ഐങ്കൊമ്പ് പാറേക്കാവ് ദേവീക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ പാലായിൽ നിന്നും തൊടുപുഴ റൂട്ടിൽ ഏകദേശം 9 കിലോമീറ്റർ അകലെ ഐങ്കൊമ്പിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് ഐങ്കൊമ്പ് പാറേക്കാവ് ദേവീക്ഷേത്രം. ഇവിടത്തെ മുഖ്യ പ്രതിഷ്‌ഠ ഭദ്രകാളിയാണ്. ശിവപാർവതിമാർക്കായി പ്രത്യേക ക്ഷേത്രവും മുഖ്യക്ഷേത്രത്തിന് സമീപമായുണ്ട്. ഗണപതി, യക്ഷി, ഭഗവതി, നാഗങ്ങൾ, രക്ഷസ്സ് എന്നിവയാണ് ഉപപ്രതിഷ്‌ഠകൾ. ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ അറുനാഴിപായസം, വട്ടക ഗുരുതി എന്നിവയാണ്. കൂടാതെ എല്ലാ മാസത്തിലെ ഭരണിനാളിൽ വിശേഷാൽ പൂജകളും ഭരണിയൂട്ട് എന്നപേരിൽ അന്നദാനവും നടന്നുവരുന്നു. എല്ലാ പത്താമുദയ ദിവസവും മഹാസർവൈശ്വര്യപൂജയും നടക്കാറുണ്ട്.

ക്ഷേത്രഭരണം[തിരുത്തുക]

നാട്ടിലെ ഒരു സംഘമാണ് ക്ഷേത്ര ഭരണം നടത്തുന്നത്. എന്നാൽ മുൻപ് ക്ഷേത്ര ഉടമസ്ഥാവകാശം ഐങ്കൊമ്പ് മണക്കാട്ട് ഇല്ലക്കാരിൽ നിക്ഷിപ്തമായിരുന്നു. എന്നാൽ, പിന്നീട് ഐങ്കൊമ്പ്,ഏഴാച്ചേരി എന്നീ കരകളിലെ എൻ.എസ്സ്.എസ്സ് കരയോഗങ്ങളും ഇതരഹൈന്ദവ സംഘടനകളിലെ അംഗങ്ങളും ഉൾപ്പെടുന്ന ദേവസ്വം ഭരണസമിതിയ്‌ക്ക് മണക്കാട്ടില്ലം ക്ഷേത്രം കൈമാറി.

താന്ത്രികാവകാശം[തിരുത്തുക]

ആയാംകുടി നെയ്‌ശേരി മനയ്ക്കായിരുന്നു ആദ്യ കാല താന്ത്രികാവകാശം. പിന്നീട് നാട്ടുകാർ ഭരണം ഏറ്റെടുത്തതിൽ ശേഷം സമീപ ഗ്രാമമായ അളനാട്ടിലെ കുരുപ്പക്കാട്ടില്ലം നെയ്‌ശേരി മന തന്ത്രം സ്വീകരിച്ചു. ഈ മനക്കാരാണ് ഇപ്പോൾ ക്ഷേത്രത്തിലെ പൂജകൾ ചെയ്യുന്നത്.

ഉത്സവം[തിരുത്തുക]

മീനഭരണിയാണ് പ്രധാന ഉത്സവം.നവരാത്രി,മണ്ഡല മഹോത്സവം എന്നിവയും ഈ ക്ഷേത്രത്തിൽ ആഘോഷിക്കുന്നു. നവരാത്രി കാലത്തെ "വാണീവന്ദനം" എന്നറിയപ്പെടുന്ന നൃത്ത-സംഗീതാരാധനയിൽ കലാകാരൻമാർ പങ്കെടുക്കുന്നു.

മറ്റു സ്ഥാപനങ്ങൾ[തിരുത്തുക]

ക്ഷേത്രത്തിന്റെ സ്ഥലത്തു സ്ഥിതി ചെയ്യുന്ന അംബികാ വിദ്യാഭവൻ സി.ബി.എസ് .ഇ സ്‌കൂൾ ഡയറക്ടർ ബോർഡിൽ ദേവസ്വം പ്രതിനിധികളും ഉൾപ്പെടുന്നു.