എം.ടി. കുമാരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സാമൂഹ്യപരിഷ്കർത്താവും ആത്മവിദ്യാസംഘത്തിൻ്റെ പ്രവർത്തകനും വാഗ്മിയും ആയിരുന്നു എം.ടി. കുമാരൻ. 1925 മുതൽ ആത്മവിദ്യാസംഘത്തിന്റെ പ്രചാരകനായി കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ പ്രസംഗങ്ങൾ നടത്തി. 1927 അഴീക്കോട് ആത്മവിദ്യാസംഘത്തിന്റെ നേതൃത്വത്തിൽ നടന്ന മിശ്രഭോജനത്തിൽ സജീവമായി പങ്കെടുത്തു യാഥാസ്ഥിതികരിൽനിന്ന് മർദ്ദനമേൽക്കുകയുണ്ടായി. ഹരിജനങ്ങളുടെ വിദ്യാഭ്യാസത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനും വേണ്ടി പ്രവർത്തിച്ചു. താഴ്ന്ന ജാതിക്കാർക്ക് സഞ്ചരിക്കാൻ പാടില്ലാതിരുന്ന അക്ലിയത്ത് അമ്പലത്തിന്റെ പടിഞ്ഞാറെ നടയിൽകൂടി നടന്ന് പ്രതിഷേധിക്കുകയുണ്ടായി. അധഃസ്ഥിതർക്കിടയിൽ മദ്യവർജ്ജനത്തിനു പ്രേരിപ്പിക്കുകയും ഏകദൈവവിശ്വാസം പ്രചരിപ്പിക്കുകയും ചെയ്തു. 1933 മുതൽ 1947 വരെ പൂതപ്പാറയിലെ സൗത്ത് ഹയർ എലിമെന്ററി സ്കൂളിൽ അധ്യാപനവൃത്തി നോക്കി. വാഗ്ഭടാനന്ദഗുരുദേവന്റെ സമാധിക്കു ശേഷം മലബാർ ആത്മവിദ്യാ സംഘം ജനറൽ സെക്രട്ടറിയായും പിന്നീട് സമസ്തകേരള ആത്മമവിദ്യാസംഘത്തിന്റെപ്രസിഡന്റായും പ്രവർത്തിച്ചു. ദേശീയപ്രസ്ഥാനത്തിൽ ഭാഗമാകുകയും കോൺഗ്രസ്സിൽ പ്രവർത്തിക്കുകയും ചെയ്തു. 1944-ൽ കസ്തൂർബാ ഗാന്ധിയുടെ നിര്യാണത്തെ തുടർന്ന് നടത്തിയ പ്രസംഗത്തിന്റെ പേരിൽ അറസ്റ്റിലാവുകയുണ്ടായി. ദിനപ്രഭ എന്ന ദിനപത്രത്തിൻ്റെ പത്രാധിപരായി കുറച്ചുകാലം പ്രവർത്തിക്കുകയുണ്ടായി. കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി സംഗീതനാടകമാക്കി നിരവധി വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. മഹാഭാരതകഥയെ ആസ്പദമാക്കി കഥാപ്രസംഗവും നിർമ്മിച്ചിട്ടുണ്ട്. കുമാരൻ മാസ്റ്റർ എഴുതിയ വാഗ്ഭഭടാനന്ദന്റെ ജീവചരിത്രമാണ് 'ശ്രീ വാഗ്ഭടാനന്ദ ഗുരുദേവൻ'.

"https://ml.wikipedia.org/w/index.php?title=എം.ടി._കുമാരൻ&oldid=3292902" എന്ന താളിൽനിന്ന് ശേഖരിച്ചത്