തരം അന്വേഷിക്കേണ്ടി വരും എന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[8]
[തിരുത്തുക] പരസ്പരാശ്രയം
സമാന്തരസുവിശേഷങ്ങള്‍ അവയുടെ ഉള്ളടക്കത്തിന് പരസ്പരം കടപ്പെട്ടിരിക്കുന്നതാണ് അവ തമ്മിലുള്ള പ്രത്യേകബന്ധത്തിന് കാരണം എന്നാണ് മറ്റൊരു വാദം. ഇതനുസരിച്ച് ഈ സുവിശേഷങ്ങളില്‍ ആദ്യം എഴുതപ്പെട്ടവയെ ആശ്രയിച്ചാണ് പിന്നീടുണ്ടായവ രൂപമെടുത്തത്. ഈ വാദത്തിന്റെ ഏറ്റവും പഴയ രൂപം, മര്‍ക്കോസിന്റെ സുവിശേഷം മത്തായിയുടേതിന്റെ സംഗ്രഹമാണെന്നും ലൂക്കോസ് മത്തായിയേയും മര്‍ക്കോസിനേയും ആശ്രയിച്ചു എന്നുമുള്ള അഗസ്റ്റിന്റെ നിലപാടാണ്. മത്തായി-ലൂക്കോസ്-മര്‍ക്കോസ് എന്ന ക്രമത്തിലും മര്‍ക്കോസ്-മത്തായി-ലൂക്കോസ് എന്ന ക്രമത്തിലുമൊക്കെ അവ എഴുതപ്പെട്ടതായും വാദങ്ങളുണ്ട്.
പരസ്പരാശ്രയവാദവും ഈ കൃതികളുടെ വിശേഷബന്ധത്തെ തൃപ്തികരമായി വിവരിക്കാന്‍ പര്യാപ്തമല്ല. നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള ഏത് മുന്‍ഗണനാക്രമം പിന്തുടര്‍ന്നാലും ഈ സുവിശേഷങ്ങളില്‍ ഒന്നിലെ ആഖ്യാനം അത് അവലംബമാക്കിയെന്നു പറയുന്ന സുവിശേഷത്തിലേതിനേക്കാള്‍ മൗലികവും സമഗ്രമായിരിക്കുന്നതിന് ഉദാഹരണങ്ങള്‍ കണ്ടെത്താന്‍ കഴിയും.
[തിരുത്തുക] പൂര്‍വലിഖിതങ്ങള്‍
സമാന്തരസുവിശേഷങ്ങള്‍ക്കു മുന്‍പേ എഴുതപ്പെട്ടിരുന്നതും ഇന്നു ലഭ്യമല്ലാത്തതുമായ ചില രേഖകളെ ആശ്രയിച്ചാണ് മൂന്നു സുവിശേഷകന്മാരും അവരുടെ ഗ്രന്ഥങ്ങള്‍ എഴുതിയതെന്നാണ് ഇന്ന് ഏറെപ്പേര്‍ സ്വീകാര്യമായി കരുതുന്ന ഒരു വാദം. ഇത് പല രൂപങ്ങളില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. സുവിശേഷകന്മാര്‍ ആശ്രയിച്ചത് സെമെറ്റിക് ഭാഷകളായ ഹീബ്രൂ, അറമായ എന്നിവയില്‍ ഒന്നിലുള്ള ഒരു പൂര്‍വലിഖിതം ആണെന്നാണ് ഒരു വാദം. സമാന്തര സുവിശേഷങ്ങളുടെ ഇന്ന് ലഭ്യമായ ഗ്രീക്ക് പാഠങ്ങളിലെ പല ആശയങ്ങളുടേയും പ്രയോഗങ്ങളുടേയും മൂലം സെമെറ്റിക് ആണെന്നും, സെമെറ്റിക് ഭാഷകളിലൊന്നിലുള്ള ഒരു രേഖയെ ആധാരമാക്കി എഴുതിയതാണ് അതിന് കാരണമെന്നും ആണ് വാദം. എന്നാല്‍, യേശുവിന്റെ ദൗത്യത്തിന്റെ ഹെബ്രായ/അറമായ പശ്ചാത്തലം എല്ലാവരും സമ്മതിക്കുന്നതാണെങ്കിലും സമാന്തരസുവിശേഷങ്ങള്‍ മൂന്നും ഒരു സെമെറ്റിക് മൂലത്തില്‍ നിന്ന് പലതരത്തിലുള്ള മൊഴിമാറ്റം വഴി രൂപംകൊണ്ടവയാണെന്ന വാദത്തിന് സ്വീകാര്യത കുറവാണ്. ഈ കൃതികള്‍ തമ്മിലുള്ള സാമ്യ-വ്യത്യാസങ്ങളുടെ പഠനം പലപ്പോഴും വിരല്‍ ചൂണ്ടുന്നത്, അവക്ക് പൊതു അവലംബമായി നില്‍ക്കുന്ന ഗ്രീക്ക് ലിഖിതങ്ങളിലേക്കാണ് എന്നതും ഈ വാദത്തെ ദുര്‍ബ്ബലമാക്കുന്നു.
ആദിമസഭകളില്‍ പലയിടങ്ങളിലായി ചിതറിക്കിടന്ന അനേകം ഗ്രീക്ക്-അറമായ നുറുങ്ങു സുവിശേഷങ്ങളെ ആശ്രയിച്ചാണ് സമാന്തരസുവിശേഷങ്ങള്‍ എഴുതപ്പെട്ടതെന്നാണ് ഈ വാദത്തിന്റെ മറ്റൊരു രൂപം. എന്നാല്‍ പല നുറുങ്ങുലിഖിതങ്ങള്‍ കൂട്ടിയിണക്കിയതാണ് ഈ സുവിശേഷങ്ങള്‍ എന്ന ഈ വാദത്തെ ഇവയുടെ സൂഷ്മപരിശോധന തെളിയിക്കുന്നില്ല എന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
[തിരുത്തുക] രണ്ടു കൃതികള്‍
പൂര്‍വ്വലിഖിതങ്ങളിലേക്കുതന്നെ വിരല്‍ചൂണ്ടുന്ന മറ്റൊരു വാദം, നേരത്തേ ഉണ്ടായിരുന്ന രണ്ടു വലിയ കൃതികളെ(Two documents) പ്രധാനമായും ആശ്രയിച്ചാണ് സമാന്തരസുവിശേഷങ്ങള്‍ എഴുതപ്പെട്ടതെന്നാണ്. ഇന്നും സജീവ പരിഗണനയിലിരിക്കുന്നതും, വ്യാപകമായി സ്വീകാര്യത കിട്ടിയതുമായ ഒരു വാദമെന്ന നിലക്ക്, പൂര്‍വലിഖിതങ്ങളെ ആധാരമാക്കുന്ന മറ്റു വാദങ്ങള്‍ക്കൊപ്പമല്ലാതെ, പ്രത്യേകമായാണ് അത് മിക്കവാറും പരിഗണിക്കപ്പെടാറ്.
സമാന്തരസുവിശേഷങ്ങളെ ഒന്നായെടുത്താല്‍ അവയുടെ ഉള്ളടക്കത്തിന്റെ പ്രധാനഭാഗം രണ്ടു വിഭാഗങ്ങളായി തിരിക്കാം എന്ന ബോദ്ധ്യമാണ് ഈ വാദത്തിന് അടിസ്ഥാനം. ഇതില്‍ ആദ്യത്തെ വിഭാഗം ഉള്ളടക്കം മൂന്നു സുവിശേഷങ്ങളും പങ്കിടുന്ന ഒരു പാരമ്പര്യത്തില്‍ നിന്ന് വന്നതായതുകൊണ്ട് ഇതിനെ ത്രിമുഖ പാരമ്പര്യം (Triple Tradition) എന്നു വിളിക്കുന്നു. മര്‍ക്കോസിന്റെ സുവിശേഷത്തില്‍ ഇല്ലാത്തതും മത്തായിയുടേയും ലൂക്കോസിന്റേയും സുവിശേഷങ്ങള്‍ക്കു പൊതുവായുള്ളതുമായ ഉള്ളടക്കം മറ്റൊരു പാരമ്പര്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. മത്തായിയും ലൂക്കോസും മാത്രം ആശ്രയിച്ച ഈ പാരമ്പര്യത്തെ ദ്വിമുഖപാരമ്പര്യം (Double Tradition) എന്നു വിളിക്കുന്നു. യേശുവിന്റെ വചനങ്ങളാണ് ഈ പാരമ്പര്യത്തിന്റെ പ്രധാന ഉള്ളടക്കം.
മേല്പ്പറഞ്ഞ വസ്തുതകളെ മുന്‍നിര്‍ത്തി, സമാന്തരസുവിശേഷങ്ങളുടെ സമാനതകള്‍ക്കു പിന്നില്‍, അവയുടെ രചനക്ക് ആധാരമായ രണ്ട് രേഖകളാണെന്ന് വാദിക്കപ്പെട്ടു. ഈ വാദമനുസരിച്ച്, ഈ സുവിശേഷങ്ങളില്‍ മര്‍ക്കോസിന്റേതാണ് ആദ്യം എഴുതപ്പെട്ടത്. ത്രിമുഖ പാരമ്പര്യത്തിന്റെ ഉറവിടം ആ സുവിശേഷമോ അതിന്റെ ഒരു പൂര്‍വരൂപമോ ആണ്. ആ പാരമ്പര്യം മര്‍ക്കോസില്‍ നിന്നാണ് മത്തായിയും ലൂക്കോസും കൈക്കൊണടത്. മത്തായിയും ലൂക്കോസും മാത്രം ആശ്രയിച്ച ദ്വിമുഖപാരമ്പര്യത്തിന്റെ ഉറവിടം, ഇന്ന് ലഭ്യമല്ലാത്തതും, യേശുവിന്റെ വചനങ്ങള്‍ സമാഹരിച്ചിരുന്നതുമായ മറ്റൊരു ഗ്രന്ഥമാണ്. പത്തൊന്‍പതാം നൂറ്റാണ്ടു മുതല്‍ ഈ ഗ്രന്ഥത്തെ സൂചിപ്പിക്കാന്‍ റോമന്‍ ലിപിയിലെ Q (ക്യൂ) എന്ന അക്ഷരം ഉപയോഗിക്കാറുണ്ട്. ഉറവിടം (Source) എന്ന് അര്‍ഥം വരുന്ന ജര്‍മ്മന്‍ ഭാഷയിലെ Quelle എന്ന വാക്കിനെ ഉദ്ദേശിച്ചാണിത്. മത്തായിയുടേയും ലൂക്കോസിന്റേയും സുവിശേഷങ്ങളില്‍ ചിതറിക്കിടക്കുന്ന അതിന്റെ ഖണ്ഡങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ക്യൂ-വിനെ പുന:സൃഷ്ടിക്കാനും ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. യേശുവിന്റെ വചനങ്ങള്‍ അടങ്ങിയ അത്തരം ഒരു രേഖ എന്ന ആശയത്തിന്, കോപ്റ്റിക് ഭാഷയില്‍ എഴുതപ്പെട്ട തോമസിന്റെ സുവിശേഷം എന്ന ഗ്രന്ഥം ഈ നൂറ്റാണ്ടില്‍ ഈജിപ്തിലെ നാഗ് ഹമാദിയിലെ ജ്ഞാനവാദ ഗ്രന്ഥശേഖരത്തില്‍ കണ്ടുകിട്ടിയതിനു ശേഷം കൂടുതല്‍ പിന്‍ബലവും കിട്ടിയിട്ടുണ്ട്. മറ്റു സുവിശേഷങ്ങളില്‍ ഭാഗികമായി മാത്രം ഉള്ള യേശുവിന്റെ 140 വചനങ്ങളാണ് തോമസിന്റെ സുവിശേഷത്തിന്റെ ഉള്ളടക്കം.
[തിരുത്തുക] ഇന്നത്തെ വീക്ഷണം
സമാന്തരസുവിശേഷങ്ങളെക്കുറിച്ച് ഇതുവരെ മുന്നോട്ടു വയ്ക്കപ്പെട്ടിട്ടുള്ള വിശദീകരണങ്ങളില്‍ ഇന്ന് ഏറ്റവും അധികം പിന്തുണയുള്ളത് ഇവയില്‍ ആദ്യം എഴുതപ്പെട്ടത് മര്‍ക്കോസിന്റെ സുവിശേഷമാണെന്നും അതിനേയും, ഇന്ന് ലഭ്യമല്ലാത്ത മറ്റൊരു ഗ്രന്ഥത്തേയും പ്രധാന ആധാരമാക്കി മത്തായിയുടേയും ലൂക്കോസിന്റേയും സുവിശേഷങ്ങള്‍ എഴുതപ്പെട്ടു എന്നും ഉള്ള (Two documents) വാദമാണ്. ഭൂരിഭാഗം പ്രൊട്ടസ്റ്റന്റ് പണ്ഡിതന്മാരും കത്തോലിക്കാ പണ്ഡിതന്മാരില്‍ ഒരു വലിയ വിഭാഗവും ഇതിനെ ഉപാധികളോടെയാണെങ്കിലും പിന്തുണക്കുന്നു. എന്നാല്‍ ഈ വാദം തന്നെ എപ്പോഴും അവതരിപ്പിക്കപ്പെടുന്നത് ഒരേ രൂപത്തിലല്ല എന്ന് പറയേണ്ടതുണ്ട്. അതിന്റെ പല വകഭേദങ്ങള്‍ നിലവിലുണ്ട്. മത്തായിയും ലൂക്കോസും, മര്‍ക്കോസിന്റെ സുവിശേഷത്തിനും, ക്യൂ എന്നറിയപ്പെടുന്ന രേഖക്കും പുറമേ വേറേ ഓരോ രേഖയെ കൂടി ആശ്രയിച്ചു എന്ന വാദമാണ് അതിലൊന്ന്. അതില്‍ മത്തായി ആശ്രയിച്ച രേഖ 'M' എന്നും ലൂക്കോസ് ആശ്രയിച്ചത് 'L' എന്നും സുചിപ്പിക്കപ്പെടുന്നു. ഈ വാദം പിന്തുടര്‍ന്നാല്‍ ഈ സുവിശേഷങ്ങളുടെ രചനക്ക് പിന്നിലുണ്ടായിരുന്നത് രണ്ടിനു പകരം നാലു രേഖകളാണ്.
സമാന്തരസുവിശേഷങ്ങളുടെ സമാനതാ-വ്യത്യാസങ്ങള്‍ക്ക് കുറ്റമറ്റ ഒരു വിശദീകരണം ഇതുവരെ ലഭ്യമല്ലെന്നതാണ് അവയുടെ ആഴത്തിലുള്ള താരതമ്യ പഠനം തരുന്ന അറിവ്.
[തിരുത്തുക] ആധാരസൂചിക
- ↑ The Synoptic Problem, Literary Relationship between Mathew, Mark and Luke - http://www.textexcavation.com/synopticproblem.html
- ↑ Eusebius - The History of the Church - G.A. Williamson-ന്റെ ഇംഗ്ലീഷ് പരിഭാഷ - Book 2:15, 3:39
- ↑ Eusebius - The History of the Church - Book 3:39
- ↑ Eusebius - The History of the Church - Book 6:14
- ↑ The Synoptic Problem - Literary Interrelationship of the synoptic Gospels - http://www.abu.nb.ca/Courses/NTIntro/synoptic.htm
- ↑ The Synoptic Problem FAQ - http://www.mindspring.com/~scarlson/synopt/faq.htm
- ↑ The Oxford Companion to the Bible-ലെ Synoptic Problem എന്ന ലേഖനം
- ↑ കത്തോലിക്കാ വിജ്ഞാനകോശത്തിലെ ലേഖനം - Synoptics - http://www.newadvent.org/cathen/14389b.htm

