ആലുവ തുരുത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നാലു വശവും പെരിയാർ നദിയാൽചുറ്റപ്പെട്ട ഒരു പ്രദേശമാണ് ആലുവ തുരുത്ത്. ആലുവ പട്ടണത്തിനു സമാന്തരമായി ഈ പ്രദേശം സ്ഥിതി ചെയ്യുന്നു. കരപ്രദേശത്ത് നിന്ന് വേർപെട്ട് കിടക്കുന്ന ഈ സ്ഥലത്ത് നാലായിരത്തോളം ആളുകൾ താമസിക്കുന്നു. പഴയ കാലത്ത് നാല് ഓട്കമ്പനികൾ ഇവിടെ പ്രവർത്തിച്ചിരുന്നു. ഇപ്പോൾ ഓടിന്റെ ആവശ്യം ഇല്ലാതായപ്പോൾ കമ്പനികൾ നിർത്തി.ഒരു സർക്കാർസ്ക്കൂളും ഹെൽത്ത്സെന്റെറും ഇവിടെ സ്ഥിതി ചെയ്യുന്നു. പാണ്ടിപ്പുഴ എന്ന പേരിൽ അറിയപ്പെടുന്ന ജംഗ്ഷഷനാണ് സ്ഥലത്തെ പ്രധാന ജംഗ്ഷൻ. പാലം ജംഗ്ഷൻ മറ്റൊരു ജംഗ്ഷനാണ്. വാഹനങ്ങൾ കയറാൻ സാധിക്കാതിരുന്ന ഇവിടെ 1998 ലാണ് ഒരു പാലം പണിത് വാഹനയോഗ്യമാക്കിയത്. തുരുത്ത് മുസ്ലിം ജമാഅത്തിന്റ കീഴിലുള്ള ഒരു ജുമുഅത്ത് പള്ളിയും ഇതിന്റെ കീഴിൽ മൂന്ന് തൈക്കാവുകളും ഒരു ഹിന്ദു ക്ഷേത്രവും ,പുതിയതായി ഒരു ക്രിസ്ത്യൻ കപ്പേളയും ഇവിടെ ഉണ്ട്. സംസ്ഥാനത്തെ ആദ്യത്തെ കാർബൻ ന്യൂട്രൽ ഫാമായി തുരുത്തിലുള്ള സർക്കാർ കൃഷിതോട്ടം പ്രഖ്യാപിച്ചത് 2023 ലാണ്. ഇവിടെ നെൽകൃഷിയുടെ പുതിയ ഇനം വിത്തുകളെക്കുറിച്ച് ഗവേഷണം നടത്താൻ സംവിധാനങ്ങളൊരുക്കിയിരിക്കുന്നു. തുരുത്തിനെ മറുകരകളുമായി ബന്ധിപ്പിക്കുന്ന മൂന്ന്പാലങ്ങൾ 2015 ൽ പണികഴിപ്പിച്ചു. തോട്ടുംമുഖത്ത് നിന്ന് തുരുത്തിലേക്കും, തുരുത്തിൽ നിന്നും ചൊവ്വരക്കും ഉള്ള രണ്ട് പാലങ്ങളും, വടക്കൻ മുക്കിൽ നിന്നും പുറയാറിലേക്കുള്ള ടു വീലറുകളും ചെറിയ വാഹനങ്ങളും പ്രവേശിക്കുന്ന ഇരുമ്പ് പാലവുമാണ് ഇത്. മഹിളാലയം മുതൽ തുരുത്ത് വരെയും തുരുത്തിൽ നിന്നും ചൊവ്വരക്കും ഉള്ള പാലങ്ങൾ സീ പോർട്ട് എയർ പോർട്ട് റോഡിന്റ ഭാഗമായി നിർമ്മിച്ചവയാണ്. തൂമ്പാകടവിനെ അഥവാ പെരിയാറിന്റെ കൈവഴിയായ നദിക്ക് കുറുകനെ 1998 ൽ ഒരു പാലം നിർമ്മിച്ചിരുന്നു. തുരുത്തിൽ നിന്ന് ആലുവ പട്ടണത്തിലേക്കുള്ള റെയിൽ നടപ്പാത ഇവിടെ കാൽനടയായി പട്ടണത്തിലെത്താൻ എളുപ്പ മാർഗമാണ്. ചുറ്റും വെള്ളത്താൻ ചുറ്റപ്പെട്ട പ്രദേശത്തെ തുരുത്ത് എന്ന് വിളിക്കുന്നത് കൊണ്ട് പെരിയാറാൽ ചുറ്റപ്പെട്ട ഈ സ്ഥലത്തെ തുരുത്ത് എന്ന് വിളിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ആലുവ_തുരുത്ത്&oldid=3973878" എന്ന താളിൽനിന്ന് ശേഖരിച്ചത്