എലിസബത്ത് സ്കോട്ട് മാതേസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എലിസബത്ത് സ്കോട്ട് മാതേസൺ
പ്രമാണം:Elizabeth Scott Matheson.jpg
ജനനം
എലിസബത്ത് ബെക്കറ്റ് സ്കോട്ട്

(1866-01-06)6 ജനുവരി 1866
കാംപ്ബെൽഫോർഡ്, ഒന്റാറിയോ, അപ്പർ കാനഡയ്ക്ക് സമീപം
മരണം15 ജനുവരി 1958(1958-01-15) (പ്രായം 92)
ദേശീയതകനേഡിയൻ
തൊഴിൽഅധ്യാപിക, വൈദ്യൻ
സജീവ കാലം1888–1941

എലിസബത്ത് സ്കോട്ട് മാതേസൺ (ജീവിതകാലം: 6 ജനുവരി 1866 - 15 ജനുവരി 1958) ഒരു കനേഡിയൻ ഡോക്ടർ ആയിരുന്നു. 1898-ൽ വൈദ്യശാസ്ത്ര പഠനം പൂർത്തിയാക്കിയ അവരെ ജില്ലാ ഡോക്ടറായി സർക്കാർ അംഗീകരിച്ചെങ്കിലും നോർത്ത് വെസ്റ്റ് ടെറിട്ടറീസ് കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസ് അവർക്ക് ലൈസൻസ് നൽകാൻ വിസമ്മതിച്ചു. വിദ്യാലയത്തിൽ മടങ്ങിയെത്തി അധിക ബിരുദം നേടിയ അവർക്ക് വീണ്ടും ലൈസൻസ് നിഷേധിക്കപ്പെടുകയും അവസാനം 1904 ൽ ലഭിക്കുകയും ചെയ്തു. 1892 മുതൽ 1918 വരെയുള്ള കാലഘട്ടത്തിൽ സസ്‌കാച്ചെവാനിലെ ഒനിയൻ ലേക്ക് മിഷനിൽ സേവനമനുഷ്ഠിച്ച മാതസൺ 1918 മുതൽ 1941-ൽ വിരമിക്കുന്നതുവരെയുള്ള കാലത്ത് വിന്നിപെഗിലെ പൊതുവിദ്യാലയ വ്യവസ്ഥയുടം അസിസ്റ്റന്റ് മെഡിക്കൽ ഓഫീസറായിരുന്നു.

ആദ്യകാലജീവിതം[തിരുത്തുക]

എലിസബത്ത് ബെക്കറ്റ് സ്കോട്ട് 1866 ജനുവരി 6 ന് അപ്പർ കാനഡയിലെ ഒണ്ടാറിയോയിലെ കാംബെൽഫോർഡിന് സമീപം സ്കോട്ട്ലൻഡിൽ നിന്ന് കാനഡയിലേക്ക് കുടിയേറിയ എലിസബത്ത് (മുമ്പ്, ബെക്കറ്റ്), ജെയിംസ് സ്കോട്ട് ദമ്പതികളുടെ പുത്രിയായി ജനിച്ചു.[1][2][3] ബേൺബ്രേയിലെ വിദ്യാലയത്തിൽ ചേർന്ന അവർ നാലാം വയസ്സിൽ വിദ്യാലയ ജീവിതം ആരംഭിച്ചു.[4] 1878-ൽ, കുടുംബം മനിറ്റോബയിലെ മോറിസിലേക്ക് മാറിയതോടെ അവിടെ സ്കോട്ട് തൻറെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. സെക്കൻഡറി സ്കൂളിലും ഹൈസ്കൂളിലും വിന്നിപെഗിലെ സാധാരണ സ്കൂൾ പരിശീലനത്തിലും അവർ പങ്കെടുത്തു.[5]

കരിയർ[തിരുത്തുക]

പഠനം പൂർത്തിയാക്കിയ ശേഷം, സ്കോട്ട് വിന്നിപെഗിൽ[6] അദ്ധ്യാപനം നടത്താൻ തുടങ്ങിയെങ്കിലും താമസിയാതെ അവളുടെ സഹോദരൻ ടോം അവളെ ഒണ്ടാറിയോയിലേയ്ക്ക് മടങ്ങാൻ പ്രേരിപ്പിക്കുകയും സണ്ണിസൈഡ് സ്കൂൾ ഡിസ്ട്രിക്റ്റിൽ ഒരു ജോലി കണ്ടെത്തുകയും ചെയ്തു. 1885-ൽ, അവൾ പിൽക്കാലത്ത് വിവാഹം കഴിച്ച ജോൺ മാതസണെ കണ്ടുമുട്ടിയെങ്കിലും ആ സമയത്ത്, അയാൾക്ക് മുപ്പത്തിയേഴു വയസ്സും അവൾക്ക് പത്തൊമ്പതു വയസുമേ ഉണ്ടായിരുന്നുള്ളൂ. 1887-ൽ, ഒരു അനാഥാലയത്തിൽ ജോലി ചെയ്യാൻ സന്നദ്ധയായ അവർ അവിടെയായിരിക്കെ, ഒരു വർഷം കിംഗ്സ്റ്റണിലെ വനിതാ മെഡിക്കൽ കോളേജിൽ ചേർന്നു. 1888-ൽ ബോംബെയിൽ പ്രെസ്ബിറ്റേറിയൻ മിഷൻ സ്കൂളിൽ ഏഴു വർഷം പഠിപ്പിക്കാൻ അവർ ചുമതലയേറ്റു. മലേറിയ ബാധിച്ച അവൾ മനിറ്റോബയിലേക്ക് മടങ്ങിപ്പോയി. 1891-ൽ, ക്രിസ്തുമതം സ്വീകരിക്കുകയും മിഷനറി പ്രവർത്തനത്തിൽ പ്രവേശിക്കാൻ തീരുമാനിക്കുകയും ചെയ്ത മാതേസണെ അവർ വിവാഹം കഴിച്ചു. അടുത്ത വർഷം, സസ്‌കാച്ചെവാനിലെ ഒനിയൻ ലേക്കിലെ ആംഗ്ലിക്കൻ മിഷനിലേയ്ക്ക് ദമ്പതികളെ നിയമിച്ചു.[7][8][9]

പ്രദേശത്തെ കുട്ടികളെയും അവരുടെ വളർന്നുവരുന്ന കുടുംബത്തെയും പഠിപ്പിക്കാൻ മാത്തസൺസ് ഒരു സ്കൂൾ സ്ഥാപിച്ചു. ദമ്പതികൾ കുട്ടികളെ സ്വന്തം വീട്ടിൽ താമസിപ്പിച്ചിരുന്നു. ആദ്യ വർഷാവസാനമായപ്പോഴേക്കും എൺപതോളം വിദ്യാർത്ഥികൾ അവരോടൊപ്പം താമസിച്ചിരുന്നു. വളർന്നുവരുന്ന അവരുടെ കുടുംബത്തിന് ഒരു ഡോക്ടറുടെ ആവശ്യമാണെന്നു ബോദ്ധ്യം വന്ന മാതേസൻ മെഡിക്കൽ വിദ്യാലയത്തിലേയ്ക്ക് മടങ്ങി[10] 1895-ൽ മാനിറ്റോബ മെഡിക്കൽ കോളേജിൽ തുടർ പഠനത്തിന് ചേർന്നു. അവിടെയുള്ള വർഷത്തിൽ അവൾ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകി. സ്കൂൾ കാലാവധി അവസാനിച്ചപ്പോൾ, അവൾ ട്രിനിറ്റി മെഡിക്കൽ കോളജ് ഫോർ വുമണിലേക്ക് മാറുകയും[11] അവിടെ വിദ്യാഭ്യാസം പൂർത്തിയാക്കുകയും 1898-ൽ പരീക്ഷകളിൽ വിജയിക്കുകയും ചെയ്തു.[11][12] അവൾ ഒനിയൻ തടാകത്തിലെ ദൗത്യത്തിലേക്ക് മടങ്ങി, പ്രദേശത്തെ ഡോക്ടറായി സേവനമനുഷ്ഠിച്ചുവെങ്കിലും[11] നോർത്ത് വെസ്റ്റ് ടെറിട്ടറീസ് കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസ് അവർക്ക് ലൈസൻസ് നൽകാൻ വിസമ്മതിച്ചു.[13][9] ഭർത്താവ് അവൾക്കായി ഒരു ശസ്ത്രക്രിയാ മുറിയുള്ള ഒരു മൂന്ന് നില ആശുപത്രി നിർമ്മിച്ചു.[14] 1901-ൽ, ലൈസൻസ് ഇല്ലാതിരുന്നിട്ടും, വസൂരി പകർച്ചവ്യാധിയുടെ സമയത്ത് മാതീസന്റെ പരിചരണ സംരംഭങ്ങൾ സർക്കാർ അവളെ ജില്ലാ ഡോക്ടറായി അംഗീകരിക്കാനും[11] പ്രതിവർഷം 300 ഡോളറിന് കരാർ നൽകാനും കാരണമായി.[15]

മറ്റ് ഡോക്ടർമാർ ഈ പ്രദേശത്തേക്ക് മാറാൻ തുടങ്ങിയപ്പോൾ, മാതീസന്റെ ലൈസൻസില്ലാത്ത പദവി അംഗീകാരത്തിനായി വീണ്ടും അപേക്ഷിക്കാൻ അവളെ പ്രേരിപ്പിച്ചുവെങ്കിലും വീണ്ടും നിരസിക്കപ്പെട്ടു. ഒരു ലൈസൻസിംഗ് പരീക്ഷയിൽ വിജയിക്കാൻ കഴിയില്ലെന്ന് ഭയന്ന അവർ[16] 1903-ൽ മാനിറ്റോബ മെഡിക്കൽ കോളേജിലേക്ക് മടങ്ങി. ഒരു അധിക വർഷത്തെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ, 1904-ൽ രണ്ടാമത്തെ മെഡിക്കൽ ബിരുദവും നേടി.[12] അപ്പോഴും ആൽബെർട്ടയിലെ നോർത്ത് വെസ്റ്റ് ടെറിട്ടറികൾക്കായുള്ള ഫിസിഷ്യൻസ് ആൻഡ് സർജൻസ് കോളേജ് ഭർത്താവ് ഇടപെടുന്നത് വരെ അവൾക്ക് ലൈസൻസ് നിഷേധിച്ചു.[16] തന്റെ ജീവിതാവസാനത്തോട് അടുത്ത്, ജോൺ രോഗബാധിതനായതോടെ, മാതേസൺ സ്കൂളിലെ പ്രിൻസിപ്പലിൻറെ ചുമതലകൾ ഏറ്റെടുത്തതൊടൊപ്പം അവളുടെ സ്വന്തം മെഡിക്കൽ പ്രാക്ടീസ് തുടരുകയും ചെയ്തു.[16] 1916-ൽ അദ്ദേഹം അന്തരിച്ചപ്പോഴും അവൾ 1918 വരെ ഒനിയൻ ലേക്കിൽ തുടർന്നു.[11] ആ വർഷം അവൾ വിന്നിപെഗിലേക്ക് സ്ഥലം മാറിക്കൊണ്ട്, പൊതുവിദ്യാലയങ്ങളിൽ അസിസ്റ്റന്റ് മെഡിക്കൽ ഇൻസ്‌പെക്ടറായി നിയമനം നേടി. 1941-ൽ വിരമിക്കുന്നതുവരെ അവർ ഈ സ്ഥാനത്ത് തുടർന്നിരുന്നു.[17][11]

മരണവും പാരമ്പര്യവും[തിരുത്തുക]

1958 ജനുവരി 15-ന് ടെക്‌സസിലെ സാൻ അന്റോണിയോയിലുള്ള അവളുടെ ഒമ്പത് മക്കളിൽ ഒരാളായ ഗ്ലാഡിസിന്റെ വീട്ടിൽവെച്ച് മാതേസൺ അന്തരിച്ചു..[9][18] 1974-ൽ അവളുടെ ജീവചരിത്രം ദി ഡോക്ടർ റോഡ് സൈഡ്-സാഡിൽ അവളുടെ മകൾ റൂത്ത് മാത്സൻ ബക്ക് പ്രസിദ്ധീകരിച്ചു.[9]

അവലംബം[തിരുത്തുക]

  1. MacEwan 1975, പുറം. 92.
  2. Buck 2003, പുറങ്ങൾ. 12–13.
  3. British Columbia Marriage 1891, പുറം. 724.
  4. Buck 2003, പുറം. 13.
  5. MacEwan 1975, പുറങ്ങൾ. 92–93.
  6. MacEwan 1975, പുറം. 93.
  7. MacEwan 1975, പുറങ്ങൾ. 93–94.
  8. Hacker 1984, പുറങ്ങൾ. 129–130.
  9. 9.0 9.1 9.2 9.3 Houston 2012.
  10. Hacker 1984, പുറങ്ങൾ. 131–132.
  11. 11.0 11.1 11.2 11.3 11.4 11.5 Youngberg & Holmlund 2003, പുറം. 20.
  12. 12.0 12.1 Carr & Beamish 1999, പുറം. 45.
  13. Hacker 1984, പുറം. 123.
  14. Hacker 1984, പുറം. 135.
  15. Hacker 1984, പുറങ്ങൾ. 123, 135.
  16. 16.0 16.1 16.2 Hacker 1984, പുറം. 136.
  17. MacEwan 1975, പുറം. 99.
  18. Buck 2003, പുറം. 162.