കവാടം:കമ്മ്യൂണിസം/തിരഞ്ഞെടുത്ത ജീവചരിത്രങ്ങൾ/5

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹർകിഷൻ സിംഗ് സുർജിത്

ഭഗത് സിംഗിന്റെ രക്തസാക്ഷിത്വം ചെലുത്തിയ സ്വാധീനമാണ് ഹർകിഷൻ സിംഗ് സുർജിത്തിനെ വിപ്ലവജീവിതം തിരഞ്ഞെടുക്കുവാൻ സ്വാധീനിച്ചത്. 1932-ൽ തന്റെ പതിനാറാമത്തെ വയസ്സിൽ ഹോഷിയാർപൂർ കോടതിക്കുമുന്നിൽ ത്രിവർണ്ണ പതാക ഉയർത്തി. ഇതിനെ തുടർന്ന് അദ്ദേഹത്തെ ബാലകുറ്റവാളികൾക്കുള്ള ദുർഗ്ഗുണപരിഹാര പാഠശാലയിലേക്ക് അയച്ചു. പുറത്തിറങ്ങിയ നാളുകളിൽ പഞ്ചാബിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകരുമായി സമ്പർക്കത്തിലേർപ്പെട്ടു. 1934-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുകയും കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിൽ 1935-ൽ അംഗത്വം തേടുകയും ചെയ്തു. 1938-ൽ പഞ്ചാബ് സംസ്ഥാനത്തിലെ കിസാൻ സഭയുടെ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു. ഇതേ വർഷം തന്നെ പഞ്ചാബിൽ നിന്ന് നാടു കടത്തപ്പെടുകയും, ഉത്തർപ്രദേശിലെ സഹ്‌റാൻപൂറിൽ നിന്ന് ചിങ്കാരി (തീപ്പൊരി) എന്ന പേരിൽ ഒരു മാസികപത്രം തുടങ്ങുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട നാളുകളിൽ അദ്ദേഹം ഒളിവിൽ പോവുകയും 1940-ൽ അറസ്റ്റിലാവുകയും ചെയ്തു. ലാഹോറിലെ കുപ്രസിദ്ധമായ റെഡ് ഫോർട്ടിലാണ് അദ്ദേഹത്തെ മൂന്ന് മാസത്തെ ഏകാന്ത തടവിന് ശിക്ഷിക്കപ്പെട്ടത്. പിന്നീട് ദിയോളി തടവുകേന്ദ്രത്തിലേക്ക് മാറ്റി. 1944 വരെ അവിടെ തുടർന്നു. ആകെ പത്ത് വർഷം സുർജിത്ത് ജയിലിൽ കിടന്നിട്ടുണ്ട്. ഇതിൽ എട്ട് വർഷം സ്വാതന്ത്ര്യപൂർവ്വകാലത്തായിരുന്നു