മലയാളഐക്യവേദി
[1]പൊതുരംഗത്ത് മലയാളഭാഷയുടെ സമഗ്രപുരോഗതി മുൻനിർത്തി പ്രവർത്തിക്കുന്ന ഒരു സംഘടനയാണു മലയാള ഐക്യവേദി.[2][3][4]
ചരിത്രം
[തിരുത്തുക]'ഭരണവും വിദ്യാഭ്യാസവും മലയാളത്തിൽ' എന്ന മുദ്രാവാക്യമുയർത്തി 2009 നവം. 14,15 തിയതികളിൽ വടകര നടന്ന സമ്മേളനത്തിൽ വെച്ചാണു മലയാള ഐക്യവേദി രൂപൂകരിച്ചത്. 2009 ലെ ബിരുദ പുന:സംഘടനയിൽ മലയാളഭാഷയും സാഹിത്യവും പിന്തള്ളപ്പെട്ടതിനോടുള്ള പ്രതിഷേധമായി മാര്ച്ച് മാസത്തിൽ ആരംഭിച്ച കൂട്ടായ്മകൾ പൊതുപരിപാടി മുൻനിർത്തി മലയാള ഐക്യവേദി എന്ന സംഘടനയായി മാറുകയായിരുന്നു. ആവശ്യത്തിനായി സമാനാശയങ്ങളുള്ള സംഘടനകളുമായിച്ചേർന്ന് ഐക്യമലയാളപ്രസ്ഥാനമെന്ന കുടക്കീഴിൽ സമരമാർഗ്ഗത്തിലാണ് സംഘടനയിപ്പോൾ. മലയാളഐക്യവേദിയുടെ പ്രസിദ്ധീകരണവിഭാഗം ഡോ.പി.പവിത്രൻറെ മാതൃഭാഷയ്ക്കുവേണ്ടിയുള്ള സമരം , സുരേഷ് പുത്തൻ പറമ്പിൽ എഡിറ്റു ചെയ്ത അറിവും മലയാളവും എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭരണഭാഷക്കായുള്ള സമരങ്ങൾ
[തിരുത്തുക]1982ലെ കേരളപ്പിറവി ദിനത്തിൽ എൻ.വി. കൃഷ്ണവാര്യർ, പി.എൻ. പണിക്കർ, പി.ടി. ഭാസ്‌കരപ്പണിക്കർ എന്നിവരുടെ നേതൃത്വത്തിൽ ഭരണഭാഷ മലയാളമാക്കുക എന്ന ആവശ്യം ഉന്നയിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ നടന്നു. ഭരണപരിഷ്കാര വേദി, ശാസ്ത്ര സാഹിത്യ പരിഷത്ത്, അനൗപചാരിക സാക്ഷരതാ പ്രവർത്തനത്തിനു നേതൃത്വം കൊടുത്ത കാൻഫെഡ്, യുക്തിവാദി സംഘം, വില്ലേജ് സ്‌റ്റാഫ് അസോസിയേഷൻ, വിജിൽ ഇന്ത്യ മൂവ്മെൻറ്, എസ്.എൻ. യൂത്ത് മൂവ്മെൻറ് എന്നീ സംഘടനകൾ സമരത്തിൽ സഹകരിച്ചു. വലിയ ജനപങ്കാളിത്തം ധർണയിൽ ഉണ്ടാവുകയും പത്രമാധ്യമങ്ങളിൽ വലിയ വാർത്തയാവുകയും ചെയ്‌തു അന്നത്തെ സമരം.
1983 മാർച്ച് 3ന് "ഭരണ ഭാഷ മലയാളമാക്കുക" എന്ന കാതടപ്പിക്കുന്ന മുദ്രാവാക്യം നിയമസഭാ ഗാലറിയിൽനിന്നും മുഴങ്ങി. കുമ്പളം സോളമൻ, പി.എൻ. നെടുവേലി, പി.പി. പൊന്നൻ മാവേലിക്കര, സോളമൻ വേളാംചിറ, തോമസ് സി. ചിലമ്പിക്കുന്നേൽ, ഹരികുമാർ എന്നീ യുവരക്തങ്ങളാണ് ഭാഷാ പോരാളികളായത്. കൈയിലുണ്ടായിരുന്ന നോട്ടീസുകൾ സഭാതളത്തിലേക്ക് വലിച്ചെറിയുകയും ചെയ്തു. സഭ നിർത്തിവെച്ചു. സ്പീക്കർ, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർ ഉടൻ യോഗം കൂടി. സമരക്കാരെ യോഗത്തിനു മുന്നിൽ ഹാജരാക്കി. സമരക്കാരെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ടുള്ള പ്രമേയം മുഖ്യമന്ത്രി കെ. കരുണാകരൻ സഭക്കുമുന്നിൽ അവതരിപ്പിച്ചു. 1983 മാർച്ച് പതിമൂന്നാം തീയതി 5 മണി വരെ സമരഭടന്മാരെ പൂജപ്പുര സെൻട്രൽ ജയിലിലടച്ചു.
മാതൃഭാഷകൾക്ക് പ്രാധാന്യം നൽകുന്ന രീതിയിൽ ഒരു ഭാഷാ നയം കേന്ദ്ര സർക്കാർ പുറത്തിറക്കണമെന്നാവശ്യപ്പെട്ടതും നവംബർ ഒന്നു മുതൽ ഒരാഴ്ചക്കാലം ഭരണഭാഷാവാരമായി ആചരിക്കണം എന്നാവശ്യപ്പെട്ടതും ഡോ. ജോർജ് ഇരുമ്പയം, ഡോ. എം.കെ. സാനു, ജസ്റ്റിസ് വി.ആർ. കൃഷ്‌ണയ്യർ എന്നിവരുടെ നേതൃത്വത്തിൽ 1989ൽ രൂപപ്പെട്ട മലയാള സംരക്ഷണ വേദി എന്ന സംഘടനയായിരുന്നു. ഭരണഭാഷ പൂർണമായും മലയാളമാക്കുക എന്ന മുദ്രാവാക്യം ഉന്നയിച്ച് 1991 മാർച്ച് 7 നു സെക്രട്ടേറിയറ്റ് നടയിൽ കുത്തിയിരുപ്പ് സത്യഗ്രഹം നടത്തിയത് ഹരിദാസനും എം.കെ. ചാന്ദ് രാജും നേതൃത്വം കൊടുത്ത മലയാള സമിതിയുമായിരുന്നു.
2009ൽ ഡോ. പി. പവിത്രൻ, ഇ. ദിനേശൻ, ഡോ. ഹേമ ജോസഫ്, പ്രദീപൻ മാവ്, ഡോ. കെ.എം. ഭരതൻ, ആർ. ഷിജു തുടങ്ങിയവരുടെ നേതൃത്വത്തിൽ മലയാള ഐക്യവേദി വടകരയിൽ രൂപപ്പെട്ടതോടെ ഭാഷാസമരത്തിൻറെ മറ്റൊരു ഘട്ടത്തിനാണ് തിരികൊളുത്തിയത്. "ഭരണവും പഠനവും കോടതിയും മാതൃഭാഷയിൽ" എന്നതായിരുന്നു സംഘടനയുടെ മുദ്രാവാക്യം. ആദ്യഘട്ടത്തിൽ ആശയ പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച മലയാള ഐക്യവേദി സർക്കാർ ഉത്തരവുകൾ, ബോർഡുകൾ, കടകളുടെ ബോർഡുകൾ തുടങ്ങിയവ മലയാളത്തിലാക്കണം എന്നാവശ്യപ്പെട്ട് പ്രചാരണം നടത്തി. 2010ൽ വിവിധ ഭാഷാ സംഘടനകളെ യോജിപ്പിച്ച് ഐക്യമലയാള പ്രസ്ഥാനം എന്ന സമരസംഘത്തിനു രൂപംനൽകുകയും കോടതിയും ഭരണവും മലയാളത്തിലാക്കാൻ വേണ്ടിയും സമഗ്ര മലയാള നിയമത്തിനായും നിരവധി സമര പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്‌തു. സുബൈർ അരിക്കുളം, ആർ. നന്ദകുമാർ, ഹരിദാസൻ തുടങ്ങിയവരാണിതിന് നേതൃത്വം നൽകിയത്.
2011 സെപ്റ്റംബർ 1 മുതൽ ഒരു മാസക്കാലം ഐക്യ മലയാള പ്രസ്ഥാനം കേരളത്തിലാകെ കോടതിഭാഷാ പ്രചാരണം നടത്തി. “അറിയാനുള്ള അവകാശം ജനാധിപത്യത്തിന്റെ ആണിക്കല്ലാണ്. വാദിക്കും പ്രതിക്കും മനസ്സിലാവാത്ത ഭാഷയിലാണ് ഇവിടെ വക്കീലന്മാർ വാദിക്കുന്നത്. എന്ത് കാരണത്താലാണ് തങ്ങളെ ശിക്ഷിച്ചത് എന്ന് വ്യക്തമായറിയാതെ എത്രയോ പേർ ഇപ്പോഴും നമ്മുടെ ജയിലുകളിലുണ്ട്. വളരെ കുറച്ചു പേർക്ക് മാത്രം അറിയാവുന്ന ഭാഷയിൽ കോടതി നടപടികൾ നടക്കുമ്പോൾ കാര്യങ്ങൾ അറിയാനുള്ള ജനങ്ങളുടെ അവകാശമാണ് നിഷേധിക്കപ്പെടുന്നത്. ഇങ്ങനെ ജനാധിപത്യം പരിമിതപ്പെടുകയാണ്. സ്വാതന്ത്ര്യം നഷ്‌ടപ്പെടുകയാണ്. ഭരണസ്ഥാപനങ്ങൾ ജനങ്ങളുടെ ഭാഷയിലാക്കുന്നതിനുള്ള സമരം, യഥാർഥത്തിൽ സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗം തന്നെയാണ്." കേരളത്തിലെമ്പാടും ഐക്യമലയാള പ്രസ്ഥാനത്തിൻ്റെ പ്രവർത്തകർ ബസ് സ്‌റ്റാൻഡുകളിലും മറ്റു പൊതുസ്ഥലങ്ങളിലും മൈക്കിലൂടെയും അല്ലാതെയും വിളിച്ചു പറഞ്ഞുകൊണ്ടിരുന്ന വാക്കുകളാണിത്. പയ്യന്നൂർ മുതൽ തിരുവനന്തപുരം വരെ ഒപ്പുശേഖരണം നടന്നു. എറണാകുളം 'സദ്‌ഗമയ'യിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ ജസ്‌റ്റിസ്. വി.ആർ. കൃഷ്ണയ്യർ ഭീമ ഹരജിയിലെ ആദ്യ ഒപ്പിട്ട് സമരം ഉദ്ഘാടനം ചെയ്തു. എം. ടിയും സുഗതകുമാരി ഉൾപ്പെടെ സാംസ്‌കാരിക നേതൃത്വവും സമരത്തിൽ അണിചേർന്നു. 10 വർഷക്കാലമായി കോടതിഭാഷ മലയാളമാക്കാനും സമഗ്ര മലയാള നിയമത്തിനായും എണ്ണമറ്റ സമരങ്ങളാണ് ഐക്യമലയാള പ്രസ്ഥാനം നടത്തിയത്. മലയാള ഭാഷാ ബില്ലിനായി 2013ൽ തിരുവനന്തപുരത്തു നടന്ന കെ.പി. രാമനുണ്ണിയുടെ അനിശ്ചിതകാല നിരാഹാര സമരം, കോടതിഭാഷ മലയാളമാക്കുക എന്ന മുദ്രാവാക്യമുന്നയിച്ച് 2016ൽ വി.പി. മാർക്കോസ്, സുരേഷ് പുത്തൻപറമ്പിൽ, അശ്വനി എ.പി, പി. പവിത്രൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വാഹന പ്രചാരണ ജാഥ തുടങ്ങിയവ എടുത്തുപറയേണ്ടവയാണ്. ബിരുദം അടിസ്ഥാന യോഗ്യതയായ എല്ലാ പി.എസ്. സി പരീക്ഷകൾക്കും മലയാളത്തിൽ കൂടി ചോദ്യപേപ്പർ ലഭ്യമാക്കാൻ 2019 ആഗസ്‌റ്റ് 29 മുതൽ പി.എസ്.സി ഓഫിസിനു മുന്നിൽ നടത്തിയ അനിശ്ചിതകാല സത്യഗ്രഹത്തോടെ സംഘം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. എൻ.പി. പ്രിയേഷ് കുമാർ, ആർ. രൂപിമ, ആർ.എസ്. ശ്രേയ, പി. സുഭാഷ് കുമാർ, അനൂപ് വളാഞ്ചേരി എന്നിവരാണ് 19 ദിവസം നീണ്ടുനിന്ന സമരത്തിൽ നിരാഹാരം അനുഷ്ഠിച്ചവർ. സെപ്റ്റംബർ 16ന് പരീക്ഷയിൽ മലയാളത്തിലും ചോദ്യങ്ങൾ നൽകാൻ പി.എസ്.സിയോട് മുഖ്യമന്ത്രി നിർദേശിച്ചതോടെയാണ് സമരം അവസാനിച്ചത്.
07-02- 2000 ത്തിൽ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ഇറക്കിയ ഉത്തരവ് പ്രകാരം “കേരള പബ്ലിക് സർവിസ് കമീഷൻ നടത്തുന്ന എല്ലാ എഴുത്ത് പരീക്ഷകൾക്കും ഭാഷാന്യൂനപക്ഷങ്ങൾക്ക് നിലവിലുള്ള അവകാശം നിലനിർത്തിക്കൊണ്ട് ഒരു പേപ്പർ മലയാളത്തിൽ തന്നെ നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥ ചെയ്തു."
ഭരണഭാഷ പൂർണമായും മലയാളമാക്കുന്നതിനുള്ള മലയാള ഐക്യവേദിയുടെ പ്രചരണ-സമര പരിപാടികൾ നിലവിലും സജീവമാണ്.
വാർഷിക സമ്മേളനങ്ങൾ
[തിരുത്തുക]- ഉദ്ഘാടനസമ്മേളനം 2009 നവം. 14,15
വടകര
- ഒന്നാം വാർഷിക സമ്മേളനം - എറണാകുളം, കറുകുറ്റി 2010 നവം.20,21
- രണ്ടാം വാർഷിക സമ്മേളനം- കോഴിക്കോട്, യൂത്ത് ഹോസ്റ്റൽ വെസ്റ്റ് ഹിൽ 2011 ഡിസം. 3,4
- മൂന്നാം വാർഷിക സമ്മേളനം - മലപ്പുറം, തിരൂർ - തുഞ്ചൻ പറമ്പ് 2012 നവം. 24,25
- നാലാം വാർഷിക സമ്മേളനം- ഏറണാകുളം, അധ്യാപക ഭവൻ 2013 നവം.23,24
- അഞ്ചാം വാർഷിക സമ്മേളനം - പാലക്കാട്, ഗവ. വിക്ടോറിയ കോളേജ് 2014 നവം.29,30
- ആറാം വാർഷിക സമ്മേളനം- വയനാട്, കല്പറ്റ 2015 ഡിസം. 19,20
- എഴാം വാർഷിക സമ്മേളനം- തൃശൂർ, ചെറുതുരുത്തി 2017 ഫെബ്രു.25,27
- എട്ടാം വാർഷിക സമ്മേളനം-കണ്ണൂർ, പയ്യന്നൂർ, ശ്രീ നാരായണ വിദ്യാലയം. 2017 നവം.25, 26
- ഒമ്പതാം വാർഷിക സമ്മേളനം - മലപ്പറും കോട്ടക്കൽ രാജാസ് ഹൈസ്കൂൾ 2018 ഡിസം.1,2
- പത്താം വാർഷിക സമ്മേളനം - കൊല്ലം,ചാത്തന്നൂർ 2019 ഡിസം 27,29
ഇടപെട്ട പ്രധാന പ്രശ്നങ്ങൾ
[തിരുത്തുക]- വിജ്ഞാനഭാഷാ വികസനം
- കോടതിഭാഷാപ്രശ്നം [5]
- എസ്. എസ്. എല്. സി. ബുക്കിൽ നിന്ന് മലയാളത്തിൽ പേര് എഴുതുന്നത് എടുത്തുകളയുന്നതിനെതിരെ
- കടകളുടെ ബോർഡുകള് മലയാളത്തിലാക്കുക എന്ന ആവശ്യം ഉന്നയിച്ച് തൃശ്ശൂരിലെയും കോഴിക്കോട്ടെയും ആയിരക്കണക്കിന് കടകളിൽ കയറി പ്രചരണം നടത്തി.
- 2010 നവംബറിൽ മലയാളം നിർബന്ധിത ഒന്നാംഭാഷയാക്കുന്നതിന് സർക്കാരിന് ഭീമഹർജി നൽകി
- ഒന്നാംഭാഷാസമരം
- കെ.എ.എസ് -ബിരുദ തല പി.എസ്.സി പരീക്ഷകൾ മലയാളത്തിലും ന്യൂനപക്ഷ ഭാഷകളിലും കൂടി നടത്തുക.
ഉപസമിതികൾ
[തിരുത്തുക]- ഭരണഭാഷാവേദി
- ശാസ്ത്രമലയാളവേദി
- സാമൂഹ്യശാസ്ത്ര മലയാളവേദി
- മലയാള മാധ്യമവേദി
- മലയാള വിവരസാങ്കേതിക വേദി,
- മലയാള വിവർത്തക വേദി
- പ്രൈമറിതല മലയാളവേദി
- ഹൈസ്കൂള് തല മലയാളവേദി
- ഹയർസെക്കന്ററി തല മലയാളവേദി
- ബിരുദതല മലയാളവേദി
- ബിരുദാനന്തരതല മലയാളവേദി
അവലംബം
[തിരുത്തുക]- ↑ "മലയാളവേദി കോട്ടയം".
- ↑ http://www.deshabhimani.com/news-kerala-palakkad-latest_news-443320.html
- ↑ http://www.mangalam.com/print-edition/keralam/256610
- ↑ http://deshabhimani.com/news-kerala-all-latest_news-421010.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2015-03-22.