കവാടം:ജീവശാസ്ത്രം/തിരഞ്ഞെടുത്ത ലേഖനം/2011 ഏപ്രിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിത്രശലഭം
ചിത്രശലഭം

ചിത്രശലഭം, പൂമ്പാറ്റ, എന്നീ പേരുകളുള്ള ഈ ഷഡ്‌പദം പ്രാണിലോകത്തെ സൗന്ദര്യമുള്ള ജീവികളായി കണക്കാക്കുന്നു. ആംഗലേയഭാഷയിൽ ഇവയ്ക്ക് ബട്ടർഫ്ലൈ എന്നാണ് പേര്. മനുഷ്യൻ ഭൂമിയിൽ ആവിർഭവിക്കുന്നതിന് ഏകദേശം 970 ലക്ഷം വർഷങ്ങൾക്കു മുമ്പ് തന്നെ ചിത്രശലഭങ്ങൾ ഭൂമിയിലുണ്ടായിരുന്നതായി പറയപ്പെടുന്നു. 1973 ൽ ഫ്രാൻസിൽ നിന്ന് കണ്ടെടുക്കപ്പെട്ട ഫോസിലുകളിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഇങ്ങനെയൊരു കണ്ടെത്തൽ. ജന്തുലോകത്തിലെ ഏറ്റവും വലിയ ഫൈലമായ(Phylum) ആർത്രോപോഡ (Arthropoda) യിലെ ഇൻസെക്റ്റ (Insecta) എന്ന വിഭാഗത്തിൽ ലെപിഡോപ്റ്റീറ (Lepidoptera) എന്ന ഗോത്രത്തിലാണ് ചിത്രശലഭങ്ങൾ വരുന്നത്. ശൽക്കങ്ങൾ എന്നർത്ഥം വരുന്ന ലെപിസ് (Lepis) ചിറക് എന്നർത്ഥം വരുന്ന പ്റ്റീറോൺ (Pteron) എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്നാണ് ലെപിഡോപ്റ്റീറ എന്ന നാമം ഉണ്ടായത്. [1]. ചിത്രശലഭങ്ങളെപ്പറ്റി പഠനം നടത്തുകയും ശേഖരിക്കുകയും ചെയ്യുന്ന ആളുകളെ ലെപിഡോപ്റ്റിറിസ്റ്റ് (lepidopterists) അഥവാ ഔറേലിയൻസ്(aurelians) എന്നു വിളിക്കുന്നു. ശാന്ത മഹാസമുദ്രത്തിലെ ന്യൂഗിനി ദ്വീപുകളിൽ കാണപ്പെടുന്ന ക്വീൻ അലക്സാൻഡ്രാ ബേഡ് വിങ്ങ് ചിത്രശലഭം കണ്ടെത്തിയിട്ടുള്ള ചിത്രശലഭങ്ങളിൽ ഏറ്റവും വലുതെന്നു കരുതപ്പെടുന്നു. വിടർത്തിവച്ച ചിറകുകളുടെ ഒരറ്റം മുതൽ അടുത്ത അറ്റം വരെ 28 സെ.മീ. ആയിരിക്കും ഇവയ്ക്കുണ്ടാവുക. കിഴക്കേ ആഫ്രിക്കയിൽ കണ്ടുവരുന്ന ഡ്വാർഫ് ബ്ലൂ ചിത്രശലഭം ഏറ്റവും ചെറുതെന്നും കരുതപ്പെടുന്നു. വെറും പത്തുമില്ലീഗ്രാം ഭാരമുള്ള ഇവയുടെ ചിറകറ്റങ്ങൾ തമ്മിലുള്ള അകലം 14 മില്ലീമീറ്റർ മാത്രമാണ്. 5 ദിവസം മാത്രമാണ് ഇവയുടെ ജീവിതകാലയളവ്. ചിത്രശലഭങ്ങൾ കാഴ്ചയിൽ നല്ല ഭംഗിയുള്ള, ശൽക്കങ്ങളോട് കൂടിയ വലിയ ചിറകുകളുള്ള പറക്കാൻ കഴിവുള്ള ഒരു ഷഡ്‌പദമാണ്. പൂവുകളിലെ തേനാണ് ചിത്രശലഭങ്ങളുടെ ഭക്ഷണം.

...പത്തായം കൂടുതൽ വായിക്കുക...