ഖിൽജി വിപ്ളവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പതിമൂന്നാം നൂറ്റാണ്ടിൽ ദില്ലിയിൽ നടന്ന ഒരു സൈനിക അട്ടിമറിയും രാഷ്ട്രീയ സാമൂഹിക മാറ്റവുമായിരുന്നു ഖിൽജി വിപ്ളവം. [1] [2] മംലൂക്ക് സുൽത്താൻ ബാൽബന്റെ മരണത്തെ തുടർന്നാണ് ഇത് അരങ്ങേറിയത്. അദ്ദേഹത്തിന്റെ പിൻഗാമികൾക്ക് ഡൽഹി സുൽത്താനത്ത് ഫലപ്രദമായി ഭരിക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് വിവിധ വിഭാഗങ്ങൾ തമ്മിൽ അധികാരത്തിനു വേണ്ടി പോരാടി. 1290-ൽ ജലാലുദ്ദീൻ ഖൽജി സമ്പൂർണ്ണ അധികാരം പിടിച്ചെടുക്കുകയും മംലൂക്കുകളെ അട്ടിമറിക്കുകയും ചെയ്തു. തുടർന്ന് ഖിൽജി രാജവംശത്തിന്റെ ഭരണം ആരംഭിച്ചതോടെയാണ് ഈ സംഘർഷം അവസാനിച്ചത്.

ബാൽബന്റെ മരണശേഷം, അദ്ദേഹത്തിന്റെ പ്രായപൂർത്തിയാകാത്ത കൊച്ചുമകൻ ഖൈക്കാബാദ് അധികാരമേറ്റു. ഭരണത്തിൽ അവഗണന കാണിച്ച ഖൈക്കാബാദ് പിന്നീട് രോഗഗ്രസ്തനാകുകയും അദ്ദേഹത്തിന് തളർവാതം പിടിപെടുകയും ചെയ്തു. തുടർന്ന് ശൈശവദശയിൽ ആയിരുന്ന അദ്ദേഹത്തിന്റെ പുത്രൻ ഷംസുദ്ദീൻ കയൂമറിന് സിംഹാസനം ലഭിച്ചു. ഈ പ്രക്ഷുബ്ധതകൾക്കിടയിൽ, മംലൂക്ക് മന്ത്രിസഭയിൽ വിഭാഗീയതകൾ ഉടലെടുത്തു. ഐത്മർ സുർക്കയുടെ നേതൃത്വത്തിലുള്ള തുർക്കി വിഭാഗവും ജലാലുദ്ദീൻ ഖൽജിയുടെ നേതൃത്വത്തിലുള്ള ഖൽജി വിഭാഗവും പരസ്പരം ഏറ്റുമുട്ടി. അതിന്റെ ഫലമായി ഖൽജികൾ ശിശുരാജാവായ ഷംസുദ്ദീനെ തട്ടിക്കൊണ്ടുപോയി. തുടർന്നു നടന്ന യുദ്ധം തുർക്കികളുടെ പരാജയത്തിൽ കലാശിച്ചു. അവരുടെ പരാജയത്തെത്തുടർന്ന്, തുർക്കിക് പ്രഭുക്കന്മാരിൽ ഭൂരിഭാഗവും ഖിൽജി വിഭാഗത്തിലേക്ക് കൂറുമാറി. ഖൈഖാബാദ് മരണത്തോട് അടുക്കുകയും ഷംസുദ്ദീൻ തന്റെ നിയന്ത്രണത്തിലാകുകയും ചെയ്തതോടെ, ജലാലുദ്ദീൻ റീജന്റിന്റെയും വസീറിന്റെയും സ്ഥാനമേറ്റെടുത്തു. ഒടുവിൽ ജലാലുദ്ദീൻ ദില്ലിയിൽ തന്റെ സമ്പൂർണ്ണ അധികാരം ഉറപ്പിക്കുകയും 1290 ജൂണിൽ ഷംസുദ്ദീനെ സ്ഥാനഭ്രഷ്ടനാക്കുകയും ചെയ്തു.

വിപ്ലവത്തിന്റെ വിജയത്തിൽ മംലൂക്ക് രാജവംശത്തിന് പകരം ഖൽജി രാജവംശം ഡൽഹി സുൽത്താനേറ്റിന്റെ ഭരണ വംശജരായി. അനന്തരവൻ [[അലാവുദ്ദീൻ ഖിൽജി |അലാവുദ്ദീൻ ഖിൽജിയാൽ വധിക്കപ്പെടുന്നതുവരെ [3] ആറുവർഷം ജലാലുദ്ദീൻ അധികാരത്തി;ൽ തുടർന്നു. വിപ്ലവം ഡൽഹി സുൽത്താനത്തിലെ തുർക്കി ആധിപത്യത്തിന് അന്ത്യം കുറിച്ചു.

അവലംബം[തിരുത്തുക]

  1. Unesco 1998, പുറം. 272.
  2. Chaurasia 2002, പുറം. 28.
  3. A. L. Srivastava 1966, പുറം. 145.
"https://ml.wikipedia.org/w/index.php?title=ഖിൽജി_വിപ്ളവം&oldid=4022343" എന്ന താളിൽനിന്ന് ശേഖരിച്ചത്