അമച്വർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അമേച്വർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സാമ്പത്തികനേട്ടം പരിഗണിക്കാതെ വിനോദത്തിനുവേണ്ടി കലാകായികപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തിയെ അമേച്വർ എന്നു വിളിക്കുന്നു.

പദോൽപ്പത്തി[തിരുത്തുക]

ഏതെങ്കിലും കാര്യങ്ങളിൽ അഭിരുചിയുള്ള ആൾ എന്ന് അർഥം വരുന്ന അമറ്റോറം (amatorem) എന്ന ലത്തീൻ പദത്തിൽനിന്ന് നിഷ്പാദിപ്പിക്കപ്പെട്ട ഒരു ഫ്രഞ്ചു വാക്കാണ് അമച്വർ (Amateur). ലൂയി പതിന്നാലാമന്റെ (1643-1715) ഭരണകാലത്ത് സുന്ദരകലാസ്വാദകരെ കുറിക്കുന്നതിനായിട്ടാണ് ഈ പദം ആദ്യമായി പ്രയോഗത്തിൽ കൊണ്ടുവന്നത്. അമച്വർ എന്ന പദം ബ്രിട്ടനിൽ ആദ്യമായി ഉപയോഗിക്കപ്പെട്ടത് 1784-ലാണ്. സംഗീതം, ചിത്രമെഴുത്ത് തുടങ്ങിയ ലളിതകലകൾ ആസ്വദിക്കുന്ന ഒരാളുടെ വിശേഷണമായിട്ടാണ് അവിടെ ഈ പദം ഉപയോഗത്തിൽ വന്നത്. കല, കരകൌശലം, കായികാഭ്യാസങ്ങൾ, കളികൾ എന്നിവയിൽ രസത്തിനും വിനോദത്തിനുമായി മാത്രം പങ്കെടുക്കുന്ന ഒരുവൻ എന്ന മൌലികാർഥത്തിന് പില്ക്കാലത്ത് അല്പം മാറ്റം സംഭവിച്ചു. മുൻപു പറഞ്ഞ പ്രവർത്തനങ്ങളിൽ അല്പ പരിചയമോ ഉപരിപ്ളവസിദ്ധികളോ ഉള്ള ഒരാളെ പ്രാഗല്ഭ്യം ഉള്ളവരും പ്രത്യേക പരിശീലനം നേടിയിട്ടുള്ളവരും ആയവരിൽനിന്ന് വേർതിരിച്ചറിയുവാൻ വേണ്ടി ഈ പദം ഉപയോഗിച്ചുതുടങ്ങി.

അമേച്വറും പ്രൊഫഷണലും[തിരുത്തുക]

19-ം ശതകത്തിന്റെ പൂർവാർധത്തിൽ കായികരംഗത്ത് അമച്വർ, പ്രൊഫഷണൽ എന്ന വകഭേദം കൂടുതൽ തെളിഞ്ഞു. കായികാഭ്യാസം ഉപജീവനമാർഗ്ഗമായി സ്വീകരിക്കുന്നവരെ പ്രൊഫഷണൽ എന്നും വിനോദത്തിനും രസത്തിനും വേണ്ടിമാത്രം കായികരംഗത്ത് പ്രവർത്തിക്കുന്നവരെ അമച്വർ എന്നും കരുതുന്നതാണ് ഈ വകഭേദത്തിന്റെ അടിസ്ഥാനം. 1863-ൽ ഫുട്ബോൾ അസോസിയേഷനും 1866-ൽ അമച്വർ അത്ലറ്റിക് ക്ളബ്ബും സ്ഥാപിതമായതോടെ കായികരംഗം ജന്റിൽമാൻ അമച്വേഴ്സിന്റെ സ്വകാര്യവേദി എന്ന നിലയിൽനിന്നും വ്യതിചലിക്കുകയും സാധാരണ ജനങ്ങൾ ധാരാളമായി അവിടെ പ്രവേശിക്കുകയും ചെയ്തു. ക്രിക്കറ്റ് ഒഴിച്ചുള്ള മത്സരങ്ങളിൽ ചൂതുകളി, കൈക്കൂലി, ആൾമാറാട്ടം എന്നീ ദുർവൃത്തികൾക്ക് അവസരമുണ്ടായി. ഇതിനെതിരായി ശബ്ദമുയർത്തിയത് അമച്വർമാർ മാത്രമായിരുന്നു. പ്രൊഫഷണൽ വിഭാഗത്തിന് സമൂഹത്തിൽ മാന്യസ്ഥാനം ലഭിച്ചിരുന്നില്ല. 1953-ൽ ജാക്ക് ഹോബ്സിന് (Jack Hobbs) ക്രിക്കറ്റ് അടിസ്ഥാനമാക്കിയും ഗോർഡൻ റിച്ചാഡ്സിന് കുതിരപ്പന്തയം അടിസ്ഥാനമാക്കിയും സർസ്ഥാനം നല്കുന്നതു വരെ ഗ്രേറ്റ് ബ്രിട്ടനിൽ പ്രൊഫഷണൽ വിഭാഗത്തിൽപ്പെട്ടവരെ അധഃസ്ഥിതരായി സമൂഹം കരുതിപ്പോന്നു. അമച്വർമാരും പ്രൊഫഷണൽ വിഭാഗക്കാരും സഹവർത്തിത്വം പുലർത്തിപ്പോരാറുണ്ടെങ്കിലും അമച്വർമാർക്കാണ് പലപ്പോഴും മുൻഗണന ലഭിക്കുന്നത്. ഒളിമ്പിക്സിലും മറ്റ് അന്താരാഷ്ട്ര മത്സരങ്ങളിലും അമച്വർമാർക്കു മാത്രമേ പ്രവേശനം ഉള്ളൂ.

പ്രൊഫഷണലുകൾക്കു വിലക്ക്[തിരുത്തുക]

അമച്വർ എന്നതിന് കായികസംഘടനകൾ പല നിർവചനങ്ങൾ നല്കിയിട്ടുണ്ട്. പൂർണമായും പ്രൊഫഷണൽരംഗത്തു പ്രവർത്തിക്കുന്നവരെ സംബന്ധിച്ച് അഭിപ്രായ ഭിന്നതകൾക്ക് ഇടമില്ല. ഉപജീവനമാർഗ്ഗം എന്ന നിലയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന പ്രൊഫഷണൽ കളിക്കാർ കായികമായ ശക്തിയും അഭ്യാസവും വികസിപ്പിക്കുന്നതിനുവേണ്ടി വളരെ സമയം വിനിയോഗിക്കുന്നു. അങ്ങനെയുള്ളവരെ അവർ വൈദഗ്ദ്ധ്യമുള്ള അംഗങ്ങളാണെങ്കിലും അല്ലെങ്കിലും അമച്വർ മത്സരത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുകയില്ല. തികച്ചും പ്രൊഫഷണൽ അല്ലാത്തവരേയും ചില പ്രത്യേക സാഹചര്യങ്ങളിൽ അമച്വർ മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽനിന്നും വിലക്കാറുണ്ട്. ഈ കൂട്ടരെ 'നോൺ അമച്വർ' എന്നാണ് വിളിക്കുക. സാമ്പത്തികനേട്ടം ലക്ഷ്യമാക്കാതെ കളിയോടുള്ള താത്പര്യം കൊണ്ടും വിനോദത്തിനുവേണ്ടിയും കായികവിനോദങ്ങളിൽ പങ്കെടുക്കുന്ന ഒരാളാണ് അമച്വർ എന്നാണ് 'ഇന്റർ നാഷനൽ അമച്വർ അത്ലറ്റിക് ഫെഡറേഷൻ' ഈ പദത്തിന് നിർവചനം നല്കിയിട്ടുള്ളത്. യു.എസ്സിലെ 'അമച്വർ അത്ലറ്റിക് യൂണിയ'ന്റെ നിർവചനം അനുസരിച്ച് ഉല്ലാസത്തിനും കായികവും മാനസികവും സാമൂഹികവുമായി മെച്ചങ്ങൾ ഉണ്ടാക്കുന്നതിനും വേണ്ടി കായികവിനോദങ്ങളിൽ ഏർപ്പെടുകയും ഒരു ഹോബി ആയി കായികാഭ്യാസങ്ങളെ കണക്കാക്കുകയും ചെയ്യുന്ന ഒരാളാണ് അമച്വർ. ഇംഗ്ളണ്ടിലെ 'അമച്വർ അത്ലറ്റിക് അസോസിയേഷൻ' അമച്വർക്കു നല്കിയിട്ടുള്ള നിർവചനം, പണമായിട്ടുള്ള സമ്മാനങ്ങൾക്കോ സാമ്പത്തിക പരിഗണനകൾക്കോ വേണ്ടി കായികവിനോദങ്ങളിലോ കളികളിലോ മത്സരിക്കുകയോ പരിശീലനം നല്കുകയോ സഹകരിക്കുകയോ ചെയ്തിട്ടില്ലാത്ത ഒരാൾ എന്നാണ്.

അമേച്വർ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള അയോഗ്യത[തിരുത്തുക]

പണത്തിനുവേണ്ടി മത്സരിക്കുക, അമിതമായ ചെലവുകൾക്കു പണം ആവശ്യപ്പെടുക, സമ്മാനങ്ങൾ വില്ക്കുകയോ പണയം വയ്ക്കുകയോ ചെയ്യുക, പ്രൊഫഷണൽ മത്സരങ്ങൾക്കുള്ള കരാറുകളിൽ ഏർപ്പെടുക, അയോഗ്യത കല്പിക്കപ്പെട്ടിട്ടുള്ളവരുമായി പ്രത്യേക അനുമതി കൂടാതെ മത്സരിക്കുക, ഉത്പന്നങ്ങളുടെ പരസ്യത്തിന് പേരും ചിത്രവും ഉപയോഗിക്കാൻ അനുവദിക്കുക എന്നീ കാരണങ്ങളാൽ അമച്വർ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് കായികാഭ്യാസികൾ അയോഗ്യരായിത്തീരാറുണ്ട്.

പുതിയ ഘടകം[തിരുത്തുക]

1946-ഓടുകൂടി ഒരു പുതിയ ഘടകം അമച്വർ രംഗത്ത് ആവിർഭവിച്ചു. പൂർവ യുറോപ്യൻരാജ്യങ്ങളിൽ കായികവിനോദങ്ങൾ രാഷ്ട്രീയനിയന്ത്രണത്തിന് വിധേയമായി സർക്കാർ വകുപ്പുകളാണ് നടത്തുന്നത്. അത്തരം ആസൂത്രിതസമൂഹങ്ങളിലെ സ്പോർട്സ് സംരംഭങ്ങൾക്ക് രാഷ്ട്രീയസ്വഭാവം ഉണ്ടായിരിക്കും. മുതലാളിത്തരാജ്യങ്ങളിൽ, 'പ്രചാരണത്തിനു പറ്റിയ ഏറ്റവും നല്ല മാധ്യമം' എന്ന ഔദ്യോഗികാംഗീകാരം സ്പോർട്സിന് ലഭിച്ചതോടെ കളിക്കാർക്ക് നയതന്ത്രരംഗത്ത് വളരെ പ്രാധാന്യം ലഭിച്ചു. ഇതോടൊപ്പം, വിദേശരാജ്യങ്ങളിൽ പോകുന്നതിനും മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും വേണ്ട ആനുകൂല്യങ്ങളും ഉണ്ടായി. കായികാഭ്യാസരംഗത്തെ പ്രശസ്തി പല കളിക്കാരെയും മെച്ചപ്പെട്ട മറ്റു ജീവിതത്തുറകളിലേക്ക് ആകർഷിച്ചുകഴിഞ്ഞിട്ടുണ്ട്. തത്ഫലമായി അവരിൽ പലരും അമച്വർ പദവി ഉപേക്ഷിച്ചിട്ടുണ്ട്. അമച്വർമാരെപ്പറ്റിയുള്ള നിയമങ്ങൾ വിവിധ രാജ്യങ്ങളിൽ വിവിധ തരത്തിൽ ആയതുകൊണ്ട് പൊതുവായ ഒരു നിയന്ത്രണപരിപാടി നടപ്പാക്കുവാൻ സാധ്യമല്ല എന്നതും കായികാഭ്യാസികളെ അലട്ടുന്ന ഒരു പ്രശ്നമാണ്.

അമേച്വർ എല്ലാ രംഗത്തും[തിരുത്തുക]

അമച്വർ എന്ന സംജ്ഞ പ്രായേണ കായികമത്സരരംഗങ്ങളിലാണ് ലോകവ്യാപകമായി വ്യവഹരിക്കപ്പെട്ടുപോരുന്നതെങ്കിലും കലാരംഗത്തും ഇതിന് പ്രചാരം സിദ്ധിച്ചിട്ടുണ്ട്. നാടകവേദി ലോകത്തെവിടെയും ഇന്ന് വ്യാവസായിക ലക്ഷ്യത്തോടെ വികസിച്ചുകൊണ്ടിരിക്കുന്നതിനാൽ അവിടെയും പ്രൊഫഷണൽ-അമച്വർഭേദങ്ങൾ ആവിർഭവിച്ചിരിക്കുന്നു. അതുപോലെ സംഗീതം, ചിത്രമെഴുത്ത്, നൃത്തം തുടങ്ങിയ കലാവിഭാഗങ്ങളിലും അമച്വർമാർ ധാരാളം ഉണ്ട്. ഇവർ ഉപജീവനമാർഗ്ഗമായി കലയെ ഉപയോഗിക്കാതെ അതിനെ ഉപാസിക്കുന്നവരാണ്. ശാസ്ത്രരംഗത്ത് അമച്വർമാർ ഏറെയുള്ള ഒരു രംഗമാണ് ജ്യോതിഃശാസ്ത്രം. അമച്വർ ജ്യോതിഃശാസ്ത്രജ്ഞരുടെ സംഭാവനകൾ ഗണ്യമാണ്.

കേരളത്തിലെ നാടക ചരിത്രത്തിൽ എഴുതപ്പെടാതെ പോയതാണ് അമച്വർ നാടക വേദിയുടേത്.ചവിട്ടുനാടകങ്ങൾ അരങ്ങു വാണിരുന്ന കാലത്താണ് കൊച്ചിയുടെ തെക്കെയറ്റത്തുള്ള ചെല്ലാനം എന്ന കടലോര ഗ്രാമത്തിലെ വി.എസ് ആൻഡ്രൂസ് ആണ് മലയാളത്തിലെ ആദ്യത്തെ സംഗീത നാടക കർത്താവ് ന

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അമച്വർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അമച്വർ&oldid=3736227" എന്ന താളിൽനിന്ന് ശേഖരിച്ചത്