ആട്ടു കോട്ട് പാട്ട് ചേരലാതൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇമയവരമ്പൻ നെടുഞ്ചേരലാതന്റെ മൂന്നാമത്തെ പുത്രനും നാർമുടിച്ചേരലിന്റെ സഹോദരനും ചെങ്കുട്ടുവന്റെ പിൻഗാമിയുമായ ഇദ്ദേഹം 38 വർഷം രാജ്യം ഭരിച്ചു. പതിറ്റുപ്പത്ത് ആറാം പത്തിൽ കാക്കൈപാടിനിയാർ നാച്ചെളൈയാർ എന്ന കവയിത്രി ഈ രാജാവിനെ സ്തുതിച്ചിരിക്കുന്നു. ഈ രാജാവിന്റെ പൊതുവായ വിവരണം മാത്രമേ നറച്ചെളൈയാരുടെ ഗാനത്തിലുള്ളു. വെണ്ണിപ്പോരിൽ കരികാർ പെരുവളത്താൻ എന്ന ചോളനാൽ തോല്പിക്കപ്പെട്ട ചേരമാൻ പെരുഞ്ചേരലാതൻ തന്നെയാണ് ആട്ടുകൊട്ട് പാട്ടു ചേരലാതൻ എന്ന് കെ.ജി. ശേഷയ്യർ അഭിപ്രായപ്പെടുന്നു. ഈ രാജാവ് പ്രത്യേകിച്ച് ഒരു യുദ്ധവുമായി ബന്ധപ്പെട്ടു കാണുന്നില്ല. സമാധാനപ്രിയനായ ചേരലാതൻ രാജ്യത്തെ വാണിജ്യം അഭിവൃദ്ധിപ്പെടുത്തുകയും സാമ്പത്തികനില ഭദ്രമാക്കുകയും ചെയ്തു. ആട്ടുകൊട്ട് പാട്ടു ചേരലാതൻ എന്ന പേരിന്റെ ഉദ്ഭവത്തെപ്പറ്റി ചരിത്രകാരൻമാർക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ട്. ശത്രുക്കൾ പിടിച്ചെടുത്ത ആടുകളെ തിരിച്ചെടുത്തതുകൊണ്ടാണ് ഈ പേരു ലഭിച്ചതെന്ന് ഒരഭിപ്രായം; യുദ്ധക്കളത്തിൽ വിജയം നേടിയ ഉടൻതന്നെ വാളുമേന്തി നൃത്തം ചെയ്യുന്നവനായതുകൊണ്ടാണ് ഈ പേരുണ്ടായതെന്നു രണ്ടാമത്തെ കൂട്ടരും വാദിക്കുന്നു. ആട്ടുകൊട്ട് പാട്ടു ചേരലാതന്റെ കാലശേഷം ആദിചേരൻമാരുടെ പ്രധാന പരമ്പര അപ്രത്യക്ഷമായി. ചെങ്കുട്ടുവന്റെ പുത്രനായ കുട്ടുവഞ്ചേരൽ സന്ന്യാസിയായിത്തീർന്നു. തുടർന്നുളള കാലഘട്ടത്തിൽ ഇരുമ്പൊറൈ എന്നറിയപ്പെടുന്ന പുതിയൊരു ചേരരാജപരമ്പര അധികാരത്തിൽ വന്നു