സള്ളിവൻ മെമ്മോറിയൽ മ്യൂസിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഊട്ടിയിലെ ചരിത്ര പ്രാധാന്യമുള്ള ഒരു നിർമ്മിതിയാണ് സള്ളിവൻ മെമ്മോറിയൽ മ്യൂസിയം. പ്രാദേശികമായി പെത്തക്കൽ ബംഗ്ലാവ് എന്നും അറിയപ്പെടുന്നു.[1] നീലഗിരിയിലെ ബ്രിട്ടീഷ് കളക്ടർ ജോൺ സള്ളിവൻ വസിച്ചിരുന്ന ബംഗ്ലാവായിരുന്നു ഇത്. നീലഗിരിയിലെ ആദ്യ യൂറോപ്യൻ അധിവാസകേന്ദ്രം കൂടിയാണിത്. ഊട്ടി ടൗണിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെ, കോട്ടഗിരിയിലാണ് (കൊത്തഗിരി എന്നും പറയും) ഈ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. കന്നേരിമുക്ക് എന്ന സ്ഥലത്ത് നിർമിച്ച ബംഗ്ലാവാണ് സള്ളിവൻ മെമ്മോറിയൽ മ്യൂസിയമായത്.[2]

ചരിത്രം[തിരുത്തുക]

പരിസ്ഥിതി പ്രാധാന്യമുള്ള നീലമലകളെ കുറിച്ച് പ്രചരിച്ചിരുന്ന കഥകളുടെ വാസ്തവം തിരക്കി 1819-ലാണ് കോയമ്പത്തൂർ കളക്ടറായ ജോൺ സള്ളിവനും സംഘവും മലകയറ്റം ആരംഭിക്കുന്നത്. ആറ് ദിവസത്തോളം നീണ്ട കാനനയാത്രയ്ക്കിടെ നിരവധിപേരുടെ ജീവൻ നഷ്ടമായി. ഒടുവിൽ തമ്പടിക്കാൻ പാകത്തിന് സമതലം കണ്ടെത്തുകയും അവിടെ ബ്രിട്ടീഷ് പതാക നാട്ടുകയും ചെയ്തു. കന്നേരിമുക്ക് എന്ന സ്ഥലത്ത് അന്നു നിർമിച്ച ബംഗ്ലാവാണ് ഇന്ന് സള്ളിവൻ മെമ്മോറിയൽ മ്യൂസിയമായത്.[3]

പെതകൽ ബംഗ്ലാവ് എന്നാണ് അക്കാലത്ത് കെട്ടിടം അറിയപ്പെട്ടിരുന്നത്. നാലുവർഷത്തോളം ഇവിടെ താമസിച്ച് സ്ഥലത്തിന്റെ പ്രത്യേകതകളെ കുറിച്ച് സള്ളിവൻ പഠിച്ചു. പര്യവേക്ഷണവുമായി വീണ്ടും മലകയറിയ അദ്ദേഹം എത്തിച്ചേർന്നത് തോട ഗോത്രവിഭാഗം താമസിക്കുന്ന ഉതകമണ്ഡലം എന്ന മനോഹരഭൂമിയിലാണ്. ഇവിടെ കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയും മണ്ണും സള്ളിവൻ തിരിച്ചറിഞ്ഞു. തുടർന്ന് പുതിയ കൃഷിരീതികൾ പരീക്ഷിച്ചു. വിദേശത്തുനിന്നുള്ള പച്ചക്കറികളും പൂക്കളും ഫലങ്ങളും അദ്ദേഹം ഇങ്ങോട്ടേക്ക് പറിച്ചുനട്ടു. തേയിലത്തോട്ടങ്ങളും റോഡുകളും നടുക്ക് ഊട്ടി തടാകവും നിർമിച്ച് സള്ളിവൻ ഉതകമണ്ഡലത്തിനെ മലയോരങ്ങളിലെ റാണിയാക്കി. ഉതകമണ്ഡലം ഇന്ന് ഊട്ടി എന്ന പേരിൽ അറിയപ്പെടുന്നു.

1841-ൽ ഇംഗ്ലണ്ടിലേക്ക് മടങ്ങുന്ന സമയം ബംഗ്ലാവും അതിനോട് ചേർന്നുള്ള കോട്ടേജുകളും നീലഗിരിയിൽ താമസിക്കാനെത്തിയിരുന്ന വിരമിച്ച ഇംഗ്ലീഷ് പട്ടാളക്കാർക്ക് സള്ളിവൻ കൈമാറി. 1930-ൽ ഇവിടെ ഒരു വിദ്യാലയം പ്രവർത്തിച്ചിരുന്നതായും പിന്നീട് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷം ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലായ കെട്ടിടത്തിൽ കന്നുകാലികളെ വളർത്തിയിരുന്നതായുമാണ് രേഖകൾ സൂചിപ്പിക്കുന്നത്.

പുനർനിർമ്മാണം[തിരുത്തുക]

കൊടുംകാടിനുള്ളിൽ നൂറ്റാണ്ടുകൾക്കുമുമ്പ് പണിത ഈ മന്ദിരം പലതവണ പുതുക്കിപ്പണിത് ഇന്നും സള്ളിവന്റെ സ്മരണയ്ക്കായി സൂക്ഷിച്ചിരിക്കുന്നു. അന്ന് അദ്ദേഹത്തോടൊപ്പം കൂടിയിരുന്ന ബഡഗ സമുദായക്കാരുടെ പിൻതലമുറക്കാർ ഈ ഭവനത്തെ ഭദ്രമായി സൂക്ഷിച്ചുവന്നു. കാലപ്പഴക്കത്തിൽ ജീർണിച്ചുപോയ കെട്ടിടഭാഗങ്ങൾ സർക്കാർ പഴയനിലയിൽത്തന്നെ പുതുക്കിപ്പണിത് സംരക്ഷിച്ചുപോരുന്നു. നീലഗിരി ഡോക്യുമെന്റേഷൻ സെന്ററിന്റെ കീഴിലായിരുന്ന ഇത് 2002-ൽ നീലഗിരി കളക്ടറായിരുന്ന സുപ്രിയാ സാഹു പുതുക്കിപ്പണിത് സള്ളിവന്റെ സ്മാരകമായി പ്രഖ്യാപിച്ചു. 2015-ൽ ഇത് തമിഴ്നാട് സർക്കാർ ഏറ്റെടുത്ത് സള്ളിവന്റെ പേരിൽ മ്യൂസിയമാക്കി.

മ്യൂസിയം[തിരുത്തുക]

സള്ളിവൻ ഉപയോഗിച്ചിരുന്ന കസേരകൾ, കട്ടിൽ തുടങ്ങിയ പലതും അതിനുള്ളിൽ സൂക്ഷിച്ചിരിക്കുന്നു. നീലഗിരിയുടെ ചരിത്രങ്ങളിലേക്ക് വെളിച്ചം വീശുന്ന പല രേഖകളും പുസ്തകങ്ങളും ചിത്രങ്ങളും ഇതിനുള്ളിലെ ചെറിയ ലൈബ്രറിയിലുണ്ട്. നീലഗിരിയുടെയും ഗോത്രസംസ്കാരങ്ങളുടെയും വിവരങ്ങൾ നൽകുന്ന ഗ്രന്ഥങ്ങൾ ഇവിടെയുണ്ട്. ഒരു ബഡഗഭാഷാ നിഘണ്ടുവും ഇവിടെ സൂക്ഷിക്കുന്നു. ബഡുക ഭാഷയ്ക്ക് ലിപിയില്ല. അതിനാൽ ബഡഗ സമുദായം സംസാരിച്ചുപോരുന്ന ശബ്ദങ്ങളുടെയും പദങ്ങളുടെയും അർഥം ഇംഗ്ലീഷിലാക്കിയാണ് ഈ ബൃഹദ്ഗ്രന്ഥം അച്ചടിച്ചിരിക്കുന്നത്. ഇപ്പോൾ, ഇതിൽ ചിലതെല്ലാം നീലഗിരി ഡോക്യുമെന്റേഷൻ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്.

ഇതും കാണുക[തിരുത്തുക]

ഊട്ടി

അവലംബം[തിരുത്തുക]

  1. https://timesofindia.indiatimes.com/travel/things-to-do/pethakal-bungalow/as37710579.cms
  2. https://www.thehindu.com/features/metroplus/travel/where-sullivan-lost-his-heart/article4810266.ece
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-07-23. Retrieved 2019-07-23.