ചെർണോബിൽ ദുരന്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെർണോബിൽ റിയാക്ടർ നമ്പർ നാല്‌ ദുരന്തത്തിനു ശേഷം,കൂടുതൽ കേടുപറ്റിയ മെയിൽ റിയാക്ടർ നടുവിലും,ടർബൈൻ ബിൽഡിംഗ് വലത് വശത്ത് താഴെയും കാണാം

ചരിത്രത്തിലെ ഏറ്റവും വലിയ ആ‍ണവോർജ്ജ ദുരന്തമാണ് ചെർണോബിൽ ന്യൂക്ലിയർ ദുരന്തം. 1986 ഏപ്രിൽ 26നു രാത്രി 01:23:40 മണിക്കായിരുന്നു അപകടം സംഭവിച്ചത്. മുമ്പ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നതും ഇപ്പോൾ യുക്രൈനിന്റെ ഭാഗമായി നിലനിൽക്കുന്നതുമായ പ്രിപ്യാറ്റ് എന്ന പ്രദേശത്തെ ചെർണോബിൽ ആണവോർജ്ജ പ്ലാന്റിലെ നാലാം നമ്പർ റിയാക്ടർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. റഷ്യൻ തനതു സാങ്കേതിക വിദ്യയിൽ വികസിപ്പിച്ച ലൈറ്റ് വാട്ടർ ഗ്രാഫൈറ്റ് മോഡറേറ്റഡ് റിയാക്റ്ററുകളുടെ വിഭാഗത്തിൽപ്പെടുന്ന റിയാക്ടറാണ് അപകടത്തിൽ പെട്ടത്.

അപകടകാരണം[തിരുത്തുക]

റിയാക്ടറിന്റെ രൂപകൽപനയിലെ പിഴവുകളും ഓപ്പറേറ്റർമാരുടെ പിഴവുകളും കാരണമാണ് ദുരന്തം സംഭവിച്ചത്.   ചെർണോബിൽ ആണവനിലയത്തിലെ നാലാം നമ്പർ റിയാകട്റിൽ സംഭവിച്ച സുരക്ഷാ പിഴവ് പരിഹരിക്കുന്നതിനുള്ള പരീക്ഷണങ്ങൾക്കിടയിലാണ് അപകടം സംഭവിച്ചത്. റിയാക്റ്റർ എമർജൻസ് ഷട്ട്ഡൗൺ ചെയ്യുമ്പോൾ അതിന്റെ ഇന്ധനഅറയിലെ ചൂട് കുറക്കാനായി വെള്ളം പമ്പു ചെയ്യണം. ഇതിനായി വെള്ളം പമ്പ് ചെയ്യുന്ന എമർജൻസി പമ്പുകൾക്ക് പവർ നൽകുന്ന  ജനറേറ്ററുകൾ അതിന്റെ മുഴുവൻ കപാസിറ്റിയിൽ എത്താൻ ഒന്നര മിനിട്ട് സമയം എടുക്കുന്നുവെന്നത് കണ്ടെത്തി അത് പരമാവധി മുപ്പത് സെക്കന്റിനകത്ത് സംഭവിപ്പിക്കാനുള്ള പരീക്ഷണങ്ങളാണ് നടത്തിക്കൊണ്ടിരുന്നത്.   

ഇതിനായി റിയാക്ടറിന്റെ പവർ 700 മെ​ഗാവാട്ടിലേക്ക് കുറച്ചുകൊണ്ടുവരികയും സേഫ്റ്റി അലാമുകളും ഓട്ടോമാറ്റിക് ഷട്ട് ഡൗണുമൊക്കെ ഡിസേബിൾ ചെയ്ത് മാന്വൽ കണ്ട്രോൾ സിസ്റ്റത്തിൽ റിയാക്ടർ പ്രവർത്തിപ്പിക്കുകയുമായിരുന്നു. പവർ 700 മെ​ഗാവാട്ടിലേക്ക് കുറച്ചു കൊണ്ടുവരുന്നതിനിടെ അപ്രതീക്ഷിതമായി റിയാക്ടർ പോയ്സണിങ് സംഭവിക്കുകയും റിയാക്ടർ പവർ മുപ്പതു മെ​ഗാവാട്ടായി കുറയുകയും ചെയ്തു. ലോ പവർ കട്ടോഫ് സർക്കീട്ടറി ഡിസേബിൾ വച്ചിരിക്കുന്നതിനാൽ അതു പ്രവർത്തിച്ചില്ല. റിയാക്ടർ പവർ 700 മെ​ഗാവാട്ടിൽ കുറഞ്ഞാൽ റിയാക്ടർ അസ്ഥിരാവസ്ഥയിലാകുമെന്നും  കുറഞ്ഞ ഊർജനിലയിൽ പ്രവർത്തിപ്പിക്കുന്നത് അപകടമാണെന്നും അതിന്റെ സുരക്ഷാ മാന്വലിൽ പറഞ്ഞിരിക്കുന്നതിനാൽ പവർ 700 മൊ​ഗാവാട്ടിലേക്ക് ഉയർത്താനായി കൺട്രോൾ റോഡുകൾ മാന്വലായി ഉയർത്താൻ ശ്രമിച്ചു. ഇതിനെ തുടർന്ന് പവർ 200 മെ​ഗാവാട്ടായി ഉയർന്നു. പവർ കൂടുതലായി ഉയർത്താനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. പരീക്ഷണം മറ്റൊരു ദിവസത്തേക്ക്  മാറ്റിവെക്കുന്നതിനു പകരം 700 മെ​ഗാവാട്ട് പവറിൽ നടത്താനിരുന്ന പരീക്ഷണം 200 മെ​ഗാവാട്ടിൽ തന്നെ തുടരാൻ മേലധികാരികൾ തീരുമാനിക്കുകയായിരുന്നു.

ഇതിനെ തുടർന്ന് ടർബൈനിലേക്കുള്ള നീരാവിയുടെ പ്രവാഹം നിർത്തി വച്ചു. നീരാവി നിർത്തിയാലും കുറച്ച് നേരം ടർബൈനുകൾ കറങ്ങും. ഇങ്ങനെ ടർബൈൻ കറങ്ങുമ്പോൾ ആ ഊർജ്ജം ഒരു മിനിട്ട് നേരത്തേക്ക് കൂളന്റ് പമ്പുകൾ പ്രവർത്തിപ്പിക്കാൻ മതിയാകുമോ എന്നു കണ്ടെത്തലായിരുന്നു പ്രധാന പരീക്ഷണ ലക്ഷ്യം. 200 മെ​ഗാവാട്ടിൽ, തികഞ്ഞ അസ്ഥിരാവസ്ഥയിലുള്ള റിയാക്റ്ററിന്റെ പവർ ലെവൽ കൂട്ടുന്നതിനിടയിൽ  ടർബൈനുകളുടെ വേഗത കുറഞ്ഞതോടെ കൂളന്റ് പമ്പുകളുടെ പമ്പിംഗ് ശേഷി കുറഞ്ഞു. റിയാക്റ്ററിനകത്തേക്ക് പമ്പ് ചെയ്യപ്പെടുന്ന ജലത്തിന്റെ അളവ് കുറഞ്ഞു. ഇത് റിയാക്റ്ററിനകത്തെ ചൂട് വർദ്ധിപ്പിച്ചു. ചൂടു കൂടിയതോടെ റിയാക്റ്ററിനകത്തെ ജലം കൂടുതൽ നീരാവിയായി മാറാൻ തുടങ്ങി. റിയാക്ടറിനകത്തെ നീരാവിയുടെ അളവ് കൂടിയതോടെ റിയാക്ടറിന്റെ ന്യൂട്രോൺ ആഗിരണ ശേഷി കുറയുകയും കൂടുതൽ ന്യൂട്രോണുകൾ ഫിഷൻ പ്രവർത്തനത്തിന്റെ ഭാഗമാകാൻ തുടങ്ങുകയും ചെയ്തു. സെക്കന്റുകൾക്കകം ഈ ചാക്രിക പ്രതിഭാസം മൂലം കൂടുതൽ പവർ ഉല്പാദിപ്പിക്കപ്പെടുകയും പവർ ക്രമാനുഗതമായി ഉയരുകയും ചെയ്തു.  ഇത് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. റിയാക്ടറിന്റെ ശരാശരി പ്രവർത്തന ശേഷിയായ  3000 മെ​ഗാവാട്ടും കഴിഞ്ഞ് പവർ ഉയർന്ന് മൂന്നു സെക്കൻഡിനകം അത് പതിനായിരം മെ​ഗാവാട്ടിലെത്തി. നീരാവിയുടെ സമ്മർദം താങ്ങാനാവാതെ ഉന്നത മർദത്തിൽ റിയാക്ടർ കോർ പൊട്ടിത്തെറിച്ചു. ഉന്നത ഊഷ്മാവിൽ രൂപപ്പെടുന്ന ഹൈഡ്രജന് തീപിടിച്ച്    മൂന്നു സെക്കൻഡിനകം രണ്ടാമത്തെ പൊട്ടിത്തെറിയും സംഭവിച്ചു.  റിയാക്ടറിന്റെ ഉരുക്കുകവചങ്ങൾ തകർന്ന് ടൺകണക്കിന് റേഡിയോ ആക്ടീവ് പദാർത്ഥങ്ങൾ അന്തരീക്ഷത്തിലെത്തി.   

നൂറു ഹിരോഷിമകൾക്ക് തുല്യമായ സ്ഫോടനമാണെന്നറിയാതെ,  എമർജൻസി ടാങ്കിൽ സംഭവിച്ച സ്ഫോടനമാണെന്ന് തെറ്റിദ്ധരിച്ച്, റിയാക്ടർ സുരക്ഷിതമാണന്ന് പ്രഖ്യാപിച്ച്  അനുവദനീയമായതിലും അധിക റേഡിയേഷൻ ഏറ്റുകൊണ്ട് അവർ അഗ്നിശമനപ്രവർത്തനങ്ങൾ നടത്തി. പിന്നീട് ആണവസ്ഫോടനമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ റേഡിയോ ആക്റ്റീവ് വികിരണങ്ങളെ തടയുന്ന അയ്യായിരം ടണ്ണോളം ബോറോൺ, ഡോളോമൈറ്റ്, മണൽ, ലെഡ് സംയുക്തങ്ങൾ സൈനിക ഹെലിക്കോപ്റ്ററുകളുടെ സഹായത്താൽ റിയാക്റ്ററിനു മുകളിലേക്ക് ചൊരിഞ്ഞു. റിയാക്ടർ നിലനിന്നിരുന്ന പ്രിപ്യാറ്റ് ന​ഗരം റേഡിയോ ആക്ടീവ് പദാർത്ഥങ്ങളാൽ പൂർണമായി മലിനീകരിക്കപ്പെട്ടിരുന്നു. റേഡിയേഷൻ തോത് അതി ഭീകരമായ തോതിൽ വർദ്ധിച്ചതിനാൽ റിയാക്ടറിനു മുപ്പത് കിലോമീറ്റർ പരിധിയിലുള്ള എല്ലാവരേയും ഒഴിപ്പിച്ചു.  ചെർണോബിൽ എക്‌സ്‌ക്ലൂഷൻ സോൺ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.

ആണവറിയാക്ടറിന്റെ പ്രവർത്തനങ്ങളിൽ ഉണ്ടായ പാകപ്പിഴയാണ്‌ ദുരന്തത്തിന് കാരണം. സോവിയറ്റ് യൂണിയ൯ ആകെ 31 മരണങ്ങളും ക്യാ൯സ൪ പോലെ മാരകമായ അസുഖങ്ങളും രേഖപ്പെടുത്തി.(എന്നാൽ ഇത് കേവലം സോവിയറ്റ് യൂണിയന്റെ വാദം മാത്രമായിരുന്നു.) സ്വാതന്ത്ര്യത്തിനുശേഷം ഇന്ന് ചെർണോബിൽ സ്ഥിതിചെയ്യുന്ന ഉക്രൈൻ ഗവൺമെന്റ് പിന്നീട് അന്നത്തെ സ്ഫോടനത്തിൽ 8000 പേരും ചെർണോബിൽ നിന്ന് ബഹിർഗമിച്ച റേഡിയേഷൻ്റെ പാർശ്വഫലമായി പിന്നീട് 30,000 മുതൽ 60,000 പേർ വരെ കൊല്ലപ്പെട്ടുവെന്ന് എന്ന് വെളിപ്പെടുത്തുകയുണ്ടായി. ആ സത്യം അധികം ശ്രദ്ധിക്കപ്പെടാതെ പോയി. അതു കൂടാതെ പ്രാപിറ്റ് പട്ടണത്തിൽ നിന്ന് തങ്ങളുടെ മുഴുവൻ സമ്പാദ്യങ്ങളും ഉപേക്ഷിച്ച് ജനങ്ങൾ പാലായനം ചെയ്തതിന് ശേഷം പട്ടണത്തിലെ വീടുകളും സ്ഥാപനങ്ങളും കൊള്ളയടിക്കപ്പെടുകയും ഇത്തരത്തിൽ ഭീമമായ റേഡിയേഷൻ നിലനിൽക്കുന്ന വസ്തുക്കൾ കൊള്ളയടിക്കപ്പെട്ടവരിൽ നിന്ന് അതിൻ്റെ തീവ്രതയറിയാതെ വാങ്ങി ഉപയോഗിക്കുകയും ചെയ്ത ആളുകളും ഈ ദുരന്തത്തിൻ്റെ ഇരകളായി എന്നതും ഒരു യാഥാർത്യമാണ്.ഇതിന്റെ സീരീസ് മലയാളം സബ്‌ടൈറ്റിലിൽ ടെലെഗ്രാമിൽ ലഭ്യമാണ് .

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചെർണോബിൽ_ദുരന്തം&oldid=3804261" എന്ന താളിൽനിന്ന് ശേഖരിച്ചത്