Jump to content

അച്ചുനിർമ്മാണശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അച്ചടിക്കുന്നതിനുള്ള അച്ചുകൾ വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിക്കുന്ന സ്ഥാപനത്തെ അച്ചുനിർമ്മാണശാല എന്നു പറയുന്നു. അച്ചുനിർമ്മാണം രണ്ടുവിധമുണ്ട്.

  1. കൈകൊണ്ടുനിർമ്മിക്കുന്ന സമ്പ്രദായമാണ് ഏറ്റവും പ്രാചീനമായത്;
  2. സ്വയം പ്രവർത്തിക്കുന്ന യന്ത്രങ്ങളുപയോഗിച്ചുനിർമ്മിക്കുന്നത് ആധുനികം.

നിർമ്മാണം[തിരുത്തുക]

കൈകൊണ്ടുനിർമ്മിക്കുന്നവ രണ്ടുവിധം.

അർധയാന്ത്രികം[തിരുത്തുക]

കൈകൊണ്ടു കൊത്തിയെടുക്കുന്ന പഞ്ചുകളുപയോഗിച്ചുണ്ടാക്കുന്ന മാട്രിക്സി(matrix)ൽ ലോഹസങ്കരം ഉരുക്കി ഒഴിച്ച് വാർത്തെടുക്കുന്ന അർധയാന്ത്രികപദ്ധതി മധ്യകാലഘട്ടത്തിൽ രൂപപ്പെട്ടതാണ്. അവികസിത രാജ്യങ്ങളിൽ ഈ സമ്പ്രദായമാണ് പ്രായേണ നിലനിന്നുവരുന്നത്. എന്നാൽ അച്ചടിയുടെ ആരംഭകാലത്ത് തനി ഹസ്തനിർമിത അച്ചുകളായിരുന്നു നിലവിലിരുന്നത്. അടുത്തകാലംവരെ കേരളത്തിൽ പലയിടത്തും ഈ സമ്പ്രദായം നിലവിലുണ്ടായിരുന്നു. അക്ഷരം ഉരുക്കുകമ്പിയിൽ കൊത്തിയെടുത്തിട്ട് അത് ചുട്ടുപഴുപ്പിച്ച് ചെമ്പുകട്ടയിലോ ഈയക്കട്ടയിലോ കുത്തിയിറക്കി കരുവുണ്ടാക്കുകയും ഉരുക്കിയ ലോഹമിശ്രം ആ കരുവിൽ ഒഴിച്ച് തണുപ്പിക്കുകയും ചെയ്യുന്നു. തണുത്തു ഘനീഭവിച്ച ലോഹമിശ്രം കടുപ്പമുള്ളതായിരിക്കും. അതിനെ കരുവിൽനിന്നും തട്ടി പുറത്തെടുക്കുമ്പോൾ ലഭിക്കുന്ന അച്ചിന്റെ ചുവട്ടിൽ വാലുപോലെ നില്ക്കുന്ന ലോഹസങ്കരാവശിഷ്ടം മുറിച്ചുകളഞ്ഞിട്ട് ഉരച്ച് മിനുസപ്പെടുത്തി തയ്യാറാക്കുന്ന അച്ചുകൾ അച്ചുനിർമ്മാണത്തിന്റെ ആദ്യകാലരീതിയെ അനുസ്മരിപ്പിക്കുന്നു. ഈ സമ്പ്രദായത്തിൽ അച്ചുകൾ വാർത്തെടുക്കുമ്പോൾ അക്ഷരങ്ങളുടെ രൂപം ഉൾക്കൊള്ളുന്ന കരു തടികൊണ്ടോ ലോഹം കൊണ്ടോ ഉണ്ടാക്കിയിട്ടുള്ള ഒരു കൈപ്പിടിയിൽ ഉറപ്പിച്ചിട്ട് അതിൽക്കൂടിയാണ് ഉരുകിയ ലോഹസങ്കരം കരുവിലേക്കു പകരുന്നത്.

യാന്ത്രികം[തിരുത്തുക]

സ്വയം പ്രവർത്തിക്കുന്ന യന്ത്രങ്ങൾ മുഖേനയുള്ള ആധുനിക അച്ചുനിർമ്മാണത്തിൽ മൌലികമായ മാറ്റമൊന്നുമില്ല; വേഗത വളരെ മടങ്ങു വർധിച്ചിരിക്കുമെന്നുമാത്രമേയുള്ളു. [കൈ|കൈകൊണ്ടുള്ള]] നിർമ്മാണം ക്ളേശകരവും മന്ദഗതിയിലുമായിരിക്കും. ഒരുദിവസം ശ.ശ. 2,000 മുതൽ 4,000 വരെ അച്ചുകൾ കൈകൊണ്ടു നിർമ്മിക്കുമ്പോൾ യന്ത്രങ്ങൾവഴി ലക്ഷക്കണക്കിന് അച്ചുകൾ വാർക്കുവാൻ കഴിയും. 1838-ൽ ന്യൂയോർക്കിൽ ഡേവിഡ് ബ്രൂസ് ജൂനിയറാണ് അച്ചുനിർമ്മാണത്തിൽ യന്ത്രവത്കരണം ആവിഷ്കരിച്ചത്. ആ യന്ത്രം കൈകൊണ്ടുതന്നെയാണ് പ്രവർത്തിപ്പിച്ചിരുന്നതെങ്കിലും അച്ചുനിർമ്മാണത്തിൽ ആദ്യകാലത്തുവേണ്ടിവന്ന ക്ലേശങ്ങൾ പാടെ ഒഴിവാക്കിയിരുന്നു. ഉത്പാദനത്തിന് ഗണ്യമായ വേഗവും കൈവന്നു. ഇങ്ങനെ നിർമിച്ചിരുന്ന അച്ചുകൾ ഉരച്ചു മിനുസപ്പെടുത്തുന്നതിനും മറ്റും കൈയുടെ സഹായം ആവശ്യമായിരുന്നു. സ്വയം അച്ചുനിരത്തുന്ന യന്ത്രങ്ങളുടെ ആവിർഭാവത്തോടുകൂടിയാണ് പൂർണമായും യന്ത്രവത്കൃതമായ അച്ചുനിർമ്മാണം നടപ്പായത്. പത്രങ്ങളുടെ പ്രചാരം ഇതാവശ്യമാക്കിത്തീർത്തു. ഇങ്ങനെ നിർമ്മിക്കുന്ന മോണോടൈപ്പ് അച്ചുകളിൽ ലെഡിന്റെ അളവ് വളരെ കൂടിയിരിക്കും.

വൻതോതിലുള്ള ഉത്പാദനം ലോക ചരിത്രത്തിൽ ആദ്യമായി നടപ്പാകുന്നത് അച്ചുനിർമ്മാണത്തിലാണ്. അച്ചടി കണ്ടുപിടിച്ചതിനുള്ള ബഹുമതി യൊഹാൻ ഗുട്ടൻബർഗിന് (1400-68) നല്കപ്പെട്ടിരിക്കുന്നത് വാസ്തവത്തിൽ വൻതോതിലുളള ഉത്പാദനസമ്പ്രദായത്തിന്റെ നാന്ദികുറിക്കൽ അച്ചുനിർമ്മാണത്തിൽക്കൂടി അദ്ദേഹം സാധിച്ചതുകൊണ്ടുകൂടിയാണ്. അദ്ദേഹം ജനിക്കുന്നതിന് എത്രയോ മുമ്പുതന്നെ ചീനക്കാരും കൊറിയക്കാരും അച്ചടി നടപ്പാക്കിയിരുന്നു. വേർപിരിക്കാവുന്ന അച്ചുകൾ ഈ പ്രാചീനർതന്നെ ഉണ്ടാക്കിയിരുന്നു. എന്നാൽ വൻതോതിലുള്ള നിർമ്മാണത്തിന്റെ പ്രത്യേകതകളായ നിഷ്കൃഷ്ടതയും മാനകീകരണവും ഗുട്ടൻബർഗിന്റെ സംഭാവനകളാണ്.

ലോഹസങ്കരം[തിരുത്തുക]

പ്രധാനമായും ലെഡ് (lead), ആന്റിമണി (antimony), ടിൻ (tin) എന്നീ ലോഹങ്ങൾ ഒരു പ്രത്യേക അനുപാതത്തിൽ ചേർത്ത് ഉരുക്കിയാണ് അച്ചുലോഹം നിർമ്മിക്കുന്നത്. ഈ അനുപാതം മിക്ക നിർമാതാക്കളെയും സംബന്ധിച്ചടത്തോളം ഒരു കച്ചവടരഹസ്യമായി സൂക്ഷിച്ചിരിക്കുന്നതുകൊണ്ട് മിക്കപ്പോഴും വ്യത്യസ്തവുമായിരിക്കും. ലെഡാണ് എപ്പോഴും കൂടുതൽ ഉണ്ടായിരിക്കുക; ആന്റിമണിയും ടിന്നും അച്ചിന്റെ കടുപ്പം കൂട്ടുവാനും ഉരുകിച്ചേരുന്ന ലോഹമിശ്രം തണുത്തുറയ്ക്കുമ്പോൾ ചുരുങ്ങിപ്പോകാതിരിക്കാൻ ആന്റിമണി സഹായിക്കും. അതുപോലെ ലോഹമിശ്രം ഉരുകിയ അവസ്ഥയിൽ തടസ്സംകൂട്ടുവാനും ഒഴുകുന്നതിന് ആന്റിമണിയും ടിന്നും സഹായകമാണ്. ടിൻ ഉപയോഗിക്കുന്നതുകൊണ്ടുള്ള മറ്റൊരു സൌകര്യം ദ്രവണാങ്കം കുറയുമെന്നതാണ്; അതുകൊണ്ട് കൂടുതൽ സമയം ചൂടുപിടിപ്പിക്കേണ്ടതില്ല. അക്ഷരവടിവിന്റെ പ്രത്യേകതയും അച്ചിനുവേണ്ട ഈടിന്റെ ആവശ്യകതയും അനുസരിച്ച് ഈ ലോഹസങ്കരത്തിൽ അല്പം ചെമ്പുകൂടി ചേർക്കാറുണ്ട്. കനംകുറഞ്ഞ അക്ഷരങ്ങൾക്കും വളഞ്ഞ അഗ്രങ്ങൾ വച്ചുള്ള അക്ഷരവടിവുകൾക്കും ഇറ്റാലിക്സ് (italics) പോലെ ചരിഞ്ഞ അക്ഷരമുഖങ്ങൾക്കും അച്ചുകൾ നിർമ്മിക്കുമ്പോൾ തീർച്ചയായും ചെമ്പ് ചേർത്തിരിക്കേണ്ടതാണ്. ചെമ്പുചേർത്ത അച്ചുകൾക്ക് തേയ്മാനം താരതമ്യേന കുറവായിരിക്കും.

അച്ചിന്റെ അളവുകൾ[തിരുത്തുക]

അച്ചുകൾ പല വലിപ്പത്തിലും ആകൃതിയിലും നിർമ്മിക്കപ്പെടുന്നുണ്ട്. എന്നാൽ ലോകത്ത് എവിടെയും ഏതു ഭാഷയിലും നിർമ്മിക്കപ്പെടുന്ന അച്ചുകളുടെ ഉയരം ഒരുപോലെയിരിക്കും. അതുപോലെ ഒരേ അളവിലുള്ള അക്ഷരങ്ങളാണെങ്കിലും അവയുടെ ആകൃതിവ്യത്യാസം അനുസരിച്ച് അച്ചുകളുടെ വണ്ണത്തിനു വ്യത്യാസമുണ്ടാകാമെങ്കിലും ഒരളവിലുള്ള അച്ചുകളുടെ ഉടൽവീതി എപ്പോഴും തുല്യമായിരിക്കും. ഈ ഉടൽവീതി അനുസരിച്ചാണ് അച്ചുകളുടെ തോത് നിർണയിച്ചിരിക്കുന്നത്. പോയിന്റ് (point) ആണ് അച്ചളവിന്റെ അമേരിക്കൻ സമ്പ്രദായമനുസരിച്ചുള്ള ഏകകം. എന്നാൽ വരികളുടെ വീതി അടിസ്ഥാനമാക്കി പൈക്ക എന്നൊരു ഏകകവ്യവസ്ഥകൂടി ഉണ്ട്. 6 പൈക്ക ഒരിഞ്ചോളം വരും (2.52 സെ.മീ.).

1 പോയിന്റ് 0.0138' = 0.35 മി.മീ. 12 പോയിന്റ് = 1 പൈക്ക.

മറ്റൊരു അളവുസമ്പ്രദായവും അച്ചുകളുടെ കാര്യത്തിൽ നിലവിലുണ്ട്. ഇംഗ്ളീഷ് ലിപി വിന്യാസത്തിൽ ഏറ്റവും വീതികുറഞ്ഞത് l-യും ഏറ്റവും വീതികൂടിയത് M-ഉം ആണ്. 12 പോയിന്റ് വലിപ്പമുള്ള ഒരു M അച്ചിന്റെ ഉടൽ ഉൾക്കൊള്ളുവാൻ അവശ്യംവേണ്ട സ്ഥലത്തിന് ഒരു എം (em) സ്പേസ് (1/6" = 4.23 മി.മീ.) എന്നു പറയും - ഇത് ഒരു സമചതുരമാണ്; അതിന്റെ പകുതിക്ക് എൻ എന്നും. ഇംഗ്ളീഷിൽ m'ന്റെ പകുതിയാണല്ലോ n'.

പലതരം അച്ചുകൾ[തിരുത്തുക]

അച്ചുകളുടെ വർഗീകരണം[തിരുത്തുക]

അച്ചുകളുടെ വർഗീകരണത്തിൽ പ്രധാനമായി രണ്ടു മാനദണ്ഡങ്ങൾ സ്വീകരിച്ചുകാണുന്നു. വടിവിന്റെ വലിപ്പവ്യത്യാസമനുസരിച്ചും ആകൃതിഭേദമനുസരിച്ചും

  • ബോൾഡ് (bold),
  • ബോൾഡ് കൺഡൻസ്ഡ് (bold condensed),
  • ബോൾഡ് എക്സ്പാൻഡഡ് (bold expanded),
  • ഇറ്റാലിക്സ് (italics),
  • ഷെറിഫ് ലെറ്റേഴ്സ് (sheriff letters),
  • കർസീവ് (cursive),
  • ഓർണമെന്റൽ (ornamental)

എന്നിങ്ങനെയുളള ഒരു വർഗീകരണമുണ്ട്. അച്ചിന്റെ മുഖവടിവ്, ലിപികളുടെ ആകൃതി ഇവ മെച്ചപ്പെടുത്തുന്നതിന് പുതിയ ശൈലിയിൽ ആവിഷ്കരിച്ചു പ്രചാരത്തിൽ കൊണ്ടുവന്നിട്ടുള്ള വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ പേരുമായി ബന്ധപ്പെടുത്തിയാണ് രണ്ടാമത്തെ വർഗീകരണം; ക്യാക്സ്റ്റൺ, ബാസ്ക്കർവില്ലി, ഗിൽസാൻഡ് തുടങ്ങിയവ ഉദാഹരണങ്ങളാണ്.

മലയാള അച്ചുകൾക്ക് ഇംഗ്ളീഷ്-റോമൻ അക്ഷരമാതൃകകൾക്കുള്ള വൈവിധ്യമില്ല. അച്ചുനിർമ്മാണകാര്യത്തിൽ പ്രാചീനത കേരളത്തിനവകാശപ്പെടാമെങ്കിലും ചരിത്രപരമായി നോക്കുമ്പോൾ ഏറ്റവും പഴക്കം ചെന്ന അച്ചുനിർമാതാക്കൾ മാന്നാനം സെന്റ് ജോസഫ്സ് പ്രസ്സിന്റെ ഭാഗമായ അച്ചുനിർമ്മാണശാലയാണ്. തിരുവനന്തപുരത്തും കൊച്ചിയിലുമുളള സർക്കാർ അച്ചുകൂടങ്ങളോടുചേർന്നുള്ള അച്ചുനിർമ്മാണശാലകളും ഏതാനും ചില പ്രമുഖപത്രങ്ങളുടെയും പ്രസിദ്ധീകരണശാലക്കാരുടെയും അച്ചടിശാലകളോടുചേർന്നുളള ചില അച്ചുനിർമ്മാണവകുപ്പുകളും ഒഴിച്ചാൽ എടുത്തുപറയത്തക്കനിലയിൽ അച്ചുനിർമ്മാണം കേരളത്തിൽ ഉണ്ടായിരുന്നില്ല.

മനുഷ്യശരീരത്തിലെ വിവിധ ഭാഗങ്ങളെ അനുകരിച്ച് ഫെയിസ്, ഷോൾഡർ, ബോഡി, ഫുട്ട്, ബിയേർഡ്, ഫ്രണ്ട്, ബാക്ക്, എന്നിങ്ങനെ അച്ചിന്റെ വിവിധ ഭാഗങ്ങൾക്ക് യഥോചിതം പേരുകൾ നല്കിയിട്ടുണ്ട്. അച്ചിന്റെ മുൻഭാഗത്ത് ബോഡിയിൽ പകുതിക്കുതാഴെ ഒരു ചെറിയ പഴുതുണ്ടായിരിക്കും. ഇതിന് 'നിക്ക്' (nick) എന്നാണു പറയുന്നത്. ഇത് അച്ചുനിരത്തുന്നയാളിന് വശംതെറ്റി അച്ചുപിഴ ഉണ്ടാകാതിരിക്കുന്നതിനു സഹായകമായ ഒരു പഴുതാണ്. ഇത് ലോകത്ത് എവിടെയും ഏതു ഭാഷയിലുമുള്ള അച്ചടിഅച്ചുകൾക്കുണ്ടായിരിക്കും.

അച്ചുകളുടെ ഉയരം, അളവ്, രൂപം തുടങ്ങി എല്ലാ അംശങ്ങളിലും സാർവലൌകികമായി ഒരേ അളവാണ് പാലിച്ചുകാണുന്നത്. അത്തരത്തിൽ നോക്കുമ്പോൾ ഏറ്റവുമധികം നിലവാരപ്പെടുത്തൽ (standardisation) നടപ്പായിട്ടുള്ള ഏക വ്യവസായം അച്ചുനിർമ്മാണമാണെന്നു പറയാം.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അച്ചുനിർമ്മാണശാല എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അച്ചുനിർമ്മാണശാല&oldid=2279807" എന്ന താളിൽനിന്ന് ശേഖരിച്ചത്