നോര്‍മന്‍ ഡെല്ലോ ജോയ്യോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Norman Dello Joio | |
|---|---|
| ജനനം | ജനുവരി 24 1913 |
| ഉദ്യോഗം | Composer |
ഒരു അമേരിക്കന്‍ സംഗീതജ്ഞനായിരുന്നു നോര്‍മന്‍ ഡെല്ലോ ജോയ്യോ. 1913 ജനുവരി 24-ന് ന്യൂയോര്‍ക്ക് നഗരത്തില്‍ ജനിച്ചു. നോര്‍മന്‍ ഡെല്ലോ ജോയ്യോ എന്നാണ് മുഴുവന്‍ പേര്. ജര്‍മന്‍ സംഗീതജ്ഞനായ പോള്‍ ഹിന്‍ഡെമിത്തിനോടൊപ്പമായിരുന്നു സംഗീതാഭ്യസനം നടത്തിയത്. 1942-ല്‍ മാഗ്നിഫിക്കറ്റ് എന്ന സംഗീതശില്പത്തിലൂടെ കലാലോകത്ത് ശ്രദ്ധേയനായി. അതിന് ന്യൂയോര്‍ക്കിലെ ടൌണ്‍ഹാള്‍ കോംപോസിഷന്‍ അവാര്‍ഡ് ലഭിച്ചു. 1944 മുതല്‍ 1950 വരെ സാറാ ലാറന്‍സ് കോളജില്‍ സംഗീതാധ്യാപകനായി പ്രവര്‍ത്തിച്ചു. 1942-ലെ ചേംബര്‍ ഓര്‍ക്കസ്ട്ര, ഹാര്‍മോണിക്ക എന്നിവയും 1952-ലെ സോങ് ഒഫ് അഫര്‍മേഷനും ഇദ്ദേഹത്തിന്റെ പ്രശസ്ത രചനകളായി അംഗീകരിക്കപ്പെട്ടു. സ്റ്റീഫന്‍ വിന്‍സെന്റ് ബെനറ്റിന്റെ വെസ്റ്റേണ്‍ സ്റ്റാര്‍ എന്ന കവിതയെ ആധാരമാക്കിയുള്ള രചനയാണ് സോങ് ഒഫ് അഫര്‍മേഷന്‍. 1956-ല്‍ തന്ത്രിവാദ്യമേളത്തിനായി മെഡിറ്റേഷന്‍സ് ഓണ്‍ എക്ളെഡിയാസ്റ്റെസ് എന്ന രചന തയ്യാറാക്കി. ഇതിന് 1957-ല്‍ സംഗീതത്തിനുള്ള പുലിറ്റ്സര്‍ സമ്മാനം ലഭിച്ചു. ഇദ്ദേഹത്തിന് രണ്ടു തവണ ന്യൂയോര്‍ക്ക് മ്യൂസിക് ക്രിട്ടിക്സ് സര്‍ക്കിള്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1949-ല്‍ വേരിയേഷന്‍സ് എന്ന ഓര്‍ക്കസ്ട്രയ്ക്കും 1951-ല്‍ ദ് ട്രയംഫ് ഒഫ് സെയ്ന്റ് ജോണ്‍ എന്ന ഓപ്പറയ്ക്കുമായിരുന്നു പുരസ്കാരം ലഭിച്ചത്. പില്ക്കാല രചനകളില്‍ പ്രധാനപ്പെട്ടവ ബ്ളഡ് മൂണ്‍ (1961), ഇവോക്കേഷന്‍സ് (1970) എന്നിവയാണ്. ഇവയ്ക്കു പുറമേ ഡൈവേര്‍ഷന്‍സ് (1975) പോലുള്ള നിരവധി പിയാനോ സംഗീത ശില്പങ്ങളും ലഘു ഗാനങ്ങളും കൂടി ഇദ്ദേഹം രചിച്ചിട്ടുണ്ട്. 20-ാം ശ.-ത്തിന്റെ താളാത്മകതയില്‍ 17-ാം ശ.-ത്തിന്റെ രൂപവടിവ് ഒത്തിണങ്ങിയ ഇദ്ദേഹത്തിന്റെ ശൈലി നിയോക്ളാസിക് പ്രവണതകളുടെ മനോഹരമായ പുനര്‍ജനിയായിരുന്നു എന്നാണ് നിരൂപകമതം.