റോസിന്റെ പേര്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Title റോസിന്റെ പേര്
കര്‍ത്താവ് ഉംബെര്‍ട്ടൊ എക്കോ
പേര്‌ Il nome della rosa
രാജ്യം ഇറ്റലി
ഭാഷ ഇറ്റാലിയന്‍
പ്രസാധകര്‍ ഹാര്‍കോര്‍ട്ട് (1983)
പ്രസിദ്ധീകരിച്ച വര്‍ഷം 1980
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്ക്)
ഏടുകള്‍ 512 pp (പേപ്പര്‍ബാക്ക് എഡിഷന്‍)
ഐ.എസ്.ബി.എന്‍ ISBN 0-15-144647-4 (പേപ്പര്‍ബാക്ക്)

ഇറ്റാലിയന്‍ പ്രതീകശാസ്ത്രജ്ഞനും, മദ്ധ്യകാലപണ്ഡിതനും, നോവലിസ്റ്റുമായ ഉംബര്‍ട്ടോ എക്കോ എഴുതിയ നോവലാണ് റോസിന്റെ പേര് (Name of the Rose). പ്രതീകശാസ്ത്രം, മദ്ധ്യകാലചരിത്രം എന്നീ മേഖലകളില്‍ എണ്ണപ്പെട്ട സംഭാവനകള്‍ നല്‍കിയ ബുദ്ധിജീവിയെന്ന നിലയില്‍ കലാലയവൃത്തങ്ങളില്‍ മാത്രം അറിയപ്പെട്ടിരുന്ന എക്കോയുടെ പ്രതിഭ 1970-കളുടെ അവസാനത്തിലാണ്, ആരും പ്രതീക്ഷിക്കാത്ത ഒരു വഴിക്കു തിരിഞ്ഞത്. തനിക്കു ഒരു സന്യാസിയെ വിഷംകൊടുത്ത് കൊല്ലണമെന്നു തോന്നിയെന്നും ആ തോന്നലാണ് റോസിന്റെ പേര് (ഇറ്റാലിയന്‍: Il Nome Della Rosa ഇംഗ്ലീഷ്: നെയിം ഓഫ് ദ റോസ് - Name of the Rose)എന്ന നോവലിന്റെ രചനയില്‍ കലാശിച്ചതെന്നും എക്കോ പറയുന്നു. [1]

ഉള്ളടക്കം

[തിരുത്തുക] കുറ്റാന്വേഷണകഥ

പുസ്തകങ്ങളെക്കുറിച്ചുള്ള പുസ്തകം, പ്രതീകശാസ്ത്രം ഉപയോഗിച്ച് രചിക്കപ്പെട്ട ആദ്യത്തെ നോവല്‍ എന്നൊക്കെ വിശേഷിക്കപ്പെട്ട [2] ഈ കൃതിയുടെ ഇതിവൃത്തം, ക്രി.വ. 1327-ല്‍ ഇറ്റലിയിലെ ബെനഡിക്റ്റന്‍ സന്യാസാശ്രമങ്ങളിലൊന്നില്‍ നടന്നതായി സങ്കല്പ്പിക്കപ്പെടുന്ന ഒരു കൊലപാതകപരമ്പരയുടെ അന്വേഷമാണ്. ബെനഡിക്റ്റന്മാരുടെ ആ സന്യാസാശ്രമത്തില്‍ ആയിടെ നടന്ന കൊലപാതകങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ചുമതലകിട്ടിയത് സന്ദര്‍ഭവശാല്‍ അവിടെയെത്തിയ ഫ്രാന്‍സിസ്കന്‍ സന്യാസിയായ ബാസ്കര്‍‌വില്ലിലെ വില്യമിനായിരുന്നു.[1] വില്യമിനെ സഹായിക്കാന്‍ ഉണ്ടായിരുന്നത്, അദ്ദേഹത്തിന്റെ ശിഷ്യനും സഹചാരിയും ആയിരുന്ന മെല്‍ക്കിലെ അഡ്സോ എന്ന യുവ ബനഡിക്ടന്‍ സന്യാസാര്‍ഥിയായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം, വൃദ്ധനായ അഡ്സോ സംഭവങ്ങളെ അനുസ്മരിക്കുന്ന രൂപത്തിലാണ് നോവല്‍ എഴുതിയിരിക്കുന്നത്. ഏഴുദിവസത്തെ സംഭവങ്ങള്‍ വിവരിക്കുന്നതിനാല്‍ നോവലിന് ഏഴ് ഭാഗങ്ങളുണ്ട്. ഓരോഭാഗവും അദ്ധ്യായങ്ങളുടെ സ്ഥാനത്ത് സന്യാസാശ്രമത്തിലെ പ്രാര്‍ത്ഥനായാമങ്ങളുടെ അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടിരിക്കുന്നു.


[തിരുത്തുക] ചിരിയുടെ ശരി

‍സന്യസാശ്രമത്തിലെ ഗ്രന്ഥശാല യൂറോപ്പ് മുഴുവന്‍ പേരെടുത്തിരുന്നു. ഗ്രന്ഥശാലയെ നിയന്ത്രിച്ചിരുന്നത് പണ്ഡിതന്മാരും അല്ലാത്തവരുമായ കുറേ അസഹിഷ്ണുക്കളായിരുന്നു. അവര്‍ക്ക് ഗ്രന്ഥശാല അറിവിന്റെ സ്രോതസ്സെന്നതിനു പകരം ഏറ്റവും നിരുപദ്രവകരമായതല്ലാത്ത എല്ലാ അറിവിലേക്കുമുള്ള വഴി നിയന്ത്രിക്കാനും അടക്കാനുള്ള ഉപകരണമായിരുന്നു. നോവലിന്റെ ആഖ്യാനശൈലിയുടെ ഏകദേശരൂപം കിട്ടാന്‍ അതിന്റെ ഒരദ്ധ്യായത്തില്‍ നടക്കുന്ന "ചിരിയുടെ ശരി" (licitness of laughter)യെക്കുറിച്ചുള്ള ചര്‍ച്ച വായിച്ചാല്‍ മതി.[3] ഹാസ്യം അക്രൈസ്തവമായ ഒരു രസമാണെന്നും ചിരി അനാശാസ്യമാണെന്നുമാണ് അക്കാലത്തെ ഒരു വിശ്വാസധാര പഠിപ്പിച്ചിരുന്നത്. അവതരിച്ച ദൈവവ‍ചനമായ ക്രിസ്തു എപ്പോഴെങ്കിലും ചിരിച്ചിട്ടുണ്ടാകുമോ എന്നത് അന്ന് ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു. ആദ്യകാല സഭാപിതാക്കന്മാരില്‍ ഒരുവനായ യോഹന്നാന്‍ ക്രിസോസ്തോമസ്, ക്രിസ്തു ഒരിക്കലും ചിരിച്ചിട്ടുണ്ടവില്ല എന്നായിരുന്നത്രെ പഠിപ്പിച്ചത്.

[തിരുത്തുക] ഗുപ്തഗ്രന്ഥം

ക്രിസ്തുവിനേയും ക്രിസ്തുമതത്തേയും കുറിച്ചുള്ള ഈ വികലധാരണ നിലനിര്‍ത്താന്‍ എന്തു വിലകൊടുക്കാനും അസഹിഷ്ണുക്കള്‍ തയ്യാറായിരുന്നു. തോമസ് അക്വീനാസിനെയും മറ്റും പോലുള്ളവരുടെ പഠനങ്ങളുടെ ഫലമായി അരിസ്റ്റോട്ടിലിന്റെ രചനകള്‍ക്ക് അക്കാലത്ത് വലിയ സ്വീകാര്യത കിട്ടിയിരുന്നതുകൊണ്ട്, അരിസ്റ്റോട്ടിലും ഫലിതവിരുദ്ധനായിരുന്നു എന്നു സ്ഥാപിക്കേണ്ടത് ആവശ്യമായിരുന്നു. അരിസ്റ്റോട്ടിലിന്റെ കാവ്യമീമാംസാഗ്രന്ഥമായ പോയറ്റിക്സിന്റെ(Poetics) ട്രാജഡിയെ സംബന്ധിച്ച ആദ്യഭാഗമേ ഇന്ന് ലഭ്യമായിട്ടുള്ളുവെങ്കിലും ആ ഗ്രന്ഥത്തിന് കോമഡിയെ സംബന്ധിച്ച ഒരു രണ്ടാം ഭാഗവും ഉണ്ടെന്ന് വിശ്വാസമുണ്ട്. സന്യാസാശ്രമത്തിലെ ഗ്രന്ഥശാലയില്‍ ആ രണ്ടാം ഭാഗത്തിന്റെ ഒരു പ്രതി ഉണ്ടായിരുന്നെങ്കിലും, അങ്ങനെയൊരു ഗ്രന്ഥം എഴുതപ്പെട്ടിട്ടേയില്ല എന്നായിരുന്നു ഗ്രന്ഥശാലയെ നിയന്തിച്ചിരുന്നവര്‍ പറഞ്ഞിരുന്നത്. ആയിടക്ക് ക്രൈസ്തവവല്‍ക്കരിക്കപ്പെട്ട അരിസ്റ്റോട്ടിലിന്റെ മുദ്രപതിച്ച് ഹാസ്യത്തിന് സ്വീകാര്യത നല്‍കുന്നത് ഒഴിവാക്കാനായിരുന്നു അങ്ങനെ ചെയ്തത്.


ഗ്രന്ഥശാലയിലെ വിജ്ഞാനശേഖരത്തെ ആവുന്നിടത്തോളം അപ്രാപ്യമാക്കാനായി ഗൂഢമുദ്രകളുടേയും, ഭിത്തികളുടേയും, ഗുഹ്യമാര്‍ഗങ്ങളുടേയും ഒരു പ്രതിരോധനിര തന്നെ അതിനെ നിയന്ത്രിച്ചിരുന്നവര്‍ മെനഞ്ഞെടുത്തിരുന്നു. അതു കടന്ന് ഗ്രന്ഥങ്ങളുടെ ലോകം പ്രപിക്കാന്‍ ശ്രമിക്കുന്നവര്‍ ജീവന്‍ അപകടപ്പെടുത്തുകയായിരുന്നു. ഒരുകൊലപാതകം മാത്രം നടന്നിരുന്നപ്പോഴാണ് വില്യമിന് അന്വേഷണത്തിന്റെ ചുമതല കിട്ടിയത്. കൊല്ലപ്പെട്ടിരുന്നത് ഗ്രന്ഥശാലയില്‍ നിര്‍മ്മിക്കപ്പെടുന്ന കൈയ്യെഴുത്തുപ്രതികളില്‍ ചിത്രങ്ങള്‍ വരച്ചുചേര്‍‍ത്തിരുന്ന അഡെല്‍മോ എന്ന യുവസന്യാസിയായിരുന്നു. എന്നാല്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ മറ്റ് അഞ്ചു പേര്‍ കൂടി കൊല്ലപ്പെട്ടു. ഗ്രന്ഥശാലയില്‍ മറ്റുഭാഷകളിലെ കൃതികള്‍ ലത്തീനിലേക്കു പരിഭാഷപ്പെടുത്തിയിരുന്ന വെനാന്റിയസ്, ഉപലൈബ്രേറിയന്‍ ബെരന്‍‌ഗര്‍, പച്ചമരുന്നു വിദഗ്ധന്‍(Herbalist) സെവേറിനസ്, ലൈബ്രേറിയന്‍ മലാക്കി എന്നിവരും എറ്റവുമൊടുവില്‍ ആശ്രമാധിപന്‍ ആബോയും ആണ് അന്വേഷണത്തിനിടെ പലവിധത്തില്‍ വധിക്കപ്പെട്ടത്. അന്വേഷണത്തിന്റെ പുരോഗതിയില്‍ ഗ്രന്ഥശാലയിലെ ഗോപ്യഗ്രന്ഥങ്ങളും കൊലപാതകപരമ്പരയുമായുള്ള ബന്ധം വെളിവായെങ്കിലും നോവല്‍ അവസാനിക്കുന്നത് ഗ്രന്ഥശാലയും അതിലെ അമൂല്യനിധികളും അഗ്നിക്കിരയാക്കപ്പെടുന്നതോടെയാണ്. ഈ പരിണിതിയുടെ പ്രധാന കാരണക്കാരന്‍ കടുത്ത യാഥാസ്ഥികനായ ഷൊര്‍ഷ് (Jorge) എന്ന അന്ധസന്യാസിയായിരുന്നു. ഒരു അസമാന്യ സൃഷ്ടിയായ അയാള്‍ നോവലിലെ ഏറ്റവും ഇരുണ്ട കഥാപത്രമാണ്.

[തിരുത്തുക] 'റോസ്' ന്റെ വിജയം

റോസിന്റെ പേര് വായന എളുപ്പമുള്ള പുസ്തകമല്ല. കഥയുടെ സങ്കീര്‍ണതക്കുപുറമേ, അതില്‍ ഇടക്കിടെ അര്‍ഥം സൂചിപ്പിക്കാതെ ലത്തീന്‍ ഭാഷയില്‍ കൊടുത്തിരിക്കുന്ന ഭാഗങ്ങളും വായനക്കാരെ അകറ്റാന്‍ പോന്നതാണ്. അത് നിറയെ തത്ത്വചിന്തയുമാണ്. ഇതെല്ലാം കൊണ്ട്, പുസ്തകം പരമാവധി മുപ്പതിനായിരം പ്രതികള്‍ വില്‍ക്കുമെന്നാണ് പ്രസാധകര്‍ കരുതിയതത്രെ. എന്നാല്‍ ഇതിനകം അതിന്റെ ഒരുകോടിയിലേറെ പ്രതികള്‍ വിറ്റിരിക്കുന്നു. അതിന്റെ സിനിമാരൂപവും വലിയ ജനപ്രീതി നേടിയെങ്കിലും നോവല്‍ സിനിമയാക്കാന്‍ അനുമതി നല്‍കിയതില്‍ എക്കോ പിന്നീട് പശ്ചാത്തപിച്ചു. നോവല്‍ വായിച്ചവരില്‍ ഒട്ടേറെപ്പേര്‍ ചലച്ചിത്രം കണ്ടശേഷമാണ് വായനയിലേക്കു വന്നതെന്നും, നോവലിലെ കഥാപാത്രങ്ങളെയും സംഭവങ്ങളേയും ചലച്ചിത്രത്തിന്റെ കണ്ണാടിയില്‍ കൂടിയാണ് അത്തരം വായനക്കാര്‍ കാണുകയെന്നും തന്റെ കഥ വായനക്കാരനോട് ആദ്യം പറയുന്നത് മറ്റൊരാളാവുകയെന്നത് എഴുത്തുകാരന് സംതൃപ്തി നല്‍കാത്ത അനുഭവമാണെന്നും അദ്ദേഹം പറയുന്നു. [4]


[തിരുത്തുക] മറ്റു നോവലുകള്‍

നോവല്‍ രചനാരംഗത്ത് വഴിതെറ്റിയെന്നോണം എത്തിയ എക്കോ അവിടെ തുടരുമോ എന്ന സംശയം 1988-ല്‍ ഫുക്കോയുടെ പെന്‍ഡുലം പ്രസിദ്ധീകരിച്ചതൊടെ തീര്‍ന്നു. ആ നോവലും ഒരു വന്‍ പ്രസിദ്ധീകരണവിജയമായിരുന്നു. 1995-ല്‍ മൂന്നാമത്തെ നോവലായ ഇന്നലെയുടെ ദ്വീപും 2000-ല്‍ നാലാമത്തേതായ ബൗഡോളിനോയും വെളിച്ചം കണ്ടു. നോവലുകളില്‍ ഏറ്റവും ഒടുവില്‍(2004) പ്രസിദ്ധീകരിച്ചത് ദ മിസ്റ്റീരിയസ് ഫ്ലേം ഓഫ് ക്വീന്‍ ലോനാ ആണ്.

[തിരുത്തുക] ആധാരസൂചിക

  1. A short biography of Umberto Eco http://www.themodernword.com/eco/eco_biography.html
  2. Books and Writers, Umberto Eco (1932-), Pseudonym: Dedalus - http://www.kirjasto.sci.fi/ueco.htm
  3. The Name of the Rose(Second Day, Terce)(വില്യം വീവറുടെ ഇംഗ്ലീഷ് പരിഭാഷ)
  4. "I am a Professor who writes novels on Sundays". - 2005 ഒക്ടോബര്‍ 23-ല്‍ ഹിന്ദു ദിനപ്പത്രത്തിന്റെ ഡെല്‍ഹി പതിപ്പില്‍ വന്ന അഭിമുഖം - http://www.hindu.com/2005/10/23/stories/2005102305241000.htm

[തിരുത്തുക] കുറിപ്പുകള്‍

  • ^  മദ്ധ്യകാല തത്ത്വചിന്തകനായ ഓക്കാമിലെ വില്യമിന്റെ നിഴല്‍ വീണതെന്നു പറയെപ്പെടുന്ന ഈ കഥാപാത്രത്തിന്റെ പേര്, ഷെര്‍ലോക് ഹോംസ് കഥകളുടെ സൃഷ്ടാവായ കൊണോന്‍ ഡോയ്‌ലിന്റെ Hound of Baskervilles-നെയും അനുസ്മരിപ്പിക്കും.
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം