നാട്യഗൃഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നാടക അവതരണത്തിനുവേണ്ടി ഭരതമുനിയുടെ നാട്യശാസ്ത്രവിധി പ്രകാരം തയ്യാറാക്കുന്ന രംഗശാല. കേരളത്തിലെ കൂത്തമ്പലങ്ങൾക്ക് നാട്യഗൃഹവുമായി ഒരുപാട് സാമ്യതകളുണ്ടെങ്കിലും ആകൃതിയിലോ അളവിലോ പൂർണമായി ഭരതനിർദ്ദേശങ്ങൾ മാനിക്കുന്നില്ല. അഭിനേതാക്കൾക്ക് വേഷവിധാനമണിയാനും പല തലങ്ങളിൽ പ്രത്യക്ഷപ്പെട്ട് അഭിനയിക്കാനും, രംഗവാസികൾക്ക് നാടകം ആസ്വദിക്കാനും കഴിയണം. ഇതെല്ലാം കണക്കാക്കിയാണ് ഭരതൻ നാട്യഗൃഹനിർമിതിക്ക് നിർദ്ദേശങ്ങൾ നൽകുന്നത്. കഥാപാത്രങ്ങൾ ദേവന്മാരോ രാജാക്കന്മാരോ സാധാരണക്കാരോ എന്നതിനനുസരിച്ചും ആകാശഗമനം, യുദ്ധം തുടങ്ങിയവ രംഗത്ത് പ്രദർശിപ്പിക്കേണ്ടി വരുന്നതിനനുസരിച്ചും നാട്യഗൃഹത്തിന്റെ ആകൃതിയിലും വലിപ്പത്തിലും വ്യത്യാസം വേണ്ടിവരും. വികൃഷ്ടം (ദീർഘചതുരം), ചതുരശ്രം (ചതുരം), ത്യ്രശ്രം (മുക്കോൺ) എന്നിങ്ങനെ നാട്യഗൃഹത്തിനു ഭരതൻ മൂന്ന് ആകൃതി നിർദ്ദേശിക്കുന്നുണ്ട്. എന്നാൽ മുക്കോൺ ആകൃതിയിലുള്ളത് എങ്ങും കണ്ടിട്ടില്ല. വലിപ്പത്തെ അടിസ്ഥാനമാക്കി നാട്യഗൃഹത്തെ ജ്യേഷ്ഠം (വലുത്), മധ്യം (ഇടത്തരം), കനിഷ്ഠം (ചെറുത്) എന്നിങ്ങനെ മൂന്നായി തിരിക്കാം. 1063 അടി ആണ് വലുതിന്റെ നീളം. ചെറുതിന്റേത് 315 അടി, സാധാരണഗതിയിൽ 157.5 അടി നീളമുള്ള നാട്യഗൃഹമാണ് നിർമ്മിക്കാറുള്ളത്. ഗൃഹനിർമിതിക്കു തിരഞ്ഞെടുക്കേണ്ട ഭൂമിയുടെ സ്വഭാവം, മണ്ണിന്റെ നിറം, കുറ്റി അടിക്കേണ്ട രീതി, പ്രാരംഭ താന്ത്രികവിധികൾ ഇവയെല്ലാം നാട്യശാസ്ത്രത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. ഒന്നരക്കോൽ ഉയരമുള്ള രംഗപീഠത്തിന്റെ ഇരുപാർശ്വങ്ങളിലും തറകൾ ഉണ്ടായിരിക്കണം. ഇതിനുമുകളിൽ 19.5 അടി നീളവും 39.5 അടി വീതിയും ഉള്ള നാലു തൂണുകൾ വേണം. രംഗപീഠത്തിന്റെ പിന്നിലെ രംഗശീർഷത്തോടുചേർന്നാണ് അണിയറ (നേപഥ്യം). അണിയറയുടെ ഇരുഭാഗത്തും രംഗശീർഷത്തിലേക്കു പ്രവേശിക്കാൻ തക്കവിധം വാതിൽ ഉണ്ടാകണം. രംഗശീർഷം നിരപ്പും മിനുപ്പും ഉള്ളതാകണം. നാട്യഗൃഹത്തിലെ സ്തംഭങ്ങൾ, ജനൽ, മൂല, മറുവാതിൽ ഇവയൊന്നും നേർക്കുനേർ വരരുത്. നാട്യമണ്ഡപം ഇരുനിലകളായി നിർമിച്ച് ഇതിനു ചെറിയ ജനലുകൾ നൽകണം. നിലത്തുനിന്ന് 2.5 അടി പൊക്കമുള്ള രംഗപീഠം കാണത്തക്കവിധത്തിലായിരിക്കും ഇരിപ്പിടങ്ങൾ. പിന്നിലേക്കു പോകുന്തോറും പടികൾ ക്രമത്തിൽ ഉയർത്തി ഗാലറി രീതിയിൽ ആയിരിക്കും ഇരിപ്പിടങ്ങളുടെ നിർമ്മാണം. അണിയറയിലേക്ക് അഭിനേതാക്കൾക്ക് പ്രവേശിക്കാനും പ്രേക്ഷകർക്ക് നാട്യഗൃഹത്തിൽ പ്രവേശിക്കാനും വേറെ വേറെ വാതിലുകളും വേണം.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നാട്യഗൃഹം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നാട്യഗൃഹം&oldid=2283763" എന്ന താളിൽനിന്ന് ശേഖരിച്ചത്