Jump to content

നമ്പൂരി ഫലിതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളക്കരയിലെ നമ്പൂതിരിമാർ പറയുന്ന തമാശയെയാണു നമ്പൂരി ഫലിതം എന്നു പറയുന്നത്. ഫലിതപ്രിയന്മാരാണു നമ്പൂതിരിമാർ എന്നാണു പൊതുവേയുള്ള വിലയിരുത്തൽ. ‘അവസാനത്തെ സ്മാർത്തവിചാരം’ എന്ന ഗ്രന്ഥത്തിൽ എ. എം. എൻ. ചാക്യാർ, നമ്പൂതിരിമാരുടെ ഫലിതപ്രിയത്തെക്കുറിച്ചു പറയുന്നതിങ്ങനെയാണ്: “സാമൂഹ്യ ചുറ്റുപാടുകളുമായി ഇഴുകിച്ചേരാനും മാറ്റങ്ങളെക്കൊണ്ട് അവയെ ഉൾക്കൊള്ളാനും കഴിയാതിരുന്ന നമ്പൂതിരി പരിഹാസപാത്രമായി; പലപ്പോഴും മടയനായി അവഹേളിക്കപ്പെടുകയും ചെയ്തു. പക്ഷേ, സ്വയം കളിയാക്കി ചിരിക്കുവാനും മറ്റുവരെ ചിരിപ്പിക്കുവാനും കഴിവുണ്ടായിരുന്ന നമ്പൂതിരി ഇതു തീരെ കാര്യമാക്കിയില്ല.“[1]നമ്പൂതിരി എന്ന വാക്കിന്റെ സംസാരരൂപമാണു നമ്പൂരി എന്നത്. കേരളത്തിൽ നമ്പൂരി ഫലിതങ്ങൾ പ്രചുരപ്രചാരമാണു. ‘ശൈലീ പ്രപഞ്ച’ത്തിൽ വടക്കുംകൂർ രാജരാജവർമരാജ എഴുതുന്നു: ”മറ്റൊരു വർഗക്കാർക്കും അവരെപ്പോലെ(നമ്പൂതിരിമാർ)അർത്ഥവത്തും രസകരവും മർമഭേദകവും ആയ ഫലിതം പ്രയോഗിക്കുക സാധ്യമല്ല.“[2]ഐതിഹ്യമാലയിൽ മുട്ടസ്സു നമ്പൂതിരിയുടെ ഒന്നിലധികം കഥകൾ കൊട്ടാരത്തിൽ ശങ്കുണ്ണി വിവരിക്കുന്നുണ്ട്. ഈ ഉദാഹരണം കൊണ്ടുതന്നെ നമ്പൂരിയുടെ തമാശഹൃദയം മനസ്സിലാക്കാം.

നമ്പൂരി ഫലിതത്തിന്റെ ഒരു ഉദാഹരണം: ഇല്ലത്തെ കോലായയിലിരുന്ന് വിസ്തരിച്ച് മുറുക്കുകയായിരുന്ന നമ്പൂതിരിയുടെ ചെവിയിൽ, തൊഴുത്തു വൃത്തിയാക്കുന്ന വേലക്കാരന്റെ നിലവിളി കേട്ടു.

പരിഭ്രമത്തോടെ നമ്പൂരി ചോദിച്ചു:

”എന്താ, എന്താ പറ്റ്യേ?“

”തിരുമേനീ, എന്നെ പാമ്പു കടിച്ചു!“

വേലക്കാരൻ കരഞ്ഞുകൊണ്ടു പറഞ്ഞു.

ഇതുകേട്ട് നമ്പൂരി ചോദിച്ചു:

”എവിട്യാ കടിച്ചേ?“

”മൂർധാവിൽ തന്ന്യാ കടിച്ചേ...“

വേലക്കാരൻ പറഞ്ഞു.

അപ്പോൾ നമ്പൂരി ആശ്വസിച്ചുകൊണ്ടു പറഞ്ഞു:

“ഹാവൂ... സമാധാനായി. മൂർധാവിലാണെങ്കിൽ വിഷം കേറില്ല. നിശ്ശം.”[3]

അവലംബം[തിരുത്തുക]

  1. എ.എം.എൻ., ചാക്യാർ (2001). അവസാനത്തെ സ്മാർത്ത വിചാരം. തിരുവനന്തപുരം: സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരള സർക്കാർ. p. 126. ISBN 81-86365-93-1.
  2. വടക്കുകൂർ, രാജർജാവർമരാജ (1967). ശൈലീപ്രദീപം. തിരുവനന്തപുരം: കമലാലയ ബുക്ഡിപ്പോ. p. 1130. ISBN ഇല്ല. {{cite book}}: Check |isbn= value: invalid character (help)
  3. ഡോ. കെ., ശ്രീകുമാർ (2010). നമ്മുടെ നാടോടിക്കഥകളും ഐതിഹ്യങ്ങളും(വോള്യം-1). കോട്ടയം: ഡി.സി.ബുക്സ്. p. 975. ISBN 978-81-264-2491-7.
"https://ml.wikipedia.org/w/index.php?title=നമ്പൂരി_ഫലിതം&oldid=3257248" എന്ന താളിൽനിന്ന് ശേഖരിച്ചത്