Jump to content

മുനമ്പം ജുമാ മസ്ജിദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ എറണാകുളം ജില്ലയിലെ, 26 കിലോമീറ്റർ നീളവും ശരാശരി 5 കിലോമീറ്റർ വീതിയുമുള്ള വൈപ്പിൻ ദ്വീപിന്റെ വടക്കേ അറ്റമാണ് മുനമ്പം. മുനമ്പം പള്ളിപ്പുറം കോട്ടയ്ക്കു 200 മീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന വൈപ്പിൻ കരയിലെ ആദ്യത്തെ സുന്നി മുസ്ലിം പള്ളിയാണ് മുനമ്പം ജുമാ മസ്ജിദ്.ക്രിസ്തുവർഷം 767 -ലാണ് ഈ പള്ളി സ്ഥാപിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു.16ാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട, ശൈഖ് സൈനുദ്ധീൻ മഖ്ദൂം രണ്ടാമന്റെ തുഹ്ഫത്തുൽ മുജാഹിദീൻ, മുഹമ്മദ് സുഹറവർദിയുടെ രിഹ്‌ലത്തുൽ മുലൂക്ക് തുടങ്ങിയ കൃതികളിലെല്ലാം ചേരമാൻ പെരുമാളിന്റെ ഇസ്‌ലാം ആശ്ശേഷണത്തിന്റെ ചരിത്രം വിവരിച്ചിട്ടുണ്ട്. പ്രവാചകനെ സന്ദർശിക്കാൻ മക്കയിലേക്കു പോയ അദ്ദേഹം മടങ്ങിവരും വഴി അറേബ്യൻ ഉപഭൂഖണ്ഡത്തിൽ ദുഫാറിൽ വെച്ചോ, ശഹർ മുഖല്ലയിൽ വെച്ചോ മരണത്തിനു കീഴടങ്ങി. മരണത്തിനു മുമ്പ് മലബാറിലെ പ്രാദേശിക ഭരണാധികാരികൾക്കായി മാതൃഭാഷയിൽ ചില കുറിമാനങ്ങൾ എഴുതി വിശ്വസ്തരായ തന്റെ സുഹൃത്തുക്കളെ അദ്ദേഹം ഏൽപിച്ചിരുന്നു. പിന്നീട് മാലിക് ബിൻ ദീനാറും കൂട്ടാളികളും കൊടുങ്ങല്ലൂരിൽ എത്തിച്ചേർന്ന് ഈ കുറിമാനങ്ങൾ പ്രാദേശിക പ്രമുഖർക്ക് നൽകി. അതിലെ നിർദ്ദേശ പ്രകാരം വിവിധ സ്ഥലങ്ങളിൽ പളളികൾ പണിയാനുളള സമ്മതം ഭരണാധികാരികളിൽ നിന്നും അവർക്കു ലഭിച്ചു. അങ്ങനെ ഇന്ത്യയിലെ മുസ്‌ലിംപളളി ചേരമാൻ ജുമാ മസ്ജിദ് കൊടുങ്ങല്ലൂരിൽ സ്ഥാപിക്കപ്പെടുകയും മാലിക് ബ്‌നു ദീനാർ അതിലെ പ്രഥമ ഖാദിയായി അവരോധിതനാവുകയും ചെയ്തു. ഈ പളളി, കൊടുങ്ങല്ലൂരിൽ ആദ്യ മുസ്‌ലിംപള്ളിയുണ്ടാക്കാൻ കാരണക്കാരനായ ചേരമാൻ പെരുമാളിന്റെ പേരിൽ തന്നെ അറിയപ്പെട്ടു. കൊടുങ്ങല്ലൂരിൽ മാത്രമല്ല കേരളത്തിലെ മറ്റു പ്രദേശങ്ങളിലും പള്ളികളുണ്ടാക്കിയത് ചേരമാൻ പെരുമാളിന്റെ നിർദ്ദേശ പ്രകാരമാണ്.കേരളവും അറെബിയയും തമ്മിലുള്ള വ്യാപാര ബന്ധത്തിന് അനേകം നൂടാണ്ടുകളുടെ പഴക്കമുണ്ട്..പ്രവാചകന്റെ കലാത്തിനു മുൻപും അറബികൾ കേരളത്തിൽ വ്യപാരാവശ്യാർഥം സന്ദർശിക്കരുണ്ടായിരുന്നു എന്ന് വേണം നിഗമിക്കാൻ..അറബികൾ കൂട്തലായും വ്യാപാരവശ്യത്തിനായി ആശ്രയിച്ചിരുന്നത് കൊടുങ്ങല്ലൂർ തുറമുഖത്തിനെയായിരുന്നു..അതിനാൽ തന്നെ മുസ്ലിങ്ങളുടെ വളർച്ച പ്രധാനമായും കടലോര പട്ടണങ്ങളിൽ നിന്ന് തന്നെയായിരുന്നു.അങ്ങനെ കൊടുങ്ങല്ലൂർ പെരുമാളിൻറെ നിർദ്ദേശ പ്രകാരം അദ്ദേഹത്തിന്റെ മരണത്തിനു നൂറു വർഷങ്ങൾക്കു ശേഷം പണിതീർത്ത പള്ളിയാണ് മുനമ്പം ജുമാ മസ്ജിദ് എന്നും പറയപ്പെടുന്നു. മുസരിസ് പട്ടണത്തിൽ കച്ചവടത്തിന് വന്ന അറബികൾ മസ്ജിദിൻറെ പള്ളികുളത്തിനോട്‌ ചേർന്ന് തന്നെ ചെറിയ ഒരു നിസ്കാരപള്ളി ആദ്യമായി പണിതീർത്തതെന്നും പിന്നീട് അവിടെ കുടിയേറിയ മുസ്ലിങ്ങളാണ് ചേരമാൻ പള്ളിയുടെ മാതൃകയിൽ പള്ളി പണിതീർത്തതെന്നും പറയപ്പെടുന്നു. 227 മുസ്ലിം കുടുബങ്ങളാണ് ഈ മഹല്ലിനു കീഴിൽ താമസിക്കുന്നത് . ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയായ കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിനോട് 8 കിലോമീറ്റർ അടുത്താണ് മുനമ്പം ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്നത് . പഴയ ചേരമാൻ പള്ളിയുടെ അതെ മാതൃകയിൽ തന്നെയാണ് മുനമ്പം മസ്ജിദും നില നിന്നിരുന്നത്. ഇപ്പോൾ നിലവിൽ ഈ പള്ളിയുടെ മുൻ വശം പുതുക്കി പണിതെങ്കിലും ഉൾഭാഗം ഇന്നും പഴമ നിലനിർത്തിയിട്ടുണ്ട്. നൂറ്റാണ്ടുകൾക്കു മുൻപ് മതപരമായ ആവശ്യത്തിനു ഉപയോഗിച്ചിരുന്ന വാൾ ഇന്നും പള്ളിയുടെ ചരിത്ര സ്മാരകമായി ഉപയോഗിച്ച് പോരുന്നു. അറബി മലയാള സാഹിത്യത്തിലെ കണ്ടെടുക്കപ്പെട്ട ആദ്യത്തെ കാവ്യമാണ് മുഹ്‌യദ്ദീൻ മാല എന്ന മാലപ്പാട്ട്. കോഴിക്കോട് ഖാസിയും അറബി മലയാള ഭാഷാകവിയും ഗ്രന്ഥകാരനുമായിരുന ഖാദി മുഹമ്മദ് ഇബ്‌നു അബ്ദുൽ അസീസ് ആണ് മുഹ്‌യദ്ദീൻ മാലയുടെ രചയിതാവ്. 1607 ആണ് ഇതിന്റെ രചനാകാലം. എഴുത്തച്ഛൻ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് എഴുതുന്നതിനു തൊട്ടു മുമ്പുള്ള കാ‍ലഘട്ടമാണിത്. മുഹ്‌യദ്ദീൻ മാലയുടെ ചുവടു പിടിച്ച് നൂറുകണക്കിന് മാലപ്പാട്ടുകൾ പിന്നീട് അറബി മലയാ‍ളത്തിലുണ്ടായി.ഇത്തരത്തിലുള്ള ഒത്തിരി ഗ്രന്ഥങ്ങളുടെ ശേഖരം തന്നെ മുനമ്പം ജുമാ മസ്ജിദിൽ ഉണ്ടായിരുന്നു. പിന്നീട് വന്ന പുത്തൻ പ്രസ്ഥാനങ്ങൾ ഈ മഹത് ഗ്രന്ഥങ്ങൾ വേണ്ട രീതിൽ ശ്രദ്ധ ചെലുത്താതെ നശിഞ്ഞു പോയെങ്കിലും പഴയ പല ഏടുകളും ഇന്നും ഈ പള്ളിയിൽ സംരക്ഷിച്ചു വരുന്നു. ഈ പള്ളിയിൽ നടത്തിവരുന്ന ദിക്കിർ ഹൽക്കയിലേക്ക് അന്യ മതസ്ഥർ പോലും നേർച്ചകൾ നൽകി പോരുന്നതും ഈ പ്രദേശത്തെ മത സൌഹാർദ്ദം വിളിച്ചോതുന്ന ഒന്നാണ്. മുനമ്പം മസ്ജിദ് ഇന്ന് മുസിരിസ് പൈതൃക പദ്ധതിയിൽ പ്രത്യേകം പരിഗണനയിലുള്ള മസ്ജിദാണ്.

"https://ml.wikipedia.org/w/index.php?title=മുനമ്പം_ജുമാ_മസ്ജിദ്&oldid=3086792" എന്ന താളിൽനിന്ന് ശേഖരിച്ചത്