Jump to content

പ്രകൃതി നിർദ്ധാരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഡാർവിനിസം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പരിണാമത്തിനു പിന്നിലെ അടിസ്ഥാന കാരണം എന്ന നിലയിൽ ഡാർവിൻ മുന്നോട്ടുവച്ച ആശയമാണ് പ്രകൃതി നിർധാരണം.അനുകൂലമായവയുടെ തിരഞ്ഞെടുക്കലിനെയും അനുകൂല ക്ഷമത കുറഞ്ഞവയുടെ തിരസ്കരണത്തെയുമാണ് ഡാർവിൻ ഈ പദപ്രയോഗത്തിലൂടെ വിശദീകരിച്ചത്. ജനിതകപരമോ പെരുമാറ്റപരമോ ഘടനാപരമോ ആയ വ്യതിയാനങ്ങൾ ജീവികൾ മാറുന്ന പരിസ്ഥിതിയ്ക്കനുസരിച്ച് പ്രകടിപ്പിക്കുന്നു. ഇത്തരം വ്യതിയാനങ്ങളിൽ പരിസ്ഥിതിയോട്‌ കൂടുതൽ യോജിച്ചു പോകുന്ന വ്യതിയാനങ്ങൾ കാണിക്കുന്നവ നിലനിൽക്കുകയും അല്ലാത്തവ നശിക്കുകയും ചെയ്യുന്നു(survival of the fittest). ഇത്തരം അനുകൂല വ്യതിയാനങ്ങൾ ഉള്ള ജീവജാലങ്ങളെ മാത്രം പ്രകൃതി തെരഞ്ഞെടുത്ത് നിലനിർത്തുകയും അല്ലാത്തവ നശിക്കുകയും ചെയ്യുന്നു. ജീവികൾ പ്രകടിപ്പിക്കുന്ന അനുകൂലവ്യതിയാനങ്ങൾ തലമുറതലമുറകളായി കൈമാറ്റം ചെയ്ത് പുതിയ ജീവിവർഗ്ഗങ്ങൾ രൂപപ്പെടുന്നു. ഇത്തരത്തിലുള്ള ശാസ്ത്രീയപരിണാമവിശകലനം ആദ്യമായി നടത്തിയത് ചാൾസ് ഡാർവിൻ ആണ്. അതിനാൽ ഈ സിദ്ധാന്തം പ്രകൃതിനിർദ്ധാരണസിദ്ധാന്തം അഥവാ ഡാർവിനിസം[2] എന്നറിയപ്പെടുന്നു.കൂടിയതോ കുറഞ്ഞതോ ആയ ശരീര വലിപ്പം പ്രതികൂല പാരിസ്ഥിതിക ഘടകങ്ങളെ അതിജീവിക്കാനുള്ള കഴിവ്, രോഗങ്ങളെയും ശത്രുക്കളെയും പ്രതിരോധിക്കാനുള്ള ശേഷി എന്നിങ്ങനെ,അതിജീവനത്തോട് അനുകുല്യം കാണിക്കുന്ന എല്ലാ സ്വഭാവ സവിശേഷതകളെയും ഡാർവിൻ പ്രകൃതി നിർധാരണമെന്ന് വിളിച്ചു. പാരിസ്ഥിതിക,ശാരീരിക കാര്യക്ഷമതയെയും ഈർജ്ജത്തെയും മിതമായി ചിലവിടുന്ന എന്തിനെയും പ്രകൃതി നിർധാരണം അനുകൂലിക്കും അങ്ങനെ നിർധാരണ ആനുകൂല്യം കാണിക്കുന്ന ഏതൊരു ജീവിയും അടുത്ത തലമുറയിലേക്കുള്ള ജീൻസഞ്ചയത്തിലേക്ക് ജനിതക രൂപങ്ങൾ സംഭാവന ചെയ്യും.അത് ജീവ സമൃദ്ധിയുടെ ആനുകുല്യങ്ങൾ കൂടുതൽ മെച്ചപ്പെട്ടതാക്കും.ജീവികളുടെ പ്രകട രൂപങ്ങൾ തമ്മിൽ ജനിതക വ്യത്യാസങ്ങളുണ്ടായാൽ മാത്രമേ നിർധാരണം വഴി പരിണാമം സംഭവിക്കുകയൊള്ളൂ.ജനിതക വ്യത്യാസം പ്രകടിപ്പിക്കുന്ന പ്രകടരൂപങ്ങളുള്ള ജീവികൾക്ക് മികച്ച പ്രജനനക്ഷമതയുണ്ടായാൽ മാത്രമേ പുതിയ ജീനുകൾ അടുത്ത തലമുറയിലേക്ക് പകർന്നു നൽകപ്പെടുകയൊള്ളൂ.

പ്രധാനതത്വങ്ങൾ

[തിരുത്തുക]

പ്രകൃത്യായുള്ള അമിതോൽപ്പാദനം

[തിരുത്തുക]

ജീവജാതികൾ നിലനിൽക്കാൻ കഴിയുന്നതിലും കൂടുതൽ സന്താനങ്ങളെ ഉത്പാദിപ്പിക്കുന്നു. ഒറ്റവർഷം കൊണ്ട് ഒരു ജീവഗണം പരിസ്ഥിതിനിയന്ത്രണങ്ങളൊന്നുമേൽക്കാതെ ഇരട്ടിയായാൽ അടുത്തവർഷം അവ നാലിരട്ടിയോളം വർദ്ധിക്കുന്ന തരത്തിൽ ക്ഷേത്രഗണിതരീതിയിലാണ് അമിതോൽപ്പാദനം നടക്കുന്നത്. 80 ദശലക്ഷം മുട്ടകൾ ഒരു സീസണിൽ ഇടുന്ന അറ്റ്ലാന്റിക് തീരത്തെ ഓയിസ്റ്റർ ഉദാഹരണമാണ്. ഏറ്റവും കുറഞ്ഞ നിരക്കിൽ മാത്രം സന്താനോത്പാദനം നടത്തുന്ന ഒരു ജോടി ആന 800 വർഷത്തിനകം 29 ദശലക്ഷം സന്താനങ്ങളെ ഉത്പാദിപ്പിക്കും എന്ന് ഡാർവ്വിൻ കണ്ടെത്തി.[1]

വ്യതിയാനങ്ങളുടെ ശാശ്വതത്വം

[തിരുത്തുക]

പ്രപഞ്ചത്തിലെ ജീവജാലങ്ങളെല്ലാം അവയുടെ ഘടനയിലോ പെരുമാറ്റത്തിലോ തുടർച്ചയായ വ്യതിയാനങ്ങൾ കാണിക്കുന്നു. വ്യതിയാനങ്ങൾ എങ്ങനെ രൂപപ്പെടുന്നു എന്ന് ഡാർവിന് വിശദീകരിക്കാൻ കഴിഞ്ഞിരുന്നില്ല. തുടർച്ചയായുണ്ടാകുന്ന വ്യതിയാനങ്ങൾ അനുഗുണമോ ഗുണകരമല്ലാത്തതോ ആകാം. പ്രകൃതിയുടെ മാറ്റങ്ങൾക്കനുസരിച്ച് ഗുണപരമായ വ്യതിയാനങ്ങൾ ഉള്ളവ നിലനിൽക്കുകയും അല്ലാത്തവ നശിക്കുകയും ചെയ്യുന്നു. ആകസ്മികമായുണ്ടാകുന്ന ജനിതകവ്യതിയാനങ്ങളായ ഉൽപരിവർത്തനം, ജീവിഗണങ്ങളുടെ വിതരണത്തിലുണ്ടാകുന്ന ഒറ്റപ്പെടൽ ഇവയൊക്കെ വ്യതിയാനങ്ങൾ രൂപപ്പെടുത്താമെന്ന് പിന്നീട് ഡാർവിന്റെ ഈ ആശയത്തോട് കൂട്ടിച്ചേർക്കപ്പെട്ടു.[2]

നിലനിൽപ്പിനുവേണ്ടിയുള്ള സമരം

[തിരുത്തുക]

ഓരോ ജീവിവർഗ്ഗവും ഉത്പാദിപ്പിക്കുന്ന സന്താനങ്ങളുടെ എണ്ണം പൊതുവേ സ്ഥിരമാണ്. എന്നാൽ ഉത്പാദിപ്പിക്കപ്പെടുന്ന എല്ലാ ജീവജാലങ്ങൾക്കും ആവശ്യമായ ഭക്ഷണം, വാസസ്ഥാനം, ഇണകൾ എന്നിവയ്ക്കായി ഇവർക്ക് കടുത്ത മത്സരത്തെ നേരിടേണ്ടിവരുന്നു. ജീവജാതികൾക്കിടയിലും വ്യത്യസ്ത ജീവജാതികൾ തന്നെയും (interspecies and intra specific)ഇത്തരം മത്സരത്തിൽ പങ്കെടുക്കുന്നു. കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നു എന്ന് വിവക്ഷിക്കാവുന്ന തരത്തിലാണ് ഇവയുടെ മത്സരം. സസ്യങ്ങളും ജന്തുക്കളും അതിശൈത്യത്തെയും വരൾച്ചയെയും നേരിടുന്ന തരത്തിലുള്ള അവധാനത ഈ മത്സരത്തിനില്ല.[3]

അനുയോജ്യരുടെ അതിജീവിക്കൽ അഥവാ പ്രകൃതിനിർദ്ധാരണം

[തിരുത്തുക]

അനുഗുണവ്യതിയാനങ്ങൾ ഉള്ളവ പരിസ്ഥിതിയുടെ മാറ്റങ്ങളെ അതിജീവിക്കാൻ പര്യാപ്തമാണ്. ജനിതകഎഞ്ചിനീയറിംഗിൽ ആന്റിബയോട്ടിക്കുകളോട് പ്രതിരോധശേഷി നേടുന്ന ബാക്ടീരിയങ്ങൾ ചെയ്യുന്ന അതേ ജൈവപരത ഇവിടെയും ദൃശ്യമാണ്. ഗുണകരമല്ലാത്ത വ്യതിയാനങ്ങൾ പ്രകടിപ്പിക്കുന്നവ പരിസ്ഥിതിയുടെ മാറ്റങ്ങളെ ഉൾക്കൊള്ളാനാകാതെ നശിപ്പിക്കപ്പെടുന്നു. യഥാർത്ഥത്തിൽ ഈ കാഴ്ചപ്പാട് ഹെർബേർട്ട് സ്പെൻസറിന്റേതാണ് ഇത്തരത്തിൽ പ്രകൃതി തന്നിൽ നിലനിൽക്കാവുന്ന ജീവജാലങ്ങളെ ഫലപ്രദമായി തിരഞ്ഞെടുക്കുന്നു.

അനുഗുണവ്യതിയാനങ്ങളുടെ പാരമ്പര്യപ്രേഷണവും പുതിയ ജീവിവർഗ്ഗോൽപാദനവും

[തിരുത്തുക]

അനുഗുണവ്യതിയാനങ്ങളുള്ളവ സ്വതേ ഘടനയിലും പെരുമാറ്റത്തിലും ജീവധർമ്മങ്ങളിലും പ്രകൃത്യാനുകൂലസന്താനങ്ങളെ ഉത്പാദിപ്പിക്കുന്നു. തലമുറകളിലൂടെ ഈ ഗുണവിശേഷങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നു. കൈമാറ്റം ചെയ്യപ്പെടുന്ന വ്യതിയാനങ്ങൾ കാലക്രമേണ പുതിയ ജീവിവർഗ്ഗങ്ങളുടെ രൂപവൽക്കരണത്തിന് സഹായിക്കുന്നു.

നിയോഡാർവിനിസം

[തിരുത്തുക]

ചാൾസ് ഡാർവ്വിന്റെ പ്രകൃതിനിർദ്ധാരണസിദ്ധാന്തത്തിനോട് പിന്നീടുകണ്ടെത്തിയ ജീൻ- ക്രോമസോം സവിശേഷതകൾ, ഒറ്റപ്പെടൽ, ഉൽപ്പരിവർത്തനം എന്നിങ്ങനെയുള്ള വസ്തുതകളും കൂട്ടിച്ചേർത്തു പുതുക്കപ്പെടുകയുണ്ടായി. മോഡേൺ സിന്തസിസ്[4] എന്നും ഇത് അറയപ്പെടുന്നു. ജൂലിയൻ ഹക്സിലി, R. A. ഫിഷർ, JBS ഹാൽഡെയ്ൻ തുടങ്ങിയവരാണ് നിയോഡാർവ്വിനിസത്തിന്റെ ഉപജ്ഞാതാക്കൾ. കാലക്രമേണ മോഡേൺ സിന്തറ്റിക് സിദ്ധാന്തത്തിന് നിയതസ്വഭാവം കൈവന്നു. ഇതിൽ ഉൽപ്പരിവർത്തനം, വ്യതിയാനം അഥവാ ജനിതക പുനഃസംയോജനം, പാരമ്പര്യം, പ്രകൃതിനിർദ്ധാരണം, ഒറ്റപ്പെടൽ, പുതിയ ജീവിവർഗ്ഗങ്ങളുടെ ഉൽപ്പത്തി എന്നീ ഘട്ടങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

വിമർശനങ്ങൾ

[തിരുത്തുക]

അനുയോജ്യരുടെ അതിജീവിക്കൽ(survival) സൂചിപ്പിക്കുന്ന ഈ സിദ്ധാന്തത്തിൽ അനുയോജ്യതയുടെ വരവിനെപ്പറ്റി(arrival) പറയുന്നില്ല. അസ്ഥിരവ്യതിയാനങ്ങളുടെ പ്രാതിനിദ്ധ്യമില്ലായ്മയും അവയവങ്ങളുടെ ലോപിക്കലിനു നിദാനമായ വസ്തുതകൾ ഉൾക്കൊള്ളാത്തതും പ്രജനനത്തിലൂടെ ജീൻമിശ്രണം നടക്കുമ്പോൾ അനുഗുണവ്യതിയാനങ്ങൾ ലയിപ്പിക്കപ്പെടുന്നതും ഈ സിദ്ധാന്തത്തിന് വിമർശനങ്ങൾ തീർത്തു. ഈ സിദ്ധാന്തം ശരിയാവണമെങ്കിൽ ഒരു വിഭാഗത്തിൽപെട്ട എല്ലാ ജീവജാതികളേയും ബന്ധിപ്പിക്കുന്ന നിരവധി മധ്യവർഗ ഫോസിൽ രേഖകൾ കണ്ടെത്തേണ്ടതുണ്ട്‌ (The Origin of Species ). പക്ഷേ അതുണ്ടായിട്ടില്ല. ബ്രിട്ടീഷ്‌ ഫോസിൽ വിദഗ്ദ്ധൻ ഡെരിക്‌ വിഭർഗ്‌ പറഞ്ഞത്‌ ഫോസിൽ രേഖകൾ സൂചിപ്പിക്കുന്നത്‌ അനുക്രമമായ മാറ്റമല്ല മറിച്ച്‌ പൊടുന്നനെയുള്ള ജൈവ വിസ്ഫോടനമാണ്‌ എന്നാണ്‌.[6]

അവലംബം

[തിരുത്തുക]
  1. Cell Biology, Genetics, Molecular Biology, Evolution and Ecology, Chapter 5, Genetic Engineering, P.S.Verma and V.K.Agarwal, S.Chand Publications, 2007 Reprint, page 60
  2. Cell Biology, Genetics, Molecular Biology, Evolution and Ecology, Chapter 5, Genetic Engineering, P.S.Verma and V.K.Agarwal, S.Chand Publications, 2007 Reprint, page 60
  3. Cell Biology, Genetics, Molecular Biology, Evolution and Ecology, Chapter 5, Genetic Engineering, P.S.Verma and V.K.Agarwal, S.Chand Publications, 2007 Reprint, page 61, Paragraph 2
  4. http://en.wikipedia.org/wiki/Modern_synthesis വിക്കിപ്പീഡിയ പേജ്
"https://ml.wikipedia.org/w/index.php?title=പ്രകൃതി_നിർദ്ധാരണം&oldid=3988435" എന്ന താളിൽനിന്ന് ശേഖരിച്ചത്