ജൂലൈ 20-ലെ വധശ്രമം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാസി ജര്‍മനിയുടെ നേതാവായ അഡോള്‍ഫ് ഹിറ്റ്ലര്‍ക്കെതിരെ കിഴക്കന്‍ പ്രഷ്യയിലെ വുള്‍ഫ്ഷാന്‍സില്‍ (ചെന്നായ് മാടം) 1944-ല്‍ നടന്ന പരാജയപ്പെട്ട വധശ്രമമാണ് ജൂലൈ 20 പദ്ധതി. അടിയന്തര പദ്ധതിയായ വാല്‍ക്രിയിലൂടെ അധികാരം പിടിച്ചെടുക്കാനുള്ള ജര്‍മന്‍ പ്രതിരോധ പ്രസ്ഥാനത്തിന്റെ ശ്രമത്തിന്റെ ഭാഗമായാണ് ഇത് നടന്നത്. ഹിറ്റ്ലര്‍ തന്നെ അംഗീകാരം നല്‍കിയ വാല്‍ക്രി പദ്ധതി യഥാര്‍ത്ഥത്തില്‍ സഖ്യ കക്ഷികളുടെ ആക്രമണത്തില്‍ ജര്‍മനിയിലെ ക്രമസമാധാനം തകരുകയാണെങ്കില്‍ നടപ്പാകാനായി ഉദ്ദേശിച്ച് തയ്യാറാക്കിയതാണ്. വാല്‍ക്രി പദ്ധതിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കേണല്‍ ക്ലോസ് വോണ്‍ സ്റ്റാഫന്‍ബര്‍ഗ് ആണ് ഈ വധശ്രമത്തിലെ മുഖ്യ ഭാഗം നിര്‍വഹിച്ചത്. ഈ അധികാര സ്ഥാനം ഉപയോഗിച്ച് അദ്ദേഹത്തിന് ഹിറ്റ്ലറുമായി ബന്ധപ്പെടുവാനും വാല്‍ക്രിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുവാനും സാധിച്ചു.
നാസി ഭരണം അവസാനിപ്പിക്കുന്നതിനായ് പോരാടിയ ജര്‍മന്‍ പ്രതിരോധ പ്രസ്ഥാനത്തിന്റെ ശ്രമങ്ങളില്‍ അവസാനത്തേതായിരുന്നു ജൂലൈ 20-ലെ പദ്ധതി. വുള്‍ഫ്ഷാന്‍സിലും തുടര്‍ന്ന് ബെര്‍ളിനിലെ ബെന്റര്‍ലോക്കിലും ഇവര്‍ പരാജയപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് 7000 പേരെ ഗെസ്റ്റപോ അറസ്റ്റ് ചെയ്തു. ഇതില്‍ 4,980 പേര്‍ വധശിക്ഷക്ക് വിധേയരാക്കെപ്പട്ടതായി കണക്കാക്കെപ്പെടുന്നു. ആത്യന്തികമായി ഇത് പ്രതിരോധ പ്രസ്ഥാനത്തിന്റെ അന്ത്യത്തിന് കാരണമായി.
ഈ സംഭവത്തെ അടിസ്ഥാനമാക്കിയാണ് 2008 - ലെ ഹോളിവുഡ് ചലച്ചിത്രമായ വാല്‍ക്രി പുറത്തിറങ്ങിയത്.