പുനരനുഭവമിഥ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വർത്തമാനകാലത്തിൽ നടക്കുന്ന ഒരു സംഭവം മുൻപ് അനുഭവിച്ചിട്ടുണ്ടെന്ന ഒരു മിഥ്യാധാരണ അഥവാ എന്തോ ഒരു കാര്യം പലപ്പോഴും അനുഭവിച്ചിട്ടുണ്ടെന്ന തോന്നലാണ് പുനരനുഭവമിഥ്യ അഥവാ ദേജാ വൂ / ഡെയ്‌ഷാ വ്യൂ (ഫ്രഞ്ച് ഉച്ചാരണം: [deʒa vy]  (Speaker Icon.svg കേൾക്കുക), "മുൻപേ കണ്ടിട്ടുള്ളത്" എന്നർത്ഥം - ഇതൊരു ഫ്രഞ്ച് പദമാണ്).

ഈ മിഥ്യാധാരണ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ അനുഭവവേദ്യമാണ്. 70 ശതമാനത്തോളം ആളുകൾ ഒരുതവണയെകിലും ഇത്തരമൊരു മിഥ്യാധാരണക്ക് അനുഭവജ്ഞരെന്ന് പഠനങ്ങൾ തെളിയിക്കുന്നു.[അവലംബം ആവശ്യമാണ്] ഇത്തരം ഒരനുഭവം പരീക്ഷണശാലകളിൽ നിർമ്മിച്ചെടുക്കാൻ സാദ്ധ്യമല്ല.ഇത്തരം ഒരു അനുഭവത്തിന് നൽകാവുന്ന ഒരു വിവരണം ഇപ്രകാരമാണ്. വർത്തമാനകാല സാഹചര്യം അബോധാവസ്ഥയിൽ നേരത്തേയുണ്ടായ ഒരു അനുഭവത്തെ സ്മൃതിപഥത്തിൽ കൊണ്ടുവന്ന് ദുരൂഹമായ ഒരു തരം പരിചയത്വം ഉളവാക്കുന്നു.

[തിരുത്തുക] ശാസ്ത്രീയ ഗവേഷണം

അടുത്തകാലങ്ങളിലായി പുനരനുഭവമിഥ്യ മനഃശാസ്ത്രപരവും നാഡീവ്യൂഹവിജ്ഞാനീയവുമായ ഗവേഷണങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഒരു പ്രവചനത്തിന്റേയോ മുൻഅന്തർദർശനത്തിന്റേയോ ഫലമായിട്ടല്ല ഇതുണ്ടാവുന്നത്. മറിച്ച് ക്രമവിരുദ്ധമായ ഓർമ്മയാണ് ഇതിനു നിദാനം. ഒരു അനുഭവത്തെ ഓർമ്മിച്ചെടുക്കുക എന്നതാവാം. ഓർമ്മിച്ചെടുക്കൽ എന്ന അവബോധം ശക്തമായിരിക്കും എന്നാൽ എപ്പോൾ, എവിടെ, എങ്ങനെ ആ അനുഭവം മുൻപുണ്ടായി എന്നത് അനിശ്ചിതമാണ്. ഈ വസ്തുത ഇത്തരമൊരു വിവരണത്തെ സമർത്ഥിക്കാൻ പ്രാപ്തമാണ്.

[തിരുത്തുക] സാഹിത്യത്തിൽ

സാഹിത്യത്തിൽ പുനരനുഭവമിഥ്യയുടെ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഒരു ചിത്രീകരണം ഫ്രഞ്ച് എഴുത്തുകാരനായ മാർസെൽ പ്രൂസ്തിന്റെ "കഴിഞ്ഞകാലം അയവിറക്കുമ്പോൾ" (Remembrance of Things Past) എന്ന ബൃഹദ് നോവലിന്റെ ആദ്യഖണ്ഡമായ സ്വാനിന്റെ വഴിയിൽ(Swan's Way) ആണ്. ഒരു ശീതകാലദിവസം, വെളിയിൽ നിന്ന് തണുത്ത് വിറച്ച് വീട്ടിലെത്തിയ നോവലിലെ മുഖ്യകഥാപാത്രമായ സ്വാനിന് അമ്മ ഒരു കോപ്പ ചായയും ഒരു മാഡലൈൻ കേക്കും കൊടുക്കുക്കുന്നതാണ് സന്ദർഭം. കേക്കിന്റ ഒരു മുറിയും ഒരു കവിൾ ചായയും അകത്താക്കിയപ്പോൾ സ്വാനിനുണ്ടായ അനുഭവം നോവലിൽ ഇങ്ങനെ വിവരിച്ചിരിക്കുന്നു:-

വിവരണാതീതമായ ഒരു സന്തുഷ്ടി എന്റെ ഇന്ദ്രിയങ്ങളെ ഗ്രസിച്ചു. അത് വേറിട്ടുനിന്നതും സ്വന്തം ഉറവിടത്തെപ്പറ്റി ഒരു സൂചനയും തരാത്തതും ആയിരുന്നു. ഈ പുതിയ അനുഭവം പ്രേമമെന്നപോലെ, അതിന്റെ അമൂല്യസത്ത കൊണ്ട് എന്നെ നിറച്ചതോടെ, ജീവിതത്തിലെ സംഭവഗതികൾ അപ്രധാനമെന്നും അതിലെ ദുരന്തങ്ങൾ നിസ്സാരങ്ങളെന്നും അതിന്റെ ക്ഷണികത മായാസൃഷ്ടമെന്നും എനിക്ക് തോന്നി. ആ അനുഭവത്തിന്റെ സത്ത എന്നിലായിരുന്നു എന്നുപറയുന്നതിനേക്കാൾ, അത് ഞാൻ തന്നെയായിരുന്നു എന്നു പറയുന്നതാവും ശരി. അതോടെ, ശരാശരിക്കാരനെന്നും യാദൃച്ഛികതയുടെ സൃഷ്ടിയെന്നും, നശ്വരനെന്നുമുള്ള തോന്നൽ എന്നെ വിട്ടുമാറി. അതിശക്തമായ ഈ സന്തുഷ്ടി, അത് എവിടെ നിന്ന് വന്നതാണാവോ? അതിന് കേക്കിന്റേയും ചായയുടേയും രുചികളുമായി ബന്ധമുണ്ടെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ ആ രുചികളെ ബഹുദൂരം അതിശയിക്കുന്നതും, സ്വഭാവത്തിൽ അവയിൽ നിന്ന് വ്യത്യസ്തവും ആയിരുന്നു അത്. അതെവിടെനിന്ന് വന്നു? അതിന്റെ അർത്ഥമെന്താണ്? അതിനെ പിടികൂടാനും നിർവചിക്കാനും എനിക്കാവുമോ? [1]

ഈ സന്തുഷ്ടിയുടെ കാരണം അതനുഭവിച്ചയാൾക്ക് കണ്ടെത്താനായത്, ദീർഘമായ മനനത്തിനുശേഷമാണ്. കുട്ടിക്കാലത്ത് ഞായറാഴ്ചകളിൽ, സുപ്രഭാതം ആശംസിക്കാൻ അമ്മായിയുടെ മുറിയിൽ അയാൾ പോകുമായിരുന്നു. അപ്പോൾ അവർ, താൻ കുടിച്ചുകൊണ്ടിരുന്ന ചായയിൽ മുക്കി, അതേതരം കേക്കിന്റെ ഒരു കഷണം അയാൾക്ക് തിന്നാൻ കൊടുക്കുമായിരുന്നു. ശൈശവത്തിലെ ആ സ്മരണയുടെ തള്ളിക്കയറ്റമാണ് ഇപ്പോൾ അതേതരം കേക്ക് ചായയോടൊപ്പം കഴിച്ചപ്പോൾ അയാളെ ആഹ്ലാദം കൊണ്ട് നിറച്ചത്. എന്നാൽ അതിന്റെ കാരണം കണ്ടുപിടിക്കാൻ അയാൾക്ക് പണിപ്പെടേണ്ടി വന്നു.

[തിരുത്തുക] അവലംബം

  1. Swan's Way Text Online - http://www.gutenberg.org/dirs/etext04/7swnn10.txt
"http://ml.wikipedia.org/w/index.php?title=പുനരനുഭവമിഥ്യ&oldid=1285412" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ