തോമസ് അക്കെമ്പിസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇമിറ്റേഷന്‍ ഓഫ് ക്രൈസ്റ്റ് (De imitatione Christi) എന്ന പ്രഖ്യാത ക്രൈസ്തവ ധ്യാനാത്മക കൃതിയുടെ കര്‍ത്താവാണ് തോമസ് അക്കെമ്പിസ് എന്ന പേരില്‍ പ്രസിദ്ധനായ തോമസ് ഹേമര്‍കെന്‍(Haemerken).
ഉള്ളടക്കം |
[തിരുത്തുക] ജീവിതം
ജര്‍മ്മനിയിലെ കൊളോണിനടുത്ത കെമ്പന്‍ എന്ന ഗ്രാമത്തില്‍ 1380-ല്‍ അദ്ദെഹം ജനിച്ചു. പിതാവ് ഒരു ലോഹപ്പണിക്കാരനായിരുന്നു. അമ്മ കൊച്ചു കുട്ടികള്‍ക്കു വേണ്ടിയുള്ള ഒരു സ്കൂളിന്റെ നടത്തിപ്പിലും. സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം പത്തൊന്‍പതാം വയസ്സില്‍ തന്റെ സഹോദരന്‍ ജോണ്‍ അംഗമായിരുന്ന അഗസ്റ്റിനിയന്‍ സന്യാസ സമൂഹത്തില്‍ ചേര്‍ന്ന അദ്ദേഹം 1413-ല്‍ പൗരോഹിത്യം സ്വീകരിച്ചു. 1429-ല്‍ സുപ്പീരിയര്‍ പദവിയിലേക്കുയര്‍ത്തപ്പെട്ടു.
ഏറെ സംഭവബഹുലമല്ലാത്ത ജീവിതമായിരുന്നു അക്കെമ്പിസിന്റേത്. എല്ലാവരോടും, പ്രത്യേകിച്ച് ദരിദ്രരോട് അദ്ദേഹം സഹാനുഭൂതിയോടെ പെരുമാറി. എല്ലാത്തിലും താന്‍ ശാന്തിയാണ് തേടിയതെന്നും അത് ഏകാന്തതയിലും പുസ്തകങ്ങളിലും മാത്രമാണ് കിട്ടിയതെന്നും അക്കെമ്പിസ് തന്നെ പറഞ്ഞിട്ടുണ്ട്. ദൈവനാമം ഹരമായിരുന്ന അദ്ദേഹത്തെ, സങ്കീര്‍ത്തനങ്ങളുടെ ശ്രവണം ഓരൊ തവണയും ആനന്ദപാരവശ്യത്തിലെത്തിക്കുമായിരുന്നു. ദൈനംദിനജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് തോമസിന് ഒന്നും തന്നെ പറയാനുണ്ടായിരുന്നില്ല. മറ്റുള്ളവരുമായി ഇടപെടുന്നതിനിടെ ചിലപ്പോള്‍ "സഹോദരാ, ഞാന്‍ എന്റെ മുറിയില്‍ പോകട്ടെ; അവിടെ എന്നോട് സല്ലപിക്കുവാന്‍ ഒരാള്‍ കാത്തിരിക്കുന്നു" എന്നു പറഞ്ഞ് അദ്ദേഹം പോകുമായിരുന്നു.[1] ഭക്താഭ്യാസങ്ങളിലും, ഗ്രന്ഥങ്ങള്‍ പകര്‍ത്തിയെഴുതുന്നതിലും, ഗ്രന്ഥരചനയിലും ആയിരുന്നു അദ്ദേഹം സമയം വിനിയോഗിച്ചത്. ബൈബിള്‍ മുഴുവനുമായി തോമസ് നാലു വട്ടം പകര്‍ത്തിയെഴുതിയിട്ടുണ്ട്. ബൈബിളില്‍ അഗാധമായ ജ്ഞാനം ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ രചനകളില്‍ ആകെ വിശുദ്ധഗ്രന്ഥത്തിന്റെ ശൈലിയും ചൈതന്യവും നിറഞ്ഞു നില്‍ക്കുന്നു.
[തിരുത്തുക] ക്രിസ്തുദേവാനുകരണം
ഇന്ന് അക്കെമ്പിസ് അറിയപ്പെടുന്നത് ക്രിസ്ത്വനുകരണം (ആംഗലഭാഷയില്‍ ഇമിറ്റേഷന്‍ ഓഫ് ക്രൈസ്റ്റ്, ലത്തീനില്‍ De imitatione Christi) എന്ന അമൂല്യ കൃതിയുടെ പേരിലാണ്. ലളിതമായ ഭാഷയില്‍ ഹൃദയത്തോട് സംവദിക്കുന്ന രീതിയില്‍ എഴുതപ്പെട്ടിരിക്കുന്ന ക്രിസ്ത്വനുകരണത്തിനു് തുല്യമായി ആദ്ധ്യാത്മിക സാഹിത്യത്തില്‍ അധികം കൃതികള്‍ ഇല്ല. മലയാളത്തില്‍ അതിന് ഒട്ടേറെ പരിഭാഷകള്‍ ഉണ്ടായി.
പദപ്രയോഗങ്ങളുടെ പേരില്‍ വിവാദമായ ക്രിസ്തുദേവാനുകരണം എന്ന പേരിലുള്ള മയ്യനാട് എ ജോണിന്റെ പരിഭാഷ വളരെ വിശിഷ്ടമാണ് എന്നു പലരും കരുതുന്നു. അതു് 1937-ല്‍ രചിച്ചതാണു്.
ക്രിസ്ത്വനുകരണം എന്ന പേരില്‍ ക്രൈസ്തവ സാഹിത്യ സമിതി (തിരുവല്ല) പ്രസിദ്ധീകരിച്ച പരിഭാഷയ്ക്കു് 1996-ലും 2000-ലും പതിപ്പുകളുണ്ടായിട്ടുണ്ടു്. പരിഭാഷകന്‍ പ്രഫ.കെ വി തമ്പി (1937- ).
[തിരുത്തുക] മരണം, സ്മാരകങ്ങളെ വെല്ലുന്ന യശസ്സ്
സന്യാസ വൈദികാനായി 60-ഓളം വര്‍ഷം കഴിഞ്ഞ്, 1471-ല്‍ 91 വയസ്സായിരിക്കേ അക്കെമ്പിസ് അന്തരിച്ചു. ജീവിതത്തിന്റെ പ്രധാനഭാഗം ചെലവഴിച്ച നെതെര്‍ലാന്‍ഡ്സിലെ സ്വൊല്ലെ നഗരത്തിലാണ് അദ്ദേഹത്തെ സംസ്കരിച്ചിരിക്കുന്നത്. 1897-ല്‍ ലോകമെങ്ങുമുള്ള ആരാധകരുടെ ശ്രമഫലമായി അവിടെ ഒരു സ്മാരകം നിര്‍മ്മിക്കപ്പെട്ടു. അതില്‍ "ഏതു സ്മാരകത്തേയും അതിജീവിക്കുന്ന യശസ്സിന്നുടമയായ തോമസ് അക്കെമ്പിസ്" എന്ന് എഴുതിയിരിക്കുന്നു.
[തിരുത്തുക] തോമസ് അക്കെമ്പിസ് രചിച്ച പുസ്തകങ്ങള്‍
- The Imitation of Christ: A Spiritual Commentary and Reader's Guide(ISBN 0-87061-234-4)2005-ല്‍ ആവേ മരിയ പ്രസ് പ്രസിദ്ധീകരിച്ചത്
- The Imitation of Christ (ISBN 1-59986-979-9)
- Vera Sapentia Or True Wisdom (ISBN 0-9706526-7-4)
[തിരുത്തുക] ഗ്രന്ഥസൂചി
- The Imitation of Christ (English)
- ക്രിസ്തുദേവാനുകരണം - ശ്രീ മയ്യനാട്ട് ജോണ്‍(St. Paul's പ്രസിദ്ധീകരണം
[തിരുത്തുക] അവലംബം
- ↑ 1948 ഒക്‍ടോബര്‍ 25-ലെ റ്റൈം വാരികയില്‍ വന്ന ലേഖനം http://www.time.com/time/magazine/article/0,9171,799431,00.html
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
- ഇമിറ്റേഷന്‍ ഓഫ് ക്രൈസ്റ്റ് എന്ന പുസ്തകം ഓണ്‍ലൈന്‍ ആയി വായിക്കുക
- തോമസ് അക്കെമ്പിസ് - കത്തോലിക്ക വിജ്ഞാനകോശത്തില്‍നിന്ന്
- തോമസ് അക്കെമ്പിസിന്റെ ഉദ്ധരണികള്‍
- തോമസ് അക്കെമ്പിസ് എന്ന വ്യക്തിയുടെ രചനകള്‍ പ്രോജക്ട് ഗുട്ടന്‍ബര്‍ഗില്‍നിന്ന്

