വോംസ് കൂട്ടക്കൊല (1096)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ജർമനിയിലെ വോംസ് നഗരത്തിൽ നടന്ന ജൂതകൂട്ടക്കൊലയാണ് വോംസ് കൂട്ടക്കൊല (1096). കുറഞ്ഞത് 800 ജൂതന്മാർ അവിടെ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. കൗണ്ട് എമിക്കോയുടെ കീഴിലുണ്ടായിരുന്ന ക്രിസ്ത്യൻ കുരിശുയോദ്ധാക്കൾ 1096 മെയ് മാസത്തിലാണ് ഈ കുരുതി നടത്തിയത്. ജർമ്മൻ കുരിശുയുദ്ധത്തിന്റെ ഭാഗമായാണ് ഈ കൂട്ടക്കൊല നടന്നത്.

സംഭവം[തിരുത്തുക]

കൗണ്ട് എമിക്കോയുടെ സൈന്യം 1096 മെയ് 18-ന് വോംസ് പ്രദേശത്ത് എത്തിച്ചേർന്നു. ജൂതന്മാർ ഒരു ക്രിസ്ത്യാനിയെ ജീവനോടെ തിളപ്പിച്ചുവെന്നും ആ മൃതദേഹമുപയോഗിച്ച് പട്ടണത്തിലെ കിണറുകൾ വിഷമയമാക്കിയതായും കിംവദന്തികൾ പരന്നതോടെ ജനക്കൂട്ടം അക്രമാസക്തരാവുകയായിരുന്നു. കോട്ടക്കകത്ത് കുറേപ്പേർ അഭയം തേടി, തുടർന്ന് പുറത്ത് ബാക്കിയായവരാണ് ആദ്യം കൊലക്കിരയായത്[1].

എട്ടുദിവസങ്ങൾക്ക് ശേഷം പ്രദേശവാസികളുടെ സഹായത്തോടെ കോട്ടക്കകത്തേക്ക് ഇരച്ചുകയറിയ കൗണ്ട് എമിക്കോയുടെ സേന അഭയാർത്ഥികളുടെ കഴുത്തറുക്കുകയായിരുന്നു[2]. ജൂതന്മാരുടെ മാസാദ്യ പ്രാർത്ഥന നടന്നുകൊണ്ടിരിക്കവെയായിരുന്നു ക്രൂരമായ ഈ ആക്രമണം നടന്നത്[3].

800 മുതൽ 1000 വരെ മനുഷ്യരാണ് ഇവിടെ മാത്രം കൊല്ലപ്പെട്ടത്. ആത്മഹത്യചെയ്തവരും നിർബന്ധിത മതപരിവർത്തനം ചെയ്യപ്പെട്ടവരുമൊഴികെയുള്ള കണക്കാണ് ഇത്[4]. പിടികൂടപ്പെട്ട പലരും മതപരിവർത്തനത്തിന് തയ്യാറാകാതെ വന്നതോടെ അവരും വധിക്കപ്പെടുകയായിരുന്നു[5].

അവലംബം[തിരുത്തുക]

  1. Simon Schama, The History of the Jews, 1000 BCE–1492 CE, Vintage Books 2014 pp. 298–299.
  2. Runciman, Steven (2004). The First Crusade. Cambridge University Press. p. 65. ISBN 9780521611480.
  3. Kantor, Máttis (2005). Codex Judaica: Chronological Index of Jewish History, Covering 5,764 Years of Biblical, Talmudic & Post-Talmudic History. Zichron Press. p. 186. ISBN 9780967037837.
  4. "Worms". Jewish Encyclopedia. Retrieved 7 March 2014.
  5. Emily Taitz, Sondra Henry & Cheryl Tallan, The JPS Guide to Jewish Women: 600 B.C.E.to 1900 C.E., 2003
"https://ml.wikipedia.org/w/index.php?title=വോംസ്_കൂട്ടക്കൊല_(1096)&oldid=3936905" എന്ന താളിൽനിന്ന് ശേഖരിച്ചത്