വിവാഹവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ
വിവാഹവുമായി ബന്ധപ്പെട്ട് ധാരാളം കുറ്റകൃത്യങ്ങൾ നടന്നു വരുന്നുണ്ട്. ഇതിൽ ഏറിയ പങ്കും സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളാണ്. വ്യഭിചാരം, ബഹുഭാര്യത്വവും ബഹു ഭർത്തൃത്വവും, സ്ത്രീധന പീഡനം, സ്ത്രീധന കൊലപാതകം, സതി അനുഷ്ടിക്കൽ,ശൈശവ വിവാഹവും അതോടപ്പമുള്ള കുറ്റകൃത്യങ്ങൾ, ഗാർഹിക പീഡനങ്ങൾ, ദുരഭിമാന കൊല[1], ഊരു വിലക്ക്, തട്ടിക്കൊണ്ടു പോകൽ, ബലാൽസംഗം തുടങ്ങീ ധാരാളം കുറ്റ കൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത്തരം കുറ്റകൃത്യങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ ധാരാളം നിയമങ്ങളും പാസ്സാക്കുകയും ചെയ്തിട്ടുണ്ട്. മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് പുതിയവ ഉൾപ്പെടുത്തി പ്രത്യേക നിയമനിർമ്മാണങ്ങളും ഉണ്ടാക്കുവാനുള്ള തയ്യാറെടുപ്പിലാണ്. [2].[3]
ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവാഹവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ
[തിരുത്തുക]വിവാഹം സംബന്ധിച്ചുള്ള കുറ്റകൃത്യങ്ങൾ ഇന്ത്യൻ പീനൽ കോഡിലെ അദ്ധ്യായം 20-ൽ 493 മുതൽ 498 ഉൾപ്പെടെയുള്ള വകുപ്പുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
കപട വിവാഹം വഴി കബളിപ്പിച്ച് സഹവസിക്കൽ
[തിരുത്തുക]കപട വിവാഹം വഴി സ്ത്രീകളെ കബളിപ്പിച്ച് അവരുമായി സഹവസിക്കുകയും ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്യുന്നത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 493-)0 വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യമാണ്. താൻ നിയമാനുസരണം വിവാഹം കഴിച്ചിട്ടില്ലാത്ത ഒരു സ്ത്രീയെ അപരകാരം അവൾ വിവാഹം കഴിച്ചിട്ടുണ്ടെന്നു വിശ്വസിക്കുവാനും ആ വിശ്വാസത്തോട് കൂടി തന്നോടൊപ്പം ഭാര്യാ ഭർത്താക്കന്മാരെപ്പോലെ സഹവസിക്കുവാനോ, ലൈംഗിക ബന്ധത്തിലേർപ്പെടുവാനോ ഇടയാക്കുകയും ചെയ്ത് കബളിപ്പിക്കുന്ന ഏതൊരു പുരുഷനും പത്ത് വർഷം വരേ തടവ് ശിക്ഷ ലഭിക്കാവുന്നതും കൂടാതെ പിഴയൊട് കൂടിയതുമായ ശിക്ഷയ്ക്ക് അർഹനാണ്[4].ഈ വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യത്തിനു ജാമ്യം ലഭിക്കാത്തതും രാജിയാക്കുന്നതിനു വ്യവസ്ഥയില്ലാത്തതും ആകുന്നു. ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിക്ക് വിചാരണ ചെയ്യാവുന്നതാണ്.
ബഹുഭാര്യത്വവും ബഹുഭർത്തൃത്വവും (Bigamy)
[തിരുത്തുക]ഭർത്താവോ ഭാര്യയോ ജീവിച്ചിരിക്കുമ്പോൾ മറ്റൊരു വിവാഹം കഴിക്കുന്നത് 7 വർഷം വരെ തടവും കൂടാതെ പിഴ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. ഈ വകുപ്പ് ജാമ്യം അനുവദിക്കാവുന്നതും, കോഗ്നിസബിൾ അല്ലാത്തതും, ആദ്യ വിവാഹത്തിലെ പങ്കാളിയുടെ അനുമതിയോടെ ഒത്തു തീർപ്പാക്കാവുന്നതുമാണ്. താഴെപറയുന്ന സന്ദർഭങ്ങളിൽ രണ്ടാം വിവാഹം കുറ്റകരമല്ല.[5]
- അധികാരമുള്ള ഏതെങ്കിലും കോടതി, ആദ്യ വിവാഹം അസാധുവായി പ്രഖ്യാപിച്ച സാഹചര്യത്തിൽ, അല്ലെങ്കിൽ,
- രണ്ടാം വിവാഹത്തിനു മുമ്പ് ഭാര്യയോ ഭർത്താവോ ഏഴു കൊല്ലത്തേക്ക് തന്റെ കൂടെ വിട്ടകന്നിരിക്കുകയും ആ കാലഘട്ടത്തിൽ അയാൾ ജീവിച്ചിരിപ്പുള്ളതായി ആരും കേൾക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും കൂടാതെ രണ്ടാമതു വിവാഹം കഴിക്കുവാൻ പോകുന്ന ആളിനോട് യഥാർത്ഥ വസ്തുതകൾ ധരിപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ, രണ്ടാം വിവാഹം കുറ്റകരമല്ല.
മുസ്ലിം ഭർത്താവിന്റെ കാര്യത്തിൽ, ഒരേ സമയം നാല് ഭാര്യമാർ അനുവദിക്കുന്ന ശരീഅത്ത് നിയമം ഉള്ളതുകൊണ്ട് അവർ ബഹുഭാര്യത്വത്തിനു ഈ നിയമപ്രകാരം കുറ്റകരമാവുകയില്ല. എന്നാൽ ഇക്കാര്യം മുതലെടുത്ത് ആദ്യ ഭാര്യയെ നിയമപരമായി ഒഴിവാക്കാതെ ഇസ്ലാം മതത്തിലേക്ക് മതം മാറിയതായി കാണിച്ച്, പുനർവിവാഹം ചെയ്യുന്ന ധാരാളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ ഒരു ഹിന്ദു ഭർത്താവ് ആദ്യഭാര്യയിൽ നിന്ന് നിയമാനുസരണം വിവാഹമോചനം നേടാതെ, ഇസ്ലാം മതം സ്വീകരിച്ച് മറ്റൊരു വിവാഹം നടത്തിയാൽ രണ്ടാം വിവാഹം അസാധുവാണെന്നും ബഹുഭാര്യാത്വത്തിനുള്ള ശിക്ഷയ്ക്ക് വിധേയാണെന്നും ബഹുമാനപ്പെട്ട സുപ്രീം കോടതി വിധിക്കുകയുണ്ടായി.[6]
പിന്നീട് വിവാഹം കഴിച്ചയാളിൽ നിന്നും മുൻ വിവാഹം ഒളിപ്പിച്ചു വച്ച്കൊണ്ട് ചെയ്യുന്നത്
[തിരുത്തുക]രണ്ടാമതു വിവാഹം കഴിച്ചയാളിൽ നിന്നും ആദ്യത്തെ വിവാഹം മറച്ചു വച്ചുകൊണ്ട് ബഹുഭാര്യത്വമോ ബഹുഭർതൃത്വമോ ചെയ്യുന്ന ആൾക്ക്, പത്തുവർഷത്തോളം തടവു ശിക്ഷ ലഭിക്കാവുന്നതും കൂടാതെ പിഴ ശിക്ഷയ്ക്കും കൂടി അർഹനാകുന്നതാണ്. ഈ കുറ്റകൃത്യം ജാമ്യം ലഭിക്കാവുന്നതും എന്നാൽ ഒത്തുതീർക്കുന്നതിനു വ്യവസ്ഥയില്ലാത്തതുമാണ്.[7]
നിയമാനുസൃതമായ വിവാഹം കൂടാതെ വഞ്ചനാപൂർവ്വം വിവാഹചടങ്ങ് നടത്തുന്നത്
[തിരുത്തുക]താൻ നിയമപ്രകാരം വിവാഹിതനാകുന്നില്ല എന്നറിഞ്ഞുകൊണ്ട് വഞ്ചനപൂർവ്വമായോ ചതിയായോ ചടങ്ങ് നിർവ്വഹിക്കുന്ന ഏതൊരാളും ഏഴു കൊല്ലം വരേയുള്ള തടവിനു ശിക്ഷിക്കപ്പെടുന്നതും കൂടാതെ പിഴ ശിക്ഷയ്ക്കും കൂടി അരഹനാണ്. ജാമ്യം അനുവദിക്കാവുന്ന കുറ്റവും കൂടാതെ കോഗ്നിസിബൾ അല്ലാതതും ഒന്നാം ക്ലാസ് മജിസ്ട്രേറ്റിനു വിചാരണ നടത്താവുന്നതാണ്. എന്നാൽ കേസ് രാജിയാക്കുന്നതിനു വ്യവസ്ഥയില്ല.[8]
ഒരു സ്ത്രീ മറ്റൊരാളുടെ ഭാര്യയാണെന്നറിഞ്ഞുകൊണ്ടോ, അല്ലെങ്കിൽ അപ്രകാരം വിശ്വസിക്കുവാൻ ഉതകുന്ന കാരണങ്ങൾ ഉള്ളപ്പോഴോ, ആ സ്ത്രീയുടെ ഭർത്താവിന്റെ സമ്മതമോ മൗനാനുവാദമോ ഇല്ലാതെ, ബലാൽസംഗകുറ്റമാകാത്ത ലൈംഗിക വേഴ്ച നടത്തുന്നതിനെ വ്യഭിചാരം എന്നു പറയുന്നു. ഈ കുറ്റകൃത്യത്തിനു അഞ്ചു കൊല്ലം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കുന്നതാണ്. എന്നാൽ ഈ വകുപ്പ് പ്രകാരം, സ്ത്രീ ഒരു സഹായിയാണെങ്കിൽ പോലും സ്ത്രീയെ ശിക്ഷിക്കാൻ പാടുള്ളതല്ല. ഈ വകുപ്പ് പ്രകാരമുള്ള കുറ്റം കോഗ്നൈസബിൾ അല്ലാത്തതും ( വാറന്റില്ലാതെ അറസ്റ്റ് ചെയ്യാൻ പാടില്ലാത്തത് ) ജാമ്യം അനുവദിക്കാവുന്നതും ഒന്നാം ക്ലാസ് മജിസ്ട്രേറ്റിനു വിചാരണ നടത്താവുന്നതുമാണ്. എന്നാൽ രാജിയാക്കുന്നതിനു വ്യവസ്ഥയില്ല.[9] എന്നാൽ വ്യഭിചാരത്തിൽ തുല്യ പങ്കാളിയായ സ്ത്രീക്കെതിരെ കുറ്റം നിലനിൽക്കാത്തതു പല കോണുകളിൽ നിന്നും വിമർശനത്തിനടയാക്കിയിട്ടുണ്ട്. ഭരണ ഘടന ഉറപ്പ് നൽകുന്ന, നിയമത്തിനു മുമ്പിൽ എല്ലാവരും തുല്യരാണെന്ന തത്ത്വത്തിന്റെ ലംഘനമാണെന്നു കാണിച്ച് ബഹുമാനപ്പെട്ട കോടതിയിൽ ഹരജി കൊടുക്കുകയുണ്ടായെങ്കിലും, സ്ത്രീകളുടെ പ്രത്യേക അവസ്ഥ പരിഗണിച്ച് അവരെ ഇതിന്റെ ശിക്ഷയിൽ നിന്നും ഒഴിവാക്കുന്നതിൽ ഭരണഘടനാ ലംഘനമില്ല എന്നും വിധിക്കുകയുണ്ടായി.[10]
വിവാഹിതയെ വശീകരിച്ച് കൂട്ടിക്കൊണ്ടുപോകുന്നതും തടഞ്ഞ് വെയ്ക്കുന്നതും
[തിരുത്തുക]ഒരു സ്ത്രീ മറ്റൊരാളുടെ ഭാര്യയണെന്നറിഞ്ഞുകൊണ്ടോ, അപ്രകാരം വിശ്വസിക്കുവാൻ കാരണമുള്ളപ്പോഴോ, ആ സ്ത്രീയെ അവരുടെ ഭർത്താവിൽ നിന്നോ, അവരുടെ സംരക്ഷകരിൽ നിന്നോ, മറ്റാരെങ്കിലുമായി അവർക്ക് അവിഹിതബന്ധം ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോട് കൂടി, കൂട്ടിക്കൊണ്ട് പോകുകയോ വശീകരിച്ച് കൊണ്ട്പോകുകയോ അല്ലെങ്കിൽ ആ ഉദ്ദേശ്യത്തോട് കൂടി ആ സ്ത്രീയെ ഒളിപ്പിച്ച് വെയ്ക്കുകയോ തടഞ്ഞ് വെയ്ക്കുകയോ ചെയ്യുന്ന ഏതൊരാളും ഈ വകുപ്പ് പ്രകാരം കുറ്റം ചെയ്യുന്നതാണ്. രണ്ട് കൊല്ലം വരേ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുന്നതാണ്. ജാമ്യം അനുവദിക്കാവുന്നതും കോഗ്നൈസബിൾ അല്ലാത്തതുമാണ്. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് വിചാരണ നടത്താവുന്നതാണ്.[11]
മേൽ പറഞ്ഞ പ്രത്യേക അദ്ധ്യായത്തിനു പുറമെ ( 20- ആം അദ്ധ്യായം), ഇതുമാായി ബന്ധപ്പെട്ട് ചില വകുപ്പുകളും ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.. അതിൽ, സ്ത്രീധന കൊലപാതകം(Section 304 B), വിവാഹത്തിനു നിർബന്ധിക്കുവാനായുള്ള ആളപഹരണം (Section 366), വേർപിരിഞ്ഞ ഭാര്യക്കെതിരെയുള്ള ബലാൽസംഗം (Section 376 B), ഭർത്താവോ ബന്ധുക്കളോ ചെയ്യുന്ന ക്രുരതകൾ ( section 498 A) തുടങ്ങിയവ പ്രാധാന്യമർഹിക്കുന്നു.
സ്ത്രീധന മരണം ( Dowry death )
[തിരുത്തുക]വിവാഹം നടന്ന് ഏഴു വർഷത്തിനുള്ളിൽ ഒരു സ്ത്രീക്ക് പൊള്ളൽ മൂലമോ, പരിക്ക് മൂലമോ അസ്വാഭാവികമായ സാഹചര്യത്തിൽ മറ്റെന്തെങ്കിലും വിധത്തിലോ മരണം സംഭവിക്കുകയും, ഭർത്താവോ അയാളുറ്റെ ബന്ധുക്കളോ, മരണത്തിനു തൊട്ടു മുമ്പ് അവളെ സ്ത്രീധനത്തിനു വേണ്ടിയോ സ്ത്രീധനവുമായി ബന്ധപ്പെട്ടോ ക്രൂരതയ്ക്കോ പീഡനത്തിനോ വിധേയമാക്കിയാൽ അത് സ്ത്രീധന മരണമായി കണക്കാക്കുന്നതാണ്. ആരെങ്കിലും ഈ കുറ്റം ചെയ്താൽ അയാൾക്ക് ഏഴു വർഷത്തിൽ കുറയാാത്ത കാലത്തേക്ക് തടവു ശിക്ഷ ലഭിക്കുന്നതും അത് ജീവപര്യന്തം വരെ ആകാവുന്നതുമാണ്. ഈ കുറ്റകൃത്യം ജാമ്യം ലഭിക്കാത്തതും കോഗ്ഗ്നിസിബിളും ( കോടതിയുടെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാവുന്ന കുറ്റം) ആകുന്നു. സെഷൻസ് കോടതിക്കാണ് വിചാരണ ചെയ്യാൻ അധികാരമുള്ളത്. [12]. കേസ് രാജിയാക്കാൻ വ്യവസ്ഥയില്ല.
വിവാഹം കഴിപ്പിക്കുന്നതിനും മറ്റും സ്ത്രീയെ തട്ടിക്കൊണ്ടുപോകൽ
[തിരുത്തുക]സ്ത്രീയുടെ അവളുടെ ഇഷ്ടത്തിനെതിരായി അവളെ വിവാഹം കഴിപ്പിക്കുന്നതിനോ അവിഹിത ബന്ധത്തിനു നിർബ്ബന്ധിക്കുന്നതിനോ പ്രലോഭിപ്പിക്ക്പ്പെടുകയോ ചെയ്യുന്നതിനോ അല്ലെങ്കിൽ അവൾ അവിഹിത ബന്ധത്തിനു നിർബന്ധിക്കപ്പെടുവാനോ പ്രലോഭിപ്പിക്കപ്പെടുവാൻ സാധ്യതയുണ്ടെന്നറിഞ്ഞു കൊണ്ട് അവളെ തട്ടിക്കൊണ്ട് പോകുന്നത് ശിക്ഷാർഹമാണ്. പത്ത് കൊല്ലം വരെ തടവു ശിക്ഷ ലഭിച്ചേക്കാവുന്നതാണ്. ഈ കുറ്റകൃത്യം ജാമ്യം ലഭിക്കാത്തതും കോഗ്ഗ്നിസിബിളും ( കോടതിയുടെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാവുന്ന കുറ്റം) ആകുന്നു. സെഷൻസ് കോടതിക്കാണ് വിചാരണ ചെയ്യാൻ അധികാരമുള്ളത്. [13]. കേസ് രാജിയാക്കാൻ വ്യവസ്ഥയില്ല.
വേർപിരിഞ്ഞ ഭാര്യയുടെ മേൽ നടത്തുന്ന ബലാൽസംഗം
[തിരുത്തുക]വേർപിരിഞ്ഞു കഴിയുന്ന തന്റെ ഭാര്യയുമായി അവളുറ്റെ സമ്മതമില്ലാതെ ലൈംഗിക വേഴ്ച നടത്തുന്നത് കുറ്റകരവും അയാൾക്ക് രണ്ട് വർഷത്തിൽ കുറയാത്തതും ഏഴു വർഷത്തിൽ കൂടാത്തതുമായ കാലത്തേക്ക് ശിക്ഷിക്കപ്പെടുന്നതും കൂടാതെ പിഴയും കൊടുക്കേണ്ടതാണ്. ഈ കുറ്റകൃത്യം ഇരയുടെ പരാതിയിന്മേൽ കോടതിയുടെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാവുന്ന കുറ്റം ആകുന്നു. സെഷൻസ് കോടതിക്കാണ് വിചാരണ ചെയ്യാൻ അധികാരമുള്ളത്. ജാമ്യം അനുവദിക്കാവുന്ന കുറ്റമാണ്.[14]
ഭർത്താവിന്റെയോ ബന്ധുക്കളുടെയോ ക്രൂരത
[തിരുത്തുക]സ്ത്രീധനത്തിനുവേണ്ടി ഭാര്യയെയോ ഭാര്യയുടെ ബന്ധുക്കളെയോ സമ്മർദ്ദം ചെലുത്താനായി ഭാര്യയെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുന്ന ഭരത്താവിനെയും അയാളുടെ ബന്ധുക്കളെയും ശിക്ഷിക്കുക എന്നലക്ഷ്യം വച്ച് ആണ് 498 എ എന്ന വകുപ്പ് പിന്നീട് കൂട്ടിച്ചേർത്തത്. ഈ വകുപ്പ് പ്രകാരം ഒരു സ്ത്രീയുടെ ഭർത്താവോ ഭർത്താവിന്റെ ബന്ധുവോ അവളെ ക്രൂരതയ്ക്ക് വിധേയയാക്കുകയാണെങ്കിൽ 3 വർഷം വരെയുള്ള തടവിനും കൂടാതെ പിഴ ശിക്ഷയ്ക്കും അർഹനാണ്. ഈ കുറ്റകൃത്യം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് വിചാരണ ചെയ്യാവുന്നതും കോഗ്നിസിബിളും ജാമ്യം അനുവദിക്കാത്തതും ഒത്ത്തീർപ്പിനു വ്യവസ്ഥയില്ലാത്തതുമാണ്.
ക്രൂരത എന്താണെന്നു ഈ വകുപ്പിൽ വിശദീകരിച്ചിട്ടുണ്ട്. സ്ത്രീയെ ആത്മഹത്യയിലേക്ക് നയിക്കാനോ അവളുടെ ജീവനോ അവയവങ്ങൾക്കോ ആരോഗ്യത്തിനോ ഗുരുതരമായ പരിക്കോ അപായമോ ഉണ്ടാവാൻ സാധ്യതയുള്ള മനഃപൂർവ്വമായുള്ള ഏത് നടപടികളും ക്രൂരതയാണ്. കൂടാതെ ഭർത്താവിന്റെ അന്യായമായ ആവശ്യം നേരിടുന്നതിനായി ഭാര്യ യോടൊ അവളുമായി ബന്ധപ്പെട്ട മറ്റാരെങ്കിലോടോ ഏതെങ്കിലും വസ്തുവോ വിലപിടിപ്പുള്ള മറ്റെന്തെങ്കിലും വസ്തുവോ ആവശ്യപ്പെട്ടുകൊണ്ട് പീഡിപ്പിക്കുന്നതും അല്ലെങ്കിൽ അത്തരം അന്യായമായ അവശ്യം നിറവേറ്റാത്തതിന്റെ പേരിൽ പീഡിപ്പിക്കുന്നതും ക്രൂരതയാണ്.[15]
അവലംബങ്ങൾ
[തിരുത്തുക]- ↑ ദുരഭിമാന കൊല തടയാൻ പ്രത്യേകം നിയമം വേണമെന്ന് Archived 2013-11-18 at the Wayback Machine.- മാധ്യമം 26-2-2014
- ↑ DNA News 8-3-2010
- ↑ Law commission recommendation on honour killing
- ↑ Cohabitation caused by a man deceitfully inducing a belief of lawful marriage, section 493
- ↑ Section 494 of IPC
- ↑ Smt Sarla Mudgal Case, Women's Right Case Law
- ↑ Section 495 IPC
- ↑ Section 496 of IPC
- ↑ Section 497 of IPC
- ↑ Adultry law must apply equally to men and women Rediff.com
- ↑ Section 498 of IPC
- ↑ Section 304 B of IPC
- ↑ Section 366 of IPC
- ↑ Section 376 B of IPC
- ↑ section 498A Indian Penal Code