മഞ്ഞിനിക്കര ദയറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ പ്രധാന ക്രൈസ്തവ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് മഞ്ഞിനിക്കര ദയറ എന്നറിയപ്പെടുന്ന മോർ ഇഗ്നേഷ്യസ് ദയറ. പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരിന് സമീപം സ്ഥിതി ചെയ്യുന്ന മഞ്ഞിനിക്കര കുന്നിലാണ് ഈ ദയറ (സന്ന്യാസ ആശ്രമം) സ്ഥാപിതമായിരിക്കുന്നത്. സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ തലവനായിരുന്ന ഇഗ്നാത്യോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസിന്റെ കബറിടം ഇവിടെ സ്ഥിതി ചെയ്യുന്നു.[1]

മലങ്കരയിലെ അന്ത്യോഖ്യൻ പ്രതിനിധിയായിരുന്ന മോർ യൂലിയോസ് ഏലിയാസ് ക്വോറോ ആണ് ദയറയുടെ സ്ഥാപകൻ.[1] മലങ്കരയിലെ സഭാതർക്കവുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവാ ഇടവകാംഗങ്ങളുടെ ക്ഷണപ്രകാരം മഞ്ഞിനിക്കര ദേവാലയവും സന്ദർശിക്കുവാൻ താത്പര്യപ്പെട്ടു. 1932 ഫെബ്രുവരി 11-ന് ഇവിടെയെത്തിയ ബാവാ 1932 ഫെബ്രുവരി 13-ന് ഇവിടെ വച്ച് മരണമടയുകയും ദയറയിൽ സംസ്കരിക്കപ്പെടുകയും ചെയ്തു. ഏലിയാസ് തൃതീയൻ ബാവായുടെ ഓർമ്മപ്പെരുന്നാളായി ആചരിക്കുന്ന ഫെബ്രുവരി 12,13 തീയതികളിൽ ആയിരക്കണക്കിനു തീർത്ഥാടകർ പദയാത്രാസംഘങ്ങളായി ഇവിടേക്ക് വരാറുണ്ട്. ഈ പെരുന്നാളിൽ സംബന്ധിക്കുവാൻ അന്ത്യോഖ്യൻ പാത്രിയർക്കീസിന്റെ പ്രതിനിധിയും എല്ലാ വർഷവും എത്തിച്ചേരാറുണ്ട്.[2]

ഏലിയാസ് തൃതിയൻ ബാവയുടേതിനു പുറമേ മോർ യൂലിയോസ് ഏലിയാസ് ക്വോറോ, മോർ യൂലിയോസ് യാക്കോബ്, മോർ ഒസ്താത്തിയോസ് ബെന്യാമിൻ ജോസഫ് എന്നിവരുടെ കബറിടങ്ങളും മഞ്ഞിനിക്കര ദയറയിൽ സ്ഥിതി ചെയ്യുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 "മഞ്ഞിനിക്കര ദയറയുടെ വെബ്‌സൈറ്റ്". Archived from the original on 2008-10-22. Retrieved 2011-10-16.
  2. "മഞ്ഞിനിക്കര പള്ളിയുടെ വെബ്‌സൈറ്റ്". Archived from the original on 2011-10-13. Retrieved 2011-10-16.

കണ്ണികൾ[തിരുത്തുക]

മഞ്ഞിനിക്കര തീർ‍ഥാടനത്തിന്റെ വീഡിയോ ദൃശ്യം - സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ വെബ്സൈറ്റ്

"https://ml.wikipedia.org/w/index.php?title=മഞ്ഞിനിക്കര_ദയറ&oldid=3639956" എന്ന താളിൽനിന്ന് ശേഖരിച്ചത്