ചിറ്റുമല ശ്രീ ദുർഗ്ഗാദേവി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊല്ലം ജില്ലയിൽ കിഴക്കേ കല്ലട ഗ്രാമ പഞ്ചായത്തിൽ ചിറ്റുമല കുന്നിന് മുകളിൽ സ്ഥിതിചെയ്യുന്ന ഒരു പ്രധാനപ്പെട്ട ഭഗവതി ക്ഷേത്രമാണ് ചിറ്റുമല ശ്രീ ദുർഗ്ഗാദേവി ക്ഷേത്രം. ആദിപരാശക്തിയുടെ മൂർത്തരൂപമായ ദുർഗ്ഗാ ഭഗവതിയാണ് മുഖ്യ പ്രതിഷ്ഠ. ചിറ്റുമല അമ്മ എന്ന്‌ ഭഗവതി അറിയപ്പെടുന്നു. 16 കരകളുടെ മാതൃ ദൈവമാണ് ചിറ്റുമല അമ്മ എന്ന്‌ വിശ്വാസം. മാർച്ച്‌ - ഏപ്രിൽ മാസങ്ങളിലായി വരുന്ന അല്ലെങ്കിൽ മീനമാസത്തിലെ പൂരം നാളിൽ നടക്കുന്ന ഈ ക്ഷേത്രത്തിലെ ഉത്സവം കാണാൻ ആയിരക്കണക്കിന് ആളുകളാണ് ചിറ്റുമല ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്. ചിറ്റുമല കുന്നിന്റെ മുകളിൽ വളരെ പ്രകൃതി രമണീയമായ ഒരു സ്ഥലത്താണ് ഈ പരാശക്തി ക്ഷേത്രം കുടികൊള്ളുന്നത്. കേരള സർക്കാരിന് കീഴിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ ആണ് ക്ഷേത്രഭരണം.

മുഖ്യ പ്രതിഷ്ഠ[തിരുത്തുക]

ആദിപരാശക്തിയായ ദുർഗ്ഗാ പരമേശ്വരിയാണ് മുഖ്യ പ്രതിഷ്ഠ. വട്ട ശ്രീകോവിലിൽ ചതുർബാഹുവായ പ്രതിഷ്ഠയുടെ ദർശനം കിഴക്കോട്ടാണ്. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി തുടങ്ങിയ 3 പ്രധാന ഭാവങ്ങളിലും ഭുവനേശ്വരി, ചണ്ഡിക തുടങ്ങിയ പരാശക്തിയുടെ അനേകം ഭാവങ്ങളിലും സങ്കൽപ്പിക്കപ്പെടുന്നു. ഹൈന്ദവ, ശാക്തേയ വിശ്വാസപ്രകാരം ജഗദീശ്വരിയായ ഭഗവതി ഭക്തരെ ദുർഗതികളിൽ നിന്നും ദുഖങ്ങളിൽ നിന്നും ഭയത്തിൽ നിന്നും രക്ഷിക്കുന്നവൾ ആണെന്നും, പ്രപഞ്ചത്തിന്റെ സൃഷ്ടി സ്ഥിതി സംഹാരങ്ങൾ നിർവഹിക്കുന്നവൾ ആണെന്നും, ലോകത്തിന്റെ രക്ഷകിയും ഐശ്വര്യത്തെ പ്രദാനം ചെയ്യുന്നവൾ ആണെന്നും കാണാം. ത്രിമൂർത്തികൾ ഭഗവതിയുടെ തൃഗുണങ്ങളിൽ നിന്നും ഉണ്ടായവരായി വിശ്വസിക്കപ്പെടുന്നു. ദേവി മാഹാത്മ്യം, ദേവി ഭാഗവതം, ലളിത സഹസ്രനാമം തുടങ്ങിയവ ദേവിയുടെ വർണ്ണനകൾ അടങ്ങിയ ഗ്രന്ഥങ്ങളാണ്.

ഉപദേവതകൾ[തിരുത്തുക]

മഹാഗണപതി - ഭഗവതിയുടെ ശ്രീകോവിലിന്റെ തെക്കു വശത്തായി കാണപ്പെടുന്നു.

ശിവൻ (ദക്ഷിണാമൂർത്തി)- ഭഗവതിയുടെ ശ്രീകോവിലിന്റെ തെക്കു വശത്തായി ഗണപതിയോടൊപ്പം കാണപ്പെടുന്നു. തെക്കോട്ടു ദർശനമായി ഇരിക്കുന്നതിനാൽ ദക്ഷിണാമൂർത്തി ശിവൻ എന്ന്‌ സങ്കല്പം. അറിവിന്റെയും വിദ്യാഭ്യാസത്തിന്റെയും മൂർത്തിയാണ് ഇത്.

ശ്രീ പാർവതി - ദുർഗ്ഗാദേവിയുടെ ശ്രീകോവിലിന്റെ പിന്നിലായി കുടികൊള്ളുന്നു. ആരാധിച്ചാൽ ഇഷ്ടവിവാഹം, നെടുമംഗല്യം എന്നിവ ഫലം എന്ന്‌ വിശ്വാസം.

ജലദുർഗ്ഗ - നാലമ്പലത്തിന് പിന്നിലായി കിഴക്ക് ദർശനത്തിൽ ജലദുർഗ്ഗാ പ്രതിഷ്ഠ കാണാം.

വേട്ടയ്ക്കൊരു മകൻ - നാലമ്പലത്തിന് വടക്ക് ഭാഗത്ത്‌ പടിഞ്ഞാറു ദർശനത്തിൽ ഭദ്രകാളി പ്രതിഷ്ഠ കാണാം. ശിവപാർവതി പുത്ര സങ്കല്പത്തിലും, അയ്യപ്പൻ, ധർമ്മ ശാസ്താവ് തുടങ്ങിയ ഭാവങ്ങളിലും ആരാധിക്കപ്പെടുന്നു. ശനിയാഴ്ച പ്രധാനം.

ശ്രീ ഭദ്രകാളി - നാലമ്പലത്തിന് പുറത്ത് പടിഞ്ഞാറു ദർശനത്തിൽ ഭദ്രകാളി പ്രതിഷ്ഠ കാണാം. ദേവിയുടെ ഉഗ്രരൂപമായി ഇത് കണക്കാക്കപ്പെടുന്നു.

അരയാൽ - ബ്രഹ്മ, വിഷ്ണു, മഹേശ്വര സാന്നിധ്യമുള്ള സാന്നിധ്യമുണ്ടെന്നു വിശ്വസിക്കപ്പെടുന്ന അരയാൽ വൃക്ഷം ക്ഷേത്രത്തിന് മുന്നിൽ കാണാം.

നാഗദൈവങ്ങൾ - കാവിൽ നാഗദൈവങ്ങളുടെ പ്രതിഷ്ഠ കാണാം.

കൂടാതെ ബ്രഹ്മരക്ഷസ് , യോഗീശ്വരൻ, അപ്പൂപ്പൻ തുടങ്ങിയ പ്രതിഷ്ഠകളും ഇവിടെ കാണാം.

ഉത്സവം അഥവാ വിശേഷ ദിവസങ്ങൾ[തിരുത്തുക]

*ഉത്സവം - മീന മാസത്തിലെ പൂരം നാളും പൗർണമിയും ചേർന്ന ദിവസം.

*നവരാത്രി ഉത്സവവും വിദ്യാരംഭവും

*ഇടവ ചോതി മഹോത്സവം

*വൃശ്ചിക മാസത്തിലെ തൃക്കാർത്തിക

*മണ്ഡല ചിറപ്പ്

പ്രധാന ദിവസങ്ങൾ[തിരുത്തുക]

*ചൊവ്വ, വെള്ളി, പൗർണമി, അമാവാസി, ഒന്നാം തീയതി ദിവസങ്ങൾ പ്രധാനം.