പ്രതിസംസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു ഹിപ്പി മാർക്കറ്റ്

മുഖ്യധാരയിൽ നിന്നും വിട്ടുനിൽക്കുകയോ എതിരായി നിൽക്കുകയോ ചെയ്യുന്ന ഉപസംസ്കാരങ്ങളെ (subculture) പ്രതിസംസ്കാരം (counterculture) എന്നു വിളിക്കാം. പലപ്പോഴും ഒരു പ്രത്യേക പ്രദേശത്തു ജീവിക്കുന്ന ജനതയുടെ ആഗ്രഹങ്ങളേയും മൂല്യങ്ങളേയുമാണു ഇതു കുറിക്കുന്നത്. പ്രതിസംസ്കാരം മുഖ്യധാരയുമായി ഇടപെടുമ്പോൾ വൻതോതിലുള്ള സാംസ്കാരിക മാറ്റം സാധ്യമാവുന്നു. യൂറോപ്പിലും നോർത്ത് അമേരിക്കയിലും റൊമാൻറ്റിസിസം, ഹിപ്പിയിസം എന്നിവ പ്രതിസംസ്കാരത്തിനു മാതൃകയായി ചൂണ്ടിക്കാണിക്കാം.

നിർവചനം[തിരുത്തുക]

ഒരു പ്രതിസംസ്കാരത്തിന്റെ നിർമ്മാണം(The Making of a Counterculture) എന്ന പുസ്തകത്തിൽ തിയോദോർ റോസാക്ക് ആണ് പ്രതിസംസ്കാരം എന്ന വാക്ക് ആദ്യമായി ഉപയോഗിക്കുന്നത്. 1960കൾക്ക് ശേഷം ഈ പദം കൂടുതൽ വ്യാപകമായി പ്രയോഗത്തിൽ വന്നു. മുഖ്യധാരയിൽ നിന്നും വിഭിന്നമായത് എന്ന അർത്ഥത്തിലാണ് പ്രതിസംസകാരം എന്ന പദം ഉപയോഗിക്കപ്പെടുന്നത്. തലമുറകൾ തമ്മിലുള്ള സാമൂഹ്യവ്യത്യാസത്തെയും നിലവിലുള്ള അധികാരസ്ഥാപനങ്ങളോടുള്ള വിമർശനത്തെയും ഇത് കുറിക്കുന്നു.

പാശ്ചാത്യ പ്രതിസംസ്കാരങ്ങൾ[തിരുത്തുക]

1960കളിൽ അമേരിക്കയിൽ നിലവിലുള്ള സമൂഹ്യവ്യവസ്ഥക്കെതിരായി വിശേഷിച്ചും വർണ വിവേചനത്തിനെതിരെ യുവതലമുറ പ്രതിസംസ്കാരം രൂപപ്പെടുത്തുകയുണ്ടായി. ഇൻഗ്ലണ്ടിൽ ഇതേ കാലത്ത് രൂപപ്പെട്ട "ബോംബ്‌ നിരോധിക്കുക" എന്ന ആഹ്വാനത്തോട്കൂടി ഉയർന്നു വന്ന സമരങ്ങൾ ആണവായുധങ്ങളുടെ ശേഖരണത്തെ എതിർത്തു. റോക്ക് മ്യൂസിക്, പോപ്‌ ആർട്ട് എന്നിങ്ങനെ കലയുടെ മേഖലകളിൽ നിലവിലുള്ള സാമൂഹ്യമൂല്യങ്ങൾക്കെതിരെ പ്രതിഷേധം രൂപപ്പെടുകയും യുവജനതക്കിടയിൽ പ്രതിസംസകാരം ഒരു ജീവിതശൈലിയായി മാറ്റിത്തീർക്കുന്നതിൽ പങ്കു വഹിക്കുകയും ചെയ്തു. ബീറ്റിൽസ്, ബോബ് ഡിലൻ, പിങ്ക് ഫ്ലോയ്ഡ് തുടങ്ങിയ സംഗീതബാന്റുകളും, സംഗീതജ്ഞരും ഇക്കാലത്തെ ജനകീയസംസ്കാരത്തിൻറെ ഭാഗമായി മാറിയിരുന്നു. എഴുപതുകളോട് കൂടി ഈ സാംസ്കാരിക ധാര അപ്രത്യക്ഷമാകാൻ തുടങ്ങി.

സാഹിത്യത്തിൽ[തിരുത്തുക]

കോമിക്സ്‌, കാർട്ടൂൺ എന്നിവയായിരുന്നു സാഹിത്യത്തിൽ പ്രതിസംസ്കാരത്തിൻറെ മുഖ്യ ആവിഷ്കരണ മാധ്യമങ്ങൾ. അമേരിക്കയിൽ റോബർട്ട്‌ ക്രംബ്, ഗിൽബെർട്ട് ഷെൽട്ടൻ എന്നിവരുടെ കൃതികൾ ഉദാഹരണമായി കാണിക്കാം.

എൽ ജി ബി റ്റി പ്രസ്ഥാനം[തിരുത്തുക]

മുഖ്യധാരാലൈന്ഗിഗതയിൽ നിന്നും വിട്ടു നിൽക്കുന്ന ലെസബിയൻ, ഗേ തുടങ്ങിയവരുടെ കൂട്ടായ്മയും അറുപതുകളിലെ പ്രതിസംസ്കാരത്തിൻറെ ഭാഗമായിരുന്നു. സ്വവർഗരതി ഒരു കുറ്റകൃത്യമായി കണ്ടിരുന്ന സമൂഹത്തിനെതിരേ ഈ കൂട്ടായ്മ ശബ്ദമുയർത്തകയും, തങ്ങളുടെ സത്വാവിഷ്കാരത്തിനു വിഘാതമായി നിൽക്കുന്ന സാമൂഹികമാനദണ്‌ഡങ്ങളെ മാറ്റുവാനായി ശ്രമിക്കുകയും ചെയ്തു.

കൂടുതൽ വായനക്ക്[തിരുത്തുക]

ഗെലദർ, കെൻ. സബ്കൾച്ചർസ്: കൾച്ചറൽ ഹിസ്റ്ററീസ് ആൻഡ്‌ സോഷ്യൽ പ്രാക്ടീസ്. ലണ്ടൻ: റൂട്ട്ലെഡ്ജ്.

റോസാക്, തിയോഡോർ. ദി മേകിംഗ് ഓഫ് എ കൌണ്ടർ കൾച്ചർ.

നെൽസൻ, എലിസബത്ത്. ദി ബ്രിട്ടീഷ്‌ കൌണ്ടർ കൾച്ചർ: 1966-73, എ സ്റ്റടി ഓഫ് അണ്ടർഗ്രൗണ്ട് പ്രെസ്.

"https://ml.wikipedia.org/w/index.php?title=പ്രതിസംസ്കാരം&oldid=2786602" എന്ന താളിൽനിന്ന് ശേഖരിച്ചത്