Jump to content

ബാപ്പുജി സ്മാരക വായനശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാപ്പുജി വായനശാല സ്ഥാപിച്ച പുസ്തകക്കൂട്
ബാപ്പുജി സ്മാരക വായനശാല, പെരുംകുളം

കൊട്ടാരക്കര താലൂക്കിൽ പെരുംകുളം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു വായനശാലയാണ് ബാപ്പുജി സ്മാരക വായനശാല. എം.മുകുന്ദൻ രക്ഷാധികാരി സ്ഥാനം വഹിക്കുന്ന ഈ വായനശാല ലോകത്തിലെ ഏറ്റവും മികച്ച[അവലംബം ആവശ്യമാണ്] ഗ്രാമീണഗ്രന്ഥശാലകളിലൊന്നാണ്. ഇന്ത്യയിലെ രണ്ടാമത്തേയും കേരളത്തിലെ ആദ്യത്തേയും[അവലംബം ആവശ്യമാണ്] പുസ്തകഗ്രാമം പെരുംകുളമാണ്. 2021 ജൂൺ 19 വായനാ ദിനത്തിൽ കേരളാ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പെരുംകുളത്തെ കേരളത്തിലെ ആദ്യ പുസ്തക ഗ്രാമമായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഗ്രാമത്തിൽ ഇരുനൂറ് മീറ്റർ ഇടവിട്ട് വായനശാലയുടെ നേതൃത്വത്തിൽ പുസ്തകക്കൂടുകൾ സ്ഥാപിച്ചിരിക്കുന്നു. ഇത്തരത്തിൽ കേരളത്തിൽ ആദ്യമായി പൊതുസ്ഥലത്ത് പുസ്തക്കൂട് സ്ഥാപിക്കപ്പെട്ടത് പെരുംകുളം റേഡിയോ ജംഗ്ഷനിൽ 2017 ജനുവരി 1നാണ്. കേരളത്തിൽ ആദ്യമായി ഒരെഴുത്തുകാരന്റെ പേരിൽ ഫാൻസ് അസോസിയേഷൻ ഉണ്ടാകുന്നത് ഇവിടെയാണ്. എം.മുകുന്ദൻ ആരാധകക്കൂട്ടം എന്നാണതിന്റെ പേര്.

കൊട്ടാരക്കരയിലെ പത്തോളം ഓട്ടോറിക്ഷകളിൽ എം.മുകുന്ദന്റെ പുസ്തകങ്ങൾ വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിൽ ആദ്യമായി ഒരു ഗ്രാമീണ വായനശാലയിൽ എ.സി മിനി തീയറ്റർ സ്ഥാപിച്ചിരിക്കുന്നു. കുട്ടികൾക്ക് ഐ.എ.എസ് പരിശീലനം നല്കുന്ന 'ബാപ്പുജി സിവിൽ സർവ്വീസ് അക്കാഡമി ' ഇവിടെ പ്രവർത്തിക്കുന്നു. കുട്ടികൾ കണ്ടെത്തുന്ന മികച്ച അധ്യാപകർക്ക് വർഷം തോറും അധ്യാപക ദിനത്തിൽ 'ഗുരുനന്മ' പുരസ്കാരം നല്കുന്നു. ഗ്രാമ വാർത്തകൾ ഉൾപ്പെടുത്തി 'പെരുംകുളം കാഴ്ച' എന്ന പേരിൽ ഒരു പ്രസിദ്ധീകരണം മാസം തോറും പുറത്തിറക്കുന്നു. ഇന്ത്യയിലാദ്യമായി ഒരു ഗ്രന്ഥശാലയ്ക്ക് ശാഖ ഉണ്ടാകുന്നത് ഇവിടെയാണ്. കൊട്ടാരക്കര പുത്തൂരിന് സമീപമുള്ള തേവലപ്പുറം എന്ന സ്ഥലത്ത് 2020 ഫെബ്രുവരി 16നാണ് പെരുംകുളം ബാപ്പുജി സ്മാരക വായനശാലയുടെ ആദ്യ ശാഖ തുറന്നത്. ബാപ്പുജി ബാലവേദി, യുവത, ശ്രേഷ്ഠ ജനസഭ, വനിതാവേദി, കാഴ്ച ചലച്ചിത്ര കൂട്ടായ്മ, ചിറക് നാടകക്കളരി, കായിക കൂട്ടായ്മ. കർഷകക്കൂട്ടായ്മ തുടങ്ങിയ ഉപസംഘടനകളിലൂടെ കേരളത്തിൻെറ സാംസ്കാരിക ചരിത്രത്തിൽ ശക്തമായ സാന്നിധ്യമായി പെരുംകുളം ബാപ്പുജി സ്മാരക വായനശാല തുടരുന്നു.

ബാപ്പുജി സ്മാരക വായനശാലയുടെ നേതൃത്വത്തിൽ നിർമ്മിച്ച പുസ്തകപ്പുര എന്ന് പേരിട്ട ഇന്ത്യയിലെ ആദ്യ പുസ്തകസ്തൂപം 2022 ജൂൺ 19ന് പ്രശസ്തകവി വയലാർ ശരത്ചന്ദ്രവർമ്മ നാടിന് സമർപ്പിച്ചു.