ദശശ്ലോകി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വേദാന്തപ്രതിപാദകമായ സംസ്കൃത കൃതിയാണ് ദശശ്ലോകി. രാമാനുജ ശിഷ്യനായ നിംബാർക്കൻ(12-ാം ശ.) ആണ് ഇത് രചിച്ചത്. സിദ്ധരത്ന എന്ന പേരിലും ഈ കൃതി അറിയപ്പെടുന്നു. നിംബാർക്കൻ, അദ്ദേഹത്തിന്റെ വേദാന്തചിന്തകളുടെ അന്തഃസത്ത പത്ത് ശ്ലോകങ്ങളിലായി ആവിഷ്കരിച്ചിരിക്കുന്നു. ദ്വൈതാദ്വൈത (വിശിഷ്ടാദ്വൈത) സിദ്ധാന്തമാണ് ഇദ്ദേഹത്തിന്റെ മതം. ജീവൻ, ഈശ്വരൻ, പ്രപഞ്ചം എന്നിവയെക്കുറിച്ചുള്ള തന്റെ സവിശേഷമായ കാഴ്ചപ്പാടുകൾ ഈ ശ്ലോകങ്ങളിലൂടെ വ്യക്തമാക്കുന്നു. ഈ മൂന്ന് തത്ത്വങ്ങൾ ഗ്രഹിക്കുന്നതിനെയാണ് തത്ത്വജ്ഞാനം എന്ന് നിംബാർക്കൻ വിവക്ഷിക്കുന്നത്. ചിത്ത്, അചിത്ത് എന്നിവയാൽ വിശിഷ്ടമായ ബ്രഹ്മം ഏകവും അദ്വൈതവുമാണ്. അതിനാൽ വിഷ്ണു എന്ന നാമത്താൽ വ്യവഹരിക്കപ്പെടുന്ന പരനും വാസുദേവനും നാരായണനും ഒക്കെയാണ് ചിദ് അചിദ് എന്ന വിശിഷ്ടമായ ബ്രഹ്മശബ്ദത്താൽ വ്യവഹരിക്കപ്പെടുന്നത്. ഈ തത്ത്വമാണ് വിശിഷ്ടാദ്വൈത സിദ്ധാന്തത്തിന്റെ കാതൽ. ഗഹനമായ ഈ വിഷയത്തെ പത്ത് ശ്ലോകങ്ങളിലായി ക്രോഡീകരിച്ചിരിക്കുന്ന ഗ്രന്ഥമാകയാലാണ് ദശശ്ലോകി എന്ന പേരിൽ പ്രസിദ്ധമായത്.

പ്രത്യക്ഷം, അനുമാനം, ആഗമം എന്നീ മൂന്ന് പ്രമാണങ്ങളാണ് വിശിഷ്ടാദ്വൈതികൾക്കുള്ളത്. മോക്ഷമാണ് ജീവിതത്തിന്റെ പരമമായ ലക്ഷ്യം എന്നാണ് ദശശ്ലോകിയിലൂടെ നിംബാർക്കാചാര്യൻ വ്യക്തമാക്കിയിരിക്കുന്നത്. തത്ത്വങ്ങൾ (ചിത്ത്, അചിത്ത്, ഈശ്വരൻ) ഗ്രഹിക്കുന്നതിനെയാണ് തത്ത്വജ്ഞാനമെന്ന് വിശേഷിപ്പിക്കുന്നത്. തത്ത്വജ്ഞാനികൾക്കേ മോക്ഷപ്രാപ്തിയുള്ളൂ.

'വിശേഷണങ്ങളാൽ വിശിഷ്ടമായ അദ്വൈത സത്യമാണ് ബ്രഹ്മം' എന്ന അഭിപ്രായക്കാരായതിനാലാണ് ഇവരുടെ സിദ്ധാന്തത്തിന് 'വിശിഷ്ടാദ്വൈതം' എന്ന പേരിൽ പ്രസിദ്ധി ലഭിച്ചത്. ഈ വിശിഷ്ടാദ്വൈത സിദ്ധാന്തങ്ങളുടെ രത്നച്ചുരുക്കമാണ് ദശശ്ലോകിയിലുള്ളത്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദശശ്ലോകി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ദശശ്ലോകി&oldid=931298" എന്ന താളിൽനിന്ന് ശേഖരിച്ചത്