Jump to content

ടി.എം. നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജനുവരി 15, 1868ജൂലൈ 17, 1919
ടി.എം. നായർ സ്മാരക സ്റ്റാമ്പ്

അപരനാമം: ടി എം നായർ
ജനനം: ജനുവരി 15, 1868
ജനന സ്ഥലം: തിരൂർ, പാലക്കാട്,
മദ്രാസ് പ്രസിഡൻസി, ഇന്ത്യ
മരണം: ജൂലൈ 17, 1919
മരണ സ്ഥലം: ലണ്ടൻ, ബ്രിട്ടൻ
മുന്നണി: ഇന്ത്യൻ ദേശീയ പ്രസ്ഥാനം
അബ്രാഹ്മണ പ്രസ്ഥാനം
സംഘടന: ഇന്ത്യൻ നാഷണൽ കോൺഗ്രസ്,
ജസ്റ്റിസ് പാർടി,
സൗത്ത് ഇന്ത്യൻ ലിബറൽ ഫെഡറേഷൻ

തരവത്ത് മാധവൻ നായർ(തമിഴ്: டி. எம். நாயர், English: T. M. Nair) ഇന്ത്യയിലെ പഴയ മദ്രാസ്‌ പ്രസിഡൻസിയിലെ ഒരു രാഷ്ട്രീയ-സാമൂഹിക പ്രവർത്തകൻ ആയിരുന്നു. സ്വാഭിമാന പ്രസ്ഥാനത്തിന്റെ മുഖ്യപ്രവർത്തകൻകൂടി ആയിരുന്ന അദ്ദേഹം ത്യാഗരോയ ചെട്ടി, നടേശ മുതലിയാർ എന്നിവരുമായി ചേർന്ന് ജസ്റ്റിസ്‌ പാർട്ടി (നീതി കക്ഷി) എന്ന പാർട്ടിക്ക് രൂപം കൊടുത്തു.

ആദ്യകാല ജീവിതം[തിരുത്തുക]

1868 ജനുവരി 15ന് അന്നത്തെ മദ്രാസ്‌ പ്രസിഡൻസിയിൽപ്പെടുന്ന തിരൂരിനടുത്ത്, പാലക്കാട്‌ തെരവത്ത് വീട്ടിലായിരുന്നു മാധവൻ നായർ ജനിച്ചത്‌. അദ്ദേഹത്തിന്റെ പിതാവ്, ചിങ്ങിച്ചാം വീട്ടിൽ ശങ്കരൻ നായർ, തിരൂരിൽ നിയമ വകുപ്പിൽ മുന്സിഫ് ആയിരുന്നു . ജ്യേഷ്ഠൻ ശങ്കരൻ നായർ ഡെപ്യൂട്ടി കളക്ടറും സഹോദരി തരവത്ത് അമ്മാളു അമ്മ ഒരു സംസ്കൃതം-മലയാളം പണ്ഡിതയും ആയിരുന്നു.

പാലക്കാട്‌ ഗവൺമെൻറ് ഹൈസ്കൂളിലായിരുന്നു മാധവൻ നായരുടെ സ്കൂൾ വിദ്യാഭ്യാസം. തന്റെ മെട്രിക്കുലേഷൻ ഒരു വര്ഷം മുൻപേ അദ്ദേഹം വിജയിച്ചു. മദ്രാസ്‌ പ്രസിഡൻസി കോളേജിൽ ആയിരുന്നു അദ്ദേഹത്തിന്റെ ബിരുദ വിദ്യാഭ്യാസം. മദ്രാസ് മെഡിക്കൽ കോളേജിൽ ചേർന്നെങ്കിലും മെഡിക്കൽ ബിരുദം അദ്ദേഹം പൂർത്തിയാക്കിയില്ല. അവിടെ നിന്നും അദ്ദേഹം എഡിൻബർഗിലേക്ക്‌ പോയി. അവിടെ വച്ച് എം ബി, സിഎച് ബിരുദങ്ങൾ നേടി. 1896-ൽ സംസ്കൃതം ഒരു വിഷയമാക്കി എം ഡി യും പൂർത്തിയാക്കി. പാരിസിൽ എത്തിയ അദ്ദേഹം അവിടെ വച്ച് അദ്ദേഹം ഇ എൻ ടി രോഗങ്ങളെക്കുറിച്ച് ഗവേഷണം നടത്തി. 1897-ൽ ഇന്ത്യയിൽ മടങ്ങി എത്തി. ഇന്തയിൽ എത്തുന്നതിനു മുൻപ് ലണ്ടനിൽ ദാദഭായ് നവറോജി അധ്യക്ഷനായിട്ടുള്ള ഇന്ത്യൻ സൊസൈറ്റിയുടെ സെക്രട്ടറിയും ഉപാധ്യക്ഷനും ആയിരുന്നു. ബ്രിട്ടീഷ്‌ മെഡിക്കൽ അസോസിയേഷൻ, റോയൽ ഏഷ്യാടിക് സൊസൈറ്റി, നാഷണൽ ലിബറൽ ക്ലബ്‌, റോയൽ സൊസൈറ്റി എന്നിവയിലും അംഗത്വം ഉണ്ടായിരുന്നു.

ഔദ്യോഗിക ജീവിതം[തിരുത്തുക]

1904 ലും 1916ലും മദ്രാസ്‌ നഗരസഭയിൽ ട്രിപ്ലിക്കേനിനെ പ്രതിനിധീകരിച്ചു. 1910 ൽ പാലക്കാട്‌ മുന്സിപൽ കൌൺസിൽ നവീകരണത്തിന് വേണ്ടി സമരം ചെയ്തു. 1908 ൽ ഇന്ത്യൻ ലേബർ കമ്മിഷൻ അംഗമായി നിയമിക്കപ്പെട്ടു. അന്നത്തെ വ്യവസായ തൊഴിലാളികളുടെ അവസ്ഥയെക്കുറിച്ച് ഒരു അവലോകനം തയ്യാറാക്കി. തൊഴിലാളികളുടെ പ്രവർത്തന സമയം കുറക്കണമെന്ന് ആവശ്യപ്പെട്ടു. ഈ ശുപാർശകൾ അദ്ദേഹം ലണ്ടനിലുള്ള ഇന്ത്യയുടെ സ്റ്റേറ്റ് സെക്രട്ടറിക്ക് സമർപ്പിച്ചു . 1912ൽ മദ്രാസ്‌ നിയമ നിർമ്മാണ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒന്നാം ലോക മഹായുദ്ധ കാലത്ത് എസ് എസ് മദ്രാസ്‌ എന്ന കപ്പലിലെ സർജൻ ആയിരുന്നു. യുദ്ധശേഷം സേവനങ്ങൾ പരിഗണിച്ചു മരണാനന്തര ബഹുമതിയായി കൈസർ-ഇ-ഹിന്ദ്‌, യുദ്ധ സേവന മെഡൽ എന്നിവ നൽകപ്പെട്ടു. ഇദ്ദേഹം രചിച്ച 'ഡയബറ്റീസ് ഇറ്റ്സ് നേച്ചർ ആൻഡ് ട്രീറ്റ്മെന്റ്' എന്ന ഗ്രന്ഥം ഇന്ത്യയിലെ പ്രമേഹ ചികിത്സയുടെ അടിസ്ഥാന റഫറൻസ് ഗ്രന്ഥങ്ങളിൽ ഒന്നാണ്.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌[തിരുത്തുക]

1897 മുതൽ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി ചേർന്ന് പ്രവർത്തിച്ചു വന്നു. 1898ലെയും 1899ലെയും കോൺഗ്രസ്‌ സമ്മേളനങ്ങളിൽ ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന ഇന്ത്യക്കാരായുള്ള മെഡിക്കൽ ഓഫീസർമാരുടെ അവസ്ഥയെ അദ്ദേഹം കുറ്റപ്പെടുത്തി. അവർക്ക് തുല്യ പരിഗണന വേണമെന്ന് വാദിച്ചു. 1907ലെ ചിറ്റൂരിലെ ജില്ലാസമ്മേളനത്തിൽ അദ്ധ്യക്ഷനായിരുന്നു. മെഡിക്കൽ സർവീസിൽ ഇന്ത്യൻ  ഡോക്ടർമാർക്കു തുല്യ പരിഗണനയ്ക്കു വേണ്ടി  വാദിച്ചു.1904  മുതൽ 12 വർഷത്തോളം  ട്രിപ്ലിക്കേനെ പ്രതിനിധീകരിച്ചു ചെന്നൈ കോർപറേഷൻ കൗൺസിലറായി. വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണമേന്മയില്ലായ്മ ഉൾപ്പെടെ ഒട്ടേറെ പ്രശ്നങ്ങൾ ഉയർത്തി കോർപറേഷൻ ഭരണത്തെ ചോദ്യം  ചെയ്തു. ഇന്ത്യാ സർ‍ക്കാരിന്റെ ലേബർ കമ്മിഷൻ അംഗമായിരിക്കെ, ഫാക്ടറി തൊഴിലാളികളുടെ തൊഴിൽ സമയം കുറയ്ക്കുന്നതുൾപ്പെടെയുള്ള വിപ്ലവകരമായ ശുപാർശകൾ സമർപ്പിച്ചു. [1]

സൗത്ത് ഇന്ത്യൻ ലിബറൽ ഫെഡറേഷൻ[തിരുത്തുക]

1912-ൽ മദ്രാസ് ലെജിസ്ലേറ്റീവ് കൗൺസിലിലേക്കു ജയിച്ച നായർ 1916-ൽ  പരാജയപ്പെട്ടു. തോൽവിക്കു കാരണം കോൺഗ്രസിലെ ബ്രാഹ്മണ  നേതാക്കളാണെന്നു ആരോപിച്ച ടി.എം.നായർ പാർട്ടിയുമായി അകന്നു. തുടർന്നു ത്യാഗരാജ ചെട്ടിയും നടേശ മുതലിയാരുമായി ചേർന്നു നടത്തിയ ബ്രാഹ്മണ വിരുദ്ധ പ്രസ്ഥാനമാണു  ഇന്നത്തെ തമിഴ് രാഷ്ട്രീയത്തിന്റെ അടിസ്ഥാനം. 2016 നവംബർ 20ന് വിക്ടോറിയ ഹാളിൽ 30 പേർ പങ്കെടുത്ത യോഗത്തിലാണു സൗത്ത് ഇന്ത്യൻ ലിബറൽ ഫെഡറേഷൻ രൂപം കൊണ്ടത്. കൂട്ടായ്മയ്ക്കൂ കീഴിൽ ജസ്റ്റിസ് എന്ന പത്രം തുടങ്ങിയതോടെ, അതു ജസ്റ്റിസ് പാർട്ടിയെന്നറിയപ്പെട്ടു. [1]

ജസ്റ്റിസ്‌ പത്രാധിപർ[തിരുത്തുക]

1916-ല മദ്രാസ്സിൽ നടന്ന ഒരു സമ്മേളനത്തിൽ ഡോ. ടി എം നായരും ത്യാഗരോയ ചെട്ടിയും പങ്കെടുത്തു. അബ്രാഹ്മണർക്ക് വേണ്ടി ശബ്ദം ഉയർത്താൻ ഒരു പത്രം ഉണ്ടാവണം എന്ന ആവശ്യം മുന്നോട്ട് വന്നു. 1917 ഫെബ്രുവരി 26 മുതൽ ജസ്റ്റിസ്‌ പ്രസാധനം ആരംഭിച്ചു. 1919-ൽ തന്റെ മരണം വരെ ഡോ. നായർ അതിന്റെ പത്രാധിപരായിരുന്നു. ഈ പത്രത്തിലൂടെ ദേശിയ പ്രസ്ഥാനത്തിലെയും ഹോം റൂൾ പ്രസ്ഥാനത്തിലെയും തന്റെ എതിരാളികളെ നായർ ആക്രമിച്ചു. മരണംവരെ ജസ്റ്റിസ് പത്രത്തിന്റെ ചീഫ് എഡിറ്റർ പദവി വഹിച്ചതു ഡോ.നായരാണ്. ജസ്റ്റിസിലും ഇംഗ്ലണ്ടിലെ പ്രസിദ്ധീകരണങ്ങളിലും നായർ നിരന്തരമായി എഴുതിയ ലേഖനങ്ങളും റിപ്പോർട്ടുകളുമാണു ദ്രാവിഡ പ്രസ്ഥാനത്തിനു പ്രത്യയശാസ്ത്ര അടിത്തറയിട്ടത്. [1]

നിര്യാണം[തിരുത്തുക]

1918-19 കാലയളവിൽ അദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോകാൻ തീരുമാനിച്ചു. സാമുദായിക പ്രാതിനിധ്യാതെ പറ്റി സംയുക്ത പാർലമെന്ററി കമ്മിറ്റി മുന്പകെയുള്ള പിന്തുണയ്ക്ക്‌ വേണ്ടി ആയിരുന്നു ഇത്. ആരോഗ്യം മോശമാകയാൽ സഹപ്രവാർത്തകരായ ഡോക്ടർമാർ യാത്ര വിലക്കിയെങ്കിലും അദ്ദേഹം അത് അവഗണിച്ചു. ബ്രിട്ടീഷ്‌ പാർലമെന്റിൽ പ്രസംഗിച്ചിട്ടുള്ള ചുരുക്കം ചില ഇന്ത്യക്കാരിൽ ഒരാളാണ് അദ്ദേഹം. പക്ഷെ ഇന്ത്യക്ക് വേണ്ടിയുള്ള സെക്രട്ടറി ആയ എഡ്വിൻ സാമുവൽ മൊണ്ടാഗുവിന്റെ കല്പനയെക്കുറിച്ച് പരസ്യമായി സംസാരിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ വിലക്കിയിരുന്നു. പ്രമേഹം, ബ്രൈറ്റ് രോഗം എന്നിവ മൂലം ഉണ്ടായ ഹൃദയരോഗം മൂലം 1919 ജൂലൈ 17-ന് അദ്ദേഹം അന്തരിച്ചു. ഇന്ത്യയിലേക്ക്‌ കൊണ്ട് വന്ന അദ്ദേഹത്തിന്റെ മൃതദേഹം ഗോൾഡേഴ്സ് ഗ്രീനിൽ സംസ്കരിച്ചു. അദ്ദേഹത്തിന്റെ വേഷവും മര്യാദകളും പാശ്ചാത്യ ചായ്വുള്ള ആളെന്ന രീതിയിൽ തെറ്റിദ്ധാരണ ജനിപ്പിച്ചിരുന്നു എങ്കിലും അദ്ദേഹം സ്വന്തം നാടിനെ വളരെ സ്നേഹിച്ചിരുന്നു. അദ്ദേഹം സംസാരിക്കുവാനും എഴുതുവാനും ഉപയോഗിച്ചിരുന്നത് മലയാളം തന്നെ ആയിരുന്നു.

സ്മരണ[തിരുത്തുക]

2008-ൽ അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഇന്ത്യാ ഗവൺമെൻറ് തപാൽ സ്റ്റാമ്പ്‌ പുറത്തിറക്കിയിരുന്നു. ചെന്നൈ ടി നഗറിലുള്ള ഡോ. നായർ റോഡ്‌ അദ്ദേഹത്തിന്റെ പേരിലുള്ളതാണ്.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

അവലംബം[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നായർ, ടി.എം. (1868 - 1919) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
  1. 1.0 1.1 1.2 "ദ്രാവിഡരാഷ്ട്രീയത്തിന് വിത്തിട്ട മലയാളി; 'മറന്നുപോയ' ആ ഓർമയ്ക്ക് നൂറാണ്ട്" (in ഇംഗ്ലീഷ്). Retrieved 2022-12-19.
"https://ml.wikipedia.org/w/index.php?title=ടി.എം._നായർ&oldid=3829356" എന്ന താളിൽനിന്ന് ശേഖരിച്ചത്