ആന്‍ ഫ്രാങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആന്‍ ഫ്രാങ്ക്
Anne Frank stamp.jpg
ജനനം ജൂണ്‍ 12 1929(1929-06-12)
ഫ്രാങ്ക്‌ഫെര്‍‍ട്ട്, ജര്‍മനി
മരണം 1945 മാര്‍ച്ച്
ബെര്‍ഗന്‍ ബെല്‍സന്‍ കോണ്‍സണ്ട്രേഷന്‍ ക്യാമ്പ്, നാസി ജര്‍മ്മനി
ദേശീയത Flag of Germany.svgജര്‍മന്‍
പ്രധാനപ്പെട്ട കൃതികള്‍ ഒരു പെണ്‍കുട്ടിയുടെ ഡയറി (1947)

നാസി ജര്‍മനിയിലെ ജൂതവിരുദ്ധനടപടികള്‍ക്കിരയായി കോണ്‍സണ്ട്രേഷന്‍ ക്യാമ്പില്‍ വച്ച് മരണമടഞ്ഞ പെണ്‍കുട്ടിയാണ്‌ ആന്‍ ഫ്രാങ്ക് (ജൂണ്‍ 12, 1929 - മാര്‍ച്ച്, 1945 ആംഗലേയം: Anne Frank). നാസിപ്പടയെ ഭയന്ന് കുടുംബത്തോടൊപ്പം ഒളിവില്‍ കഴിയുമ്പോള്‍ ആന്‍ എഴുതിയ ഡയറിക്കുറിപ്പുകള്‍ പില്‍ക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടു. ഹിറ്റ്ലറുടെ ഭരണകാലത്ത് ജൂതവംശജര്‍ അനുഭവിക്കേണ്ടിവന്ന കഷ്ടതകളെക്കുറിച്ചുള്ള ചിത്രം തരുന്നവയായിരുന്നു ആ കുറിപ്പുകള്‍.

ഉള്ളടക്കം

[തിരുത്തുക] ജീവിതരേഖ

[തിരുത്തുക] ജനനം,കുട്ടിക്കാലം

നെഥര്‍ലാന്‍ഡ്സിലെ ആംസ്റ്റര്‍ഡാമില്‍, മെര്‍വെഡെപ്ലീന്‍ എന്ന പ്രദേശത്തെ ഈ കെട്ടിടത്തിലെ ഒരു വീട്ടിലാണ് ആനും കുടുംബവും 1934 മുതന്‍ 1942 വരെ താമസിച്ചിരുന്നത്.

ജര്‍മനിയിലെ ഫ്രാങ്ക്‌ഫെര്‍ട്ടിലെ ഒരു പുരാതന ജൂതകുടുംബത്തില്‍ 1929 ജൂണ്‍ 12നായിരുന്നു ആനിന്റെ ജനനം. പിതാവ് ഒട്ടോ ഫ്രാങ്ക് ഒരു ബാങ്കുദ്യോഗസ്ഥനായിരുന്നു. മാതാവ് എഡിത്ത് ഫ്രാങ്ക് വീട്ടമ്മയും. മാര്‍ഗറ്റ് ഫ്രാങ്കായിരുന്നു ഏക സഹോദരി.[1] 1933-ല്‍ ജര്‍മനിയില്‍ നാസി പാര്‍ട്ടി ശക്തിപ്രാപിക്കുകയും, ജൂതവിദ്വേഷം വ്യാപകമാവുകയും ചെയ്തതോടെ ഒട്ടോ ഫ്രാങ്കിന്റെ ബാങ്ക് നഷ്ടത്തിലായി. വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍ സഹിക്കാനാവാതെ കുടുംബത്തോടൊപ്പം നെതര്‍ലന്റിലേക്കു പോകാന്‍ അദ്ദേഹം നിര്‍ബന്ധിതനായി.

1934-ല്‍, തന്റെ അഞ്ചാം വയസ്സില്‍ ആന്‍ ഫ്രാങ്ക് കുടുംബത്തിനൊപ്പം നെതര്‍ലന്റിലെത്തി.1933 മുതല്‍ 1939 വരെ ജര്‍മനിയില്‍ നിന്നും പലായനം ചെയ്ത 300,000 ജൂതകുടുംബങ്ങളില്‍ ഒന്നുമാത്രമായിരുന്നു ഫ്രാങ്ക് കുടുംബം. ഒട്ടോ ഫ്രാങ്ക് ആംസ്റ്റര്‍ഡാമില്‍ ഒരു ജാം നിര്‍മ്മാണക്കമ്പനി ആരംഭിച്ചു. 1940 മെയ് 10-ന്‌ ജര്‍മന്‍ പട്ടാളം നെതര്‍ലന്റിലെത്തുന്നതു വരെ ആ കൊച്ചു കുടുംബം സന്തോഷകരമായി കഴിച്ചുകൂട്ടി. ആനും സഹോദരിയും വിദ്യാഭ്യാസം ആരംഭിച്ചിരുന്നു. മാര്‍ഗറ്റ് ഗണിതത്തില്‍ മികവു പുലര്‍ത്തിയപ്പോള്‍ ആനിനു താത്പര്യം സാഹിത്യത്തിലായിരുന്നു.

നെതര്‍ലന്റിലെ ജര്‍മന്‍ ഭരണകൂടം ജൂതന്മാര്‍ വ്യാപാരസ്ഥാപനങ്ങള്‍ നടത്തുന്നതില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ആനും മാര്‍ഗറ്റും ജൂതര്‍ക്കു മാത്രമുള്ള സ്കൂളിലേക്കു മാറേണ്ടി വന്നു. അതിനിടെ 1942 ജൂണ്‍ 12-ന്‌ അവളുടെ 13ആം ജന്മദിനത്തില്‍ ഒട്ടോ ഫ്രാങ്ക് മകള്‍ക്ക് ഒരു ഡയറി സമ്മാനിച്ചു.

നിന്നോട് എല്ലാം തുറന്നുപറയാന്‍ കഴിയുമെന്നും, നീ എനിക്ക് ആശ്വാസത്തിന്റേയും താങ്ങിന്റേയും ഉറവിടമായിരിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.

ഇതായിരുന്നു ആന്‍ തന്റെ ഡയറിയില്‍ ആദ്യമെഴുതിയ വാക്കുകള്‍.

[തിരുത്തുക] ഒളിവില്‍

1942 ജൂലൈ 5ന് മാര്‍ഗറ്റ് ഫ്രാങ്കിന്‌ ജര്‍മന്‍ ക്യാമ്പില്‍ ഹാജരാകാനുള്ള അറിയിപ്പ് ലഭിച്ചു. മാര്‍ഗറ്റ് ജര്‍മനിയിലേക്കുപോകാന്‍ തയ്യാറായില്ലെങ്കില്‍ കുടുംബാംഗങ്ങളെല്ലാം തുറുങ്കിലടയ്ക്കപ്പെടുമെന്നായിരുന്നു അറിയിപ്പ്. അപ്പോഴേക്കും ജര്‍മനിയില്‍ ജൂതന്മാരുടെ സ്ഥിതി അത്യന്തം വഷളായിരുന്നു. അവര്‍ രണ്ടാം തരം പൗരന്മാരായി തരം താഴ്ത്തപ്പെട്ടിരുന്നു. ഗവണ്മെന്റുദ്യോഗങ്ങള്‍ വഹിക്കുന്നതിനും, സ്വന്തമായി വ്യാപാരസ്ഥാപനങ്ങള്‍ നടത്തുന്നതിനും വിലക്ക് കര്‍ശനമാക്കപ്പെട്ടിരുന്നു. ജൂതവംശജരും അല്ലാത്തവരും തമ്മിലുള്ള വിവാഹബന്ധം പോലും നിഷിദ്ധമായിരുന്നു. ജര്‍മനിയിലെക്കുള്ള തിരിച്ചുപോക്ക് പ്രായോഗികമല്ലെന്നു മനസ്സിലാക്കിയ ഒട്ടോ ഫ്രാങ്ക് ഉത്തരവ് ലഭിച്ച് അധികം വൈകാതെ കുടുംബത്തോടൊപ്പം നേരത്തെ തയ്യാറാക്കിയിരുന്ന ഒളിസങ്കേതത്തിലേയ്ക്കു മാറി. കിലോമീറ്ററുകളോളം കാല്‍നടയായായിരുന്നു യാത്ര.

ആന്‍ ഫ്രാങ്കും കുടുംബവും ഒളിവില്‍ താമസിച്ചിരുന്ന വീടിന്റെ വാതിലിനെ മറച്ചിരുന്ന പുസ്തക അലമാരയുടെ പുന:സൃഷ്ടി

ഒട്ടോ ഫ്രാങ്കിന്റെ ഓഫീസ് കെട്ടിടത്തിലെ ഒരൊഴിഞ്ഞകോണിലായിരുന്നു ഒളിസങ്കേതം. തറനിരപ്പിനു താഴെ, പ്രവേശനകവാടം ബുക്ക് ഷെല്‍ഫു കൊണ്ടു മറച്ച രണ്ടു ചെറിയ അറകള്‍. ആനിന്റെയും കുടുംബസുഹൃത്തായ ദന്തഡോക്ടറുടെയും കുടുംബങ്ങളടക്കം എട്ടുപേരായിരുന്നു അന്തേവാസികള്‍. ‍ഒളിവില്‍ക്കഴിയുന്നവരെ സഹായിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുമെന്ന നിയമം നിലനിന്നപ്പോഴും ഒട്ടോ ഫ്രാങ്കിന്റെ ചില സുഹൃത്തുക്കളുടെ സഹായം അവര്‍ക്കു ലഭിച്ചു. ഇക്കാലത്ത് സഹോദരി മാര്‍ഗറ്റുമായും, സഹവാസിയും, കുടുംബസുഹൃത്തുമായിരുന്ന ഫ്രിറ്റ്സുമായും ആന്‍ വളരെയേറെ അടുത്തു. മാര്‍ഗറ്റ് ചില രഹസ്യമാര്‍ഗ്ഗങ്ങളിലൂടെ പഠനം തുടര്‍ന്നു. ഡയറിയെഴുത്തും വായനയുമായിരുന്നു ആനിന്റെ അക്കാലത്തെ പ്രധാന നേരമ്പോക്കുകള്‍.

പകല്‍സമയത്ത് തങ്ങളുടെ മുറികളില്‍ നിന്നു പുറത്തിറങ്ങുവാനോ, ഉച്ചത്തില്‍ സംസാരിക്കുവാനോ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. വരാനിരിക്കുന്ന വിപത്തുകളെക്കുറിച്ചുള്ള ഭീതി എല്ലാവരുടെയും മനസ്സില്‍ വേരുറച്ചിരുന്നു. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍പോലും ഉലച്ചില്‍ സംഭവിച്ച അക്കാലത്ത് തന്റെ ആത്മമിത്രമായ ഡയറി ആനിന്‌ ആശ്വാസം പകര്‍ന്നു.

എന്റെ ചിന്തകളും വികാരങ്ങളുമെല്ലാം എഴുതിവക്കാമെന്നത് വലിയൊരാശ്വാസമാണ്; അല്ലായിരുന്നെങ്കില്‍ ഞാന്‍ ശ്വാസം മുട്ടി മരിക്കുമായിരുന്നു.

എന്ന് അക്കാലത്ത് അവള്‍ തന്റെ ഡയറിയിലെഴുതുകയുണ്ടായി.

[തിരുത്തുക] തടവില്‍

1944 ഓഗസ്റ്റ് 4 -ന് ആനും കുടുംബവുമടക്കം ഒളിസങ്കേതത്തിലുണ്ടായിരുന്നവരെല്ലാം അറസ്റ്റ് ചെയ്യപ്പെട്ടു. അന്നുതന്നെ അവരെയെല്ലാം ഗസ്റ്റപ്പോ(ജര്‍മ്മനിയിലെ രഹസ്യസേന) ആസ്ഥാനത്ത് ഹാജരാക്കി. ഒരു രാത്രി നീണ്ടു നിന്ന ചോദ്യം ചെയ്യലിനു ശേഷം, ഓഗസ്റ്റ് 6-ആം തീയതി അവരെ ജയിലിലേക്കു മാറ്റി. ഓഗസ്റ്റ് 8-ന് ഒരു പാസഞ്ചര്‍ ട്രെയിനില്‍ അവര്‍ എട്ടുപേരെയും വെസ്റ്റര്‍ബക്കിലേക്കയച്ചു. ആഴ്ചയിലൊരിക്കല്‍ ജൂതത്തടവുകാരുമായി ജര്‍മ്മനിയിലേക്കുപോകുന്ന ഫ്രെയ്റ്റ് ട്രെയിനുകളിലൊന്നില്‍, 1944 സെപ്റ്റംബര് 3ന് അവരെ ജര്മനിയിലെ Auschwitz-Birkenau കോണ്സണ്ട്രേഷന്‍ ക്യാമ്പിലേക്കയച്ചു. മൂന്നു ദിവസത്തെ ദുരിതപൂര്ണമായ യാത്രയ്ക്കൊടുവില്‍ 1019 തടവുകാരെയും വഹിച്ചുകൊണ്ടുള്ള തീവണ്ടി ലക്‌ഷ്യസ്ഥാനത്തെത്തി.

ക്യാമ്പില്‍ വച്ച് സ്ത്രീകളെയും പുരുഷന്മാരെയും രണ്ടു സംഘങ്ങളായിത്തിരിച്ചു. പ്രാഥമിക വൈദ്യപരിശോധനയില്‍ കഠിനമായ ജോലി ചെയ്യാന്‍ പ്രാപ്തരല്ലെന്നു കണ്ടവരെ നേരിട്ട് ഗ്യാസ് ചേമ്പറുകളിലേക്കയച്ചു. എഡിത്തും ആനും മാര്‍ഗറ്റും ഒരേ ബാരക്കിലായിരുന്നു. വൈദ്യപരിശോധനകള്‍ക്കു ശേഷം തല മുണ്ഡനം ചെയ്ത്, കൈയില്‍ തിരിച്ചറിയാനുള്ള നമ്പര്‍ പച്ചകുത്തി ആനിനെ അടിമപ്പണിയ്ക്ക് നിയോഗിച്ചു. പതിനഞ്ചു വയസ്സും മൂന്നു മാസവും മാത്രം പ്രായമുണ്ടായിരുന്ന ആ പെണ്‍കുട്ടി അസാമാന്യധൈര്യവും ആത്മവിശ്വാസവും പ്രകടിപ്പിച്ചിരുന്നതായി പില്‍കാലത്ത് പല സഹതടവുകാരും അനുസ്മരിച്ചു. താങ്ങാനാവാത്ത അദ്ധ്വാനം മൂലം മാര്‍ഗറ്റും ആനും അസുഖബാധിതരായി.

[തിരുത്തുക] മരണം

ആനിന്റെയും മാര്‍ഗറ്റിന്റെയും സ്മാരകം

1944 ഒക്ടോബര്‍ 28-ന്‌ ബര്‍ഗന്‍ ബെയ്സന്‍ കോണ്‍സണ്ട്രേഷന്‍ ക്യാമ്പിലെ ഗ്യാസ് ചേമ്പറിലേക്കയയ്ക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട 3000 സ്ത്രീകളില്‍ ആനും മാര്‍ഗറ്റുമുണ്ടായിരുന്നു. കുട്ടികളുടെ വിയോഗം താങ്ങാനാവാതെ 1945 ജനുവരി 6-ന്‌ എഡിത്ത് ഫ്രാങ്ക് അന്തരിച്ചു.

ബര്‍ഗന്‍ ബെയ്സന്‍ ക്യാമ്പിലെ അനാരോഗ്യകരമായ ചുറ്റുപാടുകളും തിക്കും തിരക്കും‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാന്‍ കാരണമായി. പട്ടിണിയും സാനിറ്ററി സൗകര്യങ്ങളുടെ അപര്യാപ്തതയും മൂലം ആനിനും മാര്‍ഗറ്റിനും പകര്‍ച്ചപ്പനി ബാധിച്ചു. ഏതാനും ആഴ്ചകള്‍ക്കകം ആദ്യം മാര്‍ഗറ്റും, പിന്നീട് ആനും മരണത്തിനു കീഴടങ്ങി. 1945 ഏപ്രില്‍ 15-ന്‌ ബര്‍ഗന്‍ ക്യാമ്പ് സ്വതന്ത്രമാക്കപ്പെടുന്നതിന് ഏതാനും ആഴ്ചകള്‍ക്കു മുന്‍പായിരുന്നു ഇരുവരുടെയും അന്ത്യം.

[തിരുത്തുക] അവലംബം

  1. കുട്ടിക്കാലം. the official Anne Frank House website.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം