ചെറ്യെൻകോഫ് വികിരണം
ഒരു ചാർജ്ജിത കണം (ഉദാ: പ്രോട്ടോൺ) ഡൈഇലക്ട്രികതയുള്ള ഒരു അചാലകത്തിലൂടെ (insulator) അതിലെ പ്രകാശത്തിന്റെ സാധാരണ വേഗതയേക്കാൾ കൂടിയ വേഗത്തിൽ സഞ്ചരിക്കുമ്പോൾ പ്രസ്തുത മാധ്യമത്തിൽ നിന്ന് പ്രസരിപ്പിക്കപ്പെടുന്ന വിദ്യുത്കാന്തിക തരംഗത്തേയാണ് ചെറ്യെൻകോഫ് റേഡിയേഷൻ (Cherenkov radiation) എന്നു പറയുന്നത്. റഷ്യൻ ശാസ്ത്രജ്ഞനായ പവേൽ അലെക്സീവിച്ച് ചെറ്യെൻകോഫ് (1958ലെ ഭൗതികശാസ്ത്ര നോബൽ സമ്മാനജേതാവ്) ആണു ഈ പ്രസരണത്തിന്റെ പ്രത്യേകതകൾ കൂലംകുഷമായി പഠിക്കുവാൻ ശ്രമിച്ചത്. ഈ മേഖലയിൽ അദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ചാണു പ്രസരണത്തിനു ചെറ്യെൻകോഫ് റേഡിയേഷൻ എന്നു പേരിട്ടത്. ന്യൂക്ലിയാർ റിയാക്ടറുകളുടെ വൈശിഷ്ട്യഗുണമായ നീല ദീപ്തി ചെറ്യെൻകോഫ് റേഡിയേഷൻ വഴി വരുന്നതാണ്.
[തിരുത്തുക] സാങ്കേതിക വിശദീകരണം
പ്രകാശം ശൂന്യതയിലൂടെ സഞ്ചരിക്കുന്ന വേഗം ഒരു സ്ഥിരാങ്കമാണെങ്കിലും ദ്രവ്യമാധ്യമങ്ങളിലൂടെയുള്ള അതിന്റെ വേഗം സ്ഥിരമല്ല. ഉദാഹരണത്തിനു ജലത്തിലൂടെ അത് സാധാരണ സഞ്ചരിക്കുന്നത് ശൂന്യതയിലെ വേഗത്തിന്റെ 0.75 ഗുണിത വേഗതയിൽ മാത്രമാണ്. ഡൈഇലക്ട്രികതയുള്ള ഒരു അചാലകത്തിലൂടെ (ഉദാ :ജലം) ചാർജ്ജുള്ള ഒരു കണം അതേ മാധ്യമത്തിലൂടെ, പ്രകാശം സാധാരണഗതിയിൽ സഞ്ചരിക്കുന്ന വേഗത്തേക്കാൾ ഉയർന്ന വേഗതയിൽ, സഞ്ചരിക്കുമ്പോൾ പ്രാദേശികമായി ഉണ്ടാകുന്ന വിദ്യുത്കാന്തിക തരംഗങ്ങളാണ് ചെറ്യെൻകോഫ് തരംഗങ്ങൾ (ഒരു ദ്രവ്യമാധ്യമത്തിലെ പ്രകാശത്തിന്റെ വേഗതയെ ഏതെങ്കിലും കണം മറികടക്കുന്നത് ആപേക്ഷികതാസിദ്ധാന്തത്തെ നിരാകരിക്കുന്നില്ല എന്നോർക്കുക).
ചാർജ്ജുള്ള കണം അതിവേഗം കടന്നു പോകുന്ന ഡൈഇലക്ട്രിക് ദ്രവമാധ്യമത്തിലെ അണുക്കളിൽ നിന്നും ഇലക്ട്രോണുകൾ നിഷ്കാസിതരാവുകയും അണുക്കൾ ധ്രുവീകൃതമാകുകയും ചെയ്യുന്നു. പ്രസ്തുതകണത്തിന്റെ വേഗം ക്രമേണ ആ ദ്രവമാധ്യമത്തിലൂടെയുള്ള പ്രകാശവേഗതയിലേക്ക് താഴുന്നതോടെ ധ്രുവീകൃതരാക്കപ്പെടുന്ന (polarized) അണുക്കളും നിഷ്കാസിതരാക്കപ്പെടുന്ന ഇലക്ട്രോണുകളും അവയുടെ അടിസ്ഥാന ഊർജ്ജനിലയിലേക്ക് (ground state) മടങ്ങിവരുന്നു. ഇതു സംഭവിക്കുന്നതോടെ അവയുടെ “അധിക”ഊർജ്ജം ഫോട്ടോണുകളുടെ രൂപത്തിൽ ഉത്സർജ്ജിക്കപ്പെടുന്നതാണ് നാം ചെറ്യെൻകോഫ് വികിരണമായി കാണുന്നത്. സാധാരണ നിലയ്ക്ക് ഈ ഫോട്ടോണുകൾ തങ്ങളിൽ നശീകരണാത്മകമായ വ്യതികരണം(destructive interference) നടക്കുന്നതു മൂലം പ്രകാശം ദൃശ്യമാകുന്നില്ല. എന്നാൽ പ്രസ്തുത മാധ്യമത്തിലൂടെ പ്രകാശം സഞ്ചരിക്കാവുന്ന വേഗത്തിലും കൂടുതൽ വേഗത്തിൽ മുകളില്പറഞ്ഞ ചാർജ്ജിതകണം സഞ്ചരിക്കുമ്പോൾ ഉത്സർജ്ജിക്കപ്പെടുന്ന ഈ ഫോട്ടോണുകൾ നിർമാണാത്മകമായ വ്യതികരണത്തിൽ (constructive interference) ഏർപ്പെടുമ്പോൾ പ്രകാശം കൂടുതൽ പ്രഭാപൂർണമായി ദൃശ്യമാകുന്നു.