ഓപ്ര വിൻഫ്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓപ്ര വിൻഫ്രി
ഓപ്ര വിൻഫ്രി തന്റെ 50-ആം പിറന്നാളിൽ, ലോസ് ആഞ്ചലസ്, 2004
ജനനം
ഓർപാ ഗെയ്‌ൽ വിൻഫ്രി

(1954-01-29) ജനുവരി 29, 1954  (70 വയസ്സ്)
കോസ്യുസ്കോ, മിസ്സിസ്സിപ്പി, യു.എസ്.
ദേശീയതഅമേരിക്കൻ
തൊഴിൽടെലിവിഷൻ അവതാരക, നിർമ്മാതാവ്
സജീവ കാലം1983–തുടരുന്നു
രാഷ്ട്രീയ കക്ഷിഡെമോക്രാറ്റിക് പാർട്ടി
പങ്കാളി(കൾ)സ്റ്റെഡ്മാൻ ഗ്രഹാം (1986-തുടരുന്നു)
വെബ്സൈറ്റ്ഓപ്ര.കോം
ഒപ്പ്

ഒരു അമേരിക്കൻ ടെലിവിഷൻ അവതാരകയും നിർമ്മാതാവും അഭിനേത്രിയും ജീവകാരുണ്യപ്രവർത്തകയുമാണ് ഓപ്ര വിൻഫ്രി. "ദി ഓപ്ര വിൻഫ്രി ഷോ" എന്ന ചരിത്രത്തിലെ തന്നെ ഏറ്റവും ജനപ്രീയതിയാർജ്ജിച്ച ടോക്ക്-ഷോയിലൂടെ അന്താരാഷ്ട്രപ്രശസ്തി നേടി. ആഫ്രോ-അമേരിക്കൻ വംശജരിൽ 20-ആം നൂറ്റാണ്ടിലെ ഏറ്റവും ധനികയായ വ്യക്തി[3], ഏറ്റവും വലിയ ജീവകാരുണ്യപ്രവർത്തക എന്നീ വിശേഷണങ്ങൾ ഓപ്ര നേടി. ഒരു സമയത്ത് ലോകത്തിലെ കറുത്തവർഗ്ഗക്കാരിൽ ഏക ബില്ല്യണയറായിരുന്നു ഇവർ[4]. ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള വനിതയായി ഇവർ പലപ്പോഴും കണക്കാക്കപ്പെട്ടു[5][6].

ആദ്യകാലജീവിതം[തിരുത്തുക]

മിസ്സിസ്സിപ്പിയിലെ ഒരു ദരിദ്രകുടുംബത്തിൽ വെർണിറ്റാ ലീ(ജനനം:1935) എന്ന അവിവാഹിതയായ അമ്മയുടെ മകളായി ജനിച്ചു. ബൈബിളിലെ റൂത്തിന്റെ പുസ്തകത്തിൽ നിന്നുള്ള "ഓർപാ" എന്ന പേരായിരുന്നു സ്വീകരിച്ചതെങ്കിലും ജനനസർട്ടിഫിക്കറ്റിലെ പിഴവു മൂലം "ഓപ്ര" എന്നാവുകയായിരുന്നു[7]. ആറു വയസ്സു വരെ അമ്മമ്മയോടൊപ്പം കഴിഞ്ഞു. കൊടിയ ദാരിദ്ര്യം മൂലം ഉരുളക്കിഴങ്ങ് ചാക്കുകൾ കൊണ്ട് നിർമ്മിച്ച വസ്ത്രങ്ങൾ ധരിച്ച ഓപ്രയെ കുട്ടികൾ കളിയാക്കിയിരുന്നു[8]. ആറാം വയസ്സിൽ അമ്മയോടൊത്ത് മിൽവൗകീയിൽ താമസം തുടങ്ങി. 1962-ൽ പിതാവ് വെർനോൺ വിൻഫ്രിയോടൊപ്പം നാഷ്‌വില്ലിലേക്ക് മാറി.

ഒമ്പതാം വയസ്സു മുതൽക്ക് ബന്ധുക്കളിൽ നിന്നും മറ്റും തനിക്ക് ലൈംഗിക പീഡനം നേരിട്ടതായി ഓപ്ര പിന്നീട് തന്റെ ടോക്ക്-ഷോയിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. 13-ആം വയസ്സിൽ വീടുവിട്ട് ഒളിച്ചോടിയ ഓപ്ര 14-ആം വയസ്സിൽ ഗർഭം ധരിക്കുകയും ഒരു ആൺകുട്ടിയെ പ്രസവിക്കുകയും ചെയ്തു. എന്നാൽ വൈകാതെ ആ കുട്ടി മരിച്ചുപോവുകയാണുണ്ടായത്.

ഓപ്രയുടെ പഠനത്തെ പ്രോൽസാഹിപ്പിച്ചിരുന്ന വെർനോണിന്റെ പിന്തുണയോടെ ഹൈസ്കൂൾ കഴിഞ്ഞ് ഓണേഴ്സിനു ചേർന്നു. പിന്നീട് സ്കോളർഷിപ്പോടെ ടെന്നസി യൂണിവേഴ്സിറ്റിയിൽ കമ്മ്യൂണിക്കേഷൻ വിദ്യാർഥിനിയായി. 17-ആം വയസ്സിൽ "മിസ് ബ്ലാക്ക് ടെന്നസി" സൗന്ദര്യമൽസരത്തിൽ ഒന്നാമതായി. പഠനത്തോടൊപ്പം ഒരു പ്രാദേശിക റേഡിയോസ്റ്റേഷനിൽ വാർത്ത വായിക്കുകയും ചെയ്തിരുന്നു.

ടെലിവിഷൻ രംഗത്ത്[തിരുത്തുക]

എഴുപതുകളുടെ തുടക്കത്തിൽ WLAC-TV-യിൽ വാർത്തകൾ വായിച്ചുകൊണ്ടായിരുന്നു ഓപ്രയുടെ തുടക്കം. ആ സ്ഥാപനത്തിലെ ഏറ്റവും പ്രായം കുറഞ്ഞതും കറുത്തവർഗ്ഗക്കാരിയായ ആദ്യത്തെ വാർത്താവതാരകയും ആയിരുന്നു. 1976-ൽ ബാൾട്ടിമോറിലെ WJC-TV -യിലേക്ക് മാറി. 1978-ൽ "പീപ്പിൾ ആർ ടോക്കിങ്ങ്" എന്ന പ്രാദേശിക ടോക്ക്-ഷോയുടെ സഹ-അവതാരകയായി. 1983-ൽ WLS-TV-യുടെ, അധികം ശ്രദ്ധിക്കപ്പെടാത്ത, "എ.എം. ചിക്കാഗോ" എന്ന അര മണിക്കൂർ ദൈർഘ്യമുള്ള ടോക്ക്-ഷോ ഓപ്ര ഏറ്റെടുത്തു. മാസങ്ങൾക്കുള്ളിൽ തന്നെ അത് ചിക്കാഗോയിലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച ടോക്ക്-ഷോ ആയിത്തീർന്നു. 1986 സെപ്റ്റംബർ 8 മുതൽ ഈ പരിപാടി ഒരു മണിക്കൂർ ദൈർഘ്യത്തിൽ "ദി ഓപ്ര വിൻഫ്രി ഷോ" എന്ന പേരിൽ ദേശീയതലത്തിൽ സപ്രേഷണം ചെയ്യപ്പെട്ടു തുടങ്ങി.[9]

അതിഥികളുടെ സങ്കടങ്ങൾ നിറകണ്ണുകളോടെ കേട്ടിരുന്ന ഓപ്രയുടെ മുന്നിൽ, അവർ പലതും തുറന്നുപറഞ്ഞു. ഈ പരിപാടി ടോക്ക്-ഷോ എന്നതിലുപരി ഒരു ഗ്രൂപ് തെറാപ്പി സെഷൻ ആയി മാറുന്നുവെന്ന് ടൈംസ് മാഗസിൻ അഭിപ്രായപ്പെട്ടു.[10] ഇത്തരത്തിലുള്ള തുറന്നുപറച്ചിലിനെ വാൾ സ്റ്റ്രീറ്റ് ജേണൽ "ഓപ്രാഫിക്കേഷൻ" എന്ന് വിളിച്ചു. 1993-ൽ മൈക്കൽ ജാക്സണുമായി ഓപ്ര വിൻഫ്രി അഭിമുഖം നടത്തിയപ്പോൾ അത് 90 ദശലക്ഷം പ്രേക്ഷകരോടെ ചരിത്രത്തിൽ എറ്റവുമധികം പേർ കണ്ട അഭിമുഖമായി മാറി.

ആദ്യകാലങ്ങളിൽ വ്യക്തിപരമായിരുന്ന പരിപാടി 1990-കളുടെ മധ്യത്തോടെ കൂടുതൽ സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങളിലേക്ക് തിരിയുകയുണ്ടായി. 2011 മേയ് 25-ന് അവസാന ഭാഗം സംപ്രേഷണം ചെയ്യപ്പെട്ടു.[11]

1985-ൽ ഓപ്ര വിൻഫ്രി സ്റ്റീവൻ സ്പിൽബർഗിന്റെ ദി കളർ പർപ്പിൾ എന്ന ചിത്രത്തിൽ സോഫിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഇതിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള അക്കാഡമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെടുകയുണ്ടായി.

അവലംബം[തിരുത്തുക]

  1. [1] Forbes.com. Retrieved January 2013.
  2. Forbes http://www.forbes.com/wealth/celebrities/list?ascend=true&sort=moneyRank. {{cite news}}: Missing or empty |title= (help)
  3. Miller, Matthew (May 6, 2009). "The Wealthiest Black Americans". Forbes. Archived from the original on 2012-12-04. Retrieved August 26, 2010.
  4. "#562 Oprah Winfrey". Forbes Special Report: The World's Billionaires (2006). 2006. Retrieved August 25, 2008. {{cite news}}: Unknown parameter |month= ignored (help)
  5. Meldrum Henley-on-Klip, Andrew (January 3, 2007). "'Their story is my story' Oprah opens $40m school for South African girls". The Guardian. UK. Retrieved March 4, 2007.
  6. "The most influential US liberals: 1–20". The Daily Telegraph. London. October 31, 2007. Retrieved May 20, 2010.
  7. "പീപ്പിൾ.കോം". Archived from the original on 2013-03-13. Retrieved 2013-03-23.
  8. "You go, girl" "The Observer Profile: Oprah Winfrey" The Observer (UK), November 20, 2005
  9. Meredith Vieira, host. Who Wants to Be a Millionaire? [TV-series].
  10. "Oprah Winfrey: Lady with a Calling" 8 August 1988. Time Magazine. Archived 2010-11-26 at the Wayback Machine. Accessed 2010-19-17
  11. "ദിസ് ഈസ് ഇറ്റ്: ഓപ്രാ'സ് ഫൈനൽ ഷോ". etonline.com. Archived from the original on 2011-05-28. Retrieved May 25, 2011.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഓപ്ര_വിൻഫ്രി&oldid=3802521" എന്ന താളിൽനിന്ന് ശേഖരിച്ചത്