നോട്ട് (പാശ്ചാത്യ സംഗീതം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഫ്രെഡറിക് ഷോപ്പിന്റെ പ്രെലൂഡ്: നോട്ട് ആയി രേഖപ്പെടുത്തിയിരിക്കുന്നു

ഒരു സംഗീതോപകരണത്തിൽ വായിക്കുന്ന സംഗീതത്തിന്റെ ലിഖിതരൂപമാണ് നോട്ട്. ചുരുക്കിപ്പറഞ്ഞാൽ ഒരു ഗാനമോ ഗാനശകലമോ ഒരു സംഗീതോപകരണത്തിൽ വായിക്കുന്നതിനായി രേഖപ്പെടുത്തിവെച്ചിരിക്കുന്നതാണ് നോട്ട് എന്ന് പാശ്ചാത്യസംഗീതത്തിൽ അറിയപ്പെടുന്നത്. ഇൻഡ്യൻ സംഗീതത്തിലെ സ്വരം എന്നതിന്റെ സമാന പദമാണ് നോട്ട്.

സ്റ്റാഫ്[തിരുത്തുക]

ചിത്രം-1
നോട്ടുകൾ; സ്റ്റാഫിനുള്ളിലും പുറത്തും

നോട്ട് രേഖപ്പെടുത്തുന്നത് സ്റ്റാഫ് അഥവാ സ്റ്റേവ് എന്നറിയപ്പെടുന്ന രേഖകളിലാണ്. അഞ്ച് തിരശ്ചീനമായ വരകളും(ലൈനുകൾ) അവയ്ക്കിടയിലെ നാല് വിടവുകളും (സ്പേസുകൾ) അടങ്ങുന്നതാണ് സ്റ്റാഫ്. ഇതിൽ താഴെനിന്നും മുകളിലേയ്ക്കാണ് പാശ്ചാത്യസംഗീതത്തിലെ സപ്താക്ഷരങ്ങളായ എ,ബി,സി,ഡി,ഇ,എഫ്,ജി എഴുതുന്നത്. ചിത്രം-1 ൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇ,ജി,ബി,ഡി,എഫ് ക്വാർട്ടർ നോട്ടുകളാണ്. താഴെനിന്നും ഒന്നാമത്തെ ലൈൻ ഇ, ഒന്നാമത്തെ സ്പേസ് എഫ്, രണ്ടാമത്തെ ലൈൻ ജി, രണ്ടാമത്തെ സ്പേസ് എ, മൂന്നാമത്തെ ലൈൻ ബി, മൂന്നാമത്തെ സ്പേസ് സി, നാലാമത്തെ ലൈൻ ഡി, നാലാമത്തെ സ്പേസ് ഇ, അഞ്ചാമത്തെ ലൈൻ എഫ് എന്നിങ്ങനെയാണ് ഒരു സ്റ്റാഫിലെ സ്വരങ്ങളുടെ സ്ഥാനങ്ങൾ.

ചില അവസരങ്ങളിൽ നോട്ട് ഹെഡ് അഞ്ച് ലൈനിനും മുകളിലോ താഴെയോ ആയും രേഖപ്പെടുത്താറുണ്ട്. അത്തരം സന്ദർഭങ്ങളിൽ നോട്ട് ഹെഡിന്റെ മുകളിലൂടെയോ താഴെകൂടെയോ നോട്ട് ഹെഡിനുള്ളിലൂടെയോ ലെഡ്ജർ ലൈനുകൾ എന്ന ലൈൻ വരയ്ക്കുന്നു. ഈ ലൈനിന്റെ സ്ഥാനം നോക്കിയാണ് നോട്ടിനെ തിരിച്ചറിയുന്നത്.

നോട്ടിന്റെ ഭാഗങ്ങൾ[തിരുത്തുക]

ചിത്രം-2.
(1)-നോട്ട് ഹെഡ്
(2)-സ്റ്റെം
(3)-ഫ്ലാഗ്

നോട്ടിന് പ്രധാനമായും മൂന്ന് ഭാഗങ്ങളാണുള്ളത് [1]. നോട്ട് ഹെഡ്, സ്റ്റെം, ഫ്ലാഗ് എന്നിവയാണവ.

നോട്ട് ഹെഡ്[തിരുത്തുക]

നോട്ടിന്റെ ഏറ്റവും പ്രധാന ഭാഗമാണ് നോട്ട് ഹെഡ്. നോട്ട് ഹെഡ് കറുത്തത്, വെളുത്തത് എന്നിങ്ങനെ രണ്ട് വിധത്തിലുണ്ട്.[1][2]. സ്റ്റാഫിലെ ഏത് ലൈനിൽ അല്ലെങ്കിൽ ഏത് സ്പേസിൽ ആണോ നോട്ട് ഹെഡ് ഉള്ളത് എന്നതാണ് ഏത് നോട്ടാണ് ഉപകരണത്തിൽ സംഗീതജ്ഞൻ വായിക്കേണ്ടത് എന്ന് നിശ്ചയിക്കുന്നത്. ചിത്രം രണ്ട് ശ്രദ്ധിക്കുക. അതിൽ കാണിച്ചിരിക്കുന്ന വൃത്താകാരത്തിലുള്ള കറുത്ത ബിന്ദുവാണ് നോട്ട് ഹെഡ് ('1' എന്ന് അടയാളപ്പെടുത്തിയിരിക്കുന്നു). എഫ് നോട്ട് ആണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.

സ്റ്റെം[തിരുത്തുക]

നോട്ട് ഹെഡിന്റെ ഒരു വശത്തുനിന്നും താഴേക്കോ മുകളിലേക്കോ വരയ്ക്കുന്ന ചെറിയ രേഖയാണ് സ്റ്റെം എന്നറിയപ്പെടുന്നത്. മുകളിലേയ്ക്കുള്ള സ്റ്റെം നോട്ട് ഹെഡിന്റെ വലതുവശത്തും താഴേക്കുള്ള സ്റ്റെം നോട്ട് ഹെഡിന്റെ ഇടതുവശത്തുമാണ് വരയ്ക്കുന്നത്. സ്റ്റെം ഏതുവശത്തു വരച്ചാലും അർത്ഥം മാറുന്നില്ല. ചിത്രം -2 ൽ നോട്ട് ഹെഡിന്റെ മുകളിലേയ്ക്ക് സ്റ്റെം വരച്ചിരിക്കുന്നത് ശ്രദ്ധിക്കുക('2' എന്ന് അടയാളപ്പെടുത്തിയിരിക്കുന്നു).

ഫ്ലാഗ്[തിരുത്തുക]

സ്റ്റെമ്മിന്റെ വലതുവശത്ത് വരയ്ക്കുന്ന ഒരു വളഞ്ഞ അടയാളമാണ് ഫ്ലാഗ്. നോട്ട് വായിക്കുന്നത് എത്ര നേരത്തേയ്ക്കാണ് എന്ന് സൂചിപ്പിക്കുന്നതിനാണ് ഫ്ലാഗ് ഉപയോഗിക്കുന്നത്.(ചിത്രം-2 ൽ '3' എന്ന് അടയാളപ്പെടുത്തിയിരിക്കുന്നു)

നോട്ടിന്റെ വിലകൾ[തിരുത്തുക]

നോട്ടിന്റെ സ്ഥാനം നിശ്ചയിക്കുന്നത് നോട്ട് ഹെഡുകളാണ്. നോട്ട് ഹെഡ് വെളുത്തതാണോ കറുത്തതാണോ, അവയ്ക്ക് സ്റ്റെം ഉണ്ടോ, ഫ്ലാഗ് ഉണ്ടോ എന്നീ കാര്യങ്ങളാണ് പ്രസ്തുത നോട്ട് ഒരു ഉപകരണത്തിൽ വായിക്കുമ്പോൾ ദൈർഘ്യം നിശ്ചയിക്കുന്നത്.

ഫ്ലാറ്റ് / നാച്ചുറൽ / ഷാർപ്പ് നോട്ടുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 "How to Read Sheet Music". http://www.musicnotes.com. Retrieved 23 ഒക്ടോബർ 2015. {{cite web}}: External link in |website= (help)
  2. "Noteheads and Pitch". http://musicnotation.org. Retrieved 26 ഒക്ടോബർ 2015. {{cite web}}: External link in |website= (help)