സംവാദം:കരിന്തണ്ടൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാർച്ച് 13 കരിന്തണ്ടൻ മൂപ്പൻ സ്മൃതി ദിനം

പതിനെട്ടാം നൂറ്റാണ്ടിൽ വയനാടൻ കാടിന്റെ ഉൾപ്രദേശമായ താമരശ്ശേരിക്കടുത്ത് അടിവാരത്ത് ചിപ്പിലിത്തോടുളള വട്ടച്ചിറ ഊരിലാണ് കരിന്തണ്ടൻ ജീവിച്ചത്. ഇന്ന് ഏറ്റവും അംഗസംഖ്യയുള്ളതും എന്നാൽ പിന്നാക്കവുമായ പണിയ ഗോത്രവിഭാഗത്തിലാണ് കരിന്തണ്ടൻ ജനിച്ചത്. കരിന്തണ്ടൻ മൂപ്പനെ നാം അനുസ്മരിക്കുന്നത് വയനാട്ടിലേക്കുള്ള താമരശ്ശേരി ചുരം പാത കണ്ടെത്തിയ വ്യക്തി എന്ന നിലയിലാണ്. കോഴിക്കോട് നിന്നും വയനാട്ടിലേക്കും അതുവഴി മൈസൂരിലേക്കും തിരിച്ചും ഒരു പാത ആദ്യമായി വെട്ടിത്തുറന്നതിന്റെ കീർത്തി കരിന്തണ്ടൻ മൂപ്പന് അവകാശപ്പെട്ടതാണ്.

പണിയസമുദായത്തിന്റെ മൂപ്പൻ (കാരണവർ) എന്ന നിലയിൽ സവിശേഷമായ ചില അധികാരങ്ങളും അവകാശങ്ങളും കരിന്തണ്ടനുണ്ടായിരുന്നു. അത്തരം അവകാശങ്ങളുടെയും അധികാരത്തിന്റെയും ചിഹ്നങ്ങളായ പട്ടും വളയും അദ്ദേഹത്തിന് പരമ്പരാഗതമായി ലഭിച്ചിരുന്നു. അതോടൊപ്പം കാലിമേയ്ക്കുന്ന കോലും മിന്നുന്ന ഒരു അരിവാളുമായിരുന്നു കരിന്തണ്ടന്റെ കൈയ്യിൽ ഉണ്ടായിരുന്നത്. അരിവാളുകൊണ്ട് കാടുവെട്ടിയും കോലുകൊണ്ട് കാലിമേയ്ച്ചും കാടളന്നും താമരശ്ശേരി ചുരം പാത കണ്ടെത്തിയത് മണ്ണിന്റെ ഗന്ധവും കാടറിഞ്ഞ മിടുക്കുമുള്ള കരിന്തണ്ടൻ എന്ന ആ കറുത്ത മനുഷ്യനാണ്.

വയനാടിന്റെ സുഗന്ധത്തിൽ മയങ്ങിയ ബ്രിട്ടീഷ് ശക്തിക്ക് അവിടേക്ക് സുഗമമായ ഒരു മലമ്പാത കണ്ടെത്തേണ്ടത് അനിവാര്യമായിരുന്നു. ആ അന്വേഷണം അവസാനം ചെന്നെത്തിയത് കരിന്തണ്ടൻ മൂപ്പനിലായിരുന്നു. മണ്ണിനേയും നാടിനെയും ആദരിക്കുന്ന ഗോത്രാഭിമാന പ്രചോദിതനായ ആ ഗോത്ര മുഖ്യന് ബ്രിട്ടീഷുകാർക്ക് വഴി പറഞ്ഞു കൊടുക്കാൻ മനസുണ്ടായില്ല. എന്നാൽ ചതിയിലൂടെ പട്ടും വളയും കൈവശപ്പെടുത്തി കരിന്തണ്ടന്റെ ഗോത്രാഭിമാനത്തെ ചോർത്തിക്കളഞ്ഞാണ് ബ്രിട്ടീഷുകാർ കാര്യം സാധിച്ചെടുത്തത്. പാത കണ്ടെത്തിയത് തങ്ങളാണെന്ന് മേനി നടിക്കാനായി പാതയുടെ അവസാനം വച്ച് ബ്രിട്ടീഷുകാർ കരിന്തണ്ടനെ കൊലപ്പെടുത്തി.

അതുവഴിയുളള യാത്ര ദുഷ്‌കരമായപ്പോഴാണ് ബ്രിട്ടീഷുകാർ കരിന്തണ്ടന്റെ പ്രേതത്തെ ആവാഹിച്ച് ചങ്ങലയിൽ ലക്കിടിയിലുള്ള മരത്തിൽ ബന്ധിച്ചത്. അതുവഴി പോകുന്നവർ ആ മരച്ചുവട്ടിൽ കാണിക്കയർപ്പിച്ച് സുരക്ഷിതമായ യാത്രയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്ന പതിവുണ്ടായിരുന്നു. എന്നാൽ പരിഷ്‌കൃതസമൂഹത്തിന് ഇത്തരം ഏർപ്പാടുകൾ യോജിച്ചതല്ലെന്ന പുരോഗമനപ്രസ്ഥാനക്കാരുടെ വാക്കുകേട്ട് അത്തരം ആചരണങ്ങളിൽ നിന്ന് പിന്നാക്കം പോയി. അങ്ങനെ കരിന്തണ്ടൻ സ്മൃതിസ്ഥലം ആരാലും ശ്രദ്ധിക്കപ്പെടാത്ത അവസ്ഥയിലായി.

പിന്നീട് ദേശീയ പ്രസ്ഥാനങ്ങളാണ് നാടിന്റെ വികസനത്തിന് ആധാരമായ ഒരു പാത കണ്ടെത്തിയ ആ മഹാ പുരുഷനെ കഴിഞ്ഞ നാലു പതിറ്റാണ്ടായി ആദരിച്ചുവരുന്നത്. രാഷ്ട്രീയ സ്വയംസേവക സംഘം, വനവാസി കല്യാൺ ആശ്രമം, പീപ്പ് തുടങ്ങിയ സംഘടനകൾ ഇത് കൃത്യമായി നിർവഹിച്ചു വരികയാണ്. ചങ്ങലമരച്ചുവട്ടിൽ വിളക്കുകൊളുത്തിയും പുഷ്പാർച്ചന നടത്തിയും പ്രതിവർഷം കരിന്തണ്ടൻ സ്മരണ പുതുക്കി വരുന്നു. ഒരു വ്യാഴവട്ടമായി താമരശ്ശേരി ചുരത്തിലൂടെ നടക്കുന്ന കരിന്തണ്ടൻ സ്മൃതിയാത്രയിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുക്കുന്നത്. താമരശ്ശേരി ചുരത്തിലൂടെയുള്ള കരിന്തണ്ടൻ സ്മൃതിയാത്ര കരിന്തണ്ടൻ സ്മരണയ്ക്ക് വലിയൊരു ഉണർവാണ് നൽകിയത്. വയനാട്ടിലേക്കും തിരിച്ചുമുളള മലമ്പാത കണ്ടെത്തിയ ചരിത്രപുരുഷന്റെ സ്മൃതിമണ്ഡപത്തിൽ ദേവപൂജക്കായി ആയിരങ്ങളാണ് കരിന്തണ്ടന്റെ സ്മൃതിമണ്ഡപമായ ചങ്ങലമരച്ചുവട്ടിൽ എത്തിച്ചേരുന്നത്.

ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്ന ഈ വേളയിൽ, കരിന്തണ്ടൻ സ്മൃതിമണ്ഡപത്തിൽ ആ മഹാന്റെ പ്രതിമ അനാച്ഛാദനം ചെയ്യപ്പെടുന്നു എന്നത് മറ്റൊരു നാഴികക്കല്ലാണ്. അഖിലഭാരതീയ വനവാസി കല്യാണാശ്രമം ദേശീയ വൈസ് പ്രസിഡന്റ് എം.എച്ച്.നാഗുജി കരിന്തണ്ടൻ പ്രതിമയുടെ അനാച്ഛാദനം നടത്തും. കരിന്തണ്ടൻ സ്മൃതിദിനമായ ഇന്ന് വൈകുന്നേരം 5ന് കരിന്തണ്ടൻ മൂപ്പന്റെ പൂർണകായ പ്രതിമ ലക്കിടിയിൽ സ്ഥാപിക്കും. പതിവുപോലെ രാവിലെ താമരശ്ശേരി ചുരത്തിലൂടെ കരിന്തണ്ടൻ സ്മൃതിയാത്രയും പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടക്കും. കരിന്തണ്ടൻ സ്മരണ സമൂഹത്തിൽ ഉണർത്തുന്നതിന് അക്ഷീണം പ്രവർത്തിച്ച നിരവധി പ്രവർത്തകരുടെ സാന്നിധ്യമുണ്ടാകും. വാഹനങ്ങളിൽ അതുവഴി കടന്നുപോകുന്ന പതിനായിരങ്ങൾക്ക് ഈ പ്രതിമ ചരിത്രമറിയാനുളള സ്രോതസ്സാകും. പുതിയൊരു പാത കണ്ടെത്തി മലനാടിന്റെ വികസനത്തിന് പുതുമാനം നൽകിയ ആ ഗോത്രമൂപ്പനെ അനുസ്മരിക്കാനുംആദരിക്കാനും പൂജിക്കാനും ആയിരങ്ങൾക്ക് പ്രചോദനം നൽകും.

  1. Karinthandan
"https://ml.wikipedia.org/w/index.php?title=സംവാദം:കരിന്തണ്ടൻ&oldid=3723251" എന്ന താളിൽനിന്ന് ശേഖരിച്ചത്