വർഗ്ഗത്തിന്റെ സംവാദം:കണ്ണൂർ ജില്ലയിലെ ഗ്രാമങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

'ചെമ്പിലോട് ഗ്രാമപഞ്ചായത്ത്'


അറേബ്യയിൽ നിന്നു കേരളത്തിൽ വന്ന 12 മുസ്ളീം മതപ്രചാരകന്മാരിൽ ഖാസിഹുസൈൻ എന്ന പണ്ഡിതവരേണ്യൻ ഇരിവേരിയിലാണെത്തിയത്. അന്നത്തെ നാടുവാഴുന്നാർ ഭൂമിയും ധനവും നൽകി അദ്ദേഹത്തെ സഹായിച്ചുവെന്ന് പറയപ്പെടുന്നു. പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന പള്ളിയും മതപഠനകേന്ദ്രവും ശ്മശാനവും ഇരിവേരിയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ മഹാനുഭാവന്റെ ആദ്യകാലഅനുയായികളുടെ പിന്തുടർച്ചക്കാരാണ് പിന്നീട് ധർമ്മടം ഖാസിമാരായി നിയമിതരായത്. അവരെത്തന്നെയാണ് അറക്കൽ സ്വരൂപവും ഖാസിയായി അംഗീകരിച്ചുപോരുന്നത്. രണ്ടത്തറ(രണ്ടുതറ) അഥവാ പോയനാട് എന്ന സ്ഥലത്തു നിന്നുമാണ് ചേരമാൻ പെരുമാൾ മക്കത്തേക്ക് പുറപ്പെട്ടുപോയതെന്നാണ് ഐതീഹ്യം. പഴയകാലത്ത് ചിറക്കൽ താലൂക്കിന്റെ ഭാഗമായിരുന്നു, അതിലുൾപ്പെട്ടു കിടന്നിരുന്ന അംശങ്ങളായ ഇടക്കാട്, ചെമ്പിലോട്, ഇരിവേരി, മക്രേരി, അഞ്ചരക്കണ്ടി, മാവിലായി, മുഴപ്പിലങ്ങാട് എന്നിവ. കുരുമുളക് കൃഷികൊണ്ട് സമ്പന്നമെന്ന് പേരുകേട്ടതായിരുന്നു രണ്ടത്തറ എന്ന് മലബാർ മാമ്പലിൽ സൂചിപ്പിച്ചിരിക്കുന്നു. വില്വമംഗലം സ്വാമിയാർ പ്രതിഷ്ഠിച്ചതെന്നു കരുതുന്ന ശ്രീകൃഷ്ണ വിഗ്രഹമുള്ള വെള്ളൂരില്ലത്തിനും, വിഷചികിൽസാരംഗത്തെ പ്രഗൽഭനായിരുന്ന ചതുർവേദി സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ ജന്മഗേഹമായ കുനിത്തല ഇല്ലത്തിനും സഹസ്രാബ്ദങ്ങളുടെ ചരിത്രമുണ്ടെന്നു പറയപ്പെടുന്നു. 1423-നും 1445-നും ഇടയ്ക്ക് കോലത്തുനാട് ഭരിച്ചിരുന്ന കേരളവർമ്മയുടെ സദസ്യനും രാമായണം ചമ്പുവിന്റെ കർത്താവുമായ പൂനം നമ്പൂതിരിയുടെ സമകാലികനും ശ്ളോകരചനയിൽ സമർത്ഥനും ശ്രീകൃഷ്ണവിജയം കൃതിയുടെ കർത്താവുമായ ശങ്കരവാര്യർ തലവിൽ വാരിയ കുടുംബാഗമായിരുന്നു. 1828-ൽ ചിറക്കൽ കടലായി ക്ഷേത്രം, ആദ്യത്തെ ചിറക്കൽ തമ്പുരാനായ രവിവർമ്മ തമ്പുരാൻ പുതുതായി പണി കഴിപ്പിച്ചപ്പോൾ കടലായി കൃഷ്ണന്റെ, മുമ്പ് ജലാധിവാസം ചെയ്യിച്ച മൂലബിംബം തലവിൽ വാര്യത്തുനിന്നും കൊണ്ടുപോയി പ്രതിഷ്ഠിച്ചതാണെന്ന് ചിറക്കൽ.ടി.ബാലകൃഷ്ണൻ നായർ തന്റെ ഗവേഷണപ്രബന്ധത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മതമൈത്രിയുടെ മകുടോദാഹരണമാണ് ചാല ക്രിസ്ത്യൻ പള്ളിയുടെ ചരിത്രം. വിശാലമായ പള്ളിപ്പറമ്പ് 1872-ജൂലൈ 19-ന് ഏരത്തരേത്ത് കോരൻ നമ്പ്യാർ, ആർ.സി.മിഷനുവേണ്ടി മംഗലാപുരം ബിഷപ്പ് റൈറ്റ് റവ:മേരി അപ്രേം ഒ.സി.ഡിക്ക് സംഭാവനയായി നൽകിയതാണ്. മതസൌഹാർദ്ദത്തിന് ഖ്യാതിനേടിയ തീർത്ഥാടനകേന്ദ്രമായ മാമ്പസിയാറത്തുങ്കര പള്ളിയിലെ കബറിടത്തിൽ അന്ത്യവിശ്രമംകൊള്ളുന്ന ശഹിദായോർ (വീരചരമംപ്രാപിച്ചയാൾ), പോർച്ചുഗീസുകാരുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കണയന്നൂർ മാടത്തുമ്മൽ തറവാട്ടംഗമായിരുന്നു. ആയുർവ്വേദ ചികിൽസാരംഗത്ത് വിജയകൊടി പാറിച്ച അതി പ്രശസ്തരായ വൈദ്യൻമാരുടെ കേന്ദ്രമായിരുന്നു ചെമ്പിലോട്. കാർഷികരംഗത്തും ചെമ്പിലോടിന് സ്ഥാനമുണ്ട്. കണയന്നൂർ തെങ്ങും ചെമ്പിലോട് അടക്കയും പ്രസിദ്ധമാണ്. അനുഷ്ഠാന കലയായ തെയ്യംകെട്ടി ഉപജീവനം കഴിക്കുന്ന ചില കുടുംബങ്ങൾ പഞ്ചായത്തിലുണ്ട്. വളരെ പഴക്കമുള്ള ക്ഷേത്രങ്ങളും പള്ളികളും സർപ്പക്കാവുകളും പഞ്ചായത്തിലുണ്ട്. ചാലയിലെ കടവാങ്കോട്ട് മാക്കം ഭഗവതിക്കാവ്, ഇരിവേരിക്കാവ്, കാക്കോത്തു ഭഗവതിക്കാവ് തുടങ്ങിയ കാവുകൾ വളരെ പ്രസിദ്ധമാണ്. ഏറ്റവും പഴക്കമുള്ള ആരാധനാലയങ്ങൾ ശ്രീതലവിൽ മഹാവിഷ്ണു ക്ഷേത്രം, തന്നെട മയിലപ്പുറം വീരഭദ്രസ്വാമി ക്ഷേത്രം, കുനിത്തല മഹാവിഷ്ണു ക്ഷത്രം, ഇരിവേരി പള്ളി എന്നിവയാണ്. മക്കയിൽ നിന്നും വന്ന 12 പേരിൽ ഒരാളാണ് ഇരിവേരി പള്ളി സ്ഥാപിച്ചതെന്ന് പറയപ്പെടുന്നു. ചാലയിലെ ഇമ്മാകുലേറ്റ് ചർച്ച് ക്രിസ്ത്യാനികളുടെ ഏക ആരാധനാലയമാണ്. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ചെമ്പിലോട് ഗ്രാമപഞ്ചായത്ത്, ചെമ്പിലോട്, ഇരിവേരി എന്നീ വില്ലേജുകളുടെ സംഗമഭൂമിയാണ്. ചിലമ്പും ചെണ്ടയും ശംഖുനാദവും ബാങ്കുവിളിയും കൊണ്ട് മാനവമൈത്രിയുടെ സന്ദേശം വിളിച്ചോതുന്ന പുണ്യപുരാണ ക്ഷേത്രങ്ങളും കാവുകളും പള്ളികളും ചെമ്പിലോടിന്റെ സംസ്കൃതിയുടെ ഭാഗമാണ്. പാനേരിച്ചാൽ യുവക് വായനശാല കേന്ദ്രമാക്കി വി.കെ.ബാപ്പു മാസ്റ്റർ അയിത്തോച്ചാടനത്തിന്റെ ഭാഗമായി ഹരിജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് മിശ്രഭോജനം നടത്തി. രാഷ്ട്രഭാഷാ പ്രചാരണാർത്ഥം കെ.സി.ഗോവിന്ദൻ ഹിന്ദി പഠനക്ളാസും തുടങ്ങി. മിശ്രഭോജനം, കർഷകത്തൊഴിലാളി മുന്നറ്റം, ദേശീയപ്രസ്ഥാനപ്രവർത്തനങ്ങൾ എന്നിവയ്ക്ക് നേതൃത്വപരമായ പ്രോൽസാഹനം നൽകുന്നതിനായി, കൊയ്യോട്ടെ മണിയലംചിറക്കടുത്ത് സ്ഥാപിതമായ കർഷകത്തൊഴിലാളി വായനശാല കേന്ദ്രീകരിച്ച് എ.കെ.ജി നടത്തിയ പ്രസിദ്ധമായ പട്ടിണിജാഥയിൽ ഇവിടെ നിന്നും സർദാർ ചന്ത്രോത്തിനോടൊപ്പം ഇ.ഗോപാലൻ നമ്പ്യാർ, എ.കെ.കുഞ്ഞികൃഷ്ണൻ നമ്പ്യാർ തുടങ്ങിയവർ പങ്കെടുത്തിരുന്നു. വായനശാലയുടെ ആഭിമുഖ്യത്തിൽ രണ്ടു ദിവസങ്ങളിലായി നടന്ന കർഷകസമ്മേളനം അക്കാലത്തെ ഒരു ചരിത്രസംഭവമായിരുന്നു. പി.കൃഷ്ണപിള്ളയുടെ നേതൃത്വം മൊയാരത്ത് ശങ്കരൻ, എ.വി.കുഞ്ഞമ്പു. കെ.എ.കേരളീയൻ എന്നിവരുടെ സാന്നിധ്യം മുതലായവ സമ്മേളനത്തെ സജീവമാക്കി. ചാല ദേശോദ്ധാരണ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ കെട്ടിടോൽഘാടനം നിർവ്വഹിച്ചത് കേരളം കണ്ട സാമൂഹ്യപരിഷ്കർത്താക്കളിൽ അഗ്രഗണ്യനായ വി.ടി.ഭട്ടതിരിപ്പാടായിരുന്നു. 1942-കാലഘട്ടത്തിൽ തൊട്ടുകൂടാത്തവരെയും തീണ്ടികൂടാത്തവരെയും ഒപ്പമിരുത്തി നടത്തിയ സമൂഹസദ്യ ആ കാലഘട്ടത്തിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതിന്റെ നേതൃത്വപരമായ പങ്ക് വഹിച്ചത് ആർ.കുഞ്ഞമ്പു ആയിരുന്നു. കൊയ്യോട്ട് രൂപീകരിക്കപ്പെട്ട ശ്രീനാരായണസേവാസംഘത്തിന്റെ ആഭിമുഖ്യത്തിലാണ് സമൂഹസദ്യ സംഘടിപ്പിച്ചത്. അതിന്റെ ഖജാൻജിയായി എ.കെ.അഹമ്മദ്കുട്ടി തിരഞ്ഞെടുക്കപ്പെട്ടു എന്നതുതന്നെ ഇവിടുത്തെ മതമൈത്രിക്ക് ഉദാഹരണമാണ്. സാഹിത്യകാരനും എഴുത്തുകാരനും സ്വാതന്ത്യ്രസമരസേനാനിയുമായിരുന്ന മൊയാരത്തു ശങ്കരന്റെ പ്രവർത്തനമേഖലകളിലൊന്ന് ഈ ഗ്രാമമായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ചരിത്രം, ഒരു പെൺകിടാവിന്റെ തന്റേടം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന രചനകളാണ്. തച്ചുശാസ്ത്രകലകളിൽ നിപുണനും, സംഗീതജ്ഞനുമായിരുന്ന വലിയപുരയിൽ ശങ്കരൻ കേരളവർമ്മനാചാരി, നാടകസംവിധായകൻ കാളിയത്ത് പത്മനാഭൻ നമ്പ്യാർ, സിനിമാനടൻ കെ.എൻ.പി.നമ്പ്യാർ തുടങ്ങിയവർ മൺമറഞ്ഞ പ്രശസ്ത കലാകാരൻമാരാണ്. ചെമ്പിലോട് ഗ്രാമപഞ്ചായത്തിന്റെ ജാതിമതഘടന പരിശോധിച്ചാൽ ഭൂരിഭാഗവും ഹിന്ദു, മുസ്ളീം ജനവിഭാഗങ്ങളാണ്. നാമമാത്രമായി ക്രിസ്ത്യൻ ജനവിഭാഗവും അധിവസിക്കുന്നു. വിവിധ ജാതിമത വിഭാഗങ്ങൾ നിവസിക്കുന്ന പ്രദേശമാണെങ്കിലും മതസൌഹാർദ്ദവും മൈത്രിയും നിലനിൽക്കുന്നു. ഓരോ മതസ്ഥരും അന്യമതക്കാരുടെ ആഘോഷങ്ങളിലും മറ്റും പങ്കെടുക്കാറുണ്ട്.