പയ്യമ്പള്ളി ചന്തു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോട്ടയം കോവിലകത്തിന്റെ പുനരുദ്ധാരകനും തച്ചോളി ഒതേനനു ഗുരുസ്ഥാനീയനുമായിരുന്നു പയ്യംവെള്ളി ചന്തു. അദ്ദേഹം ഒരു തീയർ സമുദായത്തിൽ ജനിച്ച വീരൻ കൂടിയായിരുന്നു.[1] പയ്യമ്പള്ളി ചന്തു ചേകവർ, പയ്യമ്പള്ളി ചന്തു എന്നീ പേരുകളിലും അറിയപ്പെടുന്നു.

മുപ്പത്തിരണ്ട്‌ വയസ്സിനിടയിൽ അറുപത്തിനാലു പട ജയിക്കാൻ കോമപ്പകുറുപ്പിനെ ഏറെ സഹായിച്ചത്‌ വിശേഷപ്പെട്ട ഒരു കടത്തനാടൻ അടവാണ്‌:'പൂഴിക്കടകൻ'. പയ്യനാട്‌ ചിണ്ടൻ നമ്പ്യാരുമായുള്ള അങ്കത്തിലൂടെയാണ് പൂഴിക്കടകൻ പഠിക്കാനിടയായതത്രേ.

ചിണ്ടൻ നമ്പ്യാരുമായി അങ്കം കുറിച്ചതറിഞ്ഞ കോമപ്പക്കുറുപ്പ്‌ അങ്കം ഒഴിവാക്കാൻ പരമാവധി ശ്രമിച്ചു. ചിണ്ടൻ നമ്പ്യാരുടെ കരുത്തും അഭ്യാസചാതുരിയും എത്രയെന്ന് കോമപ്പക്കുറുപ്പിന്‌ അറിയാമായിരുന്നു. ഒതേനനെ അനുനയിപ്പിച്ച്‌ പൊന്നും സമ്മാനങ്ങളുമായി ചിണ്ടൻ നമ്പ്യാരുടെ കാൽക്കൽ മാപ്പ്‌ പറയിപ്പിക്കുക പോലും ചെയ്തു കോമപ്പക്കുറുപ്പ്‌!

പക്ഷേ, അവിടെ വച്ചും അപമാനിച്ച ചിണ്ടൻ നമ്പ്യാരെ വധിക്കുമെന്ന് വീണ്ടും പ്രതിജ്ഞ ചെയ്താണ്‌ ഒതേനൻ തിരിച്ചു വന്നത്‌.

ഒതേനന്റെ അങ്കക്കലിയും വീര്യവുമൊന്നും ചിണ്ടൻ നമ്പ്യാരെ ജയിക്കാൻ മതിയാവില്ലെന്നു നന്നായറിയാമായിരുന്ന കോമപ്പക്കുറുപ്പ്‌ പയ്യംവെള്ളി ചന്തുവിനു മാത്രമറിയുന്ന ആ രഹസ്യവിദ്യ അഭ്യസിക്കാൻ അനുജനെ അയച്ചു. കോമപ്പക്കുറുപ്പിന്റെ സുഹൃത്തായിരുന്ന് പയ്യം വെള്ളി ചന്തു സസന്തോഷം ഒതേനനെ പൂഴിക്കടകൻ പഠിപ്പിക്കുകയും ചെയ്തു.

ചിണ്ടൻ നമ്പ്യാരെ പൂഴിക്കടകനിലൂടെയാണ്‌ ഒതേനൻ വധിച്ചത്‌!

പയ്യംവെള്ളി ചന്തുവിന്റെ സ്മൃതിമണ്ഡപം അദ്ദേഹം വീരമൃത്യു വരിച്ച സ്ഥലമായ കോഴിക്കോടു് ജില്ലയിൽ താമരശ്ശേരി കോട്ടയിൽ ഭഗവതി ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്നു. ഇവിടെ പ്രചാരത്തിലുള്ളതു പ്രകാരം, കോട്ടയം രാജവംശത്തിന്റെ ഒരു കോട്ടയുണ്ടായിരുന്നു ഇവിടെ. ഈ കോട്ടയിലെ കിണറിനടുത്തു നിൽക്കുമ്പോൾ ശത്രുക്കൾ വന്നു് ഒളിവിൽ വെടി വയ്ക്കുകയും വെടി കൊണ്ടു് കിണറ്റിൽ വീണ ചന്തു മരിച്ചോയെന്നറിയാൻ കിണറിലേക്കു് വന്നു നോക്കിയ ശത്രുവിനു നേരെ കിണറ്റിൽ നിന്നു കൊണ്ടു് ചന്തു വാൾ എറിയുകയും ആ വാൾ ശത്രുവിന്റെ തലയറുത്തു് തൊട്ടപ്പുറത്തെ ക്ഷേത്രക്കുളത്തിൽ ചെന്നു വീഴുകയും ചെയ്തെന്നാണു് കഥ. കോട്ടയിൽ ക്ഷേത്രത്തിൽ ഉത്സവം തുടങ്ങുമ്പോൾ ചന്തുവിനെ വെള്ളയും കരിമ്പടവും വിരിച്ചു് ആദരിച്ചു് അനുസ്മരിച്ച ശേഷമാണു് ചടങ്ങുകൾ ആരംഭിക്കുക. സ്മൃതി മണ്ഡപത്തിൽ എല്ലാ മാസവും സംക്രമദിവസം നിവേദ്യം സമർപ്പിക്കാറുണ്ടു്.

കണ്ണൂർ മണിക്കകാവിലും, കതിരൂർ ചോഴൻ രയരോത്ത് തറവാട് ക്ഷേത്രത്തിലും കാരണവർ തെയ്യമായി പയ്യമ്പള്ളി ചന്തു തെയ്യം കെട്ടിയാടുന്നു. ഇതിൽ കണ്ണൂർ മാണിക്കകാവിൽ പ്രസിദ്ധമായ പയ്യമ്പള്ളി കളരിസംഘം ഇന്നും നിലനിൽക്കുന്നൂ. പാനൂർ പാലത്തായികുന്നു ഭഗവതി ക്ഷേത്രത്തിലും ഈ അപൂർവ്വ തെയ്യം കെട്ടിയാടാറുണ്ട്.

അവലംബം[തിരുത്തുക]

  1. Dr. N.C Shyamalan (2011). North Africa to North malabar. google book. Aromal Chevakar and Unniyarcha lived in early 1500 , many decades before Othenan . Othenan had to face his own teacher , Kadirur Gurikal , who was a great martial arts expert , for a duel under unusual circumstances . He received special training from Payyamvelli Chandu , who was a Thiyya master in martial arts and also Othenan's colleague . He taught Othenan a special technique known as the sand technique to defeat the grand master .
"https://ml.wikipedia.org/w/index.php?title=പയ്യമ്പള്ളി_ചന്തു&oldid=4021003" എന്ന താളിൽനിന്ന് ശേഖരിച്ചത്