ഹീമോഡയാലിസിസ്
ഒരു അർദ്ധതാര്യസ്തരത്തിനിരുവശത്തുമായി ഒരു ദിശയിൽ രക്തവും മറുദിശയിൽ ഡയലൈസേറ്റ് എന്ന ദ്രാവകവും പ്രവഹിപ്പിച്ച് രക്തം ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് ഹീമോഡയാലിസിസ്. അപകടാവസ്ഥയിലായ വൃക്കരോഗം ബാധിക്കുകയോ പാമ്പുകടിയോ വിഷപദാർത്ഥങ്ങൾ ഉള്ളിൽ ചെല്ലുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽ ജീവരക്ഷയ്ക്കായി ചെയ്യുന്ന മാർഗ്ഗമാണിത്.
സാങ്കേതികവിദ്യ [തിരുത്തുക]
കൃത്രിമവൃക്ക അല്ലെങ്കിൽ ഡയലൈസർ എന്ന ഉപകരണത്തിനകത്ത് കുപ്രോഫെയിൻ, പോളിഅക്രിൽ നൈട്രൈറ്റ്, പോളിമീഥൈൽ മീഥക്രിലേറ്റ് എന്നിവ കൊണ്ടുനിർമ്മിച്ച നേരിയ കുഴലുകളുണ്ട്. ഉയർന്ന മർദ്ദത്തിൽ ഈ കുഴലുകളിലേയ്ക്ക് രക്തം പ്രവഹിക്കുന്നതിനായി ഒരു ആർട്ടീരിയോവിനസ് ഫിസ്റ്റുല നിർമ്മിക്കുന്നു. കൈത്തണ്ടയിൽ ത്വക്കിനോടടുത്തു കാണപ്പെടുന്ന റേഡിയൽ ധമനിയും സെഫാലിക് വെയിനുമാണ് ഇതിനായി കൂട്ടിച്ചേർക്കുന്നത്. ഇതുവഴി മിനിറ്റിൽ 300 മുതൽ 400 വരെ മി. ലിറ്റർ രക്തം ഉയർന്ന മർദ്ദത്തിൽ ഉപകരണത്തിലെത്തുന്നു. ധമനിയിൽ നിന്നും രക്തം ഉപകരണത്തിലേയ്ക്കു പ്രവഹിക്കുന്നു. ഡയലൈസേറ്റിന്റെ സാന്ദ്രത രക്തത്തിലേതിനുതുല്യമായതിനാൽ എതിർദിശയിൽ പ്രവഹിക്കുന്ന ഡയലൈസിംഗ് ദ്രാവകത്തിലേയ്ക്ക് രക്തത്തിലെ മാലിന്യങ്ങളായ യൂറിയ, യൂറിക്കാസിഡ്, ക്രിയാറ്റിനിൻ എന്നിവ അന്തർവ്യാപനം നടത്തുന്നു. പകരം അസറ്റേറ്റ് തന്മാത്രകൾ തിരിച്ച് രക്തത്തിലേയ്ക്ക് കടക്കുന്നു. ശുദ്ധീകരിക്കപ്പെട്ട രക്തം സിരയിലേയ്ക്ക് തിരിച്ചുവരുന്നു.
പ്രാധാന്യം [തിരുത്തുക]
രക്തത്തിലെ മാലിന്യങ്ങൾ യഥാസമയം നീക്കം ചെയ്തില്ലെങ്കിൽ കോശങ്ങൾക്കുള്ളിൽ ഈ മാലിന്യങ്ങൾ തിങ്ങിനിറഞ്ഞ് കോശത്തിന്റെ ആന്തര-ബാഹ്യപരിസ്ഥിതികൾ തമ്മിലുള്ള സ്ഥിതിസ്ഥിരത തകരാറിലാകുന്നു. വൃക്കകൾക്ക് മാലിന്യനിർമ്മാർജ്ജനം ചെയ്യാൻ കഴിയാതെ വരുമ്പോൾ ജീവരക്ഷയ്ക്കായി ചെയ്യുന്ന മാർഗ്ഗമാണ് ഹീമോഡയാലിസിസ്. പെരിട്ടോണിയൽ ഡയാലിസിസ് എന്ന സാങ്കേതികതയും ഇത്തരം ധർമ്മങ്ങൾക്കായി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
അവലംബം [തിരുത്തുക]
- എസ്.എസ്.എൽ.സി ജീവശാസ്ത്രം പാഠപുസ്തകം
- NCERT Biology Textbook, 2011
- Human physiology, Guyon and Hall, PrenticeHall pub.