ജോൺ കോക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റവ. ജോൺ കോക്സ്
റവ. ജോൺ കോക്സ്
ജനനം
ജോൺ കോക്സ്

(1811-03-31)മാർച്ച് 31, 1811
മരണം
നെയ്യൂർ, തിരുവിതാംകൂർ
തൊഴിൽമിഷനറി
അറിയപ്പെടുന്നത്തിരുവനന്തപുരത്ത് ആദ്യ പ്രൊട്ടസ്റ്റന്റ് പള്ളി, നഗരത്തിലെ ആദ്യ പള്ളി, ആദ്യ റസിഡൻഷ്യൽ സ്കൂൾ എന്നിവ സ്ഥാപിച്ചു

തിരുവിതാംകൂറിലെ ആദ്യ മിഷനറി പ്രവർത്തകരിലൊരാളാണ് റവ. ജോൺ കോക്‌സ്. തിരുവനന്തപുരത്ത് മിഷൻ കേന്ദ്രം, ആദ്യ പ്രൊട്ടസ്റ്റന്റ് പള്ളി, നഗരത്തിലെ ആദ്യ പള്ളി, ആദ്യ റസിഡൻഷ്യൽ സ്കൂൾ എന്നിവ സ്ഥാപിച്ചത് ഇദ്ദേഹമാണ്. [1]

ജീവിതരേഖ[തിരുത്തുക]

ഇംഗ്ലണ്ടിലെ ഗ്ലൗസസ്റ്റർഷെയറിലെ പെയിൻസ്‌വിക്കിൽ 1811 മാർച്ച് 31-ന് ജോണിന്റെയും എലിസബത്ത് കോക്‌സിന്റെയും രണ്ടാമത്തെ മകനായി ജോൺ കോക്‌സ് ജനിച്ചു. സാറ ഡൗണിങ്‌ കഫ് ആണ് ഭാര്യ. കോക്‌സിന്റെ ഭാര്യ സാറയും മിഷണറി പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. അസുഖത്തെത്തുടർന്ന് സാറ 1859 നവംബർ 12-ന് മരിച്ചു. മിഷണറി പ്രവർത്തനത്തിന്റെ ഭാഗമായി ശ്രീലങ്കയിൽ പോയ കോക്‌സ് കുതിരസവാരിക്കിടെ വീണ് കാലിൽ ഒടിവ് സംഭവിച്ചു. മടങ്ങിയെത്തിയ കോക്‌സിനെ ശുശ്രൂഷിച്ച തദ്ദേശീയയായ സ്ത്രീയെ 1861-ൽ വിവാഹം കഴിച്ചു. മിഷണറിമാരിൽ ഇത് അതൃപ്തി ഉളവാക്കി. തുടർന്ന് മിഷണറിമാരുടെ തിരുവിതാംകൂർ ഡിസ്ട്രിക്ട് കമ്മിറ്റി അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടു. എൽ.എം.എസിൽ നിന്ന് രാജിെവച്ചശേഷവും മിഷണറിമാരുമായി സഹകരിച്ച് പിന്നാക്ക വിഭാഗങ്ങൾക്കിടയിലെ പരിവർത്തനത്തിനു പ്രവർത്തിച്ചു. തെക്കൻ തിരുവിതാംകൂറിൽ സാൽവേഷൻ ആർമിയുടെ പ്രവർത്തനം ആരംഭിച്ചത് കോക്‌സിന്റെ ശ്രമഫലമായാണ്. പിന്നാക്ക ദളിത് വിഭാഗത്തിന്റെ ഉന്നമനമാണ് സാൽവേഷൻ ആർമിയിലൂടെ കോക്‌സ് ലക്ഷ്യമിട്ടത്. ദീർഘകാലത്തെ അസുഖത്തെ തുടർന്ന് 1895 മാർച്ച് 24-ന് നെയ്യൂർ മിഷൻ ആശുപത്രിയിൽെവച്ച് അന്തരിച്ചു.[2]

തിരുവിതാംകൂറിൽ[തിരുത്തുക]

എൽ.എം.എസിന്റെ (ലണ്ടൻ മിഷണറി സൊസൈറ്റി) മിഷണറി പ്രവർത്തനങ്ങളുടെ ഭാഗമായാണ് റവ. ജോൺ കോക്‌സ് തിരുവിതാംകൂറിൽ എത്തുന്നത്. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ റവ. ജോൺ കോക്‌സും ഭാര്യ സാറ ഡൗണിഫ് കഫും 1838 മാർച്ച് 31-ന് കൊല്ലത്തെത്തി. കോക്‌സും റവ. ചാൾസ് മീഡും ഏപ്രിൽ മൂന്നിന് തിരുവനന്തപുരത്തെത്തി റസിഡന്റ് കേണൽ എസ്.ഫ്രേസറുമായി മിഷൻ കേന്ദ്രം ആരംഭിക്കാൻ ദിവാന്റെ അനുമതി ലഭ്യമാക്കുന്ന വിഷയം ചർച്ച ചെയ്തു.

തിരുവനന്തപുരത്തെ പ്രാന്തപ്രദേശമായ കണ്ണമ്മൂലക്കുന്ന് മിഷൻ കേന്ദ്രം ആരംഭിക്കുന്നതിന് അനുയോജ്യമായ സ്ഥലമായി കോക്‌സും മീഡും കണ്ടെത്തി. കണ്ണമ്മൂലക്കുന്നിനോടുള്ള താത്‌പര്യം മിഷണറിമാർ ദിവാനെ അറിയിച്ചു. ദിവാനായ വെങ്കട്ടറാവു പറഞ്ഞതനുസരിച്ച് മിഷൻ കേന്ദ്രം ആരംഭിക്കാൻ രാജാവ് കണ്ണമ്മൂലക്കുന്ന് സൗജന്യമായി മിഷണറിമാർക്ക് നൽകി. തദ്ദേശീയരായ പ്രൊട്ടസ്റ്റന്റ് സഭാവിശ്വാസികൾക്കു വേണ്ടി തിരുവനന്തപുരത്തെ ആദ്യ ആരാധന മേയ് 13-ന് തമിഴിൽ കോക്‌സ് ഇവിടെ നടത്തി. 1839-ൽ കണ്ണമൂലക്കുന്നിൽ ബംഗ്ലാവ് സ്ഥാപിച്ച കോക്‌സ് ബ്രിട്ടീഷുകരുടെ അഭ്യർത്ഥനപ്രകാരം ഇംഗ്ലീഷ് ആരാധനയും നടത്തി. 1840 ഫെബ്രുവരി 10-ന് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടി ബോർഡിങ്‌ സ്കൂൾ (റസിഡൻഷ്യൽ സ്കൂൾ) സ്ഥാപിച്ചു. 1843 ജനുവരി 22-ന് നഗരത്തിലെ രണ്ടാമത്തെ പള്ളി ഹൈഫീൽഡ് ചാപ്പൽ ഇവിടെ സ്ഥാപിച്ചു.[3]

കോക്‌സ് മിഷണറി പ്രവർത്തനങ്ങൾക്ക് എത്തുമ്പോൾ നഗരത്തിൽ പള്ളി ഉണ്ടായിരുന്നില്ല. റസിഡന്റ് ഫ്രേസർ മുൻകൈയെടുത്ത് തിരുവനന്തപുരത്തെ ബ്രിട്ടീഷുകാർക്ക് വേണ്ടി കന്റോൺമെന്റിൽ ചാപ്പൽ (പള്ളി) നിർമിക്കുന്നതിന് ശ്രമം തുടങ്ങിയിരുന്നു. ഫ്രേസറുടെ ആവശ്യപ്രകാരം കോക്‌സ് കേരള സർവകലാശാല ലൈബ്രറി ഇന്ന് സ്ഥിതിചെയ്യുന്നതിന്റെ പടിഞ്ഞാറ് വശത്ത് ചാപ്പൽ നിർമാണം ആരംഭിച്ചു. തിരുവനന്തപുരത്തെ ആദ്യ പ്രൊട്ടസ്റ്റന്റ് പള്ളിയും നഗരത്തിലെ ആദ്യ ക്രിസ്ത്യൻ പള്ളിയും ഇതാണ്. പേട്ടയിൽ നടത്തിവന്ന തമിഴ് ആരാധനയും മലയാളം ആരാധനയും ഇവിടെ ആരംഭിച്ചു. കന്റോൺമെന്റ് ചാപ്പലാണ് ഇന്ന് കാണുന്ന പാളയം എം.എം. ചർച്ചായി മാറിയത്. 1842 ആയപ്പോൾ ആൺകുട്ടികൾക്ക് 14 സ്കൂളുകളും പെൺകുട്ടികൾക്ക് മൂന്ന്‌ സ്കൂളുകളും ആരംഭിച്ചിരുന്നു. കാട്ടാക്കട പരുത്തിപ്പള്ളിയിൽ 300 ഏക്കർ കൃഷി ഭൂമി വാങ്ങി ഭൂരഹിതരായ പിന്നോക്ക ദളിത് വിഭാഗങ്ങൾക്ക് നൽകി. തിരുവിതാംകൂറിൽ നിലനിന്നിരുന്ന അടിമത്തം അവസാനിപ്പിക്കാൻ നടത്തിയ പ്രയത്നിച്ചു.

അവലംബം[തിരുത്തുക]

  1. https://www.google.com/search?client=ubuntu&channel=fs&q=ജോൺ+കോക്സ്&ie=utf-8&oe=utf-8
  2. http://www.csikattakada.in/index.php/heritage
  3. https://www.mathrubhumi.com/thiruvananthapuram/nagaram/article-1.2847299[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ജോൺ_കോക്സ്&oldid=3804605" എന്ന താളിൽനിന്ന് ശേഖരിച്ചത്