സംവാദം:ബൈബിൾ വെളിച്ചത്തിന്റെ കവചം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്രിസ്തീയസംവേദനത്തിന്റെ വഴി പിന്തുടർന്നാണ് - സാമ്പ്രാദായിക വിശ്വാസത്തിന്റെ സ്വഭാവമാർന്നതാണ് അപ്പന്റെ ബൈബിളിലൂടെയുള്ള ആത്മീയാന്വേഷണം എന്നാണോ.അതു ശരിയല്ലെന്നാണ് തോന്നുന്നത്.ക്രിസ്തീയസംവേദനം എന്നാൽ സാമ്പ്രദായികമായ രീതിയിലുള്ള ആത്മീയാന്വേഷണമെന്നല്ലേ തോന്നൂ.(@Georgekuty) ബിനു (സംവാദം) 07:10, 30 നവംബർ 2012 (UTC)[മറുപടി]

മറുപടി[തിരുത്തുക]

ക്രിസ്തീയസംവേദനത്തിന്റെ വഴി സാമ്പ്രദായിക വിശ്വാസത്തിന്റേതായിരിക്കണമെന്ന് എങ്ങനെ പറയാനൊക്കും? Christian Sensibility എന്നു പറയുന്നത് ഡോക്ട്രിനൽ ക്രിസ്തീയത അല്ല. ബൈബിളിനെ അപ്പൻ ആസ്വദിച്ചതും ആരാധിച്ചതും, Christian Sensibility-യുടെ വഴി പിന്തുടർന്നാണ് എന്ന് വെളിച്ചത്തിന്റെ കവചം വായിച്ചിട്ടുള്ള ആരും സമ്മതിക്കും. ദൈവം ചരിത്രത്തിലൂടെ ഒരു പ്രത്യേകരീതിയിൽ മനുഷ്യരാശിയുടെ രക്ഷ ഒരുക്കിയിരിക്കുന്നു എന്നും, ആ രക്ഷയുടെ കേന്ദ്രം ക്രിസ്തുവാണെന്നും, പ്രവാചകന്മാർ വഴി നൂറ്റാണ്ടുകളിലൂടെ ദൈവം ആവർത്തിച്ചിരുന്ന രക്ഷാവാഗ്ദാനം ക്രിസ്തുവിൽ നിറവേറി എന്നും മറ്റുമുള്ള ക്രിസ്തീയമായ ചരിത്രവീക്ഷണം അപ്പൻ ആദരപൂർവം എടുത്തെഴുതുന്നു. യേശുവിനെ അദ്ദേഹം ഭൂമിയുടെ അതിരുകൾ സ്വന്തമാക്കിയവനായും സ്വന്തം മഹത്വത്താൽ ഭൂമിയെ പുണർന്നു നിൽക്കുന്നവനായും ചിത്രീകരിക്കുന്നു. വിശുദ്ധമാതാവിനെക്കുറിച്ചുള്ള ക്രൈസ്തവബോദ്ധ്യങ്ങൾ അദ്ദേഹം ഒന്നൊഴിയാതെ ഏറ്റു പറയുന്നു. ആ ബോദ്ധ്യങ്ങൾക്ക് സാമാന്യയുക്തിയുമായുള്ള പൊരുത്തക്കേട് അദ്ദേഹത്തിനറിയാം. എന്നാൽ 'കന്യാമാതൃത്വം' പോലുള്ള കല്പനകളിലെ വൈരുദ്ധ്യം അദ്ദേത്തിന് 'വിശുദ്ധവൈരുദ്ധ്യം' ആകുന്നു. ക്രിസ്തുമതത്തെ തത്ത്വചിന്തകൊണ്ട് നേരിടാൻ ശ്രമിച്ചവർക്ക് പൗലോസും, തെർത്തുല്യനും മുതൽ അഗസ്റ്റിൻ വരെയുള്ള ക്രൈസ്തവചിന്തകന്മാർ കൊടുത്ത മറുപടിയുടെ ഭാഷയാണ് ഈ നിലപാടിൽ ഉള്ളത്.

അതുകൊണ്ട് ക്രിസ്തീയസംവേദനത്തിന്റെ വഴി പിന്തുടർന്നാണ് "വെളിച്ചത്തിന്റെ കവചം" എഴുതിയിരിക്കുന്നത് എന്നു പറയുന്നതിൽ ഒരു തെറ്റുമില്ല. കുറ്റം പറയാനാണെങ്കിൽ അതൊരു understatement ആണെന്നു വേണം പറയാൻ. ക്രൈസ്തവബോദ്ധ്യങ്ങൾ തനിക്ക് കേവലം 'വിശുദ്ധരൂപകങ്ങൾ' ആണെന്നൊന്നും അപ്പൻ പറയുന്നില്ല. ഇനി അതാണു നേരെന്ന് വാദിച്ചാലും, "ക്രിസ്തീയസംവേദനത്തിന്റെ വഴി" എന്നെഴുതുന്നതിൽ തെറ്റില്ല. "ക്രിസ്തീയവിശ്വാസത്തിന്റെ വഴി" എന്നല്ലല്ലോ എഴുതിയിരിക്കുന്നത്. ക്രിസ്തീയസംവേദനത്തിൽ നിന്ന് സാമ്പ്രദായികവിശ്വാസത്തിലേക്ക് എടുത്തു ചാടേണ്ട കാര്യമൊന്നുമില്ല.

"വെളിച്ചത്തിന്റെ കവചം" കഴിഞ്ഞ പതിനഞ്ചു വർഷമായി ഞാൻ പലവട്ടം വായിച്ചിട്ടുണ്ട്. ഞാൻ ഭക്തനല്ല, നീചപാപിയാണ്. എന്നിട്ടും ഓരോ വായന കഴിയുമ്പോഴും മുട്ടുകുത്തി നിന്നു പോയിട്ടുണ്ട്. ക്രിസ്തുവിനെ ഇത്ര ഭക്തിപൂർവം മറ്റാരും സമീപിക്കുന്നതു ഞാൻ കണ്ടിട്ടില്ല. ബൈബിൾ തനിക്ക് നിത്യരക്ഷയുടെ സ്രോതസ്സാണെന്നും ക്രിസ്ത്വനുകരണം തന്റെ വായനയുടെ പല്ലവിയായാണെന്നും അതു തനിക്ക് പാപങ്ങൾ കഴുകിക്കളയുന്ന ആകാശജലമാണെന്നും മറ്റും എഴുതുന്നയാൾ പിന്തുടരുന്നത് ക്രിസ്തീയസംവേദനത്തിന്റെ വഴിയല്ലാതെ മറ്റെന്താണ്?ജോർജുകുട്ടി (സംവാദം) 14:45, 30 നവംബർ 2012 (UTC)[മറുപടി]