പ്രകാശപ്രകീര്‍ണ്ണനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രിസത്തിലൂടെ പ്രകാശത്തിന്‌ പ്രകീര്‍ണ്ണനം സംഭവിക്കുന്നു

ഒരു സമന്വിത പ്രകാശം അതിന്റെ ഘടകവര്‍ണ്ണങ്ങളായി പിരിയുന്ന പ്രക്രിയയാണ്‌ പ്രകീര്‍ണ്ണനം. വിവിധവര്‍ണ്ണങ്ങള്‍ കൂടിച്ചേര്‍ന്നുണ്ടാകുന്നതും കാഴ്ചയില്‍ ഒരൊറ്റ നിറമായി തോന്നുന്നതുമായ പ്രകാശമാണ്‌ സമന്വിത പ്രകാശം. പ്രകാശത്തെ പ്രകീര്‍ണ്ണനം ചെയ്യാന്‍ പ്രിസം സാധാരണ ഉപയോഗിക്കുന്നു. അന്തരീക്ഷത്തിലെ ജലകണികകളില്‍ പ്രകാശം പ്രകീര്‍ണ്ണനം ചെയ്യുന്നതുമൂലമുണ്ടാകുന്ന പ്രതിഭാസമാണ്‌ മഴവില്ല് . പതിനേഴാം നൂറ്റാണ്ടില്‍ ഐസക് ന്യൂട്ടണ്‍ ആണ്‌ പ്രകീര്‍ണ്ണനം കണ്ടെത്തിയത്[1].

[തിരുത്തുക] കാരണം

പ്രകാശരശ്മി ഒരു മാധ്യമത്തില്‍ നിന്ന് മറ്റൊരു മാധ്യമത്തിലേക്കു മാറുമ്പോള്‍ രശ്മിക്ക് അപവര്‍ത്തനം സംഭവിക്കുന്നു. പ്രകാശരശ്മിയുടെ അപവര്‍ത്തനം മാധ്യമത്തിന്റെ സാന്ദ്രതയും രശ്മിയുടെ തരംഗദൈര്‍ഘ്യവും അനുസരിച്ചായിരിക്കും. വ്യത്യസ്ത വര്‍ണ്ണത്തിലുള്ള പ്രകാശരശ്മികള്‍ക്ക് വ്യത്യസ്തങ്ങളായ തരംഗദൈര്‍ഘ്യം ആണുള്ളത്. അതുകൊണ്ട് ഒരു സമന്വിതപ്രകാശരശ്മി അപവര്‍ത്തനത്തിനു വിധേയമാകുകയാണെങ്കില്‍ അതിലെ ഘടകവര്‍ണ്ണങ്ങളിലുണ്ടാകുന്ന അപവര്‍ത്തനം വ്യത്യസ്ത കോണുകളിലായിരിക്കും, ഘടകരശ്മികള്‍ വേര്‍പിരിയുന്നത് അവയുടെ അപവര്‍ത്തനം വ്യത്യസ്ത കോണുകളിലായതുകൊണ്ടാണ്‌. വേര്‍പിരിഞ്ഞ ഘടകരശ്മികളെ സം‌യോജിപ്പിച്ചാല്‍ വീണ്ടും സമന്വിത പ്രകാശം ലഭിക്കുന്നതാണ്‌.

ധവളപ്രകാശത്തിന്റെ ഇടുങ്ങിയ ധാരയെ പ്രിസത്തിലൂടെ കടത്തിവിട്ടാല്‍ അത് വിവിധ വര്‍ണ്ണങ്ങളായി പിരിയുന്നത് കാണാവുന്നതാണ്‌. തരംഗദൈര്‍ഘ്യം കൂടിയ ചുവപ്പിനു വ്യതിയാനം കുറവും, തരംഗദൈര്‍ഘ്യം കുറഞ്ഞ വയലറ്റിനു വ്യതിയാനം കൂടുതലുമായിരിക്കും, ധവളപ്രകാശത്തിലെ മറ്റുവര്‍ണ്ണങ്ങള്‍ ഇവയ്ക്കിടയില്‍ വിന്യസിക്കപ്പെട്ടിരിക്കും.

[തിരുത്തുക] വര്‍ണ്ണരാജി

പ്രധാന ലേഖനം: വര്‍ണ്ണരാജി

ഒരു സമന്വിത പ്രകാശത്തിന്റെ പ്രകീര്‍ണ്ണനം കൊണ്ട് തരംഗദൈര്‍ഘ്യത്തിന്റെ ക്രമത്തില്‍ വിന്യസിക്കപ്പെട്ടിരിക്കുന്ന ഘടകവര്‍ണ്ണങ്ങളുടെ ഒരു പം‌ക്തി ലഭിക്കുന്നു. ഇത്തരത്തിലുള്ള ഒരു ക്രമമായ വിതരണത്തെ വര്‍ണ്ണരാജി എന്നുവിളിക്കുന്നു. സൂര്യപ്രകാശത്തിന്റെ വര്‍ണ്ണരാജി എന്നത് ദൃശ്യവും അദൃശ്യവുമായ വിദ്യുത്കാന്തിക തരംഗങ്ങളുടെ വര്‍ണ്ണരാജിയാണ്. സൂര്യകിരണങ്ങളിലെ ദൃശ്യപ്രകാശത്തിന്റെ വര്‍ണ്ണരാജി എന്നു പറയുന്നതു തന്നെ അസംഖ്യം തരംഗദൈര്‍ഘ്യങ്ങളുള്ള വളരെയധികം വര്‍ണ്ണങ്ങളുടെ ഒരു ശ്രേണിയാണ്‌. സൗകര്യാര്‍ത്ഥം വര്‍ണ്ണങ്ങളുടെ ഈ മുഴുവന്‍ ശ്രേണിയേയും ഏഴു വര്‍ണ്ണമേഖലകളായി തിരിച്ചിരിക്കുന്നു. മനുഷ്യന്‌ നഗ്നനേത്രം കൊണ്ട് പെട്ടന്ന് തിരിച്ചറിയാവുന്ന വര്‍ണ്ണങ്ങളാണിവ. വയലറ്റ്, ഇന്‍ഡിഗോ, നീല, പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നിവയാണിവ. സൂര്യപ്രകാശത്തിന്റെ വര്‍ണ്ണരാജിയെ ഇത്തരത്തില്‍ ഏഴായി തിരിച്ചത് ഐസക് ന്യൂട്ടണ്‍ ആണ്‌. അതുകൊണ്ട് ഈ നിറങ്ങളെ ന്യൂട്ടന്റെ സപ്തവര്‍ണ്ണങ്ങള്‍ എന്നു വിളിക്കുന്നു.

ഏതൊരു സമന്വിത പ്രകാശത്തിലും (ഉദാ:മെഴുകുതിരിജ്വാല, വൈദ്യുത ദീപം) ഇത്തരത്തില്‍ ഘടകവര്‍ണ്ണങ്ങള്‍ അടങ്ങിയിരിക്കുന്നു. ഘടകവര്‍ണ്ണങ്ങളുടെ ആപേക്ഷിക തീവ്രത മാറിക്കൊണ്ടിരിക്കും എന്നും മാത്രം.

[തിരുത്തുക] അവലംബം

  1. http://www.hao.ucar.edu/Public/education/bios/newton.html
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം