ഫോക്സ്ട്രോട്ട് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫോക്സ്ട്രോട്ട്
സംവിധാനംസാമുവൽ മോസ്
നിർമ്മാണംഎയ്താൻ മൻസൂരി
രചനസാമുവൽ മോസ്
അഭിനേതാക്കൾ
  • ലയോർ ആഷ്കെനാസി
  • സാറാ ആഡ്ലർ
സംഗീതം
  • ഓഫിർ ലെയ്ബോവിച്ച്
  • അമിത് പൊസ്നാങ്കി
ഛായാഗ്രഹണംഗോരാ ബേജാച്ച്[1]
ചിത്രസംയോജനം
  • അരിക് ലഹാവ് ലെയ്ബോവിച്ച്
  • ഗൈ നെമെഷ്
സ്റ്റുഡിയോബോർഡ് കേഡർ ഫിലിംസ്
റിലീസിങ് തീയതി2 സെപ്റ്റെംബർ 2017; വെനിസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ[2]
രാജ്യം
ഭാഷഹീബ്രൂ
സമയദൈർഘ്യം112 മിനിട്ട്

സാമുവൽ മോസ് സംവിധാനം ചെയ്ത ഒരു അന്താരാഷ്ട്ര ചലച്ചിത്രമാണ് ഫോക്സ്ട്രോട്ട് (ഹീബ്രു: פוֹקְסטְרוֹט‎). ഇസ്രയേലി പട്ടാളത്തിൽ ജോലിചെയ്യുന്ന തങ്ങളുടെ മകന്റെ മരണവാർത്ത അറിയുന്ന മാതാപിതാക്കളായി ഈ ചിത്രത്തിൽ സാറാ ആഡ്ലരും ലയോർ ആഷ്കെനാസിയും അഭിനയിക്കുന്നു.

കഥാസാരം[തിരുത്തുക]

ഒരു പട്ടാളക്കാരൻ ദാഫ്ന ഫെൽഡ്മാനെ അവരുടെ മകൻ യോനത്താൻ കൊല്ലപ്പെട്ട വാർത്ത അറിയിക്കുന്ന രംഗത്തോടെയാണ് ചിത്രം തുടങ്ങുന്നത്. ദാഫ്ന ബോധരഹിതയായി വീഴുന്നു. ദാഫ്നയോടോ അവരുടെ ഭർത്താവായ മൈക്കലിനോടോ മറ്റു പട്ടാളക്കാർ യോനത്താൻ മരിച്ചത് എവിടെയാണെന്നോ എങ്ങനെയാണെന്നോ പറയുന്നില്ല. മനോരോഗിയായ തന്റെ അമ്മയോട് അവരുടെ ചെറുമകൻ മരിച്ച വിവരം അറിയിക്കാൻ മൈക്കൽ പോകുന്നു. തീർത്തും നിർവികാരമായാണ് മൈക്കലിന്റെ അമ്മ ഈ വാർത്ത കേൾക്കുന്നത്. കുറേനേരം കഴിഞ്ഞ് പട്ടാളക്കാർ മൈക്കലിനോടും ദാഫ്നയോടും അവരുടെ മകൻ ജീവനോടെയുണ്ടെന്നും കൊല്ലപ്പെട്ടത് യോനത്താൻ എന്നു പേരുള്ള മറ്റൊരു പട്ടാളക്കാരൻ ആണെന്നും പറയുന്നു. മൈക്കൽ ദേഷ്യപ്പെടുകയും തന്റെ മകനെ അന്നുതന്നെ തനിക്ക് കാണണമെന്ന് അലറുകയും ചെയ്യുന്നു. പട്ടാളക്കാരെ വീട്ടിൽനിന്നും പുറത്താക്കിയ ശേഷം മൈക്കൽ ഒരു ജനറലിനെ അറിയാവുന്ന തന്റെ ഒരു സുഹൃത്തിനെ വിളിച്ച് മകനെ എങനെയെങ്കിലും വീട്ടിലേക്ക് അയപ്പിക്കാൻ അപേക്ഷിക്കുന്നു.

ഇസ്രയേൽ അതിർത്തിയിൽ, മരുഭൂമിയിൽ കൂടെയുള്ള ഒരു പാതയ്ക്ക് കാവൽ നിൽക്കുകയാണ് യോനത്താനും മറ്റ് മൂന്ന് പട്ടാളക്കാരും. ഓരോ ദിവസവും തങ്ങളുടെ താൽക്കാലിക വീടായ കണ്ടെയ്നർ എത്ര ചരിയുന്നുണ്ടെന്ന് അളക്കുന്നതും ആ പാതവഴി കടന്നുപോകുന്നവരെ ബുദ്ധിമുട്ടിക്കുകയുമാണ് അവരുടെ ഏക വിനോദം. ഒരു രാത്രിയിൽ ഒരു കാറിൽ അതൂവഴി വരുന്ന നാലു പലസ്തീങ്കാരെ അവർ ഭീകരവാദികളെന്നു കരുതി വെടിവച്ചുകൊല്ലുന്നു. തെളിവു നശിപ്പിക്കാനായി മൈക്കലിന്റെ സുഹൃത്തിന്റെ സുഹൃത്തായ ജനറലിന്റെ ഒത്താശയോടുകൂടി അവർ കാർ കുഴിച്ചുമൂടുന്നു. ജനറൽ പോകുന്നതിനുമുൻപായി യോനത്താനെ വിളിച്ച് വീട്ടിലേക്ക് പോകാൻ നിർദ്ദേശിക്കുന്നു. എന്നാൽ അവർ സഞ്ചരിക്കുന്ന ജീപ്പ് ഒരു ഒട്ടകത്തെ വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെ പാതയിൽനിന്നും തെറ്റി അപകടത്തിൽപ്പെടുകയും യോനത്താൻ മരിക്കുകയും ചെയ്യുന്നു.

അഭിനേതാക്കൾ[തിരുത്തുക]

  • മൈക്കൽ ഫെൽഡ്മാനായി ലയോർ ആഷ്കെനാസി
  • ദാഫ്ന ഫെൽഡ്മാനായി സാറാ ആഡ്ലർ
  • യോനത്താൻ ഫെൽഡ്മാനായി യോനത്താൻ ശിറായ്
  • മൈക്കലിന്റെയും ദാഫ്നയുടെയും മകൾ അൽമയായി ശിറാ ഹാസ്
  • മൈക്കലിന്റെ സഹോദരൻ അവിഗ്ദോരായി യെഹൂദാ അൽമഗോർ
  • മൈക്കലിന്റെ അമ്മയായി കാരിൻ ഉഗോവ്സ്കി
  • ദാഫ്നയുടെ സഹോദരിയായി ഇലിയാ ഗ്രോസ്സ്

നിരൂപണം[തിരുത്തുക]

വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ രണ്ടാം സമ്മാനമായ ഗ്രാൻഡ് ജൂറി പ്രൈസും[4] ഇസ്രയേലിലെ ദേശീയ ചലച്ചിത്ര പുരസ്കാരമായ ഓഫിറിൽ മികച്ച ചിത്രത്തിനുള്ള അവാർഡും[5] ഫോക്സ്ട്രോട്ട് നേടി. ടോറോണ്ടോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഈ ചിത്രം പ്രദർശിപ്പിക്കപ്പെട്ടു.

റോട്ടൺ റ്റൊമാറ്റോസ് എന്ന നിരൂപണങ്ങൾ ശേഖരിക്കുന്ന സംഘത്തിന്റെ കണക്കുകൾ അനുസരിച്ച് ഫോക്സ്ട്രോട്ടിനെക്കുറിച്ച് എഴുതിയ 135 നിരൂപരരിൽ 94% ആളുകൾ സംതൃപ്തരായിരുന്നു. ഇവർ ശരാശരി പത്തിൽ 8.14 സ്കോർ നൽകി. ചിത്രത്തിന്റെ 'ആഴത്തിൽ മുറിവേൽപ്പിക്കുന്ന സാമൂഹിക-രാഷ്ട്രീയ നിലപാടി'നെയും പ്രേക്ഷകനെ 'ആകർഷിക്കുന്ന, മികച്ച അഭിനയം കാഴ്ചവയ്ക്കുന്ന നാടകീയത'യെയും റോട്ടൺ റ്റൊമാറ്റോസ് പ്രശംസിച്ചു.[6] മെറ്റാക്രിറ്റിക് എന്ന മറ്റൊരു സംഘത്തിന്റെ കണക്കനുസരിച്ച് 31 നിരൂപകർ ശരാശരി 90% സ്കോർ നൽകി.[7]

ഇസ്രയേലി പട്ടാളം നിരപരാധികളായ നാലു പലസ്തീങ്കാരെ ഒരു തെറ്റിദ്ധാരണ മൂലം കൊല്ലുകയും അവരുടെ ശരീരങ്ങൾ ഓളിപ്പിക്കുകയും ചെയ്യുന്ന രംഗത്തെ ഇസ്രയേലിന്റെ സാംസ്കാരിക വകുപ്പ് മന്ത്രി മിരി റെഗെവ് എതിർത്തു. ഇതിനു മറുപടിയായി സംവിധായകൻ സാമുവൽ മോസ് താൻ തന്റെ നാടിനെ കുറ്റപ്പെടുത്തുന്നുവെങ്കിൽ അത് തന്റെ രാജ്യത്തോടുള്ള സ്നേഹവും രാജ്യത്തെക്കുറിച്ചുള്ള ആശങ്കയും മൂലമാണെന്ന് പറഞ്ഞു.[8] മറ്റൊരവസരത്തിൽ റെഗെവ് ഇസ്രയേലി കലാകാരന്മാർ യുവാക്കളെ കലയുടെ പേരിൽ കള്ളങ്ങൾ പറഞ്ഞെ് പട്ടാളത്തിനെതിരെ ചൊടിപ്പിക്കുന്നത് ശരിയല്ലെന്നും അഭിപ്രായപ്പെട്ടു.[9]

അവലംബം[തിരുത്തുക]

  1. "Foxtrot". Toronto International Film Festival. Retrieved 30 August 2017.
  2. Roxborough, Scott (30 August 2017). "Venice: Israeli Soldier Breaks Out the Moves in Samuel Maoz's 'Foxtrot' (Exclusive)". The Hollywood Reporter. Prometheus Global Media. Retrieved 30 August 2017.
  3. Wiseman, Andreas (16 August 2017). "The Match Factory launches Samuel Maoz's 'Foxtrot'". Screen Daily. Screen International. Retrieved 30 August 2017. The Hebrew, Arabic and German language film is an Israel-Germany-France-Switzerland co-production for Pola Pandora Filmproduktions, Spiro Films, A.S.A.P. Films and KNM. Co-production companies are Bord Cadre Films and Arte France Cinema.
  4. Anderman, Nirit (9 September 2017). "Israeli Film 'Foxtrot' Wins Silver Lion Grand Jury Prize at Venice Film Festival". Haaretz. Haaretz Daily Newspaper. Retrieved 9 September 2017.
  5. Pond, Steve (15 August 2017). "Aaron Sorkin, Brie Larson, Louis CK Movies Added to Toronto Film Festival Lineup". TheWrap. Retrieved 15 August 2017.
  6. "Foxtrot (2018)". Rotten Tomatoes. Fandango Media. Retrieved 24 May 2019.
  7. "Foxtrot Reviews". Metacritic. CBS Interactive. Retrieved 4 March 2018.
  8. "The Latest: Director Maoz defends film from Israeli critics". Associated Press. 9 September 2017. Archived from the original on 2018-04-12. Retrieved 11 April 2018.
  9. Sommer, Allison Kaplan (18 September 2017). "The Real Drama Behind 'Foxtrot,' the Most Talked-about Israeli Film of the Year". Haaretz. Haaretz Daily Newspaper. Retrieved 18 September 2017.