തത്ത്വചിന്താമണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നവന്യായ സിദ്ധാന്തത്തിന്റെ ആദ്യഗ്രന്ഥമാണ് തത്ത്വചിന്താമണി. 12-ം ശതകത്തിൽ ബംഗാളിലെ 'നവദ്വീപി'ലാണ് ഈ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചത്. നവന്യായദർശനത്തിന്റെ ഉപജ്ഞാതാവായ ഗംഗേശ ഉപാധ്യായനാണ് (14-ം ശ.) ഈ ഗ്രന്ഥത്തിന്റെ രചയിതാവ്. പ്രമാണചിന്താമണി എന്നും ഇതിനു പേരുണ്ട്. ന്യായദർശനത്തിലെ പതിനാറ് പദാർഥങ്ങളിലൊന്നായ പ്രമാണത്തെപ്പറ്റിയാണ് ഇതിലെ പ്രതിപാദ്യമെന്നതുകൊണ്ടും, തത്ത്വചിന്താമണിയുടെ ഉദയം അതിനു മുമ്പുണ്ടായിരുന്ന എല്ലാ ന്യായഗ്രന്ഥങ്ങളേയും നിഷ്പ്രഭമാക്കിയതിനാലുമാവാം ഈ പേരിൽ ഇത് പ്രസിദ്ധമായിത്തീർന്നത്.

പദാർഥങ്ങളുടെ (പ്രമാണം, പ്രമേയം, സംശയം, പ്രയോജനം, ദൃഷ്ടാന്തം, സിദ്ധാന്തം, അവയവം, തർക്കം, നിർണയം, വാദം, ജല്പം, വിതണ്ഡം, ഹേത്വാഭാസം, ഛലം, ജാതി, നിഗ്രഹസ്ഥാനം എന്നിവ) പഠനത്തിന് ഭാരതത്തിലെ ന്യായവൈശേഷിക ദർശനങ്ങൾക്ക് പ്രാമാണിക പഠനത്തിന്റെ മാതൃക നല്കിയത് ഈ കൃതിയാണ്. ഈ കൃതി നവന്യായഗ്രന്ഥം എന്ന നിലയ്ക്കും, ഇതിലെ തർക്കവാദനരീതിയുടെ പ്രത്യേകതകൊണ്ടും വളരെയധികം പ്രശംസിക്കപ്പെട്ടു.

തത്ത്വചിന്താമണിയുടെ മേന്മയ്ക്ക് നിദാനമായി പറയാവുന്ന മറ്റൊരു വസ്തുത സംസ്കൃതത്തിൽ മാത്രം പതിനാല് വ്യാഖ്യാനങ്ങൾ ഈ ഗ്രന്ഥത്തിന് ഉണ്ടായി എന്നതാണ്. ആലോകം (ജയദേവൻ-13-ാം ശ.) തത്ത്വചിന്താമണി വ്യാഖ്യാ (വാസുദേവ സാർവഭൗമൻ), ദീധിതി (രഘുനാഥ ശിരോമണി), മയൂഖം (ശങ്കരമിശ്രൻ), ആലോകം (പഞ്ചധരമിശ്രൻ) വ്യാഖ്യാ (ഗദാധരഭട്ടൻ) എന്നിവ വിശദമായി ചർച്ച ചെയ്യപ്പെട്ടവയാണ്. ദീധിതിക്ക് ഗദാധരൻ വീണ്ടും വ്യാഖ്യാനം രചിച്ചിട്ടുണ്ട്.

'അശ്വക്രാന്ത' വിഭാഗത്തിൽപ്പെട്ട ഒരു തന്ത്രവും (science) 'തത്ത്വചിന്താമണി' എന്ന പേരിലറിയപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=തത്ത്വചിന്താമണി&oldid=3346076" എന്ന താളിൽനിന്ന് ശേഖരിച്ചത്