തകിട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലോഹത്തിന്റെ വളരെ നേർത്ത പാളി തകിട് എന്നപേരിൽ അറിയപ്പെടുന്നു. ലോഹങ്ങളുടെ സവിശേഷ ഗുണമായ തന്യത (Ductility)യാണ് തകിടുകളുണ്ടാക്കാൻ സാധിക്കുന്നതിനാധാരം. തന്യത വളരെ കൂടിയ ലോഹമായ സ്വർണത്തിൽ നിന്നാണ് ഏറ്റവും കനം കുറഞ്ഞ തകിടുണ്ടാക്കുവാൻ കഴിയുന്നത് (0.0000075 സെ.മീ.). ഏതാണ്ട് എല്ലാ ലോഹങ്ങളേയും അവയുടെ കട്ടികൂടിയ അലോയികളേയും തകിടുകളാക്കാൻ സാധിക്കും.

ലോഹഅയോണുകളും (M+) സംയോജക ഇലക്ട്രോണുകളും തമ്മിലുള്ള ബന്ധം (metallic bond) തീരെ ശക്തമല്ലാത്തതിനാൽ ഇലക്ട്രോണുകൾക്ക് M+ അയോണുകളുടെ ആകർഷണത്തിൽ നിന്ന് സ്വതന്ത്രമായി ചലിക്കുവാൻ സാധിക്കുന്നു. മാത്രമല്ല, ലോഹബന്ധങ്ങൾക്ക് സ്ഥിരമായ ഒരു ദിശയില്ല. M+ അയോണും സംയോജക ഇലക്ട്രോണുകളും തമ്മിലുള്ള ബന്ധം എല്ലാ ദിശ കളിലും തുല്യമായിരിക്കും. കൂടാതെ ലോഹ അയോണുകളും ക്രിസ്റ്റലിന്റെ ജാലികാ (lattice) ഘടനയും തമ്മിലുള്ള ബന്ധവും ദൃഢമല്ല. അതിനാൽ M+അയോണുകൾക്ക് ഒരു ജാലികത്തിൽ നിന്ന് മറ്റൊന്നിലേക്ക് അനായാസേന മാറുവാൻ സാധിക്കും. എന്നാൽ ക്രിസ്റ്റലിനെ സംബന്ധിച്ചിടത്തോളം യാതൊരു മാറ്റവും സംഭവിക്കുന്നില്ല. കാരണം സ്ഥാനീകൃതമല്ലാത്ത ഇലക്ട്രോണുകൾ ക്രിസ്റ്റലിന്റെ എല്ലായിടത്തും ലഭ്യമാണ്. ഇപ്രകാരം ലോഹബന്ധങ്ങൾ യഥേഷ്ടം മാറുവാനും പുതിയവ സ്ഥാപിക്കുവാനും സാധിക്കുന്നതിനാലാണ് ലോഹങ്ങളെ ഇടിച്ചു പരത്തി നേർത്ത തകിടുകളാക്കുവാൻ കഴിയുന്നത്.

അലൂമിനിയം തകിട്[തിരുത്തുക]

ഏറ്റവുമധികം ഉത്പാദിപ്പിക്കപ്പെടുന്ന ലോഹത്തകിട് അലൂമിനിയത്തിന്റേതാണ്. 0.0005 സെ.മീ. മാത്രം കനമുള്ള അലൂമിനിയം തകിടുകളുണ്ടാക്കുവാൻ കഴിയും. 0.0005- 0.0017 സെ.മീ. വരെ തകിടുകളുണ്ടാക്കാൻ ശുദ്ധമായ അലൂമിനിയവും കൂടുതൽ ബലമുള്ള തകിടുകളുണ്ടാക്കാൻ അലൂമിനിയം അലോയികളും ഉപയോഗിക്കുന്നു. ഭക്ഷ്യവസ്തുക്കളും മറ്റും പൊതിയാനുള്ള പായ്ക്കിങ് സാമഗ്രിയായി അലൂമിനിയം തകിടുകൾ വ്യാപകമായി ഉപയോഗിക്കുന്നു. ഈർപ്പമോ വായുവോ കടക്കുന്നില്ല, ദുർഗന്ധമോ അരുചിയോ സൃഷ്ടിക്കുന്നില്ല, തുരുമ്പെടുക്കുന്നില്ല എന്നിവയാണ് ഒരു പായ്ക്കിങ് സാമഗ്രിയെന്ന നിലയ്ക്ക് അലൂമിനിയം തകിടുകളെ മേന്മയുള്ളതാക്കുന്നത്. കപ്പാസിറ്ററുകൾ, കളിപ്പാട്ടങ്ങൾ, ഗാസ്കറ്റുകൾ, കുഴലുകളുടെ ആവരണം, ഛായാഗ്രഹണ തകിടുകൾ, ആശ്മ മുദ്രണ പാളി (lithographic plates)കൾ എന്നിവയുടെ നിർമ്മാണത്തിന് അലൂമിനിയം തകിടുകൾ ഉപയോഗിക്കുന്നു.

ഈയ(ലെഡ്)ത്തകിടുകളും തകര(ടിൻ)ത്തകിടുകളും[തിരുത്തുക]

ക്രിസ്മസ് ട്രീ അലങ്കരിക്കുന്നതിനും വൈദ്യുത കണ്ടൻസറുകൾ, വാഹനങ്ങളിലെ റേഡിയേറ്ററുകൾ എന്നിവയിലും എക്സ്റേ ഫിലിമുകളുടെ പായ്ക്കിങ് സാമഗ്രിയായും ടിൻ-ഈയത്തകിടുകൾ ഉപയോഗിക്കാറുണ്ട്. ടിൻ തകിടുകൾക്ക് വില കൂടുതലായതിനാൽ ഒരു പായ്ക്കിങ് സാമഗ്രി എന്ന നിലയിൽ ഇതിനുപകരം അലൂമിനിയം തകിടുകളാണ് ഇന്ന് വ്യാപകമായി ഉപയോഗിച്ചു വരുന്നത്. കണ്ടൻസർ തകിടുണ്ടാക്കാൻ ടിൻ-ഈയ അലോയി (83 ശ.മാ. Sn, 15 ശ.മാ. Pb, 2 ശ.മാ. Sb) ആണ് പ്രയോജനപ്പെടുത്തുന്നത്.

സ്വർണത്തകിട്[തിരുത്തുക]

സ്വർണത്തകിടുകളെ വീണ്ടും അടിച്ചു പരത്തി അതീവ നേർത്ത തകിടു(Gold leaf)കളാക്കാൻ സാധിക്കും. കൃത്രിമ പല്ലുകളുണ്ടാക്കാനും പല്ലുകളിലെ ദ്വാരങ്ങൾ അടയ്ക്കാനും കളിമൺപാത്രങ്ങളും ഗ്ളാസും അലങ്കരിക്കാനും സ്വർണ ത്തകിടുകളുപയോഗിച്ചുവരുന്നു.

ലോഹത്തകിടുകൾക്ക് മതപരമായ പ്രാധാന്യവും കല്പിച്ചു കാണുന്നു. ദേഹരക്ഷ, ശത്രുസംഹാരം, അഭീഷ്ടസിദ്ധി തുടങ്ങിയവയ്ക്കായി തകിടു ജപിച്ചുകെട്ടുന്ന പതിവുണ്ട്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തകിട് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തകിട്&oldid=2366911" എന്ന താളിൽനിന്ന് ശേഖരിച്ചത്